കാറ്റിലെ ഇലയനക്കത്തിന്റെ ചന്തത്തെ കണ്ടിട്ടുണ്ടോ?
ചെറുകാറ്റിനെ ഇക്കാണും ഇലകളൊക്കെ പ്രണയിക്കുന്നുണ്ടാകണം. കാറ്റിനോട് കൊച്ചുവർത്തമാനം പറയുന്നതിന്റെ നേർത്ത മൂളക്കങ്ങൾ. പരിചിതനായ സുഹൃത്ത് അടുത്തിരുന്ന് ശാന്തിയുടെ മന്ത്രങ്ങൾ ഉരുവിടുംപോലെ ഇലയനക്കങ്ങൾ കാതിൽ വന്നണയും. പ്രകൃതി നമ്മളിൽ നടത്തുന്ന സ്‌നേഹാദ്രമായൊരു തഴുകൽ. എന്റെ മുറ്റത്ത് ഏത് വേനൽ പിടുത്തങ്ങളേയും അതിജീവിച്ച് ബദാം മരം, ഒട്ടുമാവ്, പ്ലാവിൻതൈയ്യ് ഇവയൊക്കെചേർന്ന് സ്‌നേഹത്തിന്റെ വിശുദ്ധകാറ്റ് ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് കാറ്റിനൊപ്പം മഴവന്ന് കരിമ്പനകളിൽ കലമ്പലുണ്ടാകുന്ന ശബ്‌ദം ഭീതിയോടെ കേട്ടുകിടക്കും. കരിമ്പനകളിങ്ങനെ ഇളകിയാടുമ്പോൾ അതിന് മേലെ താമസമാക്കിയ യക്ഷികളൊക്കെ എന്ത് ചെയ്യുമെന്ന് ഓർത്ത് വ്യാകുലപ്പെട്ടു. നന്ദിയംകോട്ടിൽ വീടിന്റെ മുമ്പിലായി ഒഴിഞ്ഞ തൊടിയിൽ തല ഉയർത്തി നിന്നിരുന്ന കരിമ്പനകളൊക്കെ ബുൾഡോസറിന്റെ അക്രമണത്തിൽ നിലം പരിശായി. ആ ഇടങ്ങളിൽ പുതുപുത്തൻ വീടുകൾ വന്നു. പ്രായവും പക്വതയും രേഖപ്പെടുത്താത്ത കരിമ്പനകൾ ഓർമ്മകൾ മാത്രം അവശേഷിപ്പിച്ചു. കല്യാണം കഴിച്ച് എന്റെ പെണ്ണുമായി ഇരട്ട കരിമ്പനകളെ ചാരി ഒരു നിശ്‌ചലദൃശ്യം പകർത്തണമെന്ന ആഗ്രഹം ഒരിക്കലും നടക്കാത്ത മറ്റാഗ്രഹങ്ങൾ പോലെത്തന്നെയായി.
തലേന്ന് രാത്രി
മഴപെയ്‌തെന്ന്
പ്രഭാതത്തിൽ
ഇലകളിൽ നിന്നാണ്
ഞാനറിഞ്ഞത്.
കൊഴിഞ്ഞുവീണ
കരിയിലകൾക്കുമീതെ
രാത്രിമഴയുടെ ധന്യത
കുളിർക്കാറ്റിൽ
ഇലച്ചാർത്തുകൾക്കൊപ്പം,
ഞാനും
ഈറനായി
രാത്രിമഴ എന്ന എന്റെ ആദ്യകവിത. മാതൃഭൂമിയുടെ കലാലയം പതിപ്പിൽ അച്ചടിച്ചുവന്നതിന്റെ തെളിഞ്ഞ ഓർമ്മ.
നന്ദിയംകോട്ടിലെ ഇടവഴികൾക്കൊന്നും ഇപ്പോഴും അധികം മാറ്റമെന്നും വന്നിട്ടില്ല. അമ്പാട്ടെ ഇടവഴിയും കപ്പുള്ളി ഇടവഴിയും നന്ദിയംകോടിന്റെ പൈതൃകമായിത്തന്നെ നിലകൊള്ളുന്നു. മഴക്കാലത്തെ ഇടവഴി പടർപ്പിലെ ആർദ്രത മനസ്സിനെ കുളിർമ്മകൊള്ളിക്കും. കുഞ്ഞുകുഞ്ഞു പരലുകൾ ഇടവഴിയിലേക്ക് കയറിവരും. അവയെ പിടിക്കാൻ കുട്ടിക്കാലത്ത് ചെറിയ ചെറിയ തടയണകൾ കെട്ടി വറ്റിയ വെള്ളത്തിലെ മീനുകളെ കുപ്പികളിലും താളിലകളിലുമായി കൊണ്ടുവന്ന് കിണറിന്റെ അഗാധതയിലേക്ക് പറഞ്ഞയക്കും. ഇടവഴിയുടെ വിശാലതയിൽ നിന്ന് കിണറിന്റെ ഇത്തിരിവട്ടത്തിലേക്ക്. പാവം മീനുകളെ ഒരു പറിച്ചുനടൽ. മീനുകളുടെ ലോകം വളരെ വലുത് തന്നെയായിരുന്നു. ഇടവഴിയിൽ നിന്ന് പാടത്തേക്ക്, പാടത്ത് നിന്ന് തോട്ടിലേക്ക് തോട്ടിൽ നിന്ന് പുഴയിലേക്ക്, പുഴയിൽ നിന്ന് അവക്ക് വേണമെങ്കിൽ കടലിലേക്ക്. അങ്ങനെയുള്ള മീനുകളെ പിടിച്ചാണ് മുറ്റത്തെ കിണറ്റിൽ ഇറക്കാറുള്ളതെന്നോർത്ത് ഇപ്പോൾ സങ്കടും വരുന്നുണ്ട്.
