പി.ഭാസ്‌ക്കരനും രാമുകര്യാട്ടും കൂടി സംവിധാനം ചെയ്‌ത നീലക്കുയിൽ (1954) അമ്പത് വർഷം പിന്നിടുകയാണ്. നല്ല രണ്ടാമത്തെ ചിത്രമെന്ന ദേശീയ അവാർഡ് നേടിയ നീലക്കുയിൽ വളരെയധികം പ്രശംസ പിടിച്ചുപറ്റിയ ചലച്ചിത്രാവിഷ്‌ക്കാരമാണ്. ചരിത്രപരമായ ഒരു വിലയിരുത്തലാണ്, നോക്കിക്കാണലാണ് ഇന്ന് വീണ്ടും ഈ സിനിമ കാണുമ്പോൾ അന്വേഷിക്കേണ്ടത്.
എസ്.എസ്. രാജൻ സംവിധാനം ചെയ്‌ത ‘സ്‌നേഹസീമ’ (1954), പി.രാമദാസിന്റെ ‘ന്യൂസ് പേപ്പർ ബോയ്’ (1955), രാരിച്ചൻ എന്ന പൗരൻ (1956), പാടാത്ത പൈങ്കിളി (1957), മറിയക്കുട്ടി (1958) എന്നിങ്ങനെ നിരവധി സിനിമകൾ ഇക്കാലയളവിൽ പുറത്തിറങ്ങുകയുണ്ടായി. നവോത്ഥാനത്തിന്റെ വ്യത്യസ്‌ത ആശയധാരകളെ ഈ സിനിമകൾ വിവിധ അളവുകളിൽ കൈകാര്യം ചെയ്യുകയുണ്ടായി. മലയാളത്തിലെ ആദ്യ നിയോ-റിയലിസ്‌റ്റിക് സിനിമ എന്നു വിളിക്കുന്ന ‘ന്യൂസ് പേപ്പർ ബോയ്’ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നിർമ്മിക്കപ്പെട്ടത്. ‘നീലക്കുയിൽ’ ഉൾപ്പെടെയുളള അമ്പതുകളിലെ സിനിമകൾ കൊണ്ടുവന്ന നവോത്ഥാനമൂല്യങ്ങളാണ് തൊണ്ണൂറുകൾക്ക് ശേഷമുളള സിനിമകൾ തിരസ്‌ക്കരിച്ചുകൊണ്ടിരിക്കുന്നത്.
കേരളീയത, ആധുനികത
പുഴകളും, പാടങ്ങളും, കൊയ്‌ത്തും, തെങ്ങുകളും, ചായക്കടകളും, ഹരിതവർണ്ണങ്ങളായ സസ്യലതാദികളും കേരളത്തിന്റെ സൗന്ദര്യത്തെ സിനിമയിലേക്ക് കൊണ്ടുവരുന്നു. നീലക്കുയിലിലെ ആദ്യരംഗം ശ്രദ്ധിക്കുക. കൊയ്‌ത്തു കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കിടുന്ന കർഷകർ കുടിലുകൾക്കു മുമ്പിൽ നിന്ന് കൂട്ടംകൂടി, പാട്ടുപാടി നൃത്തം ചെയ്യുന്നു. ആട്ടവും പാട്ടും നിൽക്കുമ്പോൾ കർഷകർ പണിയായുധങ്ങളും പന്തങ്ങളുമായി പാടത്തേക്ക് കുതിക്കുന്നതും കേരളത്തിലെ പ്രേക്ഷകഹൃദയത്തിലേക്ക് അടുപ്പിക്കുന്നതാണ്. 1951-ലെ കേരളപ്പിറവിയുടെ ചൂടിൽനിന്ന് വിമുക്‌തി നേടാത്ത ജനതയായതിലായിരിക്കണം നീലക്കുയിൽ കേരളീയതയെ ചിത്രീകരിക്കുന്നതും. 1955-ൽ പുറത്തിറങ്ങിയ ‘പാഥേർ പാഞ്ചാലി’യിൽ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന തീവണ്ടി ആധുനികതയുടെ രാഷ്‌ട്രപുരോഗതിയെ അർത്ഥമാക്കുമ്പോൾ നീലക്കുയിലിൽ പ്രത്യക്ഷപ്പെടുന്ന തീവണ്ടി മരണത്തിനുളള ഒരു ഉപാധിയായിട്ടാണ്. രാഷ്‌ട്രസ്വത്വത്തിൽനിന്ന് വ്യത്യസ്‌തമായ ഒന്നാണ് ഇവിടെ ലക്ഷ്യം വയ്‌ക്കുന്നത്. അതുകൊണ്ട് രാഷ്‌ട്രത്തിൽ നിന്നകന്ന് കേരളീയതയെ ആഘോഷിക്കുന്ന സിനിമയാണ് നീലക്കുയിൽ. രാഷ്‌ട്രത്തിന്റെ വഴി (പാളം) ഇവർക്ക് ആത്മഹത്യമുനമ്പുകളാണ്.
