ആധുനികത അപ്രധാനമാക്കിയ പല അറിവുകളേയും സംസ്‌ക്കാരപഠനം പഠന വിധേയമാക്കുന്നു. ഒരു വലിയ വിഭാഗം വിശ്വസിക്കുന്ന ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അപകൃഷ്‌ടമെന്ന് കരുതിയത് ഇന്ന് പ്രശ്‌നവൽക്കരിക്കപ്പെടുന്നു. നാട്ടറിവ് എന്നത് കൂട്ടായ്‌മയുടെ ജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങളെ സംബന്ധിച്ചിട്ടുളളതാണ്. കൂട്ടായ്‌മയുടെ സ്വത്വങ്ങളെ തേടിയുളള യാത്ര കൂടിയാണ് നാട്ടറിവ് പഠനങ്ങൾ. നാട്ടറിവുകൾ ചരിത്രപരമായി തെറ്റും ശരിയും വിധിക്കാതെ, ഓരോ വ്യക്തിയും സമൂഹവും ഇതെങ്ങനെ നോക്കി കാണുന്നു എന്നന്വേഷിക്കുന്നു. നാട്ടറിവിലൂടെ പാരമ്പര്യത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ചരിത്രവും അതിന്റെ രാഷ്‌ട്രീയവും തിരിച്ചറിയാനുളള ഒരു പരിശ്രമം കൂടി ഇന്നു നടക്കുന്നു.
സാംസ്‌കാരിക അധിനിവേശം നടന്നു കൊണ്ടിരിക്കുന്ന ഇന്ന് നാട്ടറിവ് പഠനം എന്നത് ഏറെ സുപ്രധാനമായ ഒന്നാണ്. ഈ പ്രബന്ധത്തിൽ ആധുനികത നാട്ടറിവുകളെ കണ്ടതെങ്ങനെയെന്നും ആധുനീകോത്തര നാട്ടറിവുകളെ ഏറ്റെടുക്കുന്നതെങ്ങനെയെന്നും പഠിക്കുന്നു. പ്രാന്തവൽക്കരിക്കപ്പെട്ട ഇത്തരം അറിവുകളെ സാംസ്‌കാരിക പഠനവുമായി ബന്ധപ്പെടുത്തി പഠിക്കുവാനും ശ്രമിക്കുന്നു. സംസ്‌ക്കാരത്തിന്റെ വിപുലമായ അർത്ഥത്തിൽ ഇത്തരം പഠനങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്.
ആധുനികതയും നാട്ടറിവുകളും
ആധുനികത സൂചിപ്പിക്കുന്നത് നവോത്ഥാന കാലഘട്ടത്തോടുകൂടി ആരംഭിച്ച സത്യം, യുക്‌തി, വസ്‌തുനിഷ്‌ഠത, സാർവ്വലൗകിക പുരോഗതി, പ്രബുദ്ധത എന്നിവയെപ്പറ്റിയുളള ആശയങ്ങളേയും സർവ്വോപരി ആധുനിക ശാസ്‌ത്രസിദ്ധാന്തങ്ങളിലും ധാരണകളിലും അധിഷ്‌ഠിതമായ ജീവിതാത്മത്തേയും സംസ്‌ക്കാരത്തേയുമാണ്. ആധുനികത ഒരു അധികാര കേന്ദ്രമായി വർത്തിക്കുകയും അടിയാളരുടെ, പിന്നോക്കക്കാരുടെ അറിവുകളെ പാർശ്വവൽക്കരിക്കുകയും ചെയ്‌തു. അതിന്റെ ഫലമായിട്ടാണ് ആദിവാസി പ്രാകൃതനാണെന്നും, ഗ്രാമീണൻ അപരിഷ്‌കൃതനാണെന്നും നാഗരികൻ സംസ്‌കൃതനാണെന്നും ഉളള ആശയം പ്രബലമായിത്തീരുന്നതും ആദിവാസിയെയും ഗ്രാമീണനേയും നാഗരികനാക്കിത്തീർക്കുന്നതാണ് വികസനം എന്ന ധാരണയുണ്ടാകുന്നതും. നാട്ടറിവുകളെ അടിച്ചമർത്തി ആധുനികതായുക്‌തി ‘അറിവു’കളെ തങ്ങളുടെ കുത്തകയാക്കുകയും അത് പാവപ്പെട്ടവരെ അടിച്ചമർത്തുന്നതിനുളള അധികാരമായി പ്രവർത്തിക്കുകയും ചെയ്‌തു.
