ഞാവൽപ്പഴങ്ങൾ

വെയിലിനുതാഴെ ചുട്ടുപഴുത്തുകിടന്ന നഗരം ഉത്സവത്തിന്റെയും വ്യവസായമേളയുടെയും തിരക്കിലായിരുന്നു. ഗൗതമൻ പത്രമാഫീസിന്റെ ഗെയ്‌റ്റ്‌ കടന്ന്‌ ടാറുരുകിയ റോഡിലൂടെ നടന്നു. മൈതാനത്തിൽ ആൾക്കൂട്ടം ആകർഷണങ്ങൾക്കു ചുറ്റും ചിതറിനിന്നു. മൈതാനം മുറിച്ച്‌ കടക്കുന്ന ഗൗതമൻ കടന്നുപോയ ചെറിയ ഒരാൾക്കൂട്ടം തീറ്റയുടെ തിരക്കിലായിരുന്നു. ചെറിയ കറുത്ത പഴങ്ങൾ വിൽക്കുന്ന ഒരു കച്ചവടക്കാരനു ചുറ്റും ചിലർ കൂടി നിന്നു. വിശക്കുന്നവർ, വിലപേശുന്നവർ. ചെറിയ കടലാസുപൊതികളിൽ നിന്ന്‌ പഴങ്ങൾ തിന്നുന്നവർ അവിടെത്തന്നെ തങ്ങിനിന്നു. കച്ചവടക്കാരൻ പരന്ന ശബ്ദത്തിൽ ഞാവൽപ്പഴങ്ങൾ എന്നുറക്കെ വിളിച്ചുപറഞ്ഞു. ദൂരത്തായികഴിഞ്ഞിരുന്ന ഗൗതമൻ അതുകേട്ടു. പിന്നെയും നടന്നു. വിശപ്പോടെ, ആർത്തിയോടെ, കൈകളിലും വായിലും നിന്നു ചാറൊലിപ്പിച്ചുകൊണ്ട്‌ ആൾക്കൂട്ടം ഞാവൽപ്പഴങ്ങൾ തിന്നുകൊണ്ടിരുന്നു.

അവർ രണ്ടുപേരും കുളക്കടവിലിരിക്കുകയായിരുന്നു. ഗൗതമനു പതിനെട്ടുവയസ്‌, അവൾക്കു പതിനാറും. കല്പടവുകൾക്കു താഴെ വെള്ളം നിഴലുകളിൽ കറുത്തും തണുത്തും കിടന്നു. പുല്ലുകൾക്കിടയിൽ അവളിരുന്നു. താഴെ ഒരു കൽപടവിൽ അവനും. അവർ അർത്ഥമില്ലാതെയും മധുരമായും നനുത്ത വാക്കുകളിൽ സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ മടിയിൽ നിറയെ കറുത്തു പഴുത്ത ഞാവൽപ്പഴങ്ങൾ. അവൾ സംസാരിക്കുമ്പോൾ ഇടയ്‌ക്ക്‌ ഓരോ ഞാവൽപ്പഴങ്ങൾ തിന്നുകൊണ്ടിരുന്നു. അവൻ കൈനീട്ടി ഒരു പഴമെടുത്തു. അവൾ അവനെത്തന്നെ നോക്കിയിരുന്നു.

തുറന്നപേനയും കൈയ്യിൽപ്പിടിച്ച്‌ പത്രമോഫീസിലെ തന്റെ കസേരയിലിരിക്കുകയായിരുന്നു ഗൗതമൻ. നിയമസഭാ നടപടികളുടെ വാർത്തയ്‌ക്ക്‌ താളമുള്ള തലക്കെട്ടുകൾ വേണ്ടിയിരിക്കുന്നു. ജനാലയ്‌ക്ക്‌ പുറത്ത്‌ ചുട്ടുപൊള്ളുന്ന മദ്ധ്യാഹ്‌നത്തെ നോക്കി ഫാനിനു താഴെ അയാൾ തന്റെ കസേരയിൽ ചാരിക്കിടന്നു. ഇനിയും കുറെ ചരമവാർത്തകൾക്കു നീളം വെട്ടിക്കുറയ്‌ക്കാൻ കിടക്കുന്നു. മേശപ്പുറത്ത്‌ കടലാസുകൾ ചിതറിക്കിടന്നു. പിറകിൽ കടലാസിന്റെ അട്ടികൾ. പിന്നെയും കടലാസുകൾ തന്നെ. അവാർഡു നേടിയ താരത്തെ വർണ്ണിക്കാൻ നിറമുള്ള വാക്കുകളും പത്രമുടമയുടെ കമ്പനിയുടെ സോപ്പിന്‌ ആകാശവാണിയായി പരസ്യപ്പെടാൻ കവിതയും തയ്യാറാക്കേണ്ടിയിരിക്കുന്നു.

