കാഴ്‌ചയ്‌ക്കുളളിലെ കാഴ്‌ചകൾ

‘കാഴ്‌ച’ യാഥാർത്ഥ്യങ്ങളുടെ ഭീകരദൃശ്യങ്ങളുടെ നേർക്കുളള ഒരു ചിത്രമാണ്‌. ഗുജറാത്ത്‌ ഭൂകമ്പത്തിന്റെ ബാക്കി ദുഃഖം ഇന്ത്യയുടെ അങ്ങേയറ്റത്തുളള കേരള ജനതയിലും അതെത്തിനിൽക്കുന്നു. സിനിമ യാഥാർത്ഥ്യ&അയാഥാർത്ഥ്യങ്ങളുടെ പ്രതിനിധാനമാണ്‌ അഥവാ നിർമ്മിതിയാണ്‌. സിനിമയ്‌ക്കുളളിലെ ‘സിനിമ ചലിപ്പിക്കുന്ന ഓപ്പറേറ്ററാണ്‌’ ഇതിലെ നായകനായ മാധവൻ (മമ്മൂട്ടി). ഉത്സവപ്പറമ്പുകളിലും, പെരുന്നാളിനും, പളളിക്കൂടങ്ങളിലും സിനിമ പ്രദർശിപ്പിച്ച്‌ ജീവിക്കുന്ന മാധവന്റെ അടുത്തേക്ക്‌ ഗുജറാത്ത്‌ ഭൂകമ്പത്തിന്റെ ബാക്കിപാത്രമായ&ഇരയായ ഒരു ബാലൻ വന്നുപെടുന്നു. ഈ വിവരം കഥാസിനിമയ്‌ക്കുളളിൽ പിന്നീടാണ്‌ അറിയുന്നതെങ്കിലും അതിനുളള സൂചനകൾ ആദ്യമേ തരുന്നുണ്ട്‌.

മാധവൻ പ്രദർശിപ്പിക്കുന്ന ‘സ്‌ഫടികം’ സിനിമയിലെ പാറപ്പൊട്ടിക്കുന്ന രംഗം കണ്ടു ബാലന്‌ (ഇവിടെ ബാലന്‌ ‘കൊച്ചുണ്ടാപ്പി’ എന്ന്‌ പേര്‌) അപസ്‌മാരം ഉണ്ടാകുന്നതായി കാണിക്കുന്നുണ്ട്‌. ഇത്‌ ഭൂകമ്പത്തെ ആ കുട്ടിയുമായി ബന്ധപ്പെടുത്തുന്ന ഒന്നാണ്‌. മാധവന്റെ ഒപ്പം കൂടുന്ന കൊച്ചുണ്ടാപ്പിയെ ‘പൊലവേല’ ചെയ്യിക്കുന്നുവെന്നു പറഞ്ഞ്‌ രാഷ്‌ട്രീയ നേതൃത്വം പ്രചാരണം നടത്താൻ ശ്രമിക്കുന്നു. ഭരണകൂട അധികാരസ്ഥാപനങ്ങൾ കൊച്ചുണ്ടാപ്പി, മാധവൻ ഇവരുടെ ബന്ധത്തെ ‘അവിശുദ്ധ ബന്ധം’ ആരോപിച്ച്‌ സ്‌റ്റേഷനിൽ കൊണ്ടുപോകുന്നു. ഗുജറാത്ത്‌ ഭൂകമ്പത്തിനിരയാക്കപ്പെട്ട്‌ കേരളത്തിലെത്തിയ ബാലനെ തിരികെ ഗുജറാത്തിലേക്കയക്കാൻ ഭരണകൂട അധികാരസ്ഥാപനം തയ്യാറാവുന്നു.

സിനിമാ ഓപ്പറേറ്ററായ മാധവന്‌ സിനിമയുടെ കാഴ്‌ചകൾക്കപ്പുറത്തേക്കാൾ ഭീകരമായ മുഹൂർത്തങ്ങളെയാണ്‌ തരണം ചെയ്യേണ്ടി വരുന്നത്‌. ഗുജറാത്ത്‌ ഭൂകമ്പത്തിന്റെ പരിണതഫലങ്ങൾ നേരിൽ കാണുന്ന മാധവൻ ‘കൊച്ചുണ്ടാപ്പി’ ബന്ധുക്കളെ കണ്ടുമുട്ടിയില്ലായെങ്കിൽ സ്വീകരിച്ചുകൊളളാമെന്ന്‌ പറയുന്നുമുണ്ട്‌. അധികാരസ്ഥാപനങ്ങളുടെ നിസ്സഹകരണവും ജനസേവനത്തിന്റെ താല്‌പര്യക്കുറവും ചൂണ്ടിക്കാട്ടുന്നതാണ്‌ മാധവൻ കൊടുത്ത അഡ്രസ്സ്‌ മേലുദ്യോഗസ്ഥൻ ചുരുട്ടി കൊട്ടയിലേയ്‌ക്കെറിയുന്നത്‌.