ആധുനികതയുടെ ദ്വജകല്‌പന ശാസ്‌ത്രയുക്തിയെ മഹത്വവൽക്കരിക്കുകയും നാട്ടറിവിനെ കീഴ്‌പ്പെടുത്തുന്ന തരത്തിലുളളവയുമാണ്.
കഥകൾ, പുരാവൃത്തങ്ങൾ, നാടൻപാട്ടുകൾ, ഐതിഹ്യങ്ങൾ, ആചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ, വൈദ്യം, നാടൻ കരവിരുത്, പാചകവിദ്യ തുടങ്ങിയ ഒട്ടേറെ നാട്ടറിവുകളെ അപകൃഷ്‌ടമായിട്ടാണ് ആധുനികത നോക്കി കണ്ടത്. ‘അക്ഷരം’ എന്ന യുക്തിയിൽ വാങ്ങ്‌മയ സംസ്‌ക്കാരം പിന്തളളപ്പെടുകയാണ് ഉണ്ടായത്. ആധുനികതയുടെ ശാസ്‌ത്രയുക്തിയിൽ നാട്ടാചാരങ്ങൾ അന്ധവിശ്വാസങ്ങളായി മാറി. ചരിത്രം ഐതിഹ്യത്തെ പിൻതളളി മുന്നിൽ സ്ഥാനം പിടിച്ചു. നാടൻകഥകൾ, നാടൻ ഉപകരണങ്ങൾ, നാടൻ മരുന്ന്, നാടൻ നൃത്തം, നാടൻ സംഗീതം, നാടൻ അംഗവിക്ഷേപങ്ങൾ തുടങ്ങിയ നാടൻ അറിവുകളെല്ലാം പിൻതളളപ്പെടുകയും ആധുനികതയുടെ ശാസ്‌ത്രം, ശാസ്‌ത്രീയ സംഗീതം, ക്ലാസിക് അഥവാ വരേണ്യകലകൾ മുതലായവ സമൂഹത്തിൽ മേൽക്കോയ്‌മ നേടുകയും ചെയ്‌തു. അതുപോലെ വാമൊഴി സംസ്‌ക്കാരത്തെ സാഹിത്യേതരമായി കണ്ട് വരമൊഴി സാഹിത്യം വികസിച്ചുവന്നു.
ശാസ്‌ത്രീയബോധം, സാങ്കേതിക പുരോഗതി എന്നിവ അടിസ്ഥാനമാക്കിയാണ് മാനവപുരോഗതിയെക്കുറിച്ചുളള ധാരണ വികസിച്ചുവന്നത്. എന്നാൽ അളവിൽ ഈ മൂല്യങ്ങൾ മറ്റു സമൂഹങ്ങൾക്കുമുണ്ടായിരുന്നു എന്ന യാഥാർത്ഥ്യം ആധുനികത മറന്നു കളഞ്ഞു. “ധാർമിക ജീവിത സമ്പ്രദായത്തിന് പേരു കേട്ടതാണ് മിക്ക ഗോത്രവർഗ്ഗക്കാരും. കേരളത്തിലെ കുറിച്യരും മുതവാന്മാരും ഇതിന് ഉത്തമോദാഹരണങ്ങളാണ്. സാങ്കേതിക വിജയങ്ങൾ നേടിയവരാണ് എക്‌സിമോകൾ. വികസിത സംസ്‌കാരത്തിലുളളതിനേക്കാൾ സങ്കീർണമായ സാമൂഹിക സ്ഥാപനങ്ങളും ഘടനയും പ്രാചീന സമൂഹങ്ങളിൽ കാണാം. നിയമ വ്യവസ്ഥകളിൽ അധിഷ്‌ഠിതമായ ഒരു സ്‌റ്റേറ്റിന്റെ സ്വഭാവങ്ങൾ ആചാരത്തിലധിഷ്‌ഠിതമായ ഗോത്രവർഗ്ഗങ്ങളിൽ കാണാം. ആധുനിക നീതിന്യായ വ്യവസ്ഥിതിക്കു സമാനമായ നീതി സമ്പ്രദായം ആഫ്രിക്കയിലെ വോറൊ സമൂഹത്തിലുണ്ട്. (ഡോ.