മണിയേട്ടന്റെ ഇരുനില ബംഗ്ലാവിലെ മുകൾ നിലയിൽ പടിഞ്ഞാറോട്ട് കാഴ്‌ച വരുന്ന ജനാലയിലെ ചില്ലുജാലകം വിജാഗിരിയിൽ സ്‌ക്രൂപിടിപ്പിക്കുമ്പോൾ ഞാനോർത്തത് ഇതെത്രാമത്തെ ജാലകമാവണം ഞാൻ നിർമ്മിച്ച് ഫിറ്റ് ചെയ്‌തു കൊടുക്കുന്നത് എന്നതാണ്. പതിനാലുവർഷത്തെ പണിജിവിതത്തിൽ ഓർത്തെടുക്കാൻ പറ്റാത്തത്രയും ജനാലകളും വാതിലുകളും ഉണ്ടാക്കിയിട്ടുണ്ടാവണം. എത്രയെത്ര മരകഷ്‌ണങ്ങൾ ആദ്യകാലങ്ങളിൽ ചിന്തേരിട്ട് പണിക്ക് പാകമാക്കിയെന്നോ? ചിന്തേരുതടി ഒരാൾ തള്ളാനും മറ്റൊരാൾ വലിക്കാനും പണ്ടൊക്കെ പണിപഠിക്കാൻ വരുന്നവന് നാലോ അഞ്ചോ വർഷം സ്‌ഥിരമായി ചിന്തേര്‌തടി വലിയോടുവലിതന്നെ ശരണം, ആ വലിയജീവിതത്തിനിടയിലാണ് മറ്റുള്ളവരുടെ പണി കണ്ടുപഠിക്കൽ, പണിപഠിക്കാൻ വന്നവൻ രണ്ട് വർഷമെങ്കിലും കഴിഞ്ഞേ ഉളി കയ്യിൽ കൊടുക്കുകയൊള്ളൂ. ആദ്യം തുളയാണ് ഉണ്ടാക്കേണ്ടത്. തുളതന്നെ വർഷങ്ങളോളം, പിന്നെയാണ് കുടുമയിലേക്ക് സ്‌ഥാനകയറ്റം കിട്ടുന്നത്. കുടുമ ഊരാൻ കൈതഴക്കംതന്നെവരണം. ഉളി അങ്ങോട്ടുമിങ്ങോട്ടും പാളാനെപാടില്ല. പാളിയാലൊ? കഷ്‌ണങ്ങൾ തമ്മിൽ ചേർക്കുമ്പോൾ വിധിയാംവണ്ണം മുട്ടുകയില്ല. വിടവ് ഉണ്ടാവുകയും, വാതിലുകൾക്കും ജനാലകൾക്കും എന്തിനേറെ മരംകൊണ്ടുനിർമ്മിക്കുന്ന എന്ത് സാമഗ്രിക്കും ഉറപ്പ് കുറവുണ്ടാകുന്നു. മരപ്പണിയിൽ ഏറ്റവും പ്രധാനം കുടുമയും തുളയും തന്നെ.
മണിയേട്ടന്റെ വലിയ വീടിന് ചുറ്റും രണ്ടാൾ ഉയരത്തിൽ കൂറ്റൻ മതിൽ നിർമ്മിച്ചിട്ടുണ്ട്. വിദേശിയായ ഒരുവമ്പൻ നായയെ വളർത്താനാണ് ചുറ്റിനും ഇത്രയുമുയരത്തിൽ മതിൽ നിർമ്മിച്ചതെന്നാണ് മണിയേട്ടൻ പറഞ്ഞത്. പടിഞ്ഞാറോട്ട് തുറക്കുന്ന ജാലകം തുറന്നാൽ കൂറ്റൻ മതിലിനോടുചേന്ന് ദരിദ്രനായ പപ്പടം പണിക്കാരനും കുടുംബവും താമസ്സിക്കുന്നു. ചെറിയ ഒരോടിട്ടസിമന്റുതേക്കാത്ത വീട്ടിൽ പതിനേഴും ആറും വയസ്സുളള പെൺകുട്ടികളും പപ്പടപണിക്കാരനും ഭാര്യയും ദാരിദ്ര്യത്തോടെ തന്നെ ജീവിച്ചുപോരുന്നു.
