തകഴിയുടെ കറുത്തമ്മയ്‌ക്ക്‌ അൻപത്‌

ആരവങ്ങളൊഴിയാത്ത ആലപ്പുഴയിൽ നിന്നും അമ്പലപ്പുഴയും കടന്ന്‌ കരിമാടിക്കുട്ടന്റെ നാട്ടിലൂടെ തകഴിയുടെ നിഷ്‌കളങ്കതയിലേക്ക്‌. തകഴി യു.പി. സ്‌കൂളിനുമുൻപിൽ ബസിറങ്ങി തിരികെ നടന്നത്‌ കൊയ്‌തെടുത്ത പാടങ്ങൾക്കു നടുവിലൂടെയുളള റോഡിലൂടെ, തകഴിയിലെ പഴയ തോട്ടിലൂടെ റയിൽവെ ക്രോസിനോടു ചേർന്നുളള വീട്ടിലേക്കായിരുന്നു. പൂമുഖത്തേക്ക്‌ കയറിയപ്പോൾ, മുറുക്കിച്ചുവപ്പിച്ച്‌ ഊറിച്ചിരിച്ച്‌ ചാരുകസേരയിലിരിക്കുന്ന തറവാട്ടുകാരണവരെയാണ്‌ എനിക്ക്‌ ഓർമ്മ വന്നത്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ ഒരു സ്പന്ദനമായി നാടിനോടൊപ്പമുണ്ടായിരുന്ന തകഴിയുടെ കർഷകൻ. മലയാളസാഹിത്യത്തിന്‌ ഭാഷാന്തരങ്ങൾക്കപ്പുറത്ത്‌ പ്രശസ്തി നേടിക്കൊടുത്ത കൃതികളുടെ കർത്താവ്‌. ഭാരതത്തിന്റെ പരമോന്നത സാഹിത്യപുരസ്‌കാരം മലയാളിക്ക്‌ നേടിക്കൊടുത്ത വിശ്വപ്രസിദ്ധ സാഹിത്യകാരൻ. തകഴി ശിവശങ്കരപ്പിളള.

അരനൂറ്റാണ്ടിനുമുൻപ്‌ മലയാളത്തിന്റെ ആ പ്രശസ്തനായ എഴുത്തുകാരന്‌ അടക്കാൻ കഴിയാത്തൊരു ആഗ്രഹമുണ്ടായിരുന്നു. രണ്ടുമുറിയും ഒരു ചായിപ്പുമായി കല്ലുകെട്ടി ഓലമേഞ്ഞ തന്റെ വീടിന്റെ സ്ഥാനത്ത്‌ മരം കൊണ്ടു മേൽക്കൂരയുളള ഓടിട്ട ഒരു വീട്‌. ഒട്ടനവധി കഥകളും നോവലുകളും എഴുതിയിട്ടുണ്ടെങ്കിലും വെറും ഏഴുദിവസം കൊണ്ട്‌ എഴുതിത്തീർത്ത ചെമ്മീനാണ്‌ തകഴിയുടെ ഈ ആഗ്രഹം പൂർണ്ണതയിലെത്തിച്ചത്‌. 1956 മാർച്ചിൽ ചെമ്മീൻ പൂർത്തിയാക്കിയപ്പോൾ ഇതൊരു വിശ്വപ്രസിദ്ധ നോവലായിത്തീരുമെന്ന്‌ തകഴി കരുതിയിരുന്നുവോ?

ചെമ്മീൻ പുറത്തിറങ്ങിയതിനെപ്പറ്റി അവതാരികയിൽ തകഴി ഇങ്ങനെ പറഞ്ഞിരിക്കുന്നു. “നാടാകെ നടന്നു ഞാൻ നാട്ടാരെ ഭീഷണിപ്പെടുത്തിയിരുന്നു ചെമ്മീൻ എന്ന നോവൽ എഴുതാൻ പോകുന്നെന്ന്‌.” കഥാബീജം പൂർണ്ണത പ്രാപിച്ച്‌ പുസ്‌തകരൂപത്തിൽ പുറത്തിറങ്ങുന്നതിന്‌ രണ്ടുകൊല്ലം മുൻപെ ചെമ്മീനെ വരവേൽക്കാൻ നാടും നാട്ടാരുമൊരുങ്ങി. മലയാള സാഹിത്യചരിത്രത്തിൽ ചെമ്മീനുമാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരംഗീകാരമാണിത്‌.

