മഴയില്ലാത്തദിനങ്ങളിൽ നമ്മൾ വിയർപ്പിനാൽ നനയും എന്ന് മൊബൈൽ സന്ദേശമയക്കണമെന്ന് കരുതിയതാണ് മറന്നുപോയി. കുറച്ച് കാലമായി മൊബൈൽ സന്ദേശമയക്കാൻ കിട്ടിയ കൂട്ടുകാരിയായിരുന്നു ഹരിത എന്ന കവിസുഹൃത്ത്. സെൽഫോൺ അഭിനിവേശം കൂടുന്നു എന്ന പാരാതിയുടെ മേൽ അവളുടെ അച്ഛൻ വിലക്കേർപ്പെടുത്തി. കുറച്ചായി ഹരിത വിളിക്കാറേയില്ല. ഇടക്കൊക്കെ തപാൽക്കാരൻ കൊണ്ടുവരുന്ന കത്തുകളിൽ അവളുടെ സാന്നിദ്ധ്യമറിഞ്ഞു. മുൻപൊക്കെ കത്തെഴുത്ത് സ്‌ഥിരമായിരുന്ന കാലത്ത് വയനാട്ടിലെ, കഥകൾ എഴുതിയിരുന്ന സോണിയായിരുന്നു സ്‌ഥിരം സുഹൃത്ത്. ഒരു നാൾ കർണ്ണാടകയിലെ മാനസ്സഗം ഗോത്രിയിൽ ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന് പഠിക്കുന്നകാലത്ത് അവൾ വിളിച്ചുപറഞ്ഞു. നിന്റെ ഭാഷ നന്നാകുന്നു എന്നും, നിരന്തരമെഴുതുക എന്നും. അതൊക്കെ പണ്ടാണ്. അതിന് ശേഷം വർഷമെത്രകഴിഞ്ഞു. സോണിയ രണ്ട് വർഷം മുമ്പ് സ്‌നേഹിച്ച യുവാവുമായി വീട്ടുകാരുടെ താൽപര്യപ്രകാരം തന്നെ കല്യാണം കഴിച്ച് സുഖമായി കഴിയുന്നു…..
പുറത്ത് ആകാശത്ത് നക്ഷത്രങ്ങൾ, മേലാകെ പൊതിഞ്ഞ് തണുപ്പ്. മകരത്തിൽ മരം കോച്ചുന്ന തണുപ്പാണ്. ഈ രാത്രിയിൽ വർത്താനം പറഞ്ഞിരുന്നാൽ തണുത്തുറഞ്ഞുപോകും. കാലത്തെണീറ്റ് എണ്ണക്കുപ്പി നോക്കിയാൽ ഉറഞ്ഞുപോയ എണ്ണ. ഈ തുണുപ്പിലും പീടികവരാന്തയിലും ബസ്‌സ്‌റ്റാന്റിലും പുതപ്പൊന്നുമില്ലാതെ സ്വസ്‌ഥമായുറങ്ങുന്ന അഭയാർത്ഥികൾ. വഴിപോക്കർ, ഭിക്ഷക്കാർ, അവർക്ക് തണുപ്പേയില്ല. അവർക്ക് വാതം പിടിച്ച് ഒരു ഭാഗം കുഴഞ്ഞുപോയില്ല. ചുണ്ടും തൊലിയും വരണ്ടുപോയില്ല.
2
കവിത ഉതിർന്നുവരുന്നില്ലല്ലോയെന്ന് സങ്കടപ്പെടുമ്പോഴും മറ്റു കവിസുഹൃത്തുക്കളുടെ നല്ലകവിതകൾ വായിച്ചിട്ട് അസൂയപ്പെട്ടു. നിന്റെ ഗദ്യകവിതകൾ പദ്യമാക്കിയെഴുതികൂടെയെന്ന് സുഹൃത്തുക്കൾ നിരന്തരം അഭ്യർത്ഥിച്ചു. എങ്ങനെ പദ്യമെഴുതിയാലും അത് ഗദ്യമായിമാറുന്നതെന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടിയില്ല. ഒടുക്കം എന്റെ പൊട്ട ബുദ്ധിതന്നെ ഇതിന്റെയൊക്കെ കാരണമെന്ന് പതിവ് മറുപടി.
ഞാനെന്നോട് തന്നെ പറഞ്ഞു. എന്നിട്ട് ഇങ്ങിനെയൊരു കവിത കുറിച്ചു.
പുഴ ഉടലാകും
കടൽ അധ്വാനവും
മഷിവറ്റിയ പേനപോലെ ആകാശം.
കാലുകളിളകിയ കട്ടിലിൽ
മലർന്നുകിടക്കുമൊരു
കാൻസർ രോഗിപോലൊരുകുന്ന്
വേനൽപ്പൊള്ളിക്കും
നമ്മളെയെങ്കിൽ,
വിശറിയാകും
മുഴുവൻ മരങ്ങളുമെന്ന്
വെറുതേ കിനാവുകാണും.
നിശബ്‌ദരാക്കപ്പെട്ടവരുടെ
കൂട്ടത്തിൽ
എത്തിപ്പെടാതിരിക്കട്ടെയെന്ന്
പ്രാർത്ഥിക്കും
ഒരു പൂത്താങ്കീരിപക്ഷി.
