ദൈവത്തിന്റെ സ്വന്തം നാട്‌

ടൂറിസത്തിന്റെ ഭാഗമായി ഒരു ദേശത്തിന്റെ സാംസ്‌കാരിക കലകളും, ആചാരങ്ങളും, വിശ്വാസങ്ങളും, ദേശസ്ഥാപനങ്ങളുമെല്ലാം തദ്ദേശവാസികളിൽ നിന്ന്‌ പിടിച്ചുമാറ്റുന്ന ഒരു കാലത്തിന്റെ അടയാളപ്പെടുത്തലാണ്‌ അംബികാസുതൻ മാങ്ങാട്‌ രചിച്ച നോവലായ ‘മരക്കാപ്പിലെ തെയ്യങ്ങൾ’. ആഗോളവൽക്കരണഫലമായി ദേശരാഷ്‌ട്രത്തിന്റെ അതിരുകൾ മായപ്പെടുകയും, ആർക്കും എവിടെ, എപ്പോഴും ചെന്നെത്താവുന്ന ഭൗതിക, സാങ്കേതിക അവസ്ഥ സംജാതമായിരിക്കുകയും എന്നാൽ മാനവികത നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാവസ്ഥ ലോകവ്യാപകമായി രൂപപ്പെടുകയും ചെയ്‌തിരിക്കുന്നു. പ്രാദേശിക സംസ്‌കാരങ്ങൾക്കുമേൽ സാംസ്‌കാരിക അധിനിവേശം നടന്നുകൊണ്ടിരിക്കുകയും ദരിദ്രജനവിഭാഗങ്ങൾ തങ്ങളുടെ സ്ഥലങ്ങളിൽനിന്ന്‌ അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ ദൈവമക്കൾ അനാഥരാവുകയും അവിടെ ‘വിദേശികൾ’ സ്ഥാനം നേടുന്ന കാഴ്‌ചയും കാണുന്നു. ആഗോളീകരണത്തിന്റെ ഏകശാസനത്തിൽ എല്ലാം ഉപഭോഗച്ചരക്കാകുമ്പോൾ ദേശചരിത്രങ്ങളും, പ്രതിരോധങ്ങളും ലോകത്തെല്ലായിടത്തുമെന്നതുപോലെ ‘മരക്കാപ്പിലും’ രൂപപ്പെടുന്നു.

1998-ലെ ദേശീയ ടൂറിസം നയത്തിൽ ഊന്നൽ നൽകിയിട്ടുളളത്‌ പ്രകൃതിദത്ത ഹെൽത്ത്‌ ടൂറിസം, ഗ്രാമീണ ടൂറിസം, തീർത്ഥാടക ടൂറിസം, സാഹസിക ടൂറിസം, ഹെറിട്ടേജ്‌ ടൂറിസം തുടങ്ങിയവയുടെ വികസനത്തിന്‌ പ്രാമുഖ്യം നൽകുന്നതിനാണ്‌. ടൂറിസം വ്യവസായത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിൽ താമസസൗകര്യം, യാത്രാസൗകര്യം, ആഹാരപാനീയങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ആതിഥ്യമര്യാദ മുതലായവയ്‌ക്ക്‌ നിർണ്ണായക സ്വാധീനമുണ്ട്‌. ബീച്ചു റിസോർട്ടുകളെയും മറ്റ്‌ സുഖവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച്‌ വളർന്ന്‌ വലുതായ മാസ്‌ ടൂറിസം ഇന്ന്‌ ടൂറിസത്തിന്റെ മുഖ്യ കേന്ദ്രമായി തീർന്നു (ടൂറിസം&ഒരു സംഘം ലേഖകർ&2000&കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം). വിദേശീയരായ ബഹുരാഷ്‌ട്ര മുതലാളിമാർക്കും അവരുടെ വ്യവസായങ്ങൾക്കും, ഉൽപ്പന്നങ്ങൾക്കും, സേവനങ്ങൾക്കും സ്വതന്ത്രമായ രീതിയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ നിയമഭേദഗതികളും, അധികാരപ്രയോഗങ്ങളും ഇവിടെ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ‘കമ്പല്ലൂർ കോട്ടയെയും കോട്ടയുടെ ഇരുപാർശ്വങ്ങളിലൂടെ നീളുന്ന മരക്കാപ്പ്‌ കടപ്പുറത്തെയും കേന്ദ്രീകരിച്ച്‌ നടപ്പിലാക്കുവാൻ തുടങ്ങിയ ടൂറിസം കോർപ്പറേഷന്റെ ബൃഹദ്‌പദ്ധതിയുടെ വരുംവരായ്‌മകളെ, സ്ഥലവാസികളെ ബോദ്ധ്യപ്പെടുത്താൻ ഒറ്റയാൾ പട്ടാളംപോലെ ഇറങ്ങിത്തിരിച്ച ലോറൻസിന്റെ തിരോധാനത്തോടെയാണ്‌ ’നോവൽ ആരംഭിക്കുന്നത്‌. പാവപ്പെട്ടവന്‌ യാതൊരു വികസനവും ഉണ്ടാകാത്ത പഞ്ചനക്ഷത്ര ഹോട്ടലും, സ്വിമ്മിങ്ങ്‌ പൂളുകളും, ഗോൾഫ്‌ കോഴ്‌സുകളും, റിസോർട്ടുകളും, എട്ടുവരിപ്പാതയും, അന്തർദ്ദേശീയ വിമാനത്താവളത്തിന്റെയുമെല്ലാം നിർമ്മാണം ലോറൻസിനാൽ ചോദ്യം ചെയ്യപ്പെടുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പരമ്പരാഗത തൊഴിലുകളെ കശാപ്പുചെയ്യുന്ന വികസനമാണ്‌ ടൂറിസം പദ്ധതിയുടെ വികസനമെന്ന്‌ ലോറൻസ്‌ പറയുന്നു. പ്രാദേശിക ജനതയ്‌ക്ക്‌ തൊഴിലും ആദായവും കിട്ടത്തക്കവിധത്തിലും ആചാരാനുഷ്‌ഠാനങ്ങൾ സംരക്ഷിക്കപ്പെടുന്ന വിധത്തിലുമുളള ഇക്കോടൂറിസമാണ്‌ ഇവിടെ നടപ്പിലാക്കുന്നത്‌ എന്നു പറയുന്നതിന്റെ കളളത്തരമാണ്‌ നോവൽ പുറത്തു കൊണ്ടുവരുന്നത്‌. കുടിച്ച്‌ കൂത്താടാനും, കേരളീയ ശരീരസൗന്ദര്യം നുകരാനും വിദേശികളെ സ്വാഗതം ചെയ്യുന്ന ഒന്നാണ്‌ കേരളത്തിൽ വർദ്ധിച്ച്‌ വരുന്ന ബിയർപാർലറുകളും ആയുർവേദ മസാജ്‌സെന്ററുകളെന്നുമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന്‌ വളരെ നാടകീയമായി, വളരെ വേഗത്തിൽ അന്തർദേശീയമായി മൂലധനം, സാധനങ്ങൾ, അറിവ്‌, സംസ്‌കാരം എന്നിവ കൈമാറികൊണ്ടിരിക്കുകയാണ്‌. അമേരിക്കൻ സമൂഹത്തിലെ ഫാസ്‌റ്റ്‌ഫുഡ്‌ സംസ്‌കാരത്തിന്‌ അടിത്തറ പാകിയതും ഇന്ന്‌ പടിപടിയായി മറ്റ്‌ ലോകങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുന്ന ഒരു തീറ്റ സ്ഥാപനപ്രക്രിയയാണ്‌ മക്‌ഡൊണാൾഡൈസേഷൻ. മക്‌ഡൊണാൾഡ്‌ കേവലം തീറ്റയെ മാത്രം സംബന്ധിക്കുന്ന ഒന്നല്ലായെന്നും അത്‌ ആരോഗ്യം, രാഷ്‌ട്രീയം, സാമ്പത്തികം, സംസ്‌കാരം എന്നിവയെ നിയന്ത്രിക്കുന്ന നിരന്തര പ്രക്രിയയാണെന്നും മനസ്സിലാക്കാം George Ritzer/Explorations in the sociology of consumption/2001/sage publications, London.. ഇത്തരത്തിൽ വിദേശികളെ തീറ്റ ആസ്വാദനം തൃപ്‌തിപ്പെടുത്തുംവിധത്തിൽ ഭക്ഷണത്തിൽ ഏകത വരുത്തുവാൻ ശ്രമിക്കുന്നു. പാരമ്പര്യത്തെ നവീകരിച്ച്‌ ആഗോള ടൂറിസത്തിന്‌ വികസനമൊരുക്കുവാനും ഉളള ശ്രമങ്ങൾ നോവലിൽ കാണുന്നുണ്ട്‌. ‘പൊന്നാനിയിലെ സുപ്രസിദ്ധമായ കീരിക്കാട്ട്‌ മനയാണ്‌ ഇന്നത്തെ പ്രധാനപ്പെട്ട മസാജ്‌ പാർലർ’ എന്ന്‌ കനകരാജൻ പറയുമ്പോൾ പഴയ ഫ്യൂഡൽ പാരമ്പര്യം അതിനേക്കാൾ വലിയ അധികാര സാമ്പത്തിക കേന്ദ്രമായി മാറുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.

