എന്റെ വൺവേ പ്രണയത്തെപ്പറ്റി

ഓർമ്മ

പ്രേമനിർഭരം മൂകമെന്നന്തരാത്‌മാവിന്നും

ഗ്രാമസൗന്ദര്യപ്പൂവിലവളെത്തിരയുന്നു.

പി. കുഞ്ഞിരാമൻ നായർ.

വർഷങ്ങൾക്കു മുമ്പാണ്‌ സുഹൃത്ത്‌ സന്തോഷിന്‌ അവന്റെ കാമുകി ഹയറുന്നിഷ പ്രണയലേഖനം കൈമാറുന്നത്‌ ഞാൻ നേരിൽ കാണുന്നത്‌. അന്നേരം അവളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു പരിഭ്രാന്തിനിറഞ്ഞിരുന്നു. കിളിവാലൻ കുന്നിറക്കത്തിലെ ടാറിട്ട റോഡിൽ ആളില്ലാനേരവും കാലവും നോക്കി അവർ മിണ്ടിയും പറഞ്ഞും പ്രണയാക്ഷരങ്ങളെ സൗന്ദര്യപ്പെടുത്തി. ഹയറുന്നിഷ സുന്ദരികുട്ടിയായിരുന്നു. പ്രായം പതിനേഴോ പതിനെട്ടോ? സന്തോഷ്‌ സുന്ദരനൊന്നുമല്ല. പോരാത്തതിന്‌ സാമാന്യം നന്നായിട്ടുതന്നെ കള്ളുകുടിക്കും ബീഡിയും വലിക്കും പാൻപരാഗും തിന്നും. എന്നിട്ടുമെന്തേ സുന്ദരിയായ ഹയറുന്നിഷ മതത്തിന്റെ കെട്ടുപ്പാടുപാടുകളെ ഭേദിച്ച്‌ അവനെ പ്രണയിച്ചുകൊണ്ടിരുന്നു. കിളിവാലൻ കുന്നിൻ ചെരുവിലെ, കരിമ്പനകളും പൈനാപ്പിൾച്ചെടികളും കമ്യൂണിസ്‌റ്റ്‌ പച്ചക്കാടുകളും തൊട്ടുരുമ്മിനിന്ന തൊടിയിൽ വച്ച്‌ ആരുമറിയാതെ പുണരുകയും ഉമ്മവയ്‌ക്കുകയും ചെയ്യുകയുണ്ടായി. ഒരു നാൾ കരിമ്പനപ്പട്ട വെട്ടാൻ കരിമ്പന മുകളിൽ കയറിയ രാമേട്ടൻ മുകളിൽ നിന്ന്‌ താഴെ കാണാൻ പാടില്ലാത്ത കാഴ്‌ച കണ്ടു. അന്നു വൈകുന്നേരം ഞാനും സന്തോഷും സുഹൃത്തുക്കളും വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിലേക്ക്‌ രാമേട്ടൻ കുടിച്ച്‌ ഫിറ്റായി വന്ന്‌ സന്തോഷിനോട്‌ ഇങ്ങനെ പറയുന്നത്‌ ഞങ്ങൾ കേട്ടു.

“സന്തോഷേ യ്യ്‌ ഓളെ തഴയരുത്‌ നശിപ്പിക്കരുത്‌.”

മേസൺ തൊഴിലാളിയായ സന്തോഷ്‌ ആരുടേയും അത്രക്കൊന്നും എതിർപ്പുകളില്ലാതെ ഹയറുന്നിഷയെ കല്യാണം കഴിച്ചു ഇപ്പോൾ രണ്ടു കുട്ടികൾ. ഒരാണും ഒരു പെണ്ണും.

II

ഇന്നോളം

എനിക്കുതെറ്റിയ

വഴികളെല്ലാം

നിന്നിലേക്കുള്ളതായിരുന്നു.

റ്റി.പി. രാജീവൻ.

