മഴ പെയ്യുന്നു….. ഇടതൂർന്നമഴ, ചാറ്റൽ മഴ, പൊടിമഴ, പേരാറ്‌മഴ, നൂൽമഴ, ഇടയ്‌ക്ക് അപൂർവ്വമായി വീണുകിട്ടുന്ന രാത്രിയിലെ നിലാവ്‌മഴ. കർക്കിടകത്തിലെ കരിമഴ, വെയിലും മഴയുമായി മഴവില്ലുമഴ. മഴതോർന്നാലോ, മരമഴ…….
മഴയുടെ ചന്തത്തെ ശ്രദ്ധിക്കാൻ പോയാൽ പിന്നെ അതിനേ നേരമുണ്ടാകൂ; എന്നിട്ടും പണിയെടുക്കുന്ന പകലുകളിൽ പുറത്തെമഴയിലേക്ക് നോക്കി മൊബൈലിലൂടെ സന്ദേശങ്ങൾ അയക്കും. അവിടെ മഴയുണ്ടോ എന്നോ, ഞാനിവിടെ മഴനോക്കിയിരിക്കുകയാണ് എന്നോ. എന്റെ ഓർമ്മകളിലേക്ക് മഴ വരുന്നത് നന്ദിയംകോട് കുന്നിനുമപ്പുറത്ത് നിന്ന് കുന്നിറങ്ങിവന്ന് താഴ്‌വാരങ്ങളിലെ ഞാവൽ മരങ്ങളെ പൊതിഞ്ഞ് കരിമ്പനകളിൽ കലമ്പലുണ്ടാക്കിയങ്ങിനെ മുറ്റത്തെ ബദാമിലകളിൽ, കാക്കാപ്പൂച്ചെടികളിൽ, ചെമ്പരത്തിയിലകളിൽ മേളം പെരുപ്പിച്ച്; രാത്രിയിലാണെങ്കിൽ ഏത് ഉറക്കത്തിലും എന്നെയുണർത്തി കതകുതുറന്ന് എന്നെ നോക്കൂ എന്ന് ഓരോ തുള്ളികളും ഓർമ്മപ്പെടുത്തും. മഴ; എപ്പോഴും ഹരമാണ.് ബൈക്കിൽ മഴയത്ത് റയിൻകോട്ടില്ലാതെ എത്രകറങ്ങിയിരിക്കുന്നു. എന്റെയെത്ര വെള്ളമുണ്ടുകൾ കരിമ്പനടിച്ചിരിക്കുന്നു. അമ്മയുടെവക എത്ര ചീത്തകേട്ടിരിക്കുന്നു. ആ മഴയാത്രകളിലൊക്കെ ബൈക്കിനുപുറകിൽ മഴയെ സ്‌നേഹിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതേ സ്വപ്‌നം കാണും…… അങ്ങിനെയങ്ങിനെ സ്വപ്‌നം കണ്ടതല്ലാതെ മഴയേയും എന്നേയും സ്‌നേഹിക്കുന്ന ഒരു പെണ്ണ് ഈ ജീവിതത്തിലേക്ക് ഇത്‌വരേയും കടന്ന്‌വന്നില്ല. ഇനി വല്ല പെണ്ണും ജീവിതത്തിലേക്ക് പാഞ്ഞുവന്നാൽ തന്നെ ഒരു ചാറൽ മഴകൊണ്ടാൽ പനിയും ജലദേഷവും പിടിക്കുന്നവളാണെങ്കിലോ? സകലസ്വപ്‌നങ്ങളും വെള്ളത്തിലാകും. അങ്ങിനെ വെള്ളത്തിലായ സ്വപ്‌നങ്ങളാണ് ജീവിതം മുഴുവനും അതുകൊണ്ട് ഇതും കാര്യമാക്കാനില്ല എന്ന് തന്നെ കരുതും. മഴകാണാൻ ഏറെ ഇഷ്‌ടം വീട്ടിലെ ഉമ്മറത്ത് നിലത്ത് സിമന്റ് ചാന്തടർന്നകിരുകിരുപ്പിൽ ഫൈബർ കസാരയിട്ട് അതിലമർന്നിരുന്ന്, ചരൽ മുറ്റത്തും മുറ്റത്തിനപ്പുറം കരിമ്പനത്തോട്ടത്തിലും അതിനുമപ്പുറം നന്ദിയാംകോട്‌കുന്നിന് മേലെയും പെയ്‌ത് നിറയുന്നതാണ് ഓരോ മഴയും ഓരോ മഴക്കാലവും ഒർമ്മകളിലേക്കങ്ങിനെ കൂട്ടിക്കൊണ്ടുപോകും.
ബൈബിളിൽ ഉൽപ്പത്തി പുസ്‌തകത്തിൽ നാൽപ്പതുരാവും നാൽപ്പതുപകലും നീണ്ടുനിന്ന ഒരു മഴയെപ്പറ്റിപറയുന്നുണ്ട്. വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി. വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി. ആകാശത്തിന് കീഴെയുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി. പർവ്വതങ്ങൾ മൂടുവാൻതക്കവണ്ണം വെള്ളം പതിനഞ്ചുമുഴം അവക്കുമീതെ പൊങ്ങി. പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ഇഴജാതികളുമായി ഭൂചരജഡമൊക്കെയും, സകല മനുഷ്യരും ചത്തുപോയി. ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഉണ്ടായിരുന്നതൊക്കെ നശിച്ചുപോയി. നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു. വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു. മനുഷ്യന്റെ ദുഷ്‌ചെയ്‌തികൾക്ക് ദൈവം കൊടുത്ത ആദ്യശിക്ഷ മഴയുടെ രൂപത്തിലൂടെ ആയിരുന്നത്രെ.
മഴയിൽ പൊടിപരൽമീനുകൾ ജീവന്റെ ആദിരൂപങ്ങളെ കാണിച്ചുതന്നു. ആദ്യമഴക്കുശേഷമുള്ള ഉറവ പിടിക്കലിനുശേഷം, തൊടികളിൽ നിന്ന് നീർച്ചാൽ പാടങ്ങളിലേക്കും പാടങ്ങളിൽ നിന്ന് കുളങ്ങളിലേക്കും കുളങ്ങളിൽ നിന്ന് കുഞ്ഞുതോടുകളിലേക്കും, തോടുകളിൽ നിന്ന് പുഴയിലേക്കോ കായലിലേക്കോ, അങ്ങിനെയങ്ങനെ ജലത്തിന്റെ സഞ്ചാരവേഗങ്ങളിലൊക്കെ നമ്മുടെ ഇഷ്‌ടഭോജ്യമായ മീനുകൾ കയറിയും ഇറങ്ങിയും ചെയ്‌തുകൊണ്ടേയിരുന്നു. ആ മീനുകളൊക്കെ ചൂണ്ട, കുരുത്തി, കോരുവല, വീശുവല ചീനവല, കെട്ടുവല, തൂക്കുവല, ഈ വിധം ചതികളിലേക്ക് പ്രലോഭനമേതുമില്ലാതെ പതിച്ചുകൊണ്ടേയിരുന്നു. പുതുമഴയിൽ ഭരതപുഴയിലെ വെള്ളിയാങ്കല്ലിലെ ഏറ്റുമീൻപിടുത്തം എന്ത് രസമാണെന്നോ? പുഴക്ക്‌കുറുകേയുള്ള തടയണയിൽ കാലാകാലമായി സ്വകാര്യ വിഹാരം നടത്തിയിരുന്ന വമ്പൻ മീനുകൾ പാലത്തിന് താഴേക്കിട്ട തൂക്കുവലകളിൽപ്പെട്ട് ശക്തിയോടെ പിടയുന്നത് നേരിട്ട് കാണാറുള്ളതാണ്. ആ മീൻപിടുത്തക്കാരോട് കിട്ടിയ മീനിന്റെ വിലയന്വേഷിച്ചാൽ നമ്മൾ ഞെട്ടിപ്പോകും തീർച്ച.
ഭാഗ്യമായികിട്ടുന്ന മിനുകൾക്ക് ഇങ്ങനേയും വിലപറയാമോ?
