കാലം കവർന്നൊരാ ബാല്യകാലത്തിന്റെ
മാസ്‌മര ഭാവം നുകർന്നുറങ്ങേ-
മുറ്റത്തു പെയ്യുന്ന പൂനിലാവിൽ ഭൂമി-
യാകെക്കുളിരിൽ മയങ്ങി നിൽക്കെ
മെല്ലെയുണർന്നു പുതപ്പുമാറ്റി പിന്നെ
വാതിൽ തുറന്നു പുറത്തുവന്നു
നീലവിരിപ്പിലെ മുല്ലപോലമ്പിളി
വാനിൽ വെളിച്ചം പരത്തിനിൽക്കെ
ചിന്തിച്ചുപോയയാൾ പണ്ടുതാനച്ഛന്റെ
സ്‌നേഹകരത്തിൻ തണലിൽ നിന്നും
പൂനിലാവേറ്റു മയങ്ങുവാനായിട്ടു
പൂമുഖമുറ്റത്തു വന്നുനിന്നു
അച്ഛനുണർന്നിട്ടു നോക്കുമ്പോളന്നേരം
ആരോ നിലാവിൽ കുളിച്ചു നിൽപ്പൂ
അച്ഛനാ കൈപ്പടം കൊണ്ടെന്റെ മൂർദ്ധാവി-
ലന്നു തലോടിയടുത്തിരുത്തി
എത്രനേരം നോക്കിയച്ഛനെൻ കൺകളിൽ
പിന്നെയുമ്മവെച്ചുമ്മവെച്ചന്നുറക്കി
ഇന്നുതലോടുവാനച്ഛനില്ല-സ്‌നേഹ-
കുംഭമെന്നമ്മയും ബാക്കിയില്ല.
ഓരോന്നു ചിന്തിച്ച് ഓർമ്മയിൽ മുങ്ങി ഞാ-
നൊട്ടുനേരം വൃഥാ നിന്നുപോയി.
പെട്ടെന്നു ദിവ്യമാം സ്‌പർശനമേറ്റപോൽ
ഞെട്ടിത്തിരിഞ്ഞു തരിച്ചു നിൽക്കെ
കാറ്റെന്റെ മൂർദ്ധാവിലുമ്മവെക്കേ ഞാനാ-
സ്‌നേഹക്കരത്തിൻ സുഖമറിഞ്ഞു
ആത്മാവിൽ തൊട്ടുതലോടിയെന്നച്ഛന്റെ
ഓമൽക്കരത്തിൻ തണുപ്പുമെല്ലെ.
വീണ്ടുമാ പഞ്ഞിക്കിടക്കയിൽ വീഴവേ
സ്വപ്‌നമാം കട്ടിലിൽ വീണുറങ്ങേ
ജാലകച്ചില്ലിനെ ഭേദിച്ചിങ്ങെത്തുന്നു
മുറ്റത്തുപെയ്യുന്ന പൂനിലാവ്.
Generated from archived content: poem1_july27_05.html Author: rajmohan_k.