സി.ആർ.രാജഗോപാലൻഃ2000 സെഃ26 ‘പ്രാചീന കലയുടെ നാട്ടറിവ്’, വിജ്ഞാനകൈരളി.) ഉയർന്ന നിലവാരമുളള മതാചാരത്തിനു പകരം മന്ത്രവാദവും അയുക്‌തിക ചടങ്ങുകളുമാണ് ആദിവാസികൾക്കുളളതെന്ന് ആധുനികർ ആരോപിക്കുന്നു. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വ്യത്യസ്ത ചരിത്രങ്ങളും വിവിധ കലാരൂപങ്ങളുമാണ് സംസ്‌ക്കാര ചരിത്രത്തിൽ ഉണ്ടായിരുന്നത്. ആധിപത്യ സംസ്‌കൃതിയുടെ വർണ്ണബോധമാണ് നിലവാരപ്പെട്ടതെന്ന് സ്ഥാപിക്കുകവഴി ഇത്തരം നാട്ടറിവുകൾ അപരിഷ്‌കൃതങ്ങളായി വിലയിരുത്തപ്പെട്ടു. ഇത്തരത്തിൽ യൂറോ കേന്ദ്രാകൃതമായ ആധുനികത പൊതുവെ നാട്ടറിവുകളെ കീഴടക്കുകയാണ് ചെയ്‌തത്.
ആധുനികോത്തരതയും നാട്ടറിവും
ആധുനികതയുടെ മുഖമുദ്രയായ ശാസ്‌ത്രജ്ഞാനം, ചരിത്രബോധം, സാർവ്വലൗകിക പുരോഗതി, പ്രബുദ്ധത എന്നിവയെ ചോദ്യം ചെയ്‌തുവരുന്ന ഒരു കാലഘട്ടമാണ് ആധുനികോത്തരത. ബഹുത്വസ്വഭാവത്തെ സ്വീകരിക്കുന്ന ഒരു കാലംകൂടിയാണ് ആധുനികോത്തരത. ആധുനികതയുടെ എല്ലാത്തരം ആവിഷ്‌ക്കാരങ്ങളേയും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ പ്രയോഗങ്ങളെയും, വ്യവഹാരങ്ങളെയും ഇന്ന് ചോദ്യം ചെയ്‌തു വരുന്നു. ഉൽകൃഷ്‌ടം&അപകൃഷ്‌ടം, ശുദ്ധം&അശുദ്ധം തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങൾ പ്രശ്‌നവൽക്കരിക്കപ്പെടുന്നു. കാർട്ടൂണുകൾ, ജനകീയ സംഗീതം, നാടൻകലകൾ, പോപ്പ് കലകൾ, ടെലിവിഷൻ, സിനിമ എന്നിവ ഇക്കാലത്ത് പ്രധാനപ്പെട്ടവയായി മാറുന്നു.
