നമ്മളുൾക്കൊള്ളാത്ത വിശുദ്ധഇടങ്ങൾ

നമ്മുടെ വാക്കിടങ്ങളെപ്പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ? വർത്തമാനങ്ങളാൽ മുഖരിതമാകുന്ന കാലം നമ്മളിൽ നിന്നകലുന്നതിന്റെ വ്യകതമായ തെളിവുകൾ ചുറ്റിനും നടമാടുന്ന പുതുകാലത്തിൽ, രാഷ്‌ട്രീയ വർത്തമാനങ്ങൾ ഏറ്റവും കൂടുതൽ പ്രസരിച്ചിരുന്ന ചായക്കടകൾ അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരുന്നു. പണ്ട്‌ നന്ദിയംകോട്ടിൽ പാലക്കാട്‌ ഗുരുവായൂർ സംസ്‌ഥാന പാതയോടുചേർന്ന്‌ ചന്ദ്രേട്ടന്റെ ചായക്കടയിൽ പ്രഭാതങ്ങളിൽ ദേശാഭിമാനിയും, മാതൃഭൂമിയും, മലയാളമനോരമയും സൂക്ഷ്‌മമായി വായിച്ച്‌ ചർച്ച ചെയ്‌തിരുന്ന ലാസ്‌റ്റ്‌ വണ്ടി അയ്യപ്പേട്ടൻ, എന്റെ ഓർമ്മകളിൽ നിരന്തര രാഷ്‌ട്രീയ ചലനങ്ങളെ ഓർമ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടു വന്നിരുന്നു. ഇപ്പോൾ ഭൂമിക്ക്‌ വിലകൂടുകയും ചന്ദ്രേട്ടനും വീട്ടുകാരും റോഡരികിലെ സ്‌ഥലം വിൽക്കുകയും ചായക്കട ഇല്ലാതാവുകയും തെങ്ങുകയറ്റക്കാരൻ അയ്യപ്പേട്ടന്റെ രാഷ്‌ട്രീയ ചർച്ചകൾ നിശ്‌ചലമാവുകയും. അങ്ങിനെയിങ്ങനെ നിശബ്‌ദമായിപ്പോയികൊണ്ടിരിക്കുന്നു. ചർച്ച ഇടങ്ങളെപ്പറ്റി ഞാൻ നിരന്തരമോർത്തു. ലാസ്‌റ്റുവണ്ടി അയ്യപ്പേട്ടന്‌ ഇപ്പോൾ വയസ്സ്‌ അറുപ്പത്തിയഞ്ച്‌. പഴയ പത്താം ക്ലാസുകാരനാണെന്ന്‌ ആരെക്കെയോ പറഞ്ഞറിഞ്ഞു. കട്ടക്കുക്കട്ട മുട്ടാൻപ്പറ്റിയ ശരീരപ്രകൃതം, സംസാരം സൗമ്യം. പണി തെങ്ങുകയറ്റം. അയ്യപ്പേട്ടനേക്കാൾ പകുതി വയസ്സുപോലുമില്ലാത്ത എന്നോടുപോലും വിനീതവിധേയനായി പെരുമാറി. ദേശീയവും സാർവ്വദേശീയവുമായ രാഷ്‌ട്രീയങ്ങളെക്കുറിച്ച്‌ അയ്യപ്പേട്ടൻ പണ്ടൊക്കെ ചന്ദ്രേട്ടന്റെ ചായക്കടയിലിരുന്ന്‌ നിരന്തരം ചർച്ചചെയ്‌തു.