ഞാനിവിടെ തെറ്റിക്കൊണ്ടേയിരിക്കുന്നു. അവളിലേക്ക്‌ ഞാൻ വെറുതെ വഴിവെട്ടിക്കൊണ്ടിരുന്നു. കാലങ്ങളായി, ഇനിയുമെത്താതെ തെറ്റി തെറ്റി പോകുകയാണ്‌ ഞാൻ. നിന്നിലേക്കെത്തുമേയെന്ന്‌ ഞാനെന്നോടുതന്നെ നിരന്തരമാവർത്തിച്ചു. അവൾക്കിപ്പോൾ പ്രായം ഇരുപത്‌ എനിക്ക്‌ ഇരുപത്തെട്ട്‌. അവൾ നന്ദിയം കോട്ടിൽ നിന്ന്‌ ദൂരെ ദൂരെയൊരു കോളേജിൽ ബിരുദവിദ്യാർത്ഥി. ഞാനിവിടെ തികഞ്ഞൊരു മരപ്പണിക്കാരൻ. ഞാനെപ്പോഴും അവളെ ഓർക്കും. അവൾ പോകുന്നവഴികൾ ദൂരെ അവളുടെ കാമ്പസ്‌. അവളുടെ സുഹൃത്തുക്കൾ അവളിടാറുള്ള വസ്‌ത്രങ്ങൾ, നെറ്റിയിലൊട്ടിക്കാറുള്ള പൊട്ട്‌, കണ്ണെഴുതാറുള്ള കൺമഷി, കാതിൽ നിന്ന്‌ തോളിലേക്ക്‌ ഊഞ്ഞാലാടുന്ന കമ്മലുകൾ എന്നിൽ അവളാണ്‌ ലോകത്തേറ്റവും സുന്ദരി. അവളുടെ നടപ്പ്‌, ഇരുപ്പ്‌, വർത്തമാനങ്ങൾ, ചിരി, ഇതൊക്കെയും എനിക്കന്യമാണെങ്കിൽകൂടി സ്വപ്‌നങ്ങളിൽ നിറഞ്ഞുതുളുമ്പിവന്നു. ഒരിക്കലും നേർക്കുനേർനിന്നൊന്ന്‌ വർത്തമാനം പറഞ്ഞില്ല. ഇഷ്‌ടം അറിയിച്ചില്ല, പരസ്‌പരം തലഉയർത്തിനോക്കിയില്ല. പറയാതെ പറയുന്ന മനസ്സുകളുടെ വ്യാപാരമാണ്‌ പ്രണയമെന്ന്‌ ഞാനെന്നോട്‌ മാത്രം നിരന്തരം മന്ത്രിച്ചു. ഇടക്കൊരുപേടിയോടെയും നിസ്സംഗതയോടെയും ചിന്തിക്കും ദൈവമേ……… അവൾക്കിനി വല്ല കാമുകൻമാരുമുണ്ടാകുമോ? ഉണ്ടാകാതിരിക്കില്ല. പുതിയ കാലം, പുതിയ സാധ്യതകൾ, പ്രണയത്തിന്റെ നേർത്തൊരു പാളിയെ തൊട്ടുണർത്താൻ എസ്‌.എം.എസ്‌. മാത്രം മതിയാകുന്ന കാലത്ത്‌ കാമുകനില്ലാത്ത ബിരുദ വിദ്യാർത്ഥിയോ?

ഉള്ളിൽ പഴയ കവിതതന്നീരടി-

ത്തെല്ലു പോൽ നിൻ ചിരി

കാത്തു വെച്ചു

എത്ര ദശാബ്‌ദങ്ങൾ പിന്നിട്ടുപോയ്‌.

എന്ന്‌ ഞാൻ സുഗതകുമാരിയുടെ വരികളോർത്ത്‌ ഏതെങ്കിലുമൊരു കാലത്ത്‌ മുടിനരച്ചിരിക്കുമ്പോൾ, തോളിലൊരു സ്‌പർശ്ശമായ്‌ അവളുടെ കൈകൾ ചെറുചൂടോടെ സ്‌നേഹത്തിന്റെ അനക്കങ്ങൾ ഓർമ്മിപ്പിക്കുമോ?

പ്രണയം പേരറിയാത്ത കുഞ്ഞുകുഞ്ഞുനൊമ്പരങ്ങളുടെ വലിയ വലിയ അനക്കങ്ങൾ എനിക്കു കാണിച്ചു തരുന്നു.

ജീവിതമോഹമേറുന്ന വ്യാമോഹപാതയിൽ.

III

ഒരിക്കൽ പെയ്‌താൽ മതി

ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ.

പി. ആർ. രതീഷ്‌.