തന്റെ മനസ്സാകുന്ന ചെമ്മീൻ പാടത്തേക്ക്‌ അറിഞ്ഞും അറിയാതെയും കടന്നുവന്ന കഥാപാത്രങ്ങൾക്ക്‌ തകഴി തേജസ്സും ഓജസ്സും നൽകി രക്തവും മാംസവുമുളള പച്ച മനുഷ്യരാക്കി വിളയിച്ചെടുത്തു. ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളിൽ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും തകഴിയുടെ ചെമ്മീന്‌ വൻ ഡിമാന്റായിരുന്നു. 1956-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ഈ കൃതിക്ക്‌ ലഭിച്ചു. തമിഴ്‌, തെലുങ്ക്‌, കൊങ്ങിണി തുടങ്ങി പതിമൂന്നിലധികം ഭാരതീയ ഭാഷകളിലേക്കും ഇംഗ്ലീഷ്‌, റഷ്യൻ, ചെക്ക്‌ തുടങ്ങി 15ലധികം യൂറോപ്യൻ ഭാഷകളിലേക്കും ചെമ്മീൻ വിവർത്തനം ചെയ്യപ്പെട്ടു. നോവലിനെ അധികരിച്ച്‌ പുറത്തിറങ്ങിയ ചലച്ചിത്രം സ്വർണ്ണമെഡൽ ഉൾപ്പെടെ രാഷ്‌ട്രപതിയുടെ ഉന്നതബഹുമതികൾക്കർഹമായി.

തകഴിയുടെ കൃതികൾ പഠനവിധേയമാക്കുന്ന ഏവർക്കും ഒരുകാര്യം മനസ്സിലാക്കാൻ സാധിക്കും. തകഴി സാഹിത്യത്തിന്‌ രണ്ടുഘട്ടങ്ങളുണ്ട്‌, ചെമ്മീൻ വരെയും ചെമ്മീനുശേഷവും. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും ഒരു സാഹിത്യ-സാമൂഹിക പരിവർത്തനമാണ്‌ തകഴി നടത്തിയത്‌. മണിമേടകളിൽ ജീവിക്കുന്ന ഉന്നതകുലജാതരായ നായിക-നായകൻമാരെ മാത്രം കണ്ടു പരിചയിച്ചിരുന്ന മലയാളികളുടെ മുൻപിലേക്ക്‌ അടിച്ചമർത്തപ്പെട്ടവനേയും സമൂഹത്തിന്റെ താഴെത്തട്ടിലുളളവനേയും പ്രധാന കഥാപാത്രങ്ങളാക്കി കഥകൾ രചിച്ചു. അവയൊന്നും ഭാവനാവിലാസങ്ങളായിരുന്നില്ല. സമൂഹം തൊടാൻ അറയ്‌ക്കുന്ന, കണ്ടാലും കണ്ടില്ലെന്നു നടിച്ച്‌ മാറിപ്പോകുന്ന, ഇടത്തരക്കാരുടെ ജീവിതമായിരുന്നു. തനിക്ക്‌ ചുറ്റിലും നടക്കുന്ന ജീവിതത്തിലെ നഗ്നമായ സത്യങ്ങളുടെ പച്ചയായ ആവിഷ്‌കാരം. അതായിരുന്നു ആ കഥകളുടെ തേജസ്സും ഓജസ്സും. അതുകൊണ്ടുതന്നെയാണവ കാല-ദേശ-ഭാഷകളെ അതിജീവിക്കുന്നതും.