ധർമ്മപരമായും ആസ്വാദനപരമായും ഓരോ കലയും വ്യത്യസ്തമാണ്. ഈ വ്യത്യസ്തതകളെക്കുറിച്ചറിയുന്നതാണ് അറിവ് എന്ന് ആധുനികോത്തര കാലഘട്ടം കരുതുന്നു. അറിവുകളെ സാർവ്വ ലൗകീക ഏകത്വങ്ങളാക്കി മാറ്റിയ ആധുനികതയെ ചോദ്യം ചെയ്‌ത് അറിവിന്റെ ബഹുത്വങ്ങൾ കടന്നുവരുന്നു. നാഗരിക സമൂഹമാണ് സംസ്‌ക്കാര വളർച്ചയുടെ ഉച്ചശ്രേണിയിൽ നില്‌ക്കുന്നത് എന്ന ആശയം അട്ടിമറിക്കപ്പെടുന്നു. സാജാത്യങ്ങൾക്കു പകരം വൈജാത്യങ്ങൾക്കും സാമാനികരണത്തിനു പകരം സ്വത്വാന്വേഷണത്തിനും സിദ്ധാന്തങ്ങൾക്കുപകരം ക്രമീകരിക്കപ്പെട്ട വസ്‌തുതകൾക്കും പ്രാധാന്യം ലഭിക്കുന്നു. സിദ്ധാന്തീകരിക്കപ്പെടുന്നത് മാത്രമല്ല അറിവെന്നും സംസ്‌ക്കാരാന്തർഹിതമായ വസ്‌തുതകൾ തന്നെ അറിവാണെന്നും ഇന്നു മനസ്സിലാക്കപ്പെടുന്നു. കൂട്ടായ്‌മയുടെ കണ്ണിലൂടെ, കാതിലൂടെ, മനസ്സിലൂടെ വസ്‌തുതകളെ മനസ്സിലാക്കി വ്യാഖ്യാനിക്കുമ്പോൾ അറിവിന്റെ നിർവചനം തന്നെ മാറുന്നു. അറിവ് ആർജ്ജിക്കുന്ന രീതിക്കും മാറ്റം ആവശ്യമായി വരുന്നു. കൂട്ടായ്‌മയുടെ പക്ഷത്തു നിന്നുകൊണ്ട് കൂട്ടായ്‌മയുടെ, നിലീനമാക്കിക്കിടക്കുന്ന സ്വത്വത്തെ പ്രകാശിപ്പിക്കുക പ്രധാനമാവുകയും ചെയ്യുന്നു.
മലനാട്ടിലെ ആദിവാസി, നാടോടി സംസ്‌ക്കാരത്തിലെ അനുഭവങ്ങളിൽ നിന്ന് വംശീയ സൗന്ദര്യബോധത്തിന്റെ പല അറിവുകളും നേടുകയുണ്ടായി. നാട്ടു കലാകാരന്റെ ജീവിതപ്പൊരുളിൽ അഗാധമായ ദർശനങ്ങൾ കുടിയിരിക്കുന്നു. കാട്ടുവഴികളിലും ഊടുവഴികളിലും തെണ്ടിയലയുമ്പോൾ അഭിജാത സംസ്‌ക്കാരത്തിന്റെ കോയ്‌മകളിലൊന്നും കടന്നുവരാത്ത നാട്ടറിവുകൾ ഇന്ന് ഉയിർത്തെഴുന്നേൽക്കുന്നു. ഓർമ്മയുടെ കല്ലെഴുത്തിൽ രേഖപ്പെടുത്തിയ വംശീയകലയുടെ കതപ്പൊരുളും ഉറിപ്പൊരുളും കണ്ടെടുക്കുന്നതിലൂടെ മലനാടിന്റെ ചരിത്രം മാറുന്നു. (സി.ആർ.രാജഗോപാലൻ, 2001,7ഃഗോത്രകലാവടിവുകൾ) എന്നെന്നും അരികുസത്യങ്ങളായി മാറ്റപ്പെട്ട ആദിവാസി, നാടോടി ലോകവീക്ഷണങ്ങളുടെ കളം കണ്ടെത്തുകയാണ് ആധുനികോത്തരത. യൂറോനരവംശ കേന്ദ്രീകൃതമായ ആധുനികതയുടെ പല പ്രമാണങ്ങൾക്കും ജനദേശീയതയുടെ കലാസംസ്‌കാരവടിവുകൾകൊണ്ട് ഇന്ന് ഇളക്കം തട്ടിയിരിക്കുന്നു.