ഹിന്ദി, തമിഴ് സിനിമാഗാനങ്ങളുടെ അനുകരണം മാത്രമായി മാറിയിരുന്ന മലയാളം സിനിമാഗാനങ്ങളിൽ നിന്നുളള വ്യതിയാനമാണ് നീലക്കുയിലിൽ കാണുന്നത്. കേരളത്തിലെ നാടൻപാട്ടുകളിലെ ശീലുകൾ, താളങ്ങൾ, മാപ്പിളപ്പാട്ടുകളിലെ ഈണരീതി, സംഘഗാനവായ്‌ത്താരി എന്നിങ്ങനെ നിരവധി ഘടകങ്ങൾ കൂട്ടി ചേർത്താണ് നീലക്കുയിൽ ഗാനങ്ങളിലൂടെ കേരളീയതയെ ചിത്രീകരിച്ചത്.
ഈ ഗാനങ്ങളും ഗാനചീത്രീകരണങ്ങളും മതേതരത്വ കാഴ്‌ചപ്പാടുകളിൽ രൂപം കൊണ്ടവയുമാണ്. വംശീയവും ജാതീയവും പ്രാദേശികവുമായ പ്രത്യയശാസ്‌ത്ര മണ്ഡലങ്ങളിൽ നിന്നുളളവരുടെ ആധുനികതയിലേക്കുളള പ്രവേശനമാണ് ഇവിടെ കാണുന്നത്. നീലക്കുയിലിലെ അവസാനം ശങ്കരൻനായർ പറയുന്ന സംഭാഷണം ജാതീയവും സാമ്പത്തികവുമായ അസമത്വങ്ങൾക്കെതിരെയുളള മാനവികതയുടെ അടയാളമാണ്. “ഇതുമാത്രം മറക്കരുത്. അവനെ ഒരു നല്ല മനുഷ്യനാക്കി വളർത്തൂ… നായരും മാപ്പിളയും പൊലയനും ഒന്നുമാക്കണ്ട… എനിക്ക് അതുമാത്രം മതി…” ഇത്രയും പറഞ്ഞ് ശങ്കരൻനായർ നടന്നുപോകുമ്പോൾ അകലെ ഉദിച്ചുവരുന്ന പ്രഭാതസൂര്യൻ പുതിയ ലോകത്തെ വെളിപ്പെടുത്തുന്നു. നെഹ്‌റുവിയൻ രാഷ്‌ട്രനിർമ്മിതിയുടെ ഒരുതരത്തിലുളള ആദർശാത്മക പ്രതീക്ഷാനിർമ്മിതമായ കാലമാണ് അവിടെ ഉദിച്ചുവരുന്നത്.