യാഥാസ്ഥിതികരായ ആളുകൾ ഒരുകാലത്ത്‌ ഇതിനെ ഓടസാഹിത്യമെന്ന്‌ വിളിച്ച്‌ കളിയാക്കിയിരുന്നു. തകഴിയുടെ മിക്ക കഥാപാത്രങ്ങളും രണ്ടുതരം ആഗ്രഹപൂർത്തീകരണത്തിനായാണ്‌ ജീവിതം നയിക്കുന്നത്‌. അവ രണ്ടും വിശപ്പിന്റെ വിളിമൂലമാണുണ്ടാകുന്നതും. ആദ്യത്തേത്‌ ആഹാരം കഴിക്കുന്നതിനുമുൻപ്‌ ശരീരത്തിനുണ്ടാകുന്ന വിശപ്പ്‌. രണ്ടാമത്തേത്‌ കാമ പൂർത്തീകരണത്തിനായുളള മാംസത്തിന്റെ, മാനസികമായ വിശപ്പ്‌. ഈ വിശപ്പുകളാണ്‌ കഥയേയും കഥാപാത്രങ്ങളെയും മുന്നോട്ട്‌ നയിക്കുന്നത്‌. പാശ്ചാത്യ സാഹിത്യത്തിന്റേയും ഫ്രോയിഡിയൻ മനഃശാസ്‌ത്രത്തിന്റേയും ചിന്തകൾ തന്റെ കൃതികളെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ തകഴി തുറന്നു പറഞ്ഞിട്ടുണ്ട്‌. വികാരങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ അടിച്ചമർത്തപ്പെടുമ്പോൾ അവയുടെ ഓളങ്ങളും പ്രകമ്പനങ്ങളും എങ്ങനെ മനസ്സിനെ സ്വാധീനിക്കുന്നുവെന്ന്‌ സൂക്ഷ്‌മമായി നോക്കിക്കാണാൻ തകഴിക്ക്‌ സാധിച്ചത്‌ ഈ ചിന്തകളുടെ സ്വാധീനം മൂലമായിരുന്നു.

മറ്റു പല എഴുത്തുകാരെയും പോലെ തകഴിയും തുടക്കത്തിൽ കമ്മ്യൂണിസ്‌റ്റ്‌ സഹയാത്രികനായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികളിൽ കമ്മ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രം ചെലുത്തിയിട്ടുളള സ്വാധീനം വ്യക്തമാക്കുന്ന നാൽപ്പതുകളിലെഴുതിയ നാലു നോവലുകളാണ്‌ തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, തലയോട്‌, തെണ്ടിവർഗ്ഗം എന്നിവ. എന്നാൽ അധികാരത്തിന്റെ രുചിയറിഞ്ഞപ്പോൾ നേതാക്കളിലുണ്ടായ മാറ്റം, ആദർശമില്ലാത്ത രാഷ്‌ട്രീയം അദ്ദേഹത്തെ വേദനിപ്പിച്ചു. വിപ്ലവം വളർത്തുവാൻ വേണ്ടി കഥകളെഴുതിയ അദ്ദേഹം പിന്നീട്‌ പാർട്ടിയുടെ കാപട്യങ്ങളും പൊളളത്തരങ്ങളും തുറന്നുകാട്ടി നിശിതമായി വിമർശിച്ചു. പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തെ പ്രകീർത്തിക്കുന്ന ‘തലയോടെ’ഴുതിയെങ്കിലും ആ വിപ്ലവം വേണ്ടിയിരുന്നുവോ എന്ന സംശയം പിന്നീട്‌ അദ്ദേഹത്തിൽ ഉടലെടുത്തു. ആ ചിന്തയായിരുന്നു ‘പുന്നപ്ര-വയലാറിനുശേഷ’മെന്ന നോവലിനാധാരം. വിമർശനങ്ങളെ നേരിടാനാവാതെ കുഴങ്ങിയ നേതാക്കൾ തകഴി പാർട്ടി വിരുദ്ധനെന്നു മുദ്രകുത്തി. തനിക്ക്‌ ശരിയാണെന്ന്‌ തോന്നുന്നത്‌ എവിടെയും വിളിച്ചു പറയാനുളള ചങ്കൂറ്റം അതായിരുന്നു തകഴിയുടെ പ്രത്യേകതയും.

