വേനൽ കത്തികയറുകയാണ്. പുറത്തേക്കിറങ്ങിനടക്കാൻ തന്നെ പേടിതോന്നുന്നു. തെളിഞ്ഞ ആകാശം പകലിനെ അടയാളപ്പെടുത്തികൊണ്ടിരുന്നു. ഇടക്കിടെ പൊടിക്കാറ്റ് അടിച്ചുകയറി. പണിസ്‌ഥലത്തും വീട്ടിലും ബൈക്കിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടയിൽ കണ്ണുകലങ്ങി. ചുണ്ടുകൾ വരണ്ട്‌പൊട്ടി റോഡിലൂടെ വലിയ ലോറികളിൽ ആനകൾ പൂരപറമ്പുകളിലേക്ക് മുറുമുറുപ്പോടെ സഞ്ചരിച്ചു. വള്ളുവനാട്ടിലെ ഓരോ പൂരകമ്മറ്റിക്കാരും അവർക്ക് കഴിയാവുന്നവിധം ആനകളുടെ കൂറ്റൻ ഫ്ലക്‌സ്‌ബോർഡുകൾ റോഡരികുകളിൽ സ്‌ഥാപിച്ചു. തരക്കേടില്ലാതെ ആനകൾക്ക് ഗജരാജപ്പട്ടവും, ഗജകേസരിപ്പട്ടവും, ഗജരത്‌നപുരസ്‌കാരവും ഇനിയും പേരറിയാത്ത എന്തൊക്കെയോ നൽകി ആളും ആരവവും മുഴക്കി. മനുഷ്യൻമാരല്ലേ എന്താച്ചാ ആയിക്കോട്ടെ എന്ന് ആനകളും വിചാരിച്ചു.
പൂരക്കാലത്ത് ഇറച്ചികടകളും മദ്യശാലകളും കൂടുതൽ സജീവമായി. കിണറുകൾവറ്റി. വെള്ളത്തിന്റെ പേരിൽ കേരളവും തമിഴ്‌നാടും പോരിനിറങ്ങിയപോലെ, പൊതുപൈപ്പിന് ചുവട്ടിൽ പെണ്ണുങ്ങൾ മുടിയഴിച്ചിട്ട് കലമ്പി. ഈ കാര്യത്തിൽ എന്റെ അമ്മയും രണ്ട് വല്യമ്മമാരും മോശക്കാരൊന്നുമായില്ല. വേനൽ മറ്റു സ്‌ഥലങ്ങളെപോലെ നന്ദിയം കോട്ടിലും അതിന്റെ പ്രഭാവം വർദ്ധിപ്പിച്ചു. ഈ വേനലിലാണ് ഞാൻ ചെർപ്പുളശ്ശേരിയിൽ നിന്ന് ആറുകിലോമീറ്റർ അപ്പുറം ടൂറിസ്‌റ്റ്‌കേന്ദ്രമായ അനങ്ങൻ മലയുടെ ചുവട്ടിലുള്ള കീഴൂർ സെന്ററിലുള്ള മരിച്ച് പോയ ആശാരികറുപ്പന്റെ ഏഴുമക്കളിൽ ഇളയതായ ശാലിനിയെ പെണ്ണുകാണാൻ പോയത്. പെണ്ണ് കാണൽ സമ്പ്രദായം എനിക്കൊരിക്കലും പൊരുത്തപ്പെടാൻ പറ്റാത്തരീതിയായിരുന്നു. ഞാനതിനോട് നിരന്തരം കലഹിച്ചു. പഴയ രീതിയിലുള്ള ഈ രീതിക്ക് ഞാനെതിരാണ് എന്ന് പറഞ്ഞു നടന്നു. കേട്ടവർ കേട്ടവർ വിചാരിച്ചു ഇവനേതോ ഒരു പെണ്ണ് ലൈനുണ്ടാകണം. ആ ധൈര്യത്തിൽ പറയുന്നതാണിത്. അവരൊക്കെ എന്റെയൊരു ഒളിച്ചോട്ടവും പ്രതീക്ഷിച്ചിരുന്നു. സത്യം പറയാലൊ എനിക്ക് ഒരു പെണ്ണിനെ പ്രേമിക്കാനും തട്ടിക്കൊണ്ടുവരാനൊന്നുമുള്ള കഴിവുണ്ടായിരുന്നില്ല.
