പി.എസ്.രാധാകൃഷ്‌ണന്റെ ‘സാഹിത്യം ചരിത്രം സംസ്‌കാരം-മാറുന്ന സമവാക്യങ്ങൾ’ എന്ന പഠനഗ്രന്ഥം സമകാലിക സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ചരിത്രം, രാഷ്‌ട്രീയം, കൃതി, കർത്തൃത്വം എന്നിവയെ പുനർവായനയ്‌ക്ക് വിധേയമാക്കുന്നു. പുസ്‌തകത്തിന്റെ ഉളളടക്കത്തെ രണ്ടുഭാഗമായി തിരിക്കുന്നു. ലേഖകന്റെ അഭിപ്രായപ്രകാരം ആദ്യഭാഗം ‘സൈദ്ധാന്തിക സ്വഭാവമുളള രചനകളുടെ സമുച്ചയമാണ്. എഴുത്തുകാരുമായി ആന്തരികബന്ധമുളള ചില സവിശേഷപാഠങ്ങളുടെ ഘർഷണപാരായണത്തിനാണ് രണ്ടാംഭാഗത്തിൽ മുതിർന്നിട്ടുളളത്.
വിമർശനശാസ്‌ത്രംഃ ചരിത്രവും രാഷ്‌ട്രീയവും എന്ന ആദ്യഭാഗത്ത്, ആദ്യലേഖനമായ ’സിദ്ധാന്തങ്ങളെ ആർക്കാണ് പേടി‘ എന്നതിൽ ഏകശിലാരൂപിയും, കേവലം സൗന്ദര്യാധിഷ്‌ഠിതവുമായ വായനകളിൽ നിന്ന് വിമർശനം ഇന്ന് ചരിത്രത്തോടു ബന്ധപ്പെടുന്ന വ്യവഹാരത്തെ വായിച്ചെടുക്കുന്നതിൽ ശ്രദ്ധിക്കുന്നുവെന്ന് രേഖപ്പെടുത്തുന്നു. സാംസ്‌കാരിക ഭൗതികവാദം, നരവംശശാസ്‌ത്രം, നവചരിത്രവാദം, രാഷ്‌ട്രതന്ത്രം തുടങ്ങിയവയുടെ ജ്ഞാനപരിസരം വിമർശനശാസ്‌ത്രത്തെ വർത്തമാനകാല സാംസ്‌കാരിക ചുറ്റുപാടുകളിൽ ഇടപെടാനായി സഹായിക്കുന്നു. പാശ്ചാത്യവിമർശനത്തെക്കുറിച്ചുളള അബദ്ധ ധാരണ, പോസ്‌റ്റ് കൊളോണിയലിസത്തിന്റെ സൈദ്ധാന്തിക പ്രശ്‌നങ്ങൾ എന്നിവയും ഇവിടെ വിശകലനം ചെയ്യുന്നു. ആര്യവത്‌കരണം സംസ്‌കൃതവത്‌കരണമായിത്തീരുന്ന സാംസ്‌കാരികസന്ദർഭം, ലീലാതിലകത്തിന്റെ അധീശ സംസ്‌കാരം എന്നിവ വിശദീകരിക്കുകയാണ് ’വിമർശന ശാസ്‌ത്രത്തിലെ ആര്യവത്‌കരണംഃ അധിനിവേശവും പ്രതിരോധവും‘ എന്ന ലേഖനത്തിൽ. സാഹിത്യ ചരിത്ര(പുനർ)രചനയുടെ പ്രത്യയശാസ്‌ത്രത്തെ നിരീക്ഷിക്കുന്ന ലേഖനത്തിൽ ആര്യ, കൊളോണിയൻ കാലഘട്ടത്തിലെ ചരിത്രരചനയുടെ വിവിധ ഇടപെടലുകളെ വിശദീകരിക്കുന്നു. സംസ്‌കൃത പഠനത്തിന്റെ പ്രചാരം തീവ്രമാകുന്നത് ഗുപ്‌തകാലത്താണ്. കൊളോണിയൽ കാലഘട്ടം ഷേക്‌സ്‌പിയർ, മിൽട്ടൻ എന്നിവരെയൊക്കെ വിശ്വസാഹിത്യകാരന്മാരാക്കി മാറ്റിയതിന്റെ അധികാരതന്ത്രങ്ങളും ഇന്ന് തിരിച്ചറിയുന്നുണ്ട്. മലയാള സാഹിത്യചരിത്ര രചനകളിൽ കണ്ടുവരുന്ന പൗരസ്‌ത്യവാദ സങ്കല്പങ്ങൾ നമ്മുടെ ചരിത്രരചനയെ എങ്ങനെ പ്രതിലോമപരമായി ബാധിച്ചുവെന്നും ഇവിടെ നിരീക്ഷിക്കുന്നു. ഭൂതം&വർത്തമാനം എന്ന ദ്വന്ദ്വത്തെ ശ്രേഷ്‌ഠ&അധമ സംവർഗ്ഗങ്ങൾകൊണ്ട് നിർവചിക്കുന്ന മലയാള സാഹിത്യചരിത്രരചനകൾ നിലനിൽക്കുന്ന വ്യവസ്ഥിതികളോടു കലഹിക്കുന്ന വ്യവഹാരങ്ങളെ പുറന്തളളുന്നവയാണ്. മലയാള സാഹിത്യചരിത്രത്തിന്റെ രചനയുടെ പ്രത്യയശാസ്‌ത്രത്തെ വായിച്ചെടുക്കുകയാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.
ചമ്പു, ആട്ടക്കഥ, തുളളൽ എന്നീ സാഹിത്യ പ്രസ്ഥാനങ്ങളിലെ വിവിധ ആഖ്യാനങ്ങൾ വ്യത്യസ്‌ത സാംസ്‌കാരികചരിത്രത്തിന്റെയും സംസ്‌കാരനിർമ്മിതിയുടെയും പാഠങ്ങളെ പുറത്തുകൊണ്ടുവരുന്നു. നളകഥയുടെ പാഠഭേദങ്ങളെയും പാഠാന്തരബന്ധങ്ങളെയും വിശകലനം ചെയ്യുമ്പോൾ കാണാൻ കഴിയുന്നത് സംസ്‌കാരത്തിന്റെ വ്യത്യസ്‌ത അടരുകളെയാണ്. ഗീതാഞ്ഞ്‌ജലിയുടെ വിവർത്തനത്തെ സംബന്ധിച്ച നിരീക്ഷണങ്ങൾ ഒരുതരത്തിൽ വിവർത്തന ചരിത്രപഠനത്തിലേക്ക് വഴിതെളിയിക്കുന്നതാണ്. മൂലകൃതിയെ ആധികാരികമായി കരുതി വിവർത്തനം ചെയ്യപ്പെടുന്ന സംസ്‌കാരത്തിൽ നിന്നുളള വിടുതലാണ് ഗീതാഞ്ഞ്‌ജലി വിവർത്തനങ്ങൾ കാണിക്കുന്നത്. ലക്ഷ്യഭാഷയുടെ സംസ്‌കാരത്തിനനുസൃതമായി നടത്തുന്ന രചനയെ ഇതു സൂചിപ്പിക്കുന്നു. കേരളീയ നവോത്ഥാനകാലഘട്ടത്തിലെ എഴുത്തും രാഷ്‌ട്രീയപ്രവർത്തനവും തമ്മിലുളള ബന്ധത്തിന്റെ സൂചനകൾ ഇ.വി.കൃഷ്‌ണപിളളയുടെ കൃതികളിൽ കാണാവുന്നതാണ്. അധികാരകോയ്‌മയുടെ ഏകസ്വരതയെ തന്റെ ഹാസ്യരചനയിലൂടെ ഇ.വി. നേരിട്ടു. ചിരിയുടെ രാഷ്‌ട്രീയവത്‌കരണം ഹാസ്യഭാവനയെ ജനകീയമാക്കുന്നതെങ്ങനെയെന്ന നിരീക്ഷണമാണ് ’ചിരിയുടെ രാഷ്‌ട്രീയവത്‌കരണംഃ മാറുന്ന സമവാക്യങ്ങൾ‘ എന്ന ലേഖനത്തിൽ കാണുന്നത്.