സാഹിത്യമെന്നാൽ സംസ്‌കൃതമെന്ന്‌ തെറ്റിദ്ധരിച്ചിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു തകഴി എഴുതി തുടങ്ങിയത്‌. ഇതുമൂലം തകഴിയുടെ ആദ്യകാലനോവലുകളിൽ സംസ്‌കൃതത്തിന്റെ ആധിക്യം മുഴച്ചുനിൽക്കുന്നത്‌ നമുക്കു കാണാം. തുടർച്ചയായ എഴുത്തിലൂടെ തഴക്കവും പഴക്കവും കൈവരുന്നതിനുമുൻപ്‌ തകഴിയെഴുതിയ കൃതികൾ ചെമ്മീന്റെ വരവിനായി വഴിയൊരുക്കുകയായിരുന്നു. സമൂഹമെന്ന പതിവു ശൈലിയിൽ നിന്നു വേറിട്ട്‌ വ്യക്തികൾക്ക്‌ പ്രാധാന്യം നൽകിയതുമൂലം ചെമ്മീൻ തകഴിയുടെ മറ്റുകൃതികളിൽ നിന്നും വ്യത്യസ്തമാകുന്നു. അനന്തകോടി രഹസ്യങ്ങളെ ഗർഭത്തിൽ വഹിച്ച്‌ ഒരേസമയം സ്‌നേഹത്തോടെ അനുഗ്രഹിക്കുവാനും രൗദ്രതയോടെ നിഗ്രഹിക്കുവാനും കഴിവുളള കടലിന്‌ കടലമ്മയെന്ന പ്രതീകം നൽകിയതും ചെമ്മീനിനെ വ്യത്യസ്തമാക്കുന്നു. അതുപോലെത്തന്നെ കഥാപാത്രങ്ങൾക്ക്‌ അനുയോജ്യമായ പേരു നൽകുന്നതിന്‌ തകഴിക്ക്‌ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ചെമ്മീനിലെ നായികയായ കറുത്തമ്മയെന്ന പേര്‌ കടപ്പുറത്തുനിന്നും തകഴിക്ക്‌ ലഭിച്ചതാണ്‌. ഒരിക്കൽ കടലിൽ കുളിച്ചുകൊണ്ടിരുന്ന തകഴി, അടുത്തുളള മുക്കുവക്കുടിയിൽ നിന്നും ഒരമ്മ മകളെ കറുത്തമ്മോ…യെന്ന്‌ വിളിക്കുന്നത്‌ കേട്ടു. അങ്ങനെ കടപ്പുറത്തുനിന്നും ആ പേര്‌ തകഴിയുടെ മനസ്സിലേക്ക്‌ ചേക്കേറി. ഓരോ നിമിഷവും തനിക്കുചുറ്റും നടക്കുന്ന കാര്യങ്ങളെ ഏറ്റവും സൂക്ഷ്‌മമായി തകഴി നിരീക്ഷിക്കാറുണ്ടായിരുന്നുവെന്നതിന്‌ ഉദാഹരണമായിരുന്നു ഈ സംഭവം.

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നോവലായിരുന്നു ചെമ്മീൻ. അക്കാലത്ത്‌ നിരന്തരമായി കല്ലേറുകളും പൂച്ചെണ്ടുകളും നിരൂപകരിൽനിന്നും ആസ്വാദകരിൽനിന്നും തകഴിക്ക്‌ ലഭിക്കുകയുണ്ടായി. ചെമ്മീൻ ഒരന്ധവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു മറുപടിയായി യശഃശരീരനായ സി.രാജഗോപാലാചാരി സ്വരാജ്യത്തിലൂടെ ഇങ്ങനെ ചോദിച്ചു.

“വളരെയധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു ജനതയിലെ സ്‌ത്രീകൾ ഇത്രയും അപകടരഹിതമായ ഒരന്ധവിശ്വാസം കൊണ്ട്‌ സുചരിതകളായി കഴിയുന്നെങ്കിൽ അതിലെന്താണ്‌ തെറ്റ്‌?”