2

നമ്മുടെ കോൺസ്‌റ്റബിൾ വിനയ ഒരിക്കൽ ഒരു കവിതയെഴുതിയത്‌ ഞാനോർക്കുന്നു. ആണുങ്ങളെപോലെ ചായക്കടയിലും, കള്ളുഷാപ്പിലും, രാത്രികളിൽ നഗരറോഡുകളിലൂടെയും ആരേയും പേടിക്കാതെ ഇടപ്പഴകുന്നതിനെപ്പറ്റി സൂചിപ്പിക്കുന്ന കവിത എന്നെ ഇരുത്തി ചിന്തിപ്പിച്ചു. അന്നേരം ഞാനോർത്തത്‌ നമ്മുടെ കള്ളുഷാപ്പുകളെ കുറിച്ചായിരുന്നു. കള്ളുഷാപ്പുകളും ബാറുകളും ആണിടങ്ങളുടെ അധികാരകേന്ദ്രങ്ങളാണ്‌. ബാറുകളിലുമപ്പുറം കള്ളുഷാപ്പുകളിലാണ്‌ ജനകീയ ഇടപെടലുകളുടെ സ്‌നേഹഭാഷണങ്ങളെ മനസ്സിലാക്കാൻ സാധിക്കുക. ഞാൻ കയറിയിറങ്ങിയ ഷാപ്പുകളിൽ മറ്റുകുടിയന്മാർ എന്നേക്കാൾ കൂടുതൽ മനുഷ്യത്വപരമായും സ്‌നേഹാർദ്രമായും സംസാരിച്ചു. അവിടെ ലഹരിക്കുമപ്പുറം, സ്‌നേഹബന്ധങ്ങളെ കൂടുതൽ ഊട്ടിയുറപ്പിച്ചു. തെങ്ങോലയും, തകരഷീറ്റും മേഞ്ഞ കള്ളുഷാപ്പുകൾ ലഹരിക്കൊപ്പം ചേർന്നുപോകുന്ന ദേഷ്യപ്പെടലുകളും വഴക്കുകളും കാണിച്ചേതന്നില്ല. അവിടെയൊക്കെ സമാധാനത്തിന്റെ ഇലയനക്കങ്ങളും, സ്വാന്തനത്തിന്റെ നിശബ്‌ദ സ്വർഗ്ഗവും അടയാളപ്പെടുത്തി. പറഞ്ഞുവരുന്ന്‌ മദ്യപാനശാലകൾ വിശുദ്‌ധമായ ഇടങ്ങൾ എന്നൊന്നായിട്ടല്ല. പണ്ടത്തെ ചാരയഷാപ്പുകളിലെ കുടിയൻമാരെപ്പോലെ കുടിച്ച്‌ കുന്നനം മറിഞ്ഞ്‌ വഴക്കുകൂടുന്നവരുടെ കൂതറ കൂട്ടായ്‌മകളായിട്ടുമല്ല. ലഹരി അത്‌ അതിന്റെ വഴിക്ക്‌ നിശബ്‌ദമായി ഇടപെഴകിപൊയ്‌ക്കോട്ടെയെന്ന്‌ ഞാനും ചിന്തിക്കാറുണ്ട്‌.

