ആഗോളവത്‌കരണകാലത്ത് രാഷ്‌ട്രം, ദേശീയത എന്നിവയെക്കുറിച്ചുളള ചിന്തകൾ ദൃശ്യാഖ്യാനങ്ങളായി ഹിന്ദി സിനിമാലോകത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് ദേശീയതയുടെ നിർമ്മിതിയെക്കുറിച്ചുളള ചർച്ചകൾക്ക് വഴിതെളിയിക്കുന്നുണ്ട്. ക്രിക്കറ്റ് എന്ന കളിയുടെ ജനപ്രിയതയെ, അതുണർത്തുന്ന ദേശീയവികാരത്തെ സമർത്ഥമായി ചൂഷണം ചെയ്യുന്ന സിനിമയായ ‘ലഗാൻ’ മധ്യവർഗ ലിബറൽ പ്രത്യയശാസ്‌ത്രത്തിന്റെ വിചാരധാരയെയാണ് അടിസ്ഥാന ആശയതലത്തിൽ നിയന്ത്രിക്കുന്നതെങ്കിലും അവർണ്ണരെ ഒഴിവാക്കികൊണ്ടുളള ഒരു ദേശീയത സാധ്യമല്ലായെന്ന ചിന്തയും മുന്നോട്ടുവച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ പുതിയ ദൃശ്യപാഠങ്ങളുമായി പുറത്തുവന്ന കേരൻ മേത്തയുടെ ‘മംഗൾ പാണ്‌ഡെ-ദി റൈസിങ്ങ്’ എന്ന ബോളിവുഡ് സിനിമയും സംവാദങ്ങൾക്കും തിരികൊളുത്തി. ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാർ പേരിട്ട് വിളിക്കുന്ന 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മംഗൾ പാണ്‌ഡെ വഹിച്ച പങ്കാണ് സിനിമ ചിത്രീകരിച്ചത്. ദേശരാഷ്‌ട്രത്തെക്കുറിച്ചുളള ഈ ദൃശ്യനിർമ്മിതികളുടെ സാംസ്‌കാരിക പരിസരത്തിലാണ് രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്‌ത ‘രംഗ് ദേ ബസന്തി’ പുറത്തു വന്നിരിക്കുന്നത്.
“ഇതുവരെയും ഒരുവന്റെ രക്‌തം ദേശത്തിനുവേണ്ടി ചീന്തിയില്ലെങ്കിൽ, അത് രക്‌തമല്ല വെളളമാണ്-ഒരുവൻ ദേശത്തിനുവേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ അവന്റെ ജന്‌മം പാഴ്‌ജീവിതമാണ്” എന്ന ടൈറ്റിലൂടെ ആരംഭിക്കുന്ന സിനിമ യുവാക്കളിൽ ദേശീയ വികാരം ഒരു വയലൻസായി മാറുന്നതരത്തിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. കഥയുടെ ചുരുക്കം ഇതാണ്. ഇന്ത്യയിലെ വിപ്ലവകാരികളായ ഭഗത്‌സിംഗ്, ചന്ദ്രശേഖർ ആസാദ്, രാജ്‌ഗുരു എന്നിവരുടെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ ഡോക്യുമെന്ററി ഫിലിമാക്കാൻ ഒരു ഇംഗ്ലീഷ് യുവതി.
അതിൽ വേഷമിടുന്ന വിപ്ലവകാരികൾ അല്ലാത്ത വിദ്യാർത്ഥികൾ ഇന്ത്യയിലെ ഒരു കോളേജിലെത്തുകയും, ഷൂട്ടിംഗ് തീരുന്നതോടെ ‘വിപ്ലവ’കാരികളായി മാറുന്നതുമാണ് പ്രമേയം. സ്വാതന്ത്ര്യസമരമെന്നും, ദേശീയത, ദേശരാഷ്‌ട്രം എന്നുമെല്ലാം കേൾക്കുമ്പോൾ പൊട്ടിച്ചിരിക്കുന്ന, മണ്ടൻ ആശയസങ്കല്പങ്ങളായി കരുതുന്ന ഒരു യുവതലമുറയാണിന്ന് കാണുന്നതെന്ന് ചിത്രം തുടക്കം കാണിക്കുന്നു. അത്തരത്തിന്റെ പ്രതിനിധികളുമാണ് ഇതിലെ നായകൻമാരായ കരൺ, അസ്‌ലം, സുഖി, സി.