അന്ന അഖ്‌മതോവയുടെ കവിതകൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എഴുത്തു തുടങ്ങിയ അന്ന അഖ്‌മതോവയുടെ കവിതകൾ റഷ്യയുടെ കവിതാ ചരിത്രത്തിലെ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നവയാണ്‌. ‘സ്‌നേഹത്തിലും ദുഃഖത്തിലും സഹനത്തിലും നീറിയെരിഞ്ഞുകൊണ്ട്‌, രണ്ടു ലോകമഹായുദ്ധങ്ങളിലൂടെയും റഷ്യയിലെ ഒക്‌ടോബർ വിപ്ലവത്തിലൂടെയും വിപ്ലവാനന്തര ജീവിതത്തിലൂടെയും കടന്നുപോയ കവിയാണ്‌ അന്ന അഖ്‌മതോവ’യെന്ന്‌ വിവർത്തകയും കവിയുമായ വിജയലക്ഷ്‌മി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന്‌ ലോകത്തെല്ലായിടത്തും, പ്രത്യേകിച്ചും റഷ്യയിൽ ഉണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ വളരെ ഉയർന്ന്‌ സമൂഹത്തിൽ നിന്ന്‌ അകന്നു നില്‌ക്കുന്ന പ്രതീക (സിംബലിസം) കവിതാരചനയിൽ നിന്നുളള മാറ്റത്തെപ്പറ്റി ചിന്തിപ്പിച്ചതിന്റെ ഫലമാണ്‌ ‘അന്ന അഖ്‌മതോവയുടെ കവിതകൾ’.

‘കാവ്യദേവതയ്‌ക്ക്‌’ അന്ന സ്വയം സമർപ്പിക്കുന്ന കവിത, പഴയ കാവ്യരചനയിൽ നിന്നുളള മാറ്റത്തിന്റെ തുടക്കമാണ്‌. അന്നയുടെ സുഹൃത്തും ഗുരുവുമായ ‘അലക്‌സാണ്ടർ ബ്ലോക്കിന്‌’ സമർപ്പിച്ചിരിക്കുന്ന കവിത ബ്ലോക്കുമായുളള ഒരു ഞായറാഴ്‌ചയിലെ കൂടിക്കാഴ്‌ചയെ ആവിഷ്‌കരിക്കുന്നു. പ്രത്യക്ഷ രാഷ്‌ട്രീയ പ്രമേയങ്ങൾ കൈകാര്യം ചെയ്യാത്ത ഒട്ടേറെ വൈയക്തിക കവിതകൾ അന്ന രചിച്ചിട്ടുണ്ട്‌, അവയിലൊന്നാണ്‌ ഈ കവിത. റഷ്യയുടെ രാഷ്‌ട്രീയ വിപ്ലവകാലമായിരുന്ന 1917-ൽ കവിതയുടെ സ്ഥാനം സമൂഹത്തിലെന്താണ്‌ എന്നതിനെപ്പറ്റി ആകുലപ്പെടുന്ന കവിതകളും അന്ന രചിച്ചിട്ടുണ്ട്‌. റഷ്യയുടെ സാഹിത്യ-സാംസ്‌കാരിക രംഗത്ത്‌ ഭരണാധികാരികൾ നടപ്പിലാക്കിയ സെൻസർഷിപ്പും, നാടുകടത്തലുമാണ്‌ കവിതയുടെ ദൗത്യത്തെപ്പറ്റി കവികളെ ചിന്തിപ്പിച്ചു തുടങ്ങിയത്‌. ‘ആത്മഹത്യയുടെ പ്രാണവേദനയിൽ….’ എന്ന കവിതയിലെ വരികൾ നോക്കുക. “വരൂ നീ, വിട്ടുപോന്നാലും&വന്യമാം പാപിനാടിനെ&എന്നേക്കുമായ്‌ വെടിഞ്ഞാലും&ജന്മനാടായ റഷ്യയെ”. വിപ്ലവാനന്തര റഷ്യയിലെ ഭരണാധികാരവർഗ്ഗം കൈകൊണ്ട ഭരണപരിഷ്‌കാരങ്ങൾ സാംസ്‌കാരിക സാഹിത്യകാരൻമാരെ നാടുവിട്ടു പോകാൻ പ്രേരിപ്പിച്ചു. ഈ വിചാരമാണ്‌ ഈ കവിതയിൽ ആവിഷ്‌കരിക്കുന്നത്‌.

