ഞാനെപ്പോഴും വൈകി വൈകിയോടുന്ന വണ്ടിയായി തോന്നിതുടങ്ങിയിട്ട് കാലമേറെയായി; അങ്ങനെയുള്ള വൈകലിലാണ് എഴുപത്തിനാല് കൊല്ലം മുമ്പ് ഒരു ഒക്‌ടോബർ മാസത്തിൽ, വളരെ ദാരിദ്ര്യത്തിലും കഷ്‌ടതയിലും അയിത്തത്തിലും ജൻമിത്തത്തിലും ജീവിക്കുന്ന മലയാളികൾക്കിടയിലേക്ക് ‘രമണൻ’ എന്ന ഒരു പുസ്‌തകം ഊർന്നിറങ്ങിയത്. വായിച്ചവർ വായിച്ചവർ പരസ്‌പരം പറഞ്ഞ് പറഞ്ഞ് എഴുപത്തിനാല് കൊല്ലത്തിനിപ്പുറം രമണന്റെ പുതിയ പതിപ്പ് 1980-ൽ ജനിച്ച് പത്താം തരം വരെ പഠിച്ച് പഠനം കഴിഞ്ഞ് പാരമ്പര്യതൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്ന എന്റെ കുഞ്ഞുമുറിയിലെ മേശപ്പുറത്ത് പ്രണയത്തിന്റെ വിശിഷ്‌ടമായ നിർവ്വികാരികതയോടെ രമണൻ ഇരിക്കുന്നത്. രമണൻ ഇറങ്ങുന്നതിന് മുമ്പും ശേഷവും പ്രണയവും പ്രണയഭംഗവുമുണ്ടായി. ഏതിലുമെന്തോ വായനയുടെ ഒറ്റഇരുപ്പ് എന്ന ശ്രേഷ്‌ഠത കൈവരിക്കാൻ രമണനോളം വേറൊരു കാവ്യകൃതിക്കും കഴിഞ്ഞില്ല എന്ന സത്യം നമുക്ക് തുറന്ന് സമ്മതിക്കാം.
നന്ദിയംകോട്ടിൽ പഴയ പോലൊന്നും പ്രണയവും പ്രണയ വിവാഹവും നടക്കുന്നില്ലല്ലോ എന്ന് ഞാൻ നിരന്തരമോർക്കാറുണ്ട്. പണ്ടൊക്കെ നന്ദിയംകോട്ടിന് കിഴക്കുള്ള വലിയപറമ്പിലും, പിലാക്കാട്ടിരിയുമൊക്ക പ്രണയതാഴ്‌വരയായിരുന്നു. അങ്ങനെയങ്ങിനെ പ്രണയിച്ച് കല്യാണം കഴിച്ചവരെത്ര. കൃഷ്‌ണനും രാധയും സുകുമാരേട്ടനും ജയടീച്ചറും, ഭാസ്‌ക്കരേട്ടനും, പ്രേമയും, സന്തോഷും ഹയറുന്നിസയും, അങ്ങനെ പ്രണയജോഡികൾ ഒരുപാട്…..
പൈസക്കാരിപെണ്ണിന്റെ പ്രേമാഭ്യർത്ഥന കേട്ടപ്പോൾ ദരിദ്രനായ രമണൻ പറയുന്നതിങ്ങനെയാണ്‌ഃ-
തുച്ഛനാമെന്നെ നീ സ്വീകരിച്ചാഃ-
ലച്ഛനുമമ്മയ്‌ക്കുമെന്തു തോന്നും…?
അന്നേരം ചന്ദ്രിക പറയുന്നതിങ്ങനെയാണ്.
കൊച്ചുമകളുടെ രാഗവായ്‌പി-
ലച്ഛനുമമ്മയ്‌ക്കു മെന്തു തോന്നാൻ?