ജെ, സോണിയ എന്നിവർ. ആഗോളവൽക്കരണത്തിന്റെ ഉപഭോഗ സംസ്‌കാരത്തെ പിന്തുടരുന്ന ഇവർ ‘ജനഗണമന’ ദേശീയഗാനത്തെ റാപ്പിന്റെ സംഗീതത്താൽ പാശ്ചാത്യമാക്കുന്നവരാണ്. കൊക്കക്കോളയിൽ ജീവിതം ആറാടുന്നവരാണ് ഇവർ. വാശിക്ക് മദ്യം കുടിച്ച് സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന രംഗം നോക്കുക. ഇത്തരത്തിൽ ജീവിക്കുന്ന ഇവർ സമൂഹത്തിന്റെ സമരരംഗങ്ങളിൽ പ്രത്യക്ഷപ്പെടാത്ത യുവതലമുറയുടെ പ്രതിനിധികളുമാണ്. ഇതിൽ തന്നെ ലക്‌ഷൺപാണ്ഡേ എന്നൊരാൾ പുരോഗമനവാദിയും ആദർശവാദിയും, ഹൃദയവിശാലതയുളളവനുമായി ചിത്രീകരിക്കുന്നുണ്ട്. കോളേജിലെ ഈ അഞ്ചംഗസംഘവുമായി (സിജെ, സുഖി, അസ്‌ലം,കരൺ, സോണിയ) ലക്‌ഷൺപാണ്ഡേ ആദ്യം ഇടയുമെങ്കിലും പിന്നീട് അവരുമായി ചേർന്ന് ഫിലിമിൽ അഭിനയിക്കാൻ തയ്യാറാവുന്നു. ഇംഗ്ലീഷ് വനിതയുടെ വിപ്ലവകാരികളെക്കുറിച്ചുളള സിനിമയിൽ അഭിനയിച്ച ഇവരിൽ വിപ്ലവത്തിന്റെ ബീജങ്ങൾ മുളയ്‌ക്കുന്നു. ഇന്ത്യയിലെ യുവതലമുറയിൽ വിപ്ലവത്തിന്റെ വിത്ത് പാകുവാൻ ഇംഗ്ലീഷ് വനിത വേണ്ടിവന്നു എന്നത് ആരെ സംരക്ഷിക്കുന്ന നിഗൂഢ രാഷ്‌ട്രീയതാല്‌പര്യമാണെന്ന് ആലോചിക്കാവുന്നതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷമിടുന്ന ഓരോരുത്തരും ഭഗത്‌സിംഗ്, ചന്ദ്രശേഖർ ആസാദ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരുമായി താരതമ്യപ്പെടുന്നു. ഇവരുടെയെല്ലാം സുഹൃത്തായ എയർഫോഴ്‌സ് പൈലറ്റ് അജയ് വിമാനാപകടത്തിൽ കൊല്ലപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവൺമെന്റിനെതിരെ നടക്കുന്ന സമാധാന സമരം പോലീസ് ലാത്തിചാർജിൽ കലാശിക്കുന്നു. ഇതിനോടുളള പ്രതികരണമെന്നോണം ഇവർ പ്രതിരോധമന്ത്രിയെ കൊല്ലുന്നു. (ചന്ദ്രശേഖർ ആസാദ് ബ്രിട്ടീഷ് പോലീസ് മേധാവിയെ വെടിവച്ച് കൊല്ലുന്ന രീതിയിൽ) സത്യാവസ്ഥ പൊതുജനത്തെ അറിയിക്കാൻ ആകാശവാണി കയ്യടക്കുന്ന ഇവരെ റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സ് വധിക്കുന്നു. അങ്ങനെ അന്ത്യത്തിൽ നായകർ ദേശീയവും, രാജ്യാഭിമാനപരവുമായ ജീവിതത്യാഗ&ത്യജിക്കലിലൂടെ നഗരകേന്ദ്രിതമായ മധ്യവർഗത്തിന്റെ ആഗ്രഹങ്ങളെ ആഖ്യാനകേന്ദ്രത്തിൽ പ്രതിഷ്‌ഠിക്കുന്നു. വിദ്യാസമ്പന്നരായ, നാഗരികരും, മതേതരത്വ സ്വഭാവം പുലർത്തുന്നവരുമായ നായകൻമാർ ദേശത്തിനുവേണ്ടി ജീവിതം ത്യാഗം ചെയ്യാനുളള സന്ദേശം യുവതലമുറയ്‌ക്കു കൈമാറുന്നു. ഗവൺമെന്റിന്റെ പ്രവർത്തികളെ ഭാരതീയ യുവാക്കൾ ചാനലുകളിലൂടെ അപലപിക്കുന്നു. ഭഗത്‌സിംഗിന്റെയും ആസാദിന്റെയും സ്വാതന്ത്ര്യസമര പ്രവർത്തനം പോലെയുളള പ്രവർത്തനമായി ഇവരുടെ പ്രവർത്തനത്തെയും സിനിമ ആഖ്യാനം ചെയ്യുമ്പോൾ ചരിത്രം കീഴ്‌മേൽ മറിയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുളള വലിയ വിഭാഗം ജനതയുടെ ആദർശങ്ങളെയാണ് തീവ്രവാദ രാഷ്‌ട്രീയത്തിലൂടെയായാലും ആസാദും, ഭഗത്‌സിംഗും നേരിട്ടത്. തികച്ചും വൈയക്തികമായ ഒരു പ്രശ്‌നത്തെ ഈ വിധത്തിൽ ഹിംസാത്മകമായി യുവാക്കൾ കാണുന്നത് അക്രമാത്മക രാഷ്‌ട്രീയമാണ്, പുരോഗമനപരവുമല്ല.