3

പാലക്കാട്ടെ ചൊല്ലുകളിൽ ഒന്ന്‌ ഇതാണ്‌ “ഓണമുണ്ട്‌ കയറുകയും വിഷുവുണ്ട്‌ ഇറങ്ങുകയും ചെയ്യുകയെന്ന കരിമ്പനയെപ്പറ്റിയുള്ള ഒരുപഴം ചൊല്ലാണിത്‌. ഓണക്കാലത്ത്‌ കള്ള്‌ചെത്ത്‌ തുടങ്ങി വിഷുക്കാലത്ത്‌ അവസാനിക്കുന്ന കള്ളിന്റെ വരവുപോക്കുകളെ പണ്ടാരാണാവോ ഇങ്ങനെ നിർവ്വചിച്ചത്‌. സെപ്‌റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കള്ളുസമയം കഴിഞ്ഞാലും ഇടവിടുത്തെ ഷാപ്പുകളിൽ യഥേഷ്‌ടം കള്ളുനിറഞ്ഞു തൂവി. ആ കള്ളൊക്കെയും പാലക്കാടിന്റെ കിഴക്കേയറ്റത്തെ തമിഴ്‌നാടിനോടിഴചേർന്ന്‌ കിടക്കുന്ന ചിറ്റൂരെ തെങ്ങിൻതോപ്പുകളിൽ നിന്ന്‌ ഒഴുകിയെത്തിയ തെങ്ങിൻ കള്ളുകളായിരുന്നു. അവിടുത്തെ തെങ്ങിൻ തോട്ടങ്ങൾ മുഴുവനും കള്ളിന്‌ വേണ്ടിമാറ്റിവച്ചു. കള്ളു ചെത്താകട്ടെ പുലർച്ചേ നാലുമണിക്ക്‌ തുടങ്ങി എഴുമണിക്ക്‌ അവസാനിക്കും. ആ കള്ളുകളാണ്‌ കേരളത്തിലെ ഒട്ടുമിക്ക ഷാപ്പുകളിലും മായം ചേർത്തും ചേർക്കാതെയും കുടിയൻമാരെ ഷാപ്പോട്‌ ചേർക്കുന്നത്‌. പറഞ്ഞുവരുന്നത്‌ സ്‌നേഹത്തിന്റെ ആർദ്രതയെക്കുറിച്ചാണ്‌ അല്ലാതെ കള്ളുകുടിയുടെ മഹാത്‌മ്യത്തെക്കുറിച്ചല്ല. നമ്മൾ എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലും ഹോട്ടലിൽ കയറി നെയ്‌റോസ്‌റ്റോ, മസാലദോശയോ, ബിരിയാണിയോ. പണ്ട്‌ കഴിച്ചതോർക്കുന്നോ എന്ന്‌ പരസ്‌പരമാരും പറഞ്ഞുകേട്ടില്ല. അതിനുമപ്പുറം എന്നെങ്കിലുമൊരിക്കൽ ഒരുമിച്ചിരുന്ന്‌ രണ്ട്‌ പെഗ്ഗ്‌ അകത്താക്കി ഉള്ളുതുറന്ന്‌ സംസാരിച്ചതിനെപ്രതി നിരന്തരമോർക്കുന്നവരെ ഞാൻ സ്‌ഥിരം കാണാറുള്ളതും അവരുടെ ആ ഓർമ്മകളെ നെഞ്ചോടുചേർക്കാവുന്നതുമാണ്‌. പണ്ടെന്നോഒരുമിച്ചുകുടിച്ച ഒറ്റഓർമ്മ മതി ചിലർക്ക്‌ ജീവിതകാലം വരെ ആ ബന്ധങ്ങളെ ഓർക്കാൻ. ചിലർപറഞ്ഞത്‌ ഞാൻ കേൾക്കാറുണ്ട്‌. അത്‌ ഇങ്ങനെയാണ്‌. ”അന്നാ പറഞ്ഞത്‌ കള്ളിന്റെ പുറത്താണെങ്കിലും എന്ന്‌.“ അതെ നമുക്ക്‌ ചിലകാര്യങ്ങൾ പറയാൻ ഒരു ധൈര്യം ലഹരിതരുന്നു. കള്ളിന്റെ പുറത്ത്‌ നടക്കുന്ന പ്രണയങ്ങൾ, കച്ചവടങ്ങൾ, വിവാഹാലോചനകൾ അങ്ങിനെയങ്ങിനെ റഷ്യയിൽ വോഡ്‌ക്ക കുടിച്ചാണത്രെ മന്ത്രിസഭപോലും കൂടുന്നതെന്ന്‌ ഇവിടെയെത്ര പേർക്കറിയാം സോമരസം സേവിച്ചിരുന്ന പഴയ ഋഷിമാർ, ആയുരാരോഗ്യത്തോടെ നൂറും ഇരുനൂറും വർഷങ്ങൾ ആരോഗ്യവാൻമാരായി ജീവിച്ചിരുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്‌.

4

മറ്റു കൃത്രിമമായി നിർമ്മിക്കുന്ന ലഹരിപാനിയങ്ങൾക്കുമപ്പുറം തെങ്ങിൽ നിന്നോ, കരിമ്പനയിൽനിന്നോ, ഈറൻ പനയിൽ നിന്നോ, ചെത്തിയൂറ്റിയെടുക്കുന്ന കള്ളിന്‌ ഒരു സത്യമുണ്ട്‌, പ്രകൃതിയോട്‌ ചേർന്ന്‌ പോകുന്ന ഒരു ദൈവീകത. പ്രകൃതി സത്യസന്ധമായി നമുക്ക്‌ ഇട്ടേച്ച്‌പോയലഹരിയുടെ ആർദ്രത. അതുകൊണ്ടുതന്നെ അവ വിൽക്കുന്ന ഷാപ്പുകൾ നമുക്ക്‌ ഹൃദയത്തോട്‌ ചേർത്ത്‌ നിർത്തിക്കൊണ്ട്‌, പണ്ടെന്നോ തുടങ്ങിവച്ച ഒരു സിസ്‌റ്റത്തിന്റെ തുടർക്കണികളായ കള്ളുചെത്തുകാർ. രാസവസ്‌തുക്കൾ ചേർക്കാതെ ശുദ്ധമായ ലഹരീപ്രധാനം ചെയ്യുന്നവർ. അവരോട്‌ നമുക്ക്‌ നന്ദിപറയാം ആകാശത്തോളം പോന്നഒറ്റത്തടിയിൽ നിന്ന്‌ അധ്വാനത്തിന്റെ വിയർപ്പൊഴുക്കിയൂറ്റിയെടുത്ത കളളുമായിറങ്ങിവരുന്ന ദൈവദൂതൻമാരോട്‌………