റഷ്യയുടെ ഭരണത്തെയും, ഭരണാധികാരികളെയും സ്‌തുതിച്ചെഴുതുന്നതാവണം ‘പുരോഗമന കവിത’യെന്ന നിലപാടിനെ അന്ന അഖ്‌മതോവയുടെ കവിതകൾ ചോദ്യം ചെയ്‌തു. ‘എന്തുകൊണ്ടീയുഗം കൂടുതൽ ചീത്ത, മുൻപെന്നോ കടന്ന യുഗങ്ങളേക്കാൾ’ എന്നു കവിയ്‌ക്ക്‌ ചോദിക്കേണ്ടി വരുന്നത്‌ ആഭ്യന്തരകലാപവും ക്ഷാമവും കൊണ്ട്‌ പൊറുതിമുട്ടിയ റഷ്യയുടെ അവസ്ഥ കണ്ടിട്ടാണ്‌. 1942-ൽ ജർമ്മനി റഷ്യയെ ആക്രമിച്ച സമയത്ത്‌ എഴുതപ്പെട്ട കവിതയാണ്‌ ‘ധൈര്യം’. സ്‌റ്റാലിന്റെ ഭരണകാലത്തോടുളള വിയോജിപ്പ്‌ കാണിച്ചവർക്കും, രക്തസാക്ഷികളായവർക്കും വേണ്ടി എഴുതിയ കവിതയാണ്‌ ഃ‘ചരമശുശ്രൂഷ’. യുദ്ധത്തോടും ഭരണകൂട ക്രൂരതയോടുമുളള എഴുത്തുകാരന്റെ ധാർമ്മികരോഷം പ്രതിഫലിപ്പിക്കുവാൻ ഈ കവിതയ്‌ക്ക്‌ സാധിക്കുന്നുണ്ട്‌.

വൈയക്തിക കവിതകൾ എന്ന്‌ പറഞ്ഞ്‌ പുറന്തളളുന്ന കവിതകളിലും ചരിത്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്‌ ഇന്ന്‌ എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്‌. അത്തരത്തിൽ അന്നയുടെ കവിതകളെ വൈകാരികം&രാഷ്‌ട്രീയം എന്ന ദ്വന്ദത്തിൽ പഠിക്കേണ്ടതില്ല. റഷ്യൻ രാഷ്‌ട്രീയത്തോടുളള കവിയുടെ ഇടപെടലാണ്‌ ഇതിലെ ഓരോ കവിതയും. അരളി, തിരിച്ചുവരവ്‌, അവസാനത്തെ പാനോപചാരം, എം.ബിയുടെ സ്‌മരണയ്‌ക്ക്‌ എന്നീ കവിതകളിലും ഇത്തരത്തിൽ ചരിത്രത്തോടുളള സംവാദമാണ്‌ നമുക്ക്‌ കാണാനാവുന്നത്‌. പതിനെട്ടാമത്തെ വയസ്സിലാണ്‌ അന്നയുടെ ആദ്യകവിത പ്രസിദ്ധീകരിച്ചത്‌. വൈയക്തികവും കാലത്തിനു നിരക്കാത്തതുമാണ്‌ അവരുടെ കവിതകൾ എന്നാരോപിച്ച്‌ സ്‌റ്റാലിൻ ഭരണകൂടം വിലക്ക്‌ ഏർപ്പെടുത്തി. സ്‌റ്റാലിന്റെ മരണശേഷം വിലക്ക്‌ നീങ്ങുകയും അന്നയുടെ കവിതകൾ ചർച്ച ചെയ്യപ്പെടാനും തുടങ്ങി. 1925 മുതൽ 1940 വരെ ലോക കവിതയുടെ പഠനത്തിലും വിവർത്തനത്തിലും മുഴുകിയ അന്നയ്‌ക്ക്‌ ഈ അനുഭവജ്ഞാനമെല്ലാം തന്റെ കവിതയ്‌ക്ക്‌ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു. ഭരണകൂടത്തിന്റെ പീഡനത്തോടൊപ്പം ഒരു ജനതയുടെ ആശയാഭിലാഷങ്ങളും അന്നയുടെ കവിതകളിൽ കാണുന്നതാണ്‌ ഈ കവിതകളുടെ സമകാലിക വായന പ്രചോദനം.

അന്ന അഖ്‌മതോവയുടെ കവിതകൾ, വിവഃ വിജയലക്ഷ്‌മി, ഡിസി ബുക്‌സ്‌, 2006, വിലഃ 40 രൂപ.

Generated from archived content: book1_mar8_06.html Author: rajesh_mr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആനന്ദിന്റെ കഥകൾ
Next articleവരൂ… അടൂരിലേക്കു പോകാം
മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ. വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു. വിലാസംഃ രാജേഷ്‌.എം.ആർ., മാളിയേക്കൽ വീട്‌, കുറുമശ്ശേരി പി.ഒ. എറണാകുളം. Address: Post Code: 683 579

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English