നീ പോയ
വഴിയിലൊരിടത്തും
എന്നെക്കുറിച്ചുള്ള
ഗദ്‌ഗദമിറ്റിയിട്ടില്ലെന്നുറപ്പ്
പക്ഷേ?
എന്തുകൊണ്ടെന്നറിയില്ല
നിന്നെകുറിച്ചുള്ള
സ്‌പന്ദനം മാത്രമായിങ്ങനെ ഞാൻ
-മിടിപ്പ്-
ഒരാളെയും ഇതുവരെ പ്രേമിക്കാൻ പറ്റിയില്ലെങ്കിലും പ്രണയ കവിതകൾ കുറേ എഴുതിവച്ചു. ഇനി ഏതെങ്കിലുമൊരു കാലത്ത് വല്ല പ്രണയവും വന്നാൽ ഇതെടുത്ത് നീട്ടാമല്ലൊ എന്ന് വിചാരിച്ചു.
ശാലിനിയെ കാണാൻ പോകുമ്പോൾ ഞാൻ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഇത് അവസാനത്തേതാണ്. ഒരു പത്ത് നൂറ് കുട്ടികളെ ഇതുവരെ കണ്ടിട്ടുണ്ടാകണം. ചിലരെ പിടിച്ചില്ല. ചിലത് ജാതകം ശരിയായില്ല. ജാതകം ശരിയായതും പെണ്ണിനെ ഇഷ്‌ടപ്പെട്ടതുമായത് പെണ്ണിന് എന്നെ ഇഷ്‌ടപ്പെട്ടില്ല. ഇത്‌കൂടി ശരിയായില്ലെങ്കിൽ ഏതെങ്കിലും കവിതയൊക്കെ എഴുതുന്ന ജാഡസെറ്റപ്പുകളോട് എന്റെ കാര്യമങ്ങ് പറയും. പറ്റുന്നവർ പോരട്ടെ. ബുദ്ധിജീവിജാഡകൾക്ക് ഒരു പ്രശ്‌നമുണ്ട്. അവർ വല്ലാത്ത സ്വാതന്ത്ര്യമങ്ങ് എടുത്ത് ഉപയോഗിക്കും ജീവിതത്തിൽ ക്ഷമ തീരെ ഉണ്ടാകില്ല. വെട്ടൊന്ന് മുറി രണ്ട് എന്ന രീതി. എഴുത്തിൽ പ്രണയാർദ്രത കാണിക്കുമെങ്കിലും ജീവിതത്തിൽ ആ സാധനം ഉണ്ടാകില്ല. എന്നാലും കുഴപ്പമില്ല. ജീവിതമാകുമ്പോൾ ഒരു പെണ്ണ് വേണമല്ലോ? ഏതോ അടുക്കളയിൽ മീൻ നന്നാക്കുന്ന പെണ്ണിനെക്കുറിച്ച് നിരന്തരം എഴുതി. അതൊക്കെവായിച്ചിട്ടെങ്കിലും മീൻ ഭ്രമക്കാരിയായ ഒരു പെണ്ണ് എന്റെ മൊബൈലിലേക്ക് വിളിക്കുമെന്ന് കരുതി അതും ഉണ്ടായില്ല. ശാലിനിയെ ഒറ്റനോട്ടത്തിൽ എനിക്കു പിടിച്ചു. ജാതകവും ഓക്കെ വീട്ടുകാരും വലിയ തരക്കേടില്ല എന്ന് പറഞ്ഞു. കാര്യങ്ങൾ പതിയെ മുന്നോട്ട് നീങ്ങി. കാര്യങ്ങൾ ചടങ്ങുകളിലേക്ക് കടക്കുന്നതിന് മുമ്പ്‌തന്നെ മൂന്ന്‌തവണ ഞാൻ ശാലിനിയുടെ വീട്ടിൽ കാണാൻ പോയി. മൂന്ന് തവണ അവരുടെ വീട്ടിൽ നിന്നും എന്നെ കാണാൻ നന്ദിയം കോട്ടിലേക്കും വന്നു. അപ്പോഴേക്കും മാസം രണ്ടു കഴിഞ്ഞു.