ആധുനികത മുന്നോട്ട് വച്ച വരേണ്യ സൗന്ദര്യബോധത്തിന് പകരം നാടൻ സൗന്ദര്യബോധം രൂപപ്പെടുന്നു. വെളുത്തവന്റെ അറിവ്, കല, സംസ്‌ക്കാരം എന്നിവയുടെ സ്ഥാനത്ത് നാട്ടറിവ്, നാടൻകലകൾ, നാട്ടുസംസ്‌ക്കാരം എന്നിവയും സ്ഥാനം പിടിക്കുന്നു. നാട്ടറിവ് പഠനം സംസ്‌കാര മണ്ഡലത്തിൽ പിന്തളളപ്പെട്ട ഒരു ജനതയെ പ്രതിഷ്‌ഠിക്കുക കൂടിയാണ് ചെയ്യുന്നത്. ഒരു ജനത വളരെക്കാലമായി വിശ്വസിച്ചു വരുന്ന അറിവുകളും അനുഷ്‌ഠാനങ്ങളും നാട്ടറിവിന്റെ പരിധിയിൽ പെടുകയും അത് ആധുനികോത്തരത ഏറ്റെടുക്കുകയും ചെയ്യുന്നു. ഉപഭോഗ സംസ്‌ക്കാരത്തെയും കുറിക്കുന്ന ഇക്കാലം നാട്ടറിവുകളെ കേവലം ഫാഷനുവേണ്ടി അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യുന്നത് കാണാം. റേഡിയോ, ടെലിവിഷൻ, സിനിമ എന്നിവയിൽ നാട്ടറിവുകൾ പ്രത്യക്ഷപ്പെടുന്നത് ഇവയെ സംരക്ഷിക്കുവാനോ അതോ നശിപ്പിക്കുവാനോ എന്നതും ഒരു ചർച്ചാവിഷയമാണ്. (ഡോ.എം.വി.വിഷ്‌ണുനമ്പൂതിരി. 1997, പേജ് 28)
നാട്ടറിവും സംസ്‌ക്കാരപഠനവും
സംസ്‌ക്കാരത്തെ ജീവിതശൈലി എന്നു നിർവചിക്കുമ്പോൾ സമസ്‌ത ജീവിതവ്യാപാരങ്ങളും സംസ്‌കാര പഠനത്തിന്റെ വിഷയമായിത്തീരുകയും ‘നാട്ടറിവ്’ സംസ്‌ക്കാരപഠനത്തിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു. നാട്ടറിവുകളുടെ കടന്നുവരവോടെ സംസ്‌ക്കാരപഠനം കൂടുതൽ ജനകീയമായിത്തീർന്നു. ജനപ്രിയ സംസ്‌ക്കാരത്തിൽനിന്നു വ്യത്യസ്‌തമാണ് ഇത്തരം ജനകീയ സംസ്‌ക്കാരം എന്ന സമകാലിക സംസ്‌ക്കാര പഠനം തിരിച്ചറിയുന്നുണ്ട്. ജനപ്രിയ സംസ്‌കാരവും ജനകീയ സംസ്‌കാരവും സംസ്‌കാര പഠനത്തിന്റെ അകത്തളത്തിൽ സ്ഥാനം പിടിച്ചതോടുകൂടി സംസ്‌ക്കാരത്തിലെ ഉച്ചനീചഭേദത്തെക്കുറിച്ചുണ്ടായിരുന്ന ഉറച്ച ധാരണകൾ തകർന്നു. ഇവയെല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും മാറിമാറി വരുന്ന പ്രകരണങ്ങളിൽ അവയ്‌ക്കു വ്യത്യസ്‌തധർമ്മങ്ങൾ നിർവഹിക്കാനുണ്ടെന്നും സമകാലിക സംസ്‌കാരപഠനം സിദ്ധാന്തിക്കുന്നു. കഥകളിക്കും മാർഗ്ഗം കളിക്കും ക്രിക്കറ്റിനും നാടൻപട്ടിനും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായിരുന്ന ധർമ്മങ്ങളല്ല പുതിയ ഇൻഫർമേഷൻ യുഗത്തിലുളളത്. അവ നാടോടിത്തനിമയും വംശീയതയും ഊട്ടിയുറപ്പിക്കാനുളള പ്രതിരോധ സാമഗ്രികളായി ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിക്കപ്പെടുന്നു. (ഡോ.സ്‌കറിയ സക്കറിയഃ 2001ഃ9)
നാടിന്റെ എല്ലാ അറിവും നാട്ടറിവാണോ എന്ന ചോദ്യം പ്രസക്‌തമാണ്. എന്താണ് ‘നാട്ടറിവ്’ എന്ന് കൃത്യമായി നിർവചിക്കുവാൻ സാധ്യമല്ല. ”ആദിവാസികളോ നാഗരികരോ ആയ ജനതയിൽ പാരമ്പര്യത്തിന്റെയോ, വളരെ കാലമായി സൂക്ഷിച്ചു പോരുന്ന മതപരമോ, വംശപരമോ ആയ അറിവുകൾ ‘നാട്ടറിവിൽ’ പെടുത്താവുന്നതാണ്.
