മടുപ്പ്
മടുത്ത് മടുത്ത് പോകുന്ന ജീവിതയാത്ര.
പ്രത്യാശഭരിതം എന്ന് പറയാൻ തക്കതായ സംഭവവിശേഷണങ്ങളൊന്നും മുപ്പതു കൊല്ലത്തെ ജീവിതത്തിൽ സംഭവിച്ചില്ല. കവിതയെഴുതിയിട്ട് ഒന്നും സംഭവിച്ചില്ല എന്ന് അയ്യപ്പൻ കാണിച്ചുതന്നു. പണിയെടുത്തും ഒന്നും സംഭവിക്കില്ല എന്ന് അച്ഛനും കാണിച്ചു. പ്രണയിച്ചിട്ടില്ലാത്ത ജീവിതത്തിൽ ഇനി അതുകൊണ്ടും ഒന്നും സംഭവിക്കാനില്ല എന്ന് സുഹൃത്തുക്കളും കാണിച്ചുതരുന്നു. കുറേപണമുണ്ടാക്കിയവരൊക്കെ മരിച്ച് പോകുമ്പോൾ അതുകൊണ്ടുപോകാത്തതുകൊണ്ട് ആ സാധ്യതയും മങ്ങിപ്പോയി. മഴ വരുന്നു. ഞാൻ ഉമ്മറത്തേക്ക് വന്ന് മുറ്റത്തേക്ക് നോക്കിനിന്നു. ഒരു പതിനെട്ടുകാരിപെൺകുട്ടി റോഡിലൂടെ കുടചൂടിപ്പോയി. മഴ പിന്നെയും ശക്തികൂട്ടി പെയ്‌തു.
പല രാത്രിയുറക്കത്തിലും ശക്തമായ കാറ്റ് സ്വപ്‌നം കണ്ടു. വീടിന്റെ മേൽവിരിച്ച ഓടുകൾ കാറ്റെടുത്ത സ്വപ്‌നങ്ങൾ ശിഖരങ്ങൾ ഒടിഞ്ഞ മരങ്ങൾ പൊഴിഞ്ഞ് മുറ്റം നിറയെ വാകമരപൂക്കൾ. പകലിൽ മുറ്റമടിക്കുന്ന അമ്മ. കാറ്റെടുത്ത യൗവ്വന കിനാവുകൾ. പ്രത്യാശയുടെ പകലിരമ്പം ഇല്ലാതെ ഞാൻ. ഇതിനൊക്കെയിടയിൽ സൂര്യൻ ഓരോപകലുകളേയും നവീകരിച്ചുകൊണ്ടിരുന്നു. ഇടക്കൊക്കെ കവിതയെഴുതാൻ തോന്നി. ജീവിച്ചിരിക്കുമ്പോൾ മരണത്തിലേക്ക് പോയി മടങ്ങിവരാൻ കവിതകൊണ്ട് സാധിക്കുന്നു എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. കണ്ടെത്തലുകളില്ലാതെ എന്താണ് ജീവിതം.
നൻമതിൻമകളുടെ പഴം കഴിച്ചതിന് ശേഷം എന്തൊക്കെ കണ്ടെത്തലുകളാണ്? ഇപ്പോൾ ഞാനൊരു പെൺകുട്ടിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കണ്ടെത്തുമോ? അറിയില്ല. ഇലകളില്ലാത്ത മരങ്ങൾ. കാറ്റെടുത്തമരങ്ങൾ, കാറ്റെടുത്ത ഇലകൾ, കാറ്റെടുത്ത പൂക്കൾ. അവയൊക്കെ എവിടെ? നന്ദിയം കോട്ടിൽ നിന്ന് പുരാതനമായൊരു നഗരം എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. പോകണം എന്റെ അജ്ഞാതമായ വാക്കുകൾകൊണ്ട് നഗരത്തെ സ്‌നാനം ചെയ്യണം. സ്‌നേഹത്തിന്റെ ചിഹ്‌നങ്ങൾ നഷ്‌ടപ്പെട്ടിട്ടില്ല എന്നറിയിക്കണം. ഒരുമിച്ച് ആത്മഹത്യചെയ്‌ത കമിതാക്കളുടെ കുഴിമാടത്തിനരികെ മൗനത്തിന്റെ ഭാഷയിൽ കുമ്പസാരിക്കണം. അന്നേരം ഡിസംബറിലെ തണുപ്പിനെപ്പറ്റി അവർ വാതോരാതെ സംസാരിച്ചുകൊണ്ടേയിരിക്കും. ആ വർത്തമാനങ്ങൾ ഞാൻ മിണ്ടാതെ നിന്ന് കേൾക്കും.
ഓർമ്മകളുടെ കുറിപ്പുകളെഴുതാനിരുന്ന് ഒന്നും ഓർമ്മയില്ലാതായി. ആതിര മാത്രം ഓർമ്മകളിലിങ്ങനെ തങ്ങിനിന്നു.
നീ പോയ
വഴികളിലൊരിടത്തും
എന്നെ കുറിച്ചുള്ള ഗദ്‌ഗദമിറ്റിയിട്ടുണ്ടായില്ല.
എന്നുറപ്പ്;
പക്ഷേ
എന്തുകൊണ്ടെന്നറിയില്ലല്ലോ?