ഇന്നലെ രാത്രി കവിതയെഴുതാറുള്ള അലി ഫോൺ വിളിച്ചു പറഞ്ഞു. നമുക്കൊന്നും പ്രണയമില്ലാത്തത് വല്ലാത്തൊരുപ്രശ്‌നം തന്നെയാണെന്ന്. എത്രകാലമിങ്ങനെ ഒറ്റക്കെന്ന് കവി ധന്യയും ഫോണിലൂടെ സങ്കടം പറഞ്ഞു. നമ്മോളം ചേർന്ന് നിൽക്കാൻ ഒരാളുണ്ടാവുക എന്നത് വല്ലാത്തൊരു ഭാഗ്യം തന്നെയെന്ന് ഞാൻ അവരോട് പ്രതിവചിച്ചു. ഒരാഴ്‌ച മുമ്പ് തൃശൂർ കേരളവർമ്മ കോളേജിൽ പോയപ്പോൾ മുക്കിലും മൂലയിലുമായി കുനുകുനേ വർത്തമാനം പറഞ്ഞിരിക്കുന്ന ജോഡികളെ കണ്ടപ്പോൾ അസൂയയും ഒപ്പം സന്തോഷവും തോന്നി. അന്നേരം സൂപ്പർഹിറ്റായ ഒരു തമിഴ് സിനിമാഗാനം ഓർത്തു. ഡാഡിയും മമ്മയും വീട്ടിലില്ലാ എന്നു തൊടപോടാൻ ആരുമില്ല എന്നും പറഞ്ഞ് വിലപിക്കുന്ന ഒരു പെൺകുട്ടി. പുതിയ കാലം പുതിയ കുട്ടികൾ, പുതിയ പാട്ട്, പുതിയ ചിന്തകൾ പുതിയ സിനിമ. അങ്ങനെ ചിന്തിക്കുകയേ മാർഗ്ഗമൊള്ളൂ.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം.“ എന്ന് പാടാൻ ആര് തയ്യാറാണ്?
ഈ കുറിപ്പെഴുതുമ്പോൾ, മുറിയിലെ ജനാലയിലൂടെ പുറത്ത് നോക്കുമ്പോൾ സ്‌ഥിരമായി മുറ്റത്തിനപ്പുറത്തെ റോഡിലൂടെ കോളേജിൽ പോകുന്ന പെൺകുട്ടി. സുന്ദരിയൊന്നുമല്ല. എങ്കിലുമെന്തോ എനിക്കൊരിഷ്‌ടം. കുറച്ച് മാസങ്ങൾക്കു മുമ്പ് അവളെ നേരിട്ട് കാണാനിടവന്നപ്പോൾ തുറന്ന് പറയുകയും ചെയ്‌തു. അവളോട് ഇഷ്‌ടമാണ് എന്ന് പറയുമ്പോൾ എന്റെ ശബ്‌ദം വിറച്ചിരുന്നു. അവൾ വളരെ കൂളായി പറഞ്ഞു. അങ്ങിനെ കാണാനാവില്ല എന്നും ഒരു ഏട്ടനെപോലെയേ കാണാനാകൂ എന്നും എങ്കിൽ ഒ.കെ, പറഞ്ഞത് തിരിച്ചെടുത്തു, മാപ്പ് എന്ന് പറഞ്ഞു. ഒരു സിനിമയിൽ ശ്രീനിവാസൻ പാർവ്വതിയോട് ഇങ്ങനെ പറയുന്നുണ്ട്. കാണാൻ ചന്തമില്ലെങ്കിൽ ഏട്ടനും സഹോദരനുമൊക്കെയെന്ന്. അതൊക്കെ പോട്ടെ നമ്മൾ പറഞ്ഞു വന്നത് രമണനെകുറിച്ചാണ്. ഇങ്ങനെയൊരു കാവ്യമെഴുതിയ ചങ്ങമ്പുഴയോട് തീർത്താൽ തീരാത്ത കടപ്പാട് നമുക്ക് ഓരോരുത്തർക്കുമുണ്ട്.
Generated from archived content: essay1_oct23_10.html Author: rajesh_koottanadu
Click this button or press Ctrl+G to toggle between Malayalam and English