അങ്ങനെവരുമോ? എന്ന്‌ ഞാൻ നിരന്തരം ആലോചിച്ചുകൊണ്ടേയിരിക്കുന്നുണ്ട്‌. ‘പ്രണയമഴ’ എന്ന കവിതയിലെ സൂചനയോർത്ത്‌ ഞാനാശങ്കപ്പെട്ടുപോകുന്നു. പ്രണയം ഒരു കുളിർമഴയാകുമ്പോൾ, ആ മഴ ഇടക്കൊന്ന്‌ തോർന്ന്‌ പോയാൽ കാലാകാലമതിന്റെ ചോർച്ചയെപ്പറ്റി വ്യാകുലപ്പെടുന്നതിന്റെ പൊരുളെന്ത്‌?. കാലം നമുക്കു തരേണ്ടുന്ന കാൽപ്പനികത, പ്രണയമല്ലാതെ വേറെന്ത്‌? തോളോടുതോൾ ചേർന്ന്‌ പോകാൻ, തളർന്നിരിക്കുമ്പോൾ ചുമലിലൊന്ന്‌ തലചായ്‌ക്കാൻ, വർത്തമാനങ്ങളാൽ ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിചെല്ലാൻ. പ്രണയം ലോകത്തെ ഏറ്റവും വലിയൊരു കണ്ണാടിയായി ഞാൻ കാണുന്നു. അതുമല്ലെങ്കിൽ കണ്ണോടുകണ്ണു നോക്കിയിരിക്കുമ്പോൾ പരസ്‌പരം കാണുന്ന നമ്മെത്തന്നെ. കാലമോ, ജീവിതമോ, പ്രണയത്തെ ഉദാത്തവൽക്കരിക്കുന്നത്‌ കണ്ണുകളിലൂടെയാകണം. അതുകൊണ്ടു തന്നെ ഒരിക്കൽ പെയ്‌താൽ ജീവിതം മുഴുവൻ ചോരില്ല എന്ന്‌ ഞാൻ വിചാരിക്കട്ടെ.

IV

ഞാനെപ്പേഴും കിനാവുകണ്ടുകൊണ്ടേയിരിക്കുന്നുണ്ട്‌. നന്ദിയം കോട്ടിലെ ഞാനിഷ്‌ടപ്പെടുന്ന പെൺകുട്ടി എന്നോട്‌ പ്രണയമെന്ന്‌ മൊഴിയുന്നതും അവളുടെ ഞാനിതുവരെ കാണാത്ത കൈപ്പടയിൽ ഒരു പ്രണയ ലേഖനം തലകുനിച്ച്‌ പരിഭ്രാന്തിയോടെ എനിക്ക്‌ നേരെ നീട്ടുന്നതും, റോഡരികിലൂടെയോ, പുന്തോപ്പിലൂടെയോ മുട്ടിയുരുമ്മി നടക്കുന്നതും, അവൾ ഹൃദയം നിറഞ്ഞു തരുന്ന ചുംബനം പ്രണയാർഥതയോടെ ഞാനേറ്റുവാങ്ങുന്നതും, കാലം എന്താണ്‌ എനിക്ക്‌ വേണ്ടി മാറ്റിവച്ചതെന്ന്‌ പറയാനാവില്ലല്ലോ? എന്റെ പ്രണയ വിചാരങ്ങളിൽ നാഴികക്കുനാൽപ്പതുവട്ടവും എന്തുകൊണ്ടാണിങ്ങനെ അവൾകയറി വരുന്നതെന്ന്‌ ഞാൻ പേർത്തും പേർത്തും ചിന്തിക്കാഞ്ഞിട്ടല്ല.

എന്റെ ദൈവങ്ങളേ

നിങ്ങൾക്ക്‌

എന്തെങ്കിലുമൊരു

കഴിവും

പ്രാപ്‌തിയുമുണ്ടെങ്കിൽ

അവളോടുള്ള

എന്റെ ഇഷ്‌ടം

എനിക്കറിയിക്കാനുള്ള

ശക്തിയും

അവസരവും

തരണമേയെന്ന്‌

പ്രാർത്ഥിച്ച്‌, പ്രാർത്ഥിച്ച്‌

വർഷം

അഞ്ചോ ആറോ

കഴിഞ്ഞു പോയിരിക്കുന്നു.

ചില കാര്യങ്ങൾ അങ്ങിനെയാണ്‌ നടക്കില്ല എന്നറിഞ്ഞിട്ടും നാം മനസ്സിലത്‌ നിരന്തരം കൊണ്ടുനടക്കുന്നു. ഇതൊരു ഭ്രാന്തായിരിക്കണം. അല്ലാതെ പിന്നെന്ത്‌?

Generated from archived content: essay1_jan29_10.html Author: rajesh_nandiyamkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here