കുടുംബം&ദേശം&രാഷ്‌ട്രം

മാധവന്റെ വീട്ടിലേക്ക്‌ കൊണ്ടുവരുന്ന ‘കൊച്ചുണ്ടാപ്പി’യെ കുടുംബം സ്വീകരിക്കുന്നു. ‘ആണല്ലേ അവൻ’ എന്ന മാധവന്റെ അച്ഛന്റെ മറുപടിയിൽ കൊച്ചുണ്ടാപ്പിയുടെ സുരക്ഷിതത്വം അവൻ നോക്കിക്കൊളളും എന്നടങ്ങിയിരിക്കുന്നു. മാധവന്റെ മകളെ ഒഴുക്കിൽ നിന്ന്‌ (പ്രകൃതി ദുരന്തം) കൊച്ചുണ്ടാപ്പി രക്ഷിക്കുന്നതിൽ പിന്നെ കുടുംബത്തിൽ അവന്റെ സ്ഥാനം ഉറപ്പിക്കപ്പെടുന്നു. കൂടാതെ ദേശനിവാസികൾക്കും അവൻ പ്രിയപ്പെട്ടവനായി തീരുന്നു. ഗുജറാത്തിലേക്കുളള അവന്റെ തിരിച്ചുപോക്കിൽ കുടുംബത്തെപ്പോലെ ആ പ്രദേശവും ദുഃഖിക്കുന്നു. ബാലന്റെ കുടുംബത്തെ കണ്ടുപിടിച്ചു കൊടുക്കാനായി മാധവനും ഗുജറാത്തിലേക്ക്‌ പോകുന്നു. രാഷ്‌ട്രത്തിന്റെ ദുഃഖത്തെ ഇവിടെ മറ്റുളളവരും ഏറ്റുവാങ്ങുന്നു. മകളെ പ്രകൃതിദുരന്തത്തിൽ നിന്ന്‌ രക്ഷിച്ചതിന്റെ സൂചനയെന്നോണം ‘കൊച്ചുണ്ടാപ്പി’യെ രക്ഷിക്കാനായി മാധവൻ തയ്യാറാവുന്നു. രാഷ്‌ട്രത്തിന്റെ നിയമങ്ങൾ ഈ തീരുമാനങ്ങൾക്ക്‌ തടസ്സമാവുന്നു. ടൂറിസ്‌റ്റുകൾക്ക്‌ ഇവിടം സന്ദർശിക്കാൻ അനുവദിക്കുന്ന നിയമ ലഭ്യതകളുടെ അത്ര സ്വാതന്ത്ര്യം പോലും ഇവിടത്തെ പൗരന്മാർക്ക്‌ ലഭിക്കുന്നില്ല എന്നതും രാഷ്‌ട്രനിയമമാണ്‌. ടൂറിസ്‌റ്റുകളുടെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌ മധ്യവർഗ്ഗ കുടുംബമായ മാധവന്റേത്‌ എന്നും ഓർക്കേണ്ടതാണ്‌.

അധികാരത്തിന്റെ കറുത്ത നിയമങ്ങളാൽ വ്യക്തികളുടെ ധാർമ്മിക മൂല്യങ്ങൾക്ക്‌ ക്ഷതമേറ്റിരിക്കുന്നതായി ചിത്രം അവസാനിക്കുമ്പോൾ മനസ്സിലാകുന്നു. വ്യക്തികൾ തന്നെ പലപ്പോഴും ധാർമ്മികമൂല്യങ്ങൾ വെടിഞ്ഞ്‌ ഭരണകൂട സേവകരായി മാറുന്നു. രാഷ്‌ട്രനിയമങ്ങൾ അങ്ങനെ വ്യക്തിധാർമ്മിക മൂല്യങ്ങളെ അവഗണിക്കുന്നു. ജനാധിപത്യഭരണത്തിൽ ജനങ്ങൾക്കെതിരെയുളള അധികാരവർഗ്ഗത്തിന്റെ പ്രവർത്തികളെ&അവഗണനകളെ ‘കാഴ്‌ച’ കാണിക്കുന്നു.

Generated from archived content: cinema-sept16.html Author: rajesh_mr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English