അഴിമതി രാഷ്‌ട്രീയത്തിന്റെ കാലഘട്ടത്തിൽ യുവജനതയുടെ പ്രവർത്തനങ്ങൾ എങ്ങനെയാവണമെന്ന് ആവിഷ്‌ക്കരിക്കുന്ന സിനിമയാണ് മണിരത്‌നം സംവിധാനം ചെയ്‌ത ‘യുവ’. വിദ്യാസമ്പന്നനായ മധ്യവർഗയുവാവ് സാധാരണ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് അഴിമതി രാഷ്‌ട്രീയത്തിനെതിരെയുളള ബദൽ രാഷ്‌ട്രീയം കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്നതാണ് ‘യുവ’യിൽ ചിത്രികരിക്കപ്പെടുന്നത്. രാഷ്‌ട്രത്തിന്റെ പുരോഗതിയിൽ തടസ്സമായി നിൽക്കുന്ന മുസ്ലീം ‘തീവ്രവാദകളെ’ ഉന്മൂലനം ചെയ്യാൻ ഒറ്റയാൻ പോരാട്ടം നടത്തുന്ന നിരവധി സിനിമകൾ (ഉദാഃഗദ്ദാര, പർവാന) ഇറങ്ങുന്ന ബോളിവുഡിൽ ചരിത്രത്തിന്റെ സ്‌മരണകൾ ആഗോളവൽക്കരണക്കാലത്തെ ക്യാമ്പസ് രാഷ്‌ട്രീയത്തിന് ഉപയോഗിക്കുന്ന ദൃശ്യാവിഷ്‌ക്കാരമാണ് ‘രംഗ് ദേ ബസന്തി’. വിദ്യാഭ്യാസം സ്വകാര്യ കുത്തക മുതലാളിമാർക്കും മതസ്ഥാപനങ്ങൾക്കും വിദേശ സർവകലാശാലകൾക്കും തീറെഴുതി കൊടുക്കുമ്പോൾ, അതിനെതിരെ നടക്കുന്ന സമരങ്ങൾ അഭ്രപാളികളിൽ പകർത്താൻ ഇനിയും നമ്മുടെ മുഖ്യധാര സിനിമാപ്രസ്ഥാനം വളർന്നിട്ടില്ല എന്ന് ഈ സിനിമയും ഉറപ്പിച്ചു പറയുന്നു. ഇന്ത്യയുടെ ആത്മാവിനെ സ്‌നേഹിക്കുന്ന, ദേശത്തിന്റെ പൂർണ്ണ വികസനത്തിനായി ശ്രമിക്കുന്ന വിജയ് റാഥോഡിന്റെ മരണമാണ് ഇവരെ അക്രമാസക്തമായ പ്രതികരണത്തിലേക്ക് നയിക്കുന്നത്. ദേശത്തിന്റെയും സമരത്തിന്റെയും ദിശയറിയാത്ത ഒരു വിദ്യാർത്ഥി സമൂഹമായി ഇവർ മാറുന്നു. ഇംഗ്ലീഷ് വനിതയുടെ ‘ദേശസ്‌നേഹ’ത്തിന്റെ പ്രവർത്തനങ്ങളെ വളരെ ശുദ്ധിയോടെ ഇവർ സ്വീകരിക്കുന്നത് ആശയബോധം നഷ്‌ടപ്പെട്ട ഒരു തലമുറയെയാണ് കാണിക്കുന്നത്. രാഷ്‌ട്രത്തിന്റെ മുഖ്യശത്രുക്കൾ ഒളിഞ്ഞിരിക്കുന്നത് എവിടെയെന്ന ചോദ്യമൊന്നും ഈ വിദ്യാർത്ഥികൾ ചോദിക്കുന്നില്ല. ഇംഗ്ലീഷ് വനിത വഴി രൂപപ്പെടുന്ന ദേശീയസ്‌നേഹം നമ്മുടെ ചരിത്രത്തിന്റെ തന്നെ പരിഹാസ്യ പുനർനിർമ്മിതിയായി മാറുന്നു. ചരിത്രം രണ്ടാമതും ആവർത്തിക്കുന്നത് പരിഹാസരൂപത്തിലാണെന്ന ചിന്ത ചിത്രത്തിൽ നിന്നുതന്നെ വായിച്ചെടുക്കാവുന്നതാണ്.
Generated from archived content: essay1_apr05_06.html Author: rajesh_mr