ഉമ്പിച്ചി വർഷങ്ങളായി താമസിക്കുന്ന സ്ഥലത്തിന്റെ പട്ടയം തന്റെ പേരിലാക്കി കിട്ടുന്നതിനായി ലോഹിതാക്ഷനെ സമീപിക്കുകയും അയാൾ അവളെ ബോധരഹിതയാക്കി അവളിൽ പടർന്നുകയറുകയും മറ്റു പ്രമാണിമാർക്ക്‌ കൈമാറുകയും ചെയ്യുന്നു. ടൂറിസത്തിന്റെ വരവിന്‌ കണിയെന്നോണമാണ്‌ ‘ഉമ്പിച്ചിയുടെ’ ശരീരം അപമാനിക്കപ്പെടുന്നത്‌. ടൂറിസം നമ്മുടെ സംസ്‌കാരത്തെ, പാരമ്പര്യത്തെ, വിദേശ സംസ്‌കാരത്തിനനുകൂലമായി മാറ്റിത്തീർക്കുന്ന അവസ്ഥയാണ്‌ ഉമ്പിച്ചിയിലൂടെ അവസാനം നോവലായി നാം കാണുന്നത്‌. ആഗോളീകരണത്തിന്റെ ഫലമായി രൂപപ്പെടുന്ന ഗ്ലോബെൽ ടൂറിസത്തിന്റെ ഫലമായി നാട്ടുതനിമകളും, നാട്ടുചരിത്രങ്ങളും, ജനതയുമെല്ലാം ഒലിച്ചുപോകുന്ന കാഴ്‌ചയാണ്‌ ഈ നോവലിൽ കാണുന്നത്‌.

Generated from archived content: essay1_aug10-05.html Author: rajesh_mr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅറിയുക, പങ്കിടുക, അനുഭവിക്കുക.
Next articleകഥകളിയിലെ ആധുനികപ്രവണതകൾ
മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ. വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു. വിലാസംഃ രാജേഷ്‌.എം.ആർ., മാളിയേക്കൽ വീട്‌, കുറുമശ്ശേരി പി.ഒ. എറണാകുളം. Address: Post Code: 683 579

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here