നാട്ടറിവ് എന്ന സാംസ്‌കാരിക പ്രതിഭാസത്തെ വംശീയത, വർഗ്ഗസമരം, മേൽക്കോയ്‌മ, പ്രത്യയശാസ്‌ത്രം എന്നീ സിദ്ധാന്തങ്ങളുടെ ആശയാവലികളും ഉപയോഗിച്ച് വ്യാഖ്യാനിക്കാവുന്നതാണ്. സമൂഹത്തിന്റെ പരിവർത്തനശേഷി വർദ്ധിപ്പിക്കാനും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കാനുമുളള മൂല്യനിഷ്‌ഠമായ പരിശ്രമത്തിന്റെ ഭാഗമാണു സംസ്‌ക്കാര പഠനം. അതുകൊണ്ടു തന്നെയാണ് സംസ്‌ക്കാരപഠനം നാട്ടറിവുകളെ ഏറ്റെടുക്കുന്നതും. സംസ്‌ക്കാരപഠനം നാട്ടറിവുകളുടെ സൗന്ദര്യവും രാഷ്‌ട്രീയവും പഠനവിധേയമാക്കുന്നു.
ആധുനികോത്തരതയുമായി ബന്ധപ്പെട്ടു തന്നെയാണല്ലോ സംസ്‌ക്കാരപഠനം നിലനിൽക്കുന്നതും ബൗദ്ധ്വസംസ്‌ക്കാരത്തെ മുൻനിരയിലേക്കുയർത്തുന്ന ഇക്കാലത്ത് നാടൻകലകളിൽ, നട്ടറിവുകളിൽ രൂപപ്പെട്ടുവരുന്ന പ്രത്യയശാസ്‌ത്ര വ്യവഹാരങ്ങളെ സംസ്‌ക്കാരപഠനം പഠനവിധേയമാക്കുന്നു. സ്വാതന്ത്ര്യം അസാധ്യമാകുന്നിടത്ത് സ്വാതന്ത്ര്യബോധം എങ്ങനെ വ്യവഹാരങ്ങളിൽ വെളിപ്പെടുമെന്ന് അന്വേഷിക്കുന്നു. ഉത്സവങ്ങൾ, ദൃശ്യാവിഷ്‌ക്കാരങ്ങൾ, ഹാസ്യാനുകരണങ്ങൾ, നാടകങ്ങൾ മറ്റും സ്വാതന്ത്ര്യബോധത്തെ ഉളളിൽ ഒളിപ്പിക്കുന്നു. അങ്ങനെ നാടോടികലകൾ അടിയാളന്റെ ഉത്സവാഘോഷങ്ങളായി, സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായിത്തീരുന്നു. (നെല്ലിക്കൽ മുരളീധരൻഃ 2000 സെപ്തംഃ16)
നദിയുടെ നാട്ടറിവ്, കാവിന്റെ നാട്ടറിവ്, വൈദ്യത്തിന്റെ നാട്ടറിവ്, കൃഷിയുടെ അറിവ് തുടങ്ങിയ ഒട്ടേറെ അറിവുകളൊക്കെ സംസ്‌ക്കാരപഠനം ഏറ്റെടുത്ത് പഠിക്കുന്നു. കീഴാളർക്ക് ഒരു ചരിത്രമുണ്ടെന്നും അതും ശരിയുടെ ചിലതൊക്കെ മുന്നോട്ടു വയ്‌ക്കുന്നുണ്ടെന്നും തിരിച്ചറിയുന്നു. പരമ്പരാഗത നാട്ടറിവ് വൈദ്യത്തിന്റെ അടിസ്ഥാനം പ്രകൃതിയിലൂടെ ഉരുത്തിരിഞ്ഞ ഉൾക്കാഴ്‌ചകളും വിശ്വാസവുമാണ്. പ്രകൃതി ചികിത്സ അസുഖത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളിലൂന്നി നിന്നുകൊണ്ടുളളതാണ്. ഗർഭരക്ഷയ്‌ക്കായി നടത്തുന്ന കെന്ത്രോൻപാട്ടും മലയറാട്ടവും നാട്ടറിവ് വൈദ്യത്തിലെ ചികിത്സാരീതികളാണ്. (ബേബി ചാലിൽ;1999, പേജ് 117)
