1
ഇലക്കുടയിൽ
പെയ്‌തിറങ്ങിയ ബാല്യം
പളളിക്കൂട വരാന്തയിൽ
പുതുമഴയുടെ മണം
നുകർന്ന് പാഠങ്ങൾ.
യൂണിഫോമില്ലാത്ത
ലോകത്തേക്ക് പോയ കൂട്ടുകാരിയും
ഫീസില്ലാതെ ആകാശത്ത്
പഠിക്കുന്ന കൂട്ടുകാരനും
ഒഴിഞ്ഞ പാഠങ്ങൾ.
ഇന്ന് സരസ്വതീ ജപം
പണം ചോദിച്ച്
കൂടെ തെരുവുമക്കളും
കീശയുടെ ഓട്ടയിലൂടെ
മാനേജ്‌മെന്റിനെ
കാണുന്ന അധ്യാപകൻ
പാഠങ്ങൾ ഒരുവിടുന്നു.
കംപ്യൂട്ടറിനു മുമ്പിൽ
സേവ് ചെയ്യപ്പെടുന്ന സമ്പന്നർ
ഡിലീറ്റ് ചെയ്യപ്പെടുന്ന ദരിദ്രർ.
2
പാഠം ഒന്ന്
ആഗോളവൽക്കരണം
അതിർത്തികൾ മായപ്പെടുന്ന
സമത്വസുന്ദര ലോകം.
പാഠങ്ങൾക്കിടയിൽ
തന്തവിരൽ മുറിച്ച്
ഏകലവ്യൻ നില്പുണ്ടായിരുന്നു.
കാരൂർ കഥകളിലെ
പൊതിച്ചോറ് കട്ടുതിന്ന അധ്യാപകൻ
അനശ്ചിതത്വത്തിൽ വെളളമന്വേഷിക്കുന്നു.
3
രവിശങ്കറിന്റെ
ശ്വാസപാഠങ്ങളിൽ
ഭാവി സ്വപ്നം കാണുന്ന
അധ്യാപക ശിഷ്യന്മാർ
‘എന്നുടെ ഒച്ചകേട്ടുപോ’
നാറീട്ട് മൗനം വിഴുങ്ങുന്നു.
എം.ടി.വി തൻ ശബ്‌ദഘോഷത്തിൽ
വാക്ക് വിഴുങ്ങിയ കവി
ഇവർക്കൊപ്പം ഫിനിക്‌സ് പക്ഷിയാവാൻ
ജന്മം കൊതിക്കുന്നു.
Generated from archived content: poem1_apr16.html Author: rajesh_mr