കുറ്റനാട്‌ നഗരത്തിൽ നിന്ന്‌ നന്ദിയം കോട്ടേക്ക്‌ അവസ്സാനമായി എത്തിയിരുന്ന ആളായിരുന്നു പണ്ടെക്കെ അയ്യപ്പേട്ടൻ. ചാരായഷാപ്പുകൾ നിർത്തലാക്കുന്നതിന്‌ മുമ്പാണത്‌. 1995 ഏപ്രിൽ ഒന്നിന്‌ എ.കെ. ആന്റണി ചാരായം നിർത്തിയതോടുകൂടിയാവണം അയ്യപ്പേട്ടൻ നേരത്തേ വീട്ടിൽ വരാൻ തുടങ്ങിയത്‌. നന്ദിയം കോട്ടേക്ക്‌ അവസ്സാനമായി എത്തിയിരുന്നു ആളായതുകൊണ്ടാകണം അദ്ദേഹത്തിന്‌ ലാസ്‌റ്റ്‌ വണ്ടി അയ്യപ്പൻ എന്ന പേരും വന്നത്‌. പക്ഷേ 1995 ന്‌ ശേഷവും അയ്യപ്പേട്ടൻ കൂടിനിർത്തിയൊന്നുമില്ല. നാട്ടുകാരോടൊക്കെ നീറ്റായി പെരുമാറിയിരുന്ന അയ്യപ്പേട്ടൻ വീട്ടിൽ ഇത്തിരിക്കച്ചറയായിരുന്നു എന്ന്‌ പിന്നീടാണ്‌ ഞാനറിഞ്ഞത്‌. നിസാരകാര്യങ്ങളിൽ ഭാര്യയോട്‌ നിരന്തരം കലഹിച്ചു.

നിനക്കറിയുമോടീ പുല്ലേ അമേരിക്ക എന്തിനാണ്‌ ഇറാഖിലും അഫ്‌ഗാനിസ്‌ഥാനിലും അധിനിവേശം നടത്തുന്നത്‌, എന്ന്‌ പറഞ്ഞ്‌ ഭാര്യയെകുനിച്ച്‌നിർത്തി കൂമ്പിനടിച്ചു. പാവം ഭാര്യ പാടത്തും പറമ്പിലും പണിക്കുപോകുന്ന ആ സ്‌ത്രീക്ക്‌ എങ്ങനെ അറിയാനാണ്‌ അമേരിക്കയുടെ അധിനിവേശത്തെക്കുറിച്ച്‌.

ആ പാവം സ്‌ത്രീ, അമേരിക്കയെടുക്കുന്ന ഓരോ മോശം നിലപാടിലും വൈകുന്നേരങ്ങളിൽ ഇടി നല്ലവണ്ണംകൊണ്ടു. അതുകൊണ്ട്‌ ഈ നിമിഷം ഇത്‌ വായിക്കുന്ന ഒബാമയോട്‌ എനിക്ക്‌ പറയാനുള്ളത്‌. സാമ്രാജ്യത്ത്വമെന്ന ചീത്ത മേലങ്കി ഇനിയെങ്കിലും അമേരിക്ക ഒന്ന്‌ അഴിച്ചുവക്കൂ. ഇവിടുത്തെ പാവം സ്‌ത്രീകൾക്ക്‌ തല്ലുകൊള്ളാൻ വയ്യാതായിരിക്കുന്നു, എന്ന ഒറ്റ സങ്കടമാണ്‌.

Generated from archived content: essay1_mar8_10.html Author: rajesh_nandiyamkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English