നിന്നെ കുറിച്ചുളള സ്‌പന്ദനം മാത്രമായിങ്ങനെ ഞാൻ. (മിടിപ്പ്)
എന്ന് കവിതകുറിച്ചു. എങ്ങിനെ തിരിച്ച് നടന്നാലും കവിതകളൊക്കെ പ്രണയത്തിലേക്ക് വഴുതി വീണു ആഗ്രഹങ്ങളുടെ തിര.
ഇപ്പോൾ മുറ്റത്ത് നിന്നിട്ട് എന്റെ ബദാം മരത്തിന് മേലുള്ള ആകാശത്തെമാത്രം സ്വപ്‌നം കാണുന്നു. സ്വപ്‌നം കണ്ടതൊക്കെ വെറുതെ. സ്വപ്‌നം കാണുന്നവരൊക്കെ ജീവിച്ച് കൊതിതീരാതെ മരിച്ചുപോകുമോ? മഞ്ഞുകാലങ്ങളിൽ നന്ദിയം കോട്ടേക്ക് വിരുന്ന് വരാറുള്ള ഹിമാലയൻ ബുൾബുൾ പക്ഷി ഇന്നെവിടെ? നീണ്ട് നീണ്ട് പോയ വാലുമായി കാറ്റുകണക്കെ മരക്കൂട്ടങ്ങൾക്കിടയിലൂടെ രണ്ടു പക്ഷികൾ ഒന്ന് വെളുപ്പും ഒന്ന് ചുവപ്പ് കലർന്ന ചാരനിറവും. ഹിമാലയൻ പ്രണയ ജോഡികൾ. കാറ്റുകണക്കെയൊരു ജീവിതം.
ഡിസംബർ, ക്രിസ്സ്‌മസ്സ്, തണുപ്പ്, ആശംസാകാർഡുകളുമായി തനിച്ചിരിക്കുന്ന ഒരു കുട്ടി. മഞ്ഞുപെയ്യുന്ന രാത്രിയിൽ കരോൾഗാനം. നന്ദിയം കോട്ടിൽ പുൽക്കൂടൊരുക്കാറ് ചിക്കുവിന്റെ വീട്ടിൽ മാത്രമാണ്. ക്രിസ്‌ത്യാനികൾ ഇവിടെ നന്നേ കുറവ്. ചിക്കുവിന്റെ വീട്ടുകാർ ക്രിസ്‌ത്യാനികളല്ലായിരുന്നു. എന്നിട്ടും അവർ നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂടൊരുക്കിയും നന്ദിയംകോട്ടിൽ മറ്റൊരു ബത്‌ലഹേം പുനഃസൃഷ്‌ടിച്ചു.
പണ്ടൊക്കെ ഓരോ ഡിസംബറിലും ആശംസാകാർഡുവാങ്ങി വയനാട്ടിലെ സോണിയക്ക് അയച്ചു കൊടുത്തിരുന്നു. അതൊക്കെ ഇപ്പോൾ എസ്.എം.എസ്. ആശംസകളായി. അതിനുമുപരി ഞങ്ങൾ വള്ളുവനാട്ടുകാർ തിരുവാതിര ആഘോഷിച്ചു. ധനുമാസത്തിലെ തിരുവാതിരനാളിൽ കൂന്മപ്പായസവും, കാവത്ത് പുഴുക്കും വയറുനിറയെ കഴിച്ചു. പെണ്ണുങ്ങൾ തിരുവാതിര തലേന്ന് വട്ടമിട്ടിരുന്ന് നൂറ്റെട്ട് വെറ്റില മുറുക്കിതീർത്തു. പിന്നെ പുലർക്കാലത്ത് കൊടും തണുപ്പിൽ ചൂട്ട് കത്തിച്ച് കുളത്തിൽപോയി തുടിച്ചുകുളിച്ചു തിരുവാതിരപ്പാട്ടുകൾ പാടി. തിരുവാതിര രാത്രി ശിവന്റെ ഭൂതഗണങ്ങളായ ചപ്പില ചോഴികൾ ശ്രീപാർവ്വതിയെ അന്വേഷിച്ച് വീടായ വീടൊക്കെ കറങ്ങിനടന്നു.
ആഘോഷങ്ങളുടെ അടുക്കടുക്കകളുമായി ദിനങ്ങൾ തീർന്നു പോകുന്നു. മഴയും മഞ്ഞും ചൂടും ഇക്കുറി ഒരുമിച്ചാണ്. എന്ത് പ്രതിഭാസമാണിത്. ജലം, കാറ്റ്, സൂര്യൻ, ചന്ദ്രൻ എല്ലാവരും മൗനത്തിലാണിപ്പോൾ. ആവർത്തനങ്ങളിൽ അവർക്കും താൽപ്പര്യമില്ലാത്ത മട്ട്.
“നോക്കി നോക്കി നിൽക്കേ
പഴയ എടുപ്പുകൾ
അപ്രത്യക്ഷമായും
ഉയർത്തെഴുന്നേറ്റും
ആശ്ചര്യപ്പെടുത്തികൊണ്ടിരിക്കും.”
“നഗരം
തിരയുകയാണ് പഴമകളെ
വിറകൊണ്ട പഴയ ഓർമ്മകളെ
എന്നെ നിന്നെ….”
കവിതകളുടെ വരവും പോക്കുമൊന്നും പറയാൻ പറ്റില്ലല്ലോ?
Generated from archived content: essay1_dec27_10.html Author: rajesh_koottanadu