കുടുംബം, സമൂഹം
അദ്ധ്യാപകനും ഉയർന്ന ജാതിയിലുംപെട്ട ശ്രീധരൻനായർ, പുലയ സ്‌ത്രീയായ നീലിയുമായി പ്രണയബന്ധത്തിലേർപ്പെടുന്നു. അവിഹിതഗർഭം ധരിച്ച അവളെ സ്വന്തം കുലത്തിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കുന്നു. സമുദായത്തെ, സമൂഹത്തെ ബഹുമാനിക്കുന്നതിനാൽ ശ്രീധരൻനായർ നീലിയെ കൈയൊഴിയുന്നു. സമുദായം&സമൂഹം ഇവിടെ വ്യക്തിബന്ധങ്ങളുടെ പ്രണയത്തിന് തടസ്സം നിൽക്കുന്നു. ആധുനികതയിലെ ‘സ്വതന്ത്രവ്യക്തി’ ഇത്തരത്തിൽ സമുദായ, സമൂഹത്തിന്റെ ആഗ്രഹങ്ങളെയും തൃപ്‌തിപ്പെടുത്തേണ്ടി വരുന്നു. സമൂഹത്തിനുവേണ്ടി പ്രണയം തിരസ്‌കരിച്ച ശ്രീധരൻനായർ അവസാനം കുടുംബത്തിനുവേണ്ടി മകനെ ഏറ്റെടുക്കുന്നു. ശ്രീധരൻനായർ-നളിനി ബന്ധത്തിൽ കുട്ടികൾ ഇല്ലാത്തതും ഈ ‘ദത്തെടുക്കലിന്’ കാരണമാകുന്നു. കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി നീലിയിൽ പിറന്ന മകനെ ഇവർ സ്വീകരിക്കുന്നു. കുടുംബത്തിന്റെ ഈ ‘സ്വീകരണം’ സാമൂഹികമായ ഒരു മാറ്റത്തെ കുറിക്കുന്നതാണ്. കുടുംബഭദ്രതയ്‌ക്കുവേണ്ടി ഭർത്താവിന്റെ തെറ്റിനെ നളിനി ക്ഷമിക്കുകയും ഭാര്യയുടെ ‘കർത്തവ്യത്തെ’ കാണിക്കുകയും ചെയ്യുന്നു. “ഇത്രയും കാലം ആ കുട്ടിക്ക് ഒരച്‌ഛനില്ലാതാക്കി. എന്തുകൊണ്ട് അതിന്നേവരെ എന്നോട് പറഞ്ഞില്ല? പുരുഷൻ ഒരിക്കൽ കാൽവഴുതി വീണാൽ അതു പൊറുക്കാൻ കഴിയാത്ത ഭാര്യയുണ്ടോ? പക്ഷേ ഒരു കുട്ടിയോട് ക്രൂരത കാണിക്കുന്നത് എനിക്ക് പൊറുക്കാൻ കഴിയില്ല. സ്വന്തം കുഞ്ഞിനെ തെരുവിലേക്കെറിഞ്ഞ പാപത്തിന്റെ ഫലമാണ് നമ്മളിന്നനുഭവിക്കുന്നത്” എന്ന നളിനിയുടെ വാക്കുകളിൽ ആധുനികതയിലെ സ്‌ത്രീസ്വത്വ നിർമ്മിതിയുടെ സർവ്വംസഹ, മാതൃത്വം, സ്‌നേഹസമ്പന്ന എന്നീ മൂല്യങ്ങളാണ് കാണാൻ കഴിയുന്നത്. പുരുഷന്റെ പ്രവർത്തികളെ അംഗീകരിക്കുന്ന, ബഹുമാനിക്കുന്നവളാണ് ഇവിടെ സ്‌ത്രീ. ഗർഭിണിയാണെന്നറിഞ്ഞ നിമിഷം നീലിയെ അച്ചൻ തല്ലിയപ്പോൾ നീലി, ശ്രീധരൻനായരുടെ പേരുവെളിപ്പെടുത്താതിരുന്നത് പുരുഷഭക്‌തിയും ബഹുമാനവും മൂലമാണ്. കുടുംബഭദ്രതയോടൊപ്പം സമൂഹമാറ്റവുമാണ് ‘നീലക്കുയിൽ’ കാണിച്ചു തരുന്നത്. കുടുംബത്തെ സുരക്ഷിതമായി നിലനിർത്തി കൊണ്ടാണ് ഇത്തരത്തിൽ കേരളത്തിൽ നവോത്ഥാന ആശയങ്ങൾ മുന്നേറിയിരുന്നത്.
ജാതീയത, അയിത്താചാരങ്ങൾ, നായർ തറവാടുകളുടെ ശൈഥില്യാവസ്ഥ, മറ്റു മതവിഭാഗങ്ങളുടെ പൊതുധാരയിലേക്കുളള കടന്നുകയറ്റം എന്നിവയെല്ലാം നീലക്കുയിലിൽ ചിത്രീകരിച്ചിരിക്കുന്നു. പുതിയ മനുഷ്യന്റെയും, പുതിയ സമൂഹത്തിെൻയും പുരോഗമനപരമായ വളർച്ചയാണ് അമ്പതുകളിലെ നീലക്കുയിൽ അടക്കമുളള മറ്റു സിനിമകളും മുന്നോട്ടുവച്ചത്.
Generated from archived content: cinema1_dec1.html Author: rajesh_mr
Click this button or press Ctrl+G to toggle between Malayalam and English