കാട്ടുകൈതയുടെ കട്ടിയിലയിൽ (നന്ദിയംകോട് കുന്നിൻമുകളിലെ) ഞാൻ എന്റെയും അവളുടേയും പേരുകൾ രണ്ട് ഇഞ്ച് ആണികൊണ്ട് അമർത്തി കോറിയിടുമായിരുന്നു. ജീവിതത്തിൽ ഒരിക്കലും അവളാ കുന്ന് കയറില്ലെന്നും ഞാനെഴുതിയത് കാണില്ലെന്നും അറിയാമായിരുന്നു. വർഷങ്ങളോളം പ്രണയത്തിന്റെ രസതന്ത്രം എന്നിൽ മാത്രം പ്രവർത്തിച്ചു. ഓരോ കാറ്റിലേയും ഇലയനക്കങ്ങളെ അവളുടെ പേരായി ഞാനെന്റെ ഹൃദയത്തിൽ കോറിയിട്ട കൈതയിലകൾ ഇപ്പോഴും ഉണ്ടോ ആവൊ? ഉണ്ടാകും. ഏറ്റവും അടിയിലായി പച്ചപ്പ് നഷ്‌ടപ്പെട്ട് ഉണക്കിയുണങ്ങി., എന്റെ ജീവിതംപോലെ തന്നെയാകണം. ഞാൻ കാത്തിരിക്കുകയാണവളെ, അവളിപ്പോഴും ഞാൻ ഇതുവരെ കാണാത്ത ഒരു നഗരത്തിൽ പ്രശസ്‌തമായൊരു കോളേജിൽ പഠിക്കുക തന്നെയാണ് അവിടെ അവൾക്ക് നിറഞ്ഞ സ്‌നേഹം കൊടുക്കാൻ ഒരു കാമുകൻ ഉണ്ടാകാതിരിക്കില്ലെന്നറിയാം. എന്തൊക്കെ പറഞ്ഞാലും എന്റെ മറവിയിടത്തേക്ക് അവളെ തള്ളാൻ എനിക്കെന്ത്‌കൊണ്ടോ കഴിയാതെ പോവുകയാണ്. വർഷങ്ങളായുള്ള എന്റെ പ്രണയത്തെ ഒറ്റവാക്കുകൊണ്ട്‌പോലും പറഞ്ഞറിയിക്കാൻ സാധിക്കാത്തതിന്റെ ഒരു വല്ലാത്ത സങ്കടം എന്നിൽ നിറഞ്ഞു തൂവുന്നുണ്ട്, പണ്ട് കോറിയിട്ട ഇലകളുടെ പച്ചപ്പിലേക്ക് പ്രണയപൂർവ്വം അവൾകയറിയവരില്ലെന്ന് ആരുകണ്ടു; ഭാഗ്യനിർഭാഗ്യങ്ങളുടെ ആക്‌സ്‌മികതയിലേക്ക് ഭാഗ്യമായികയറിവരുന്ന ഒരിലയായി ഞാനവളെ സങ്കല്‌പിക്കുന്നുണ്ട്. ഉണങ്ങിപോകുമെന്നറിയാമെങ്കിലും നമുക്ക് നൽകുന്ന ശുദ്ധ ഓക്‌സിജൻ പോലെ അവൾ. എന്റെ കാർബൺഡൈഓക്‌സൈഡ് സ്വീകരിച്ച് എനിക്ക് തലഉയർത്തിനിൽക്കാനുതകുംവണ്ണം ശുദ്ധവായുതരുമെന്ന് ഞാൻ സങ്കൽപ്പിക്കാറുണ്ട്.
അവൾ തരട്ടെ. പ്രതിക്ഷിക്കുക അല്ലേ?
Generated from archived content: column1_jun6_09.html Author: rajesh_koottanadu