എന്തുതന്നെയായാലും
നല്ല പ്രതീക്ഷയോടെ
സഖാക്കളെ മുന്നോട്ടെന്ന്
ഉറുമ്പുകൾ
എല്ലാസങ്കടങ്ങൾക്കിടയിലും നല്ല നല്ല പ്രതീക്ഷകളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നതെന്ന് മഹാത്മാക്കൾ പറഞ്ഞുതരുന്നുണ്ട്.
3
വല്ലാതെ ബോറടിക്കുന്ന ദിനങ്ങളിൽ തിരുമിറ്റക്കോട്ടെ കള്ളുഷാപ്പ് ലക്ഷ്യമാക്കി ബൈക്കിൽ യാത്രപോയി. പണിമാറ്റി കുളിച്ച് ഫ്രഷായി പത്തു കിലോമീറ്റർ അപ്പുറമുളള ഷാപ്പിലേക്ക് കള്ളുകുടിക്കാൻ പോകുന്നത് എനിക്കുതന്നെ അവിശ്വസനീയമായി തോന്നാറുണ്ട്. നന്ദിയംകോട്ടിലും, തൊട്ടയലത്ത് തൊഴുക്കാടും, കൂറ്റനാടു കള്ളുഷാപ്പുകൾ ഇല്ലാഞ്ഞിട്ടൊന്നുമല്ല. പിന്നെയെന്ത് തിരുമിറ്റക്കോട്ടെ ഷാപ്പെന്ന് ഓർത്തുനോക്കുമ്പോൾ ചില മുഖങ്ങൾ തെളിഞ്ഞുവരും. കൽപ്പടവിന് പോകുമെന്ന് പറയുന്ന പാണൻ മോഹനൻ, ആശാരിസുബ്രു, ചേന്നുനായർ, അങ്ങനെ പേരറിയാത്ത കുറേപേർ ഇനിയും, എപ്പോഴും നിരന്തരമെല്ലാവരോടും കയർക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പാണൻ മോഹനൻ എന്നെ ആശ്ചര്യപ്പെടുത്തി. ഒറ്റരുത്തുമ്മലിൽ തെറിച്ച്‌പോകുന്ന അയാൾ എന്ത് ധൈര്യത്തിലാണീ വെല്ലുവിളിയെന്നോർത്തു.
വെല്ലുവിളികൾ ഉണ്ടാകുന്നതെങ്ങിനെയാണ്.? ചിന്തിച്ചിരിക്കാൻ ഏതു വിഷയവും രസകരമാണ് എപ്പോൾ വേണമെങ്കിലും മരിച്ച് പോകാവുന്ന നമ്മൾ എന്ത് ധൈര്യത്തിലാണ് മറ്റൊരാളെ വെല്ലുവിളിക്കുന്നതും നിന്നെ ഞാൻ കൊന്ന് കൊലവിളിക്കുമെന്നൊക്കെ വീരവാദം മുഴക്കുന്നത്. മരണം നമുക്ക് മുമ്പിൽ ഒരു സൂഷ്‌മ മാപിനിപോലെ എപ്പോഴും ഉണ്ടാകുന്നു. നമ്മുടെ മിടിപ്പുകളെ അടയാളപ്പെടുത്തികൊണ്ടിരിക്കുന്നു.
4
വല്ലാതെ മടുക്കുമ്പോഴൊക്കെ കവിത മുരടനക്കമായി അരികിലേക്ക് വന്നുകൊണ്ടേയിരുന്നു. എന്നിട്ട് അജ്ഞാതമായ ജീവിതങ്ങളെ വരച്ചിടാൻ നിരന്തരം പ്രലോഭിപ്പിച്ചു. ആരാണ്& എന്നെയും& നിന്നെയും & തിരഞ്ഞുക്കൊണ്ട്യിരിക്കുന്നത്& താഴിട്ടവാക്കുകളിൽ& നാം അറിയാതെ & പരസ്‌പരം തിരയുന്നപ്രണയമാകുമോ?& ഇങ്ങനെയൊക്കെ കവിതകയറിവന്നു. ആർദ്രതയാണ് കവിതയുടെ മുഖമുദ്ര എന്ന് തോന്നാറുണ്ട് വരണ്ട മനസ്സുകളിലേക്ക് മഴ നനഞ്ഞ പോലെയോ മഞ്ഞിൻ കിനിവുപോലെയോ ആയിരിക്കാം കവിത വരുന്നത്. മുന്നോട്ട് മുന്നോട്ട് എന്ന് നിരന്തരം കവിത അടയാളപ്പെടുത്താറുണ്ട്.
ഓരോരുത്തർക്കുമിടയിൽ കിടന്ന് വീർപ്പുമുട്ടുന്ന വിശുദ്ധവാക്കുകളൊക്കെ കവിതയായി ഊർന്നിറങ്ങിയെങ്കിൽ എന്താകും ഇവിടുത്തെ അവസ്‌ഥയെന്നോർത്ത് ഞാൻ ആശ്ചര്യപ്പെടാറുണ്ട്. ഓരോ അസ്വസ്‌ഥതയും ഓരോ കവിതതന്നെയെന്നും ഓരോ ജീവിതവും ഓരോ മഹാകാവ്യമെന്നും സങ്കൽപ്പിച്ച് നമ്മൾ മുന്നോട്ട് പോവുക തന്നെ.
Generated from archived content: essay1_feb21_11.html Author: rajesh_koottanadu