നന്ദിയംകോട്ടിൽ മഴക്കാലം ഇല്ലായ്‌മകളുടേയും വല്ലായ്‌മകളുടേയും രേഖപ്പെടുത്തൽതന്നെയായിരുന്നു. എന്നും. എല്ലാവീട്ടുകാരും കൂലിപണിക്കുപോകുന്നവരായതുകൊണ്ട് മഴയൊന്ന് അടച്ച്‌പിടിച്ചാൽ പണിയെടുക്കാൻ കഴിയാതെ വീടിന് പുറത്തിറങ്ങാതെ വീടിന് ഉള്ളിലെ ചോർച്ചയില്ലാത്ത ഇടങ്ങളിൽ താവളമടിച്ചിരിക്കും; പണ്ടൊക്കെ വയ്‌ക്കോലും തെങ്ങിൻപട്ടയും, പനംപട്ടയും മേഞ്ഞപുരകൾ ചോർച്ചയുടെ വിളനിലമായിരുന്നു. ചോർച്ചയിലേക്ക് ഇല്ലായ്‌മകളുടെ വർത്തമാനങ്ങൾ വലിച്ചെറിഞ്ഞിട്ട് കാര്യമില്ലല്ലോ? ജീവിതത്തിലേക്ക് മഴകൊണ്ടുവന്ന് പിൻമടങ്ങുന്ന അവസ്‌ഥാന്തരങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങിയിട്ടും കാര്യമില്ല. ജീവിതം അന്നും ഇന്നും വർണ്ണനൂലാൽ ബന്ധിപ്പിക്കപ്പെട്ട വർണ്ണാഭമായപട്ടമല്ലല്ലോ? മഴയും അങ്ങിനെ തന്നെ.
പ്ലാവിലതൊപ്പികൾ തലയിൽമൂടി നാടായ നാടുമുഴുവൻ അരയിൽ എപ്പോഴും അഴിഞ്ഞ് പോകുന്ന ബട്ടൻസില്ലാത്ത നിക്കർ മാത്രം ധരിച്ച് പെരുമഴയത്ത് ഒരു മഴത്തുള്ളിയായ് തന്നെ ഓടിക്കളിച്ച് കുട്ടിക്കാലത്തെ മഴക്കാലമൊക്കെ കളിക്കാലവുമാക്കിതീർത്തു. കാറ്റും മഴയും ദൂരേന്ന് അലറിവരുംമ്പോൾ കുട്ടികൾ ഉറക്കെ പാടും;
മഴയതാ പെയ്യണേ….
ഇടിയതാ പൊട്ടണേ…
പാറൂന്റെ അമ്മക്ക്
തൂറാൻ മുട്ടണേ………
പാട്ട് അവസാനിക്കുന്നതിന് മുമ്പേ മഴവരും, കുട്ടികളൊക്കെ വീടുകളിലേക്ക് ചിതറിയോടും. വീട്ടിലെത്തുന്നതിന് മുമ്പേ മുഴുവനും നനഞ്ഞിട്ടുണ്ടാകും. എന്നിട്ടുമെന്തോ?
വീട്ടുകാരാരും ചീത്തപറഞ്ഞില്ല. തലതോർത്തി തന്നില്ല. കുത്തിയിരുന്ന് പഠിക്കാൻ പറഞ്ഞില്ല. കളികഴിഞ്ഞ് വിശന്ന് പൊരിഞ്ഞ് വരുമ്പോൾ തിന്നാനും പ്രത്യേകിചൊന്നും ഉണ്ടായിരുന്നില്ല മഴക്കാലമാണ് വിശപ്പ്‌മാത്രമേ കാണൂ, ദാഹമുണ്ടാകില്ലല്ലോ? അങ്ങിനെയങ്ങിനെ വിശന്നുറങ്ങിയ എത്രരാത്രികൾ എന്ന് ഓർത്ത് നെടുവീർപ്പിടുമ്പോൾ ഇപ്പോൾ മഴക്കാലത്തിന്റെ പഞ്ഞമറിയാതെ മഴനോക്കിയിരിക്കാൻ രസമല്ലാതെ വേറെന്താണ്.
Generated from archived content: column1_july10_09.html Author: rajesh_koottanadu
Click this button or press Ctrl+G to toggle between Malayalam and English