ഏകദേശം ഇരുപത്‌ വർഷമെടുത്ത്‌ രണ്ടരനൂറ്റാണ്ടിന്റെ കഥ പറയുന്ന കയറെഴുതിയിട്ടുണ്ടെങ്കിലും തകഴിയുടെ മികച്ച കൃതി ചെമ്മീനാണെന്നുളളതിന്‌ സംശയമില്ല. വെറും ഏഴുദിവസം കൊണ്ട്‌ പൂർത്തിയാക്കിയെങ്കിലും വർഷങ്ങളുടെ തപസ്യയുടെ ഫലമായിരുന്നു ചെമ്മീൻ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അമ്പലപ്പുഴയിലെ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലായിരുന്നു അദ്ദേഹം പഠിച്ചത്‌. കടലിലെ മുക്കുവരുമായുളള ബന്ധം ഇവിടെ നിന്നും ആരംഭിച്ചു. വർഷങ്ങൾ കഴിഞ്ഞ്‌ ലോ-കോളേജ്‌ പഠനത്തിനുശേഷം തകഴി വക്കീൽ ജീവിതം ആരംഭിച്ചതും ഈ മണ്ണിൽ നിന്നുതന്നെ, അമ്പലപ്പുഴ മുൻസിഫ്‌-മജിസ്‌ട്രേറ്റ്‌ കോടതികളിൽ. മുക്കവരുടെ ജീവിതവും അവരുടെ പ്രശ്‌നങ്ങളും അടുത്തറിയുവാൻ ഈ കാലം തകഴിയെ സഹായിച്ചു. ഒരിക്കലും പണം സമ്പാദിക്കാൻ കഴിയാത്തവർ, പ്രകൃതിയോട്‌-കടലിനോട്‌ മല്ലടിച്ചു കഴിയുന്ന ഇവരുടെ ജീവിതം തകഴിയുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്‌ടിച്ചു. അങ്ങനെ വർഷങ്ങളായി മനസ്സിലിട്ട്‌ താലോലിച്ച്‌ വളർത്തിയ ആ കഥാബീജത്തെ തകഴി പെട്ടെന്നൊരു ദിവസം അക്ഷരനഗരിയായ കോട്ടയത്തെത്തി കീറിപ്പുറത്തെടുക്കുകയായിരുന്നു. തകഴി ഇതിനെപ്പറ്റി പറഞ്ഞത്‌ ഇപ്രകാരമാണ്‌.

“തളളി മാറ്റി തളളി മാറ്റി കാലം കുറേ പോയി. അങ്ങനെ കാലം മാറി പോയത്‌ നന്നായി. മനസ്സിൽ കിടന്നു വിളയുകയായിരുന്നു. ഇപ്പോൾ തോന്നുന്നു കുറച്ചുകാലം കൂടി തളളിനീക്കിയിരുന്നെങ്കിൽ ഒന്നുകൂടി വിളയുമായിരുന്നെന്ന്‌.” പൂർണ്ണ വിളവെത്താതെ പുറത്തുവന്ന ചെമ്മീന്‌ ഇത്ര ഡിമാന്റായിരുന്നുവെങ്കിൽ ഒന്നുകൂടി വിളഞ്ഞിരുന്നെങ്കിലോ?

തുടങ്ങിയിടത്തുതന്നെ നമുക്ക്‌ തിരികെയെത്താം. ആളും ആരവവും ഒഴിയാത്ത ഒരു ഭൂതകാലത്തിന്റെ ഓർമ്മകളും നെഞ്ചിലേറ്റി താലോലിച്ച്‌ കമലാക്ഷിയമ്മയെന്ന കാത്ത ശങ്കരമംഗലത്തുണ്ട്‌. അൻപതുവർഷങ്ങൾക്കുമുൻപ്‌ തകഴിക്ക്‌ ചെമ്മീൻ നേടിക്കൊടുത്ത ആ വീട്‌ ഇന്ന്‌ ആർക്കിയോളജി വിഭാഗത്തിന്റെ കൈകളിലാണ്‌. തുച്ഛമായ തുകയ്‌ക്കാണെങ്കിലും കാത്ത ഒരു വാടകക്കാരിയും. എഴുപത്തിയൊന്നുവർഷങ്ങൾക്കു മുൻപ്‌ കൈപിടിച്ച്‌ കൂട്ടിക്കൊണ്ടുവന്ന ഭർത്താവിന്ന്‌​‍്‌​‍്‌ ഇവിടെയില്ല. ഒരുകാലത്ത്‌ തനിക്കു സ്വന്തമായിരുന്ന ആ വീട്ടിൽ കാത്ത ഇപ്പോൾ നിശ്ശബ്‌ദതയോടും ഏകാന്തതയോടുമൊപ്പം ദിനങ്ങൾ തളളിനീക്കുന്നു.

Generated from archived content: essay1_mar8_06.html Author: rajkumar_v

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here