കേരളത്തിലെ പ്രാചീന മതസമ്പ്രദായത്തിന്റെ അമ്മവീടാണ് കാവുകൾ. വൃക്ഷക്കൂട്ടവും കുറച്ചു കല്ലുകളുമടങ്ങിയതാണ് ഗ്രാമീണർ ആരാധിച്ചുവന്ന കാവുകൾ. വൃക്ഷങ്ങൾ കുലദേവതകളുടെ ആവാസകേന്ദ്രമാണെന്ന നാട്ടുവിശ്വാസം കേരളീയന്റെ കണ്ണിലും കരളിലുമുളളതാണ്. സകല ചരാചരങ്ങൾക്കും ആത്മാവുണ്ടെന്നും ആത്മാവിന്റെ കൂടുമാറ്റം നടക്കുന്നുവെന്നും വിശ്വസിച്ചിരുന്ന മനുഷ്യൻ പ്രകൃതി പ്രതിഭാസങ്ങളേയും വൃക്ഷങ്ങളേയും ആരാധിച്ചു വന്നു. (ഡോ.സി.ആർ.രാജഗോപാലൻഃ2001ഃപേജ് 43) ആധുനികത ഇത്തരം കാവുകളെ വെട്ടിനിരത്തിയപ്പോൾ ജനകീയ സംവാദം നഷ്‌ടപ്പെട്ട ഒരു ജനതയാണ് ഉടലെടുത്തത്. ആഗോളവൽക്കരണകാലത്ത് അധിനിവേശത്തെ ചെറുക്കുവാൻ നാട്ടറിവുകളെ നിലനിർത്തേണ്ടതുണ്ട്.
പൊതുസ്വഭാവമുളള ഓരോ കൂട്ടായ്‌മയ്‌ക്കും അതിന്റേതായ ലോകവീക്ഷണമുണ്ട്. ജീവിതത്തെപ്പറ്റിയുളള നിരവധി ദർശനങ്ങളുടെ പടവുകൾ അവർ കയറിയിട്ടുണ്ട്. ഈ അവബോധത്തിന്റെ ആത്മരേഖയാണ് നാട്ടറിവ്. ഔഷധ സസ്യങ്ങളേയും വിത്തിനങ്ങളേയും ഞാറ്റുവേലയേയും പറ്റിയുളള അറിവ്, ഗ്രാഹണ മൂല്യബോധത്തിന്റെ അവതരണമായ പഴഞ്ചൊല്ലുകൾ, ഇവയിലൊക്കെ പരിസ്ഥിതിയേയും സമൂഹത്തെയും കുറിച്ചുളള സമതുലിത വീക്ഷണമുണ്ട്. കൃഷി, ആരോഗ്യം, അന്നം, വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചും നിരവധി ദർശനങ്ങൾ നാട്ടറിവിലുണ്ട്. സാംസ്‌കാരികപഠനം നാട്ടറിവിലുളള ഇത്തരം വീക്ഷണങ്ങളെ കണ്ടെടുക്കേണ്ടതുണ്ട്.
ഉപസംഹാരം
ആധുനികത നാട്ടറിവുകളെ കീഴ്‌പെടുത്തി അവയുടെമേൽ ഒരു അധികാരമായി മാറുന്നു. ആധുനികോത്തരത നാട്ടറിവുകളെ ഏറ്റെടുത്ത് ഒരു ബഹുഭാവ സംസ്‌ക്കാരത്തെ അടയാളപ്പെടുത്തുന്നു. സാംസ്‌കാരിക പഠനം, നാട്ടറിവുകളെ സംസ്‌കാരത്തിന്റെ ഭാഗമായി പഠിക്കുകയും അവയിലെ പ്രത്യയശാസ്‌ത്രാധികാരങ്ങളെ അധിനിവേശത്തിന്റെ പ്രതിരോധമായും നാട്ടറിവുകളെ സാംസ്‌കാരികപഠനം ഉപയോഗിക്കുന്നു.
Generated from archived content: essay_july23.html Author: rajesh_mr
Click this button or press Ctrl+G to toggle between Malayalam and English