ഇതിനിടക്ക് ഞങ്ങൾ വിളിക്കാനും എസ്.എം.എസ് അയക്കാനും തുടങ്ങി. ഞങ്ങൾ അറിയാതെ ഞങ്ങൾക്കിടയിലേക്ക് പ്രണയം എത്തിനോക്കികൊണ്ടിരുന്നു. മകരം ലാസ്‌റ്റിൽ ഒരു ഞായറാഴ്‌ച വിവാഹത്തിന്റെ ഔദ്യോഗിക ഉറപ്പെന്നനിലയിൽ ശാലിനിയുടെ വീട്ടിൽ നിന്ന് മുപ്പത്‌പേർ നന്ദിയംകോട്ടേക്കുവന്നു. ഇവിടെ ക്ഷണിച്ചുവരുത്തിയ ബന്ധുക്കളും കുടുംബക്കാരും സുഹൃത്തുക്കളും മുന്നൂറ് പേരുടെ ചെറിയ സൽക്കാരം അത് ഭംഗിയായിനടന്നു. ഇനി മാർച്ച് 26ന് ഞങ്ങൾ ശാലിനിയുടെ വീട്ടിലേക്ക് പോകും. അവിടെ നിന്ന് ശാലിനിയുടെ ജാതകം ഞങ്ങൾ വാങ്ങും. പിന്നെ ജാതകം എന്റെ വീട്ടിലിരിക്കും. ഒരു പെൺകുട്ടിയുടെ ജാതകം അവളുടെ ജീവിതം തന്നെയാണ്. അവളുടെ ഭാഗ്യം അതിൽ അടങ്ങിയിരിക്കുന്നു എന്ന് എല്ലാവരും വിശ്വസിക്കുന്നു. ജാതകം വാങ്ങുമ്പോൾ പെൺകുട്ടിയുടെ കയ്യിൽ ചെക്കൻ വീട്ടുകാർ അധികാരചിഹ്‌നമായി സ്വർണ്ണത്തിന്റെ വള ഇട്ടുകൊടുക്കും. ഇനി മുതൽ ശാലിനി നന്ദിയം കോട്ടിലേതാണ്. എങ്കിലും കല്യാണത്തിന് നാലഞ്ച് മാസം കാത്തിരിക്കണം. എല്ലാം പെട്ടെന്നാകണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല പണമാണ് പ്രശ്‌നം. കടം ചോദിക്കാനാരുമില്ലാത്ത അവസ്‌ഥ. വീട്ടിലാരും സഹായിക്കാനുമില്ല. പെൺകുട്ടിയുടെ കല്യാണമാണെങ്കിൽ ആരോടെങ്കിലും ചോദിക്കാം. ഇത് ചെക്കനല്ലേ. ഇത്രനാളും എവിടേർന്നു എന്ന് മറുചോദ്യമുണ്ടാകും. അതുകൊണ്ട് നാണംകെടാൻ വയ്യ. എവിടുന്നേങ്കിലും മോഷ്‌ടിച്ചിട്ടാണെങ്കിലും കാശുണ്ടാക്കുക തന്നെ. ശാലിനിയുടെ വീട്ടുകാരും കാശിന്റെ കാര്യത്തിൽ കഷ്‌ടപ്പെടുന്നൂ എന്ന് അറിയാം. അത് അറിഞ്ഞ് ഞാൻ ശാലിനിയോടു പറഞ്ഞു. നമുക്ക് ഒളിച്ചോടാമെന്ന്. എന്തോ ഞാൻ കാര്യമായി പറഞ്ഞത് അവൾ വിലക്കെടുത്തേയില്ല. അല്ലെങ്കിലും കാശില്ലെങ്കിലും അഭിമാനം മലയാളികൾക്ക് ഇഷ്‌ടംപോലെ ഉണ്ടല്ലോ? ഈ ദുരഭിമാനം വച്ച് നമ്മൾ എത്രകാലം ജീവിക്കും! ഞാൻ കാശിന് ഇനി എന്തുചെയ്യും? ഒരെത്തും പിടിയും കിട്ടുന്നില്ല. എന്റെ സങ്കടം മുകളിൽ നിന്നൊരാൾ കാണുന്നുണ്ടെന്ന് കരുതുകതന്നെ. രാത്രി ഈ വൈകിയ വേളയിലും ഉറങ്ങാതെ ശാലിനി മൊബൈലിലേക്ക് മെസേജ് അയച്ചുകൊണ്ടേയിരിക്കുന്നു. തിരിച്ച് ഞാനും അയക്കുന്നുണ്ട്. ഇതുതന്നെയായിരിക്കണം പ്രണയം അല്ലേ?
Generated from archived content: essay1_mar30_11.html Author: rajesh_koottanadu