പഴയതും ഉപയോഗശൂന്യവുമായ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന മുറിയിലിരിക്കുകയായിരുന്നു ഗൗതമൻ. അയാൾക്കു ചുറ്റും പഴമയുടെ ഗന്ധം. മാറാലയും പൊടിയും. അയാൾക്കുമേൽ മങ്ങിയ വെളിച്ചം. ഗൗതമൻ നിശ്ചലനായി, നിശ്ശബ്ദനായി, പൊടിമൂടിയ ഒരു പഞ്ഞിമെത്തയിൽച്ചാരി നിലത്തിരിക്കുകയായിരുന്നു. നിരക്കിമാറ്റാവുന്ന അടപ്പുള്ള അയാളുടെ പഴയ തടിപ്പെട്ടി തുറന്നുകിടന്നു. അടുപ്പിനുമേൽ പൊടിമൂടിയിരുന്നു. പുറത്തെടുത്ത ഓർമ്മകളും പഴക്കം കൊണ്ടു ചായമിളകിയ സ്വപ്നങ്ങളും തറയിലെ പൊടിയിലും അഴുക്കിലും ചിതറിക്കിടന്നു. ഗൗതമന്റെ കയ്യിൽ നിറം മങ്ങിയ പഴയ കടലാസുകളുടെ ഒരു കെട്ട്‌. പതിഞ്ഞ സ്വരത്തിൽ ഗൗതമൻ കവിത ചൊല്ലാൻ തുടങ്ങി. അയാളുടെ കയ്യിലിരുന്ന കടലാസിൽ നിറയെ പഴക്കംകൊണ്ട്‌ നിറം മങ്ങിയ അച്ചടിമഷിയിൽ വാക്കുകളുടെ പതിഞ്ഞ താളം. പൊടിയടിഞ്ഞു കിടക്കുന്ന സാധനങ്ങൾക്കുമേൽ വീണ്‌ രസത്തുള്ളികൾ പോലെ ഉരുണ്ടൊലിച്ചുപോകുന്ന കവിത.

ഗൗതമൻ ഉറങ്ങുകയാണ്‌. മൃദുവായ തലയിണയിൽ അയാളുടെ തല സുഖകരമായി ആണ്ടുകിടക്കുന്നു. ഇരട്ടക്കിടക്കയുടെ പകുതി ശൂന്യമായിക്കിടക്കുന്നു. എന്നുമെന്നതുപോലെ ഇന്നും അയാൾ നീണ്ടുനീണ്ടുപോകുന്ന സ്വപ്നങ്ങൾ കാണുകയാണ്‌. കുളക്കടവിൽ നിന്ന്‌ എഴുന്നേറ്റുപോയ പെൺകുട്ടി പത്രക്കടലാസിലേക്കു കയറിപ്പോകുന്നു. അവൾ സോപ്പിന്റെ പരസ്യത്തിൽ നിന്നു ചിരിക്കുന്നു. ഗൗതമന്റെ ടൈപ്പ്‌റൈറ്ററിൽ ആ പത്രക്കടലാസിരുന്നു ചലിക്കുന്നു. കീബോർഡിൽ ഞാവൽപ്പഴങ്ങൾ ചിതറിക്കിടക്കുന്നു. ഗൗതമന്റെ സ്വപ്നം കാണുന്ന മുഖത്ത്‌ പുറത്തെവിടെനിന്നോ ഒരു കീറ വെളിച്ചം വന്നുവീഴുന്നു.

Generated from archived content: story1_mar15_07.html Author: rajesh_r_varma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here