ദാരിദ്ര്യം അകൽച്ചകളുള്ള മനസ്സുകളെ സൃഷ്‌ടിക്കുന്ന കാലത്താണ് നാം ജീവിച്ചുപോകുന്നത്. ഈ ഗ്രാമത്തിലും, ഒരു മതിലിനുമപ്പുറത്തുള്ള പപ്പടം പണിക്കാരൻ, മണിയേട്ടന്റെ കൂറ്റൻ വീടിന്റെ നിർമ്മാണ വിവരണങ്ങൾ തിരക്കാൻ വന്നില്ല. തിരിച്ചങ്ങോട്ടും മണിയേട്ടൻ, എന്തൊക്കെയാണ് സുഹൃത്തേ മകളുടെ കല്യാണക്കാര്യം എന്ന് അന്വേഷിച്ചുമില്ല. രണ്ട് നാൾ മുമ്പാണ് പപ്പടം പണിക്കാരന്റെ മകൾക്ക് ദൂരെ ദൂരെ നിലമ്പൂരിൽ നിന്ന് കാർ ഡ്രൈവറായ സുന്ദരൻ ചെട്ടിയാർ ചെറുക്കൻ പെണ്ണിനെ ഇഷ്‌ടപ്പെട്ടെന്ന് പുതിയ ഇരുചക്രവാഹനത്തിൽ ദൂരെ നിന്ന് ഓടിക്കിതച്ച് വന്ന് പറഞ്ഞത്. അങ്ങനെയങ്ങനെ പരസ്‌പര സഹൃദയത്ത്വം നിലനിർത്താൻ നമ്മൾ തീരെ ശ്രമിക്കുന്നേയില്ലാതായി. മണിയേട്ടന്റെ വീട്ടിൽ വേസ്‌റ്റ് വരുന്ന സിമന്റും മണലുമുണ്ടെങ്കിൽ പപ്പടക്കാരന്റെ വീടിന്റെ ചുവരുകൾ വൃത്തിയാക്കാമെന്നും, ഞാൻ മണിയേട്ടന്റെ വീട്ടിൽ വേസ്‌റ്റ് എന്ന് പറഞ്ഞ് മാറ്റിയിട്ട മരചട്ടങ്ങൾ ഉണ്ടെങ്കിൽ കുഞ്ഞുജനാലകൾക്ക് ജാലകങ്ങളുമാകുമെന്ന് ഞാൻ വെറുതേ ചിന്തിച്ചു.
വീട് ഓരോരുത്തർക്കും ഒരോ സ്വപ്‌നങ്ങളാണ്. ഞാനത് ഇപ്പോൾ മനസ്സിലാക്കിവരുന്നു. ചിലർക്ക് കേറിക്കിടക്കാനൊരു കൂരമതി. വേറെ ചിലർക്ക് ചെറിയ തോതിലുള്ള സൗകര്യങ്ങളൊക്കെയായി. പിന്നെയുള്ളവർക്ക് തന്റെ കയ്യിലുള്ള പണം മറ്റുള്ളവരെ മനസ്സിലാക്കിക്കാനാണ്. അതിനു വേണ്ടിയാണ് കൊട്ടാരങ്ങൾ പണിയുന്നത്. നിർമ്മിച്ചും പൊളിച്ചും, വീണ്ടും ഉണ്ടാക്കിയും, അതുപോരെന്ന് തോന്നിയാൽ പൊളിച്ച് മാറ്റി വേറെ മോഡലിലാക്കിയും അങ്ങിനെ യഥേഷ്‌ടം പണം വെറുതേകളഞ്ഞുകൊണ്ടേയിരിക്കും. പുഴകളിൽ അവശേഷിക്കുന്ന മണലും ഇഷ്‌ടംപോലെ സിമന്റുമുണ്ടെങ്കിൽ എന്തുപേടിക്കാനാണ്.
