യാത്രാമൊഴി.

ആരോ അഴിച്ചിട്ട കച്ച കെട്ടി
ആട്ട വിളക്കിന്‍ തിരി കണക്കെ
ആടാന്‍ വിധിച്ച മരപ്പാവയാം ഞാന്‍
ജീവിതത്തിന്‍ കളിയരങ്ങില്‍
കഥയറിയാതെ പകച്ചു നില്‍പൂ

മാപ്പുനല്‍കൂ സഖീ നിന്നെ തനിച്ചാക്കി
നീളുമീപാതയിലേകനായിന്നു ഞാന്‍ യാത്രയാകും
കൂടെനിന്‍ കൈത്തലം ചേര്‍ത്തുപിടിക്കുവാ-
നാകില്ല നീറുമെന്‍ പ്രാണനെ,
നിന്നെ പിരിഞ്ഞിന്നു യാത്രയാകുന്നു