കൃതി, കർത്തൃത്വം, വായന എന്ന രണ്ടാം ഭാഗത്ത് ആദ്യലേഖനമായ ’വേദബന്ധുവിന്റെ കാവ്യശാസ്‌ത്രചിന്തകൾ‘ എന്നതിൽ കാവ്യപാരമ്പര്യത്തേയും ചരിത്രത്തെയും, രസ സിദ്ധാന്തത്തിന്റെ സങ്കല്പത്തേയും ദർശനത്തെയും വിശദീകരിക്കുന്നു. വിമർശനം കേവലം സൗന്ദര്യാധിഷ്‌ഠിതം മാത്രമല്ലെന്നും അത് ഭൗതികാവസ്ഥകളോടുളള പ്രതികരണമാണെന്നുമുളള ആശയമാണ് മുണ്ടശ്ശേരിയുടെ നിരൂപണങ്ങളിൽ കാണുന്നതെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു. സാഹിത്യത്തെ ചരിത്രവത്‌കരിച്ച്, സാംസ്‌കാരിക പ്രവർത്തനരീതിയിൽ കാണേണ്ടുന്നതിന്റെ ആവശ്യകതയും മുണ്ടശ്ശേരിയുടെ ലേഖനത്തിൽ കാണുന്നുണ്ട്. ഹ്യൂമനിസത്തിന്റെ ദേശീയവും പ്രാദേശികവുമായ നിർവചനങ്ങളെ ക്രിയാത്മകമായി ഇടപ്പെട്ടും നിർവചിച്ചും ജീവിച്ചും ഗോവിന്ദനെക്കുറിച്ചുളള ലേഖനം സമകാലീന ചുറ്റുപാടുകളിൽ വളരെ പ്രാധാന്യം നേടുന്നു. അധികാരത്തിന്റെ ഭീകര താണ്‌ഡവങ്ങൾ, കുമാരനാശാന്റെ കവിതയുടെ പക്ഷപാതങ്ങൾ, ഇന്ത്യൻ ദേശീയതയുടെ രാഷ്‌ട്രീയം എന്നിവയോടെല്ലാം ഉളള ഗോവിന്ദന്റെ നിരീക്ഷണം ലേഖനത്തിൽ വിലയിരുത്തുന്നു. പുരുഷകേന്ദ്രീകൃതമായ അധീശവ്യവഹാരങ്ങളും കാൽപ്പനിക ഭാവങ്ങളും പേറുന്ന രചനകളുടെ ഒരുതലം എം.ടിയുടെ കൃതികളിൽ കാണാവുന്നതാണ്. മഞ്ഞ്, വാരണാസി, വാനപ്രസ്ഥം എന്നീ നോവലുകളുടെ വിശകലനത്തിലൂടെ എം.ടിയുടെ പ്രതിച്ഛായയും പ്രത്യയശാസ്‌ത്രവും ലേഖകൻ അന്വേഷിക്കുന്നു. മഹാഭാരത ഇതിഹാസത്തെ കുടുംബപശ്ചാത്തലത്തിൽ ആഖ്യാനം ചെയ്യുമ്പോൾ സംഭവിക്കുന്ന പ്രശ്‌നങ്ങളെയാണ് ’രണ്ടാമൂഴം ആത്മരതിയുടെ ഭോഗഭൂമിക‘ എന്ന ലേഖനത്തിൽ വിശകലനം ചെയ്യുന്നത്.
സമകാലിക സൈദ്ധാന്തിക വിമർശനരീതിയോട് ചേർന്നും ഇടഞ്ഞും നിൽക്കുന്ന രചനകളാണ് ഈ പഠനസമാഹാരം. വിമർശനം ഒരു രാഷ്‌ട്രീയ-സാംസ്‌കാരിക പ്രക്രിയയാണെന്നുളള തിരിച്ചറിവാണ് ഈ പഠനഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്. സംവാദമണ്ഡലത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വായനക്കാരനെ നയിക്കാൻ ഈ പഠനം സഹായിക്കുന്നു.
സാഹിത്യം, ചരിത്രം, സംസ്‌കാരം-മാറുന്ന സമവാക്യങ്ങൾ (പഠനം), പി.എസ്.രാധാകൃഷ്‌ണൻ, 2005, കറന്റ് ബുക്‌സ്, വില – 60.00
Generated from archived content: book1_july14_05.html Author: rajesh_mr
Want to buy this
Please send online link