എത്ര വലിയ എടുപ്പുകൾക്ക് ജനാലകളും വാതിലുകളും പണിതു. മേശകളും കട്ടിലുകളും അലമാരികളും പണിതു. അങ്ങിനെ എന്നെതന്നെ സമർപ്പിച്ച വീടുകളിലേക്ക് പിന്നീടൊരിക്കൽ പോകേണ്ടിവരുമ്പോൾ ആനമതിലിന്റെ പടിപുരവാതിലിൽ നിൽക്കുമ്പോൾ അന്യതാബോധമേ തോന്നിയിട്ടൊള്ളൂ; അവിടെ നിൽക്ക് നീ പടിക്ക് പുറത്ത് നിൽക്കേണ്ടവനാണ്. എന്നൊക്കെയുള്ള ചില ആളനക്കങ്ങൾ എന്നിൽ സജീവമായിതുടങ്ങും. പക്ഷേ, തനി നാടൻ വീടുകളാണെങ്കിലോ? ഇടവഴിയിലൂടെയോ പഞ്ചായത്ത് റോഡിലൂടെയോ പോകുമ്പോൾ അവരൊക്കെ എന്നെ നോക്കിപറയും എന്താ രാജേഷേ ഇടക്കൊക്കെ ഇങ്ങോട്ടൊക്കെ ഒന്ന് വന്നുകൂടെ എന്റെ ചില ജനാലകളും വാതിലുകളുമാന്നും ശരിക്കും അടയുന്നില്ല. ഓടുമേഞ്ഞവീടാണെങ്കിൽ പറയുകയേ വേണ്ട. ഞാനവിടെയിവിടെ ചോരുന്നെന്നും പറഞ്ഞ് ചീത്തയോടു ചീത്തതന്നെ. അപ്പോൾ ഞാനാവീടുകളോടു പറയും പ്രിയപ്പെട്ട വീടുകളേ ഇത്തിരിയിത്തിരിപോരായ്‌മകളില്ലെങ്കിൽ നമ്മൾ തമ്മിൽ പിന്നെന്ത് ബന്ധമെന്ന്. അപ്പോൾ ആ വീടുകൾ എന്നെനോക്കി വിനീതവിധേയരായി ചിരിതൂകും.
ഇഷ്‌ടംതോന്നിയ പെണ്ണിന്റെ വീടു കണ്ടുപിടിക്കാൻ സ്‌കൂൾ പഠനകാലത്തൊക്കെ കൂട്ടുകാർ സുരേട്ടന്റെ സൈക്കിൾ വർക്ക്‌ഷോപ്പിൽ നിന്ന് സൈക്കിളും വാടകക്കെടുത്ത് എത്ര അലഞ്ഞിട്ടുണ്ടെന്നോ. സന്തോഷും പ്രദീപും രേഖയുടെ വീടുകണ്ടുപിടിക്കാൻ പിന്നാലെ പോയി ഒരു ആളില്ലാ തിരിവിൽ വച്ച് സന്തോഷ് ഒരു പ്രണയ ലേഖനം രേഖയ്‌ക്ക് കൊടുത്തപ്പോൾ അവൾ ചോദിച്ചുവത്രെ ഇതെനിക്കോ? ചേച്ചിക്കോ? എന്ന്. ചേച്ചിയാണെങ്കിൽ സന്തോഷിന്റെ ക്ലാസ്‌മേറ്റും. അതുകൊണ്ട് രേഖക്ക് തോന്നിയ കൺഫ്യൂഷനാകണം. എന്തായാലും അങ്ങിനെ പറയാനുള്ള ധൈര്യം അവൾ കാണിച്ചല്ലോ? കത്തും കൊടുത്ത് വീടും കണ്ടുപിടിച്ച് നിർവൃതിയടഞ്ഞാണ് രണ്ടാളും മടങ്ങിയത്. എനിക്കും ഒരു വീടുകണ്ടുപിടുത്തയാത്രയുണ്ടായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ, തൊട്ടുക്ലാസിലെ സുന്ദരിക്കുട്ടി പേരൊന്നും ഇപ്പോൾ ഓർമ്മവരുന്നേയില്ല. ആറുകിലോമീറ്റർ ദൂരം ബസ്സ് യാത്ര ചെയ്‌ത്, ഒരു പരിചയക്കാരൻ പറഞ്ഞ അറിവ് വച്ച് തിരുമിറ്റക്കോട് ബസ്സിറങ്ങി, ദുബായ് റോഡിലൂടെ നടന്നാൽ ഇടത് വശത്തെ രണ്ടാമതായികാണുന്ന ചെറിയൊരു വാർപ്പ് പുര. നന്ദനം എന്ന് പേരിട്ട് കുഞ്ഞു മതിലും മുറ്റം നിറയെ പുന്തോട്ടമൊക്കെയുള്ള വീട്ടിലേക്ക് മിഴിപായിച്ച് ഞാനൽപ്പനേരം നിന്നു. അപ്പോൾ ഓർത്തു എന്നെങ്കിലുമൊരുകാലത്ത് മരുമകനായി കയറിചെല്ലേണ്ട വീട്. ഇപ്പോൾ എന്നെ അപരിചിതനെപോലെ നോക്കുന്നു. എന്റെ ഭാര്യവീടാകേണ്ട വീടേ….. ഞാനിപ്പോൾ ക്ഷമിക്കുന്നു. വീണ്ടും കാണാം എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്നിട്ട്, പതിനഞ്ച് വർഷത്തിന് ശേഷം ഞാനും സുഹൃത്ത് ജയപ്രകാശും ഇരുചക്രവാഹനത്തിൽ ആ വഴി പോകുമ്പോൾ പഴയൊരോമ്മയിൽ വണ്ടിയൊന്ന് നിർത്തി ആ വീടിനെ എന്റെ ഓർമ്മയിലേക്ക് കൂട്ടികൊണ്ടു വന്നു. ഇപ്പോൾ വീടിന് മുകൾ നിലകൂടിവന്നിരിക്കുന്നു. പൂന്തോട്ടത്തിനും പഴയ മതിലിനും മാറ്റമില്ല. എന്റെ കിനാവിലെ പഴയ പെൺകുട്ടി ഇന്നെവിടെയെന്നോർത്ത് നെടുവീർപ്പിടുമ്പോൾ ജയപ്രകാശ് ചോദിച്ചു. “എന്തേ? എന്തേ നിർത്തി” “്‌ഏയ് ഒന്നൂല്യ” വണ്ടി മുന്നോട്ട് ഓർമ്മയിൽ നിന്ന് വർത്തമാനത്തിലേക്ക് ക്ലച്ച് വിട്ടു.
ദൂരെ ദൂരെ എത്രയോ ഇടങ്ങളിൽ പണിതവീടുകൾ എന്നെങ്കിലുമൊക്കെ പോയികാണണം. ചിലപ്പോൾ അവ പൊളിച്ച് പുതിയ ഭവനങ്ങൾ ആയിട്ടുണ്ടാകണം. വേറെ ചിലത് മുഷിഞ്ഞ് മുഷിഞ്ഞ് കാലപഴക്കം ഓർമ്മിപ്പിക്കുമായിരിക്കണം. അവയുടെയൊക്കെ കതകുകളിലും ജനാലകളിലും തൊട്ട് തലോടിനിൽക്കണം. ചിതലും പുഴുക്കുത്തുമേൽക്കാത്ത തടികൾക്ക് ചിലപ്പോൾ എന്നെ മനസ്സിലാകുമായിരിക്കണം. വർഷങ്ങൾക്കുശേഷം രാജേഷ് വന്നിരിക്കുന്നു എന്നവർ പരസ്‌പരം പറയും.
പകൽ എവിടെയലഞ്ഞാലും അന്തിക്ക് കയറി ചെല്ലാൻ നമുക്കൊരു വീടുവേണം. കൊട്ടാരം പണിയുന്നമണിയേട്ടനായാലും കുടിലുകാരൻ പപ്പടം പണിക്കാരനായാലും ചാണകം മെഴുകിയ നിലത്ത് കിടക്കുമ്പോഴും ചന്ദനകട്ടിലിൽ കിടക്കുമ്പോഴും പറഞ്ഞോ എഴുതിയോ പകർത്താൻ സാധിക്കാത്ത വല്ലാത്ത ആനന്ദം നാം അനുഭവിക്കുന്നുണ്ട്.
ആ ആനന്ദത്തിലൂന്നിക്കൊണ്ടായിരിക്കണം നാം വീട് വീട് എന്ന് നാഴികക്ക് നാൽപ്പതുവട്ടവും പറഞ്ഞുകൊണ്ടിരിക്കുന്നത്.
Generated from archived content: story1_dec10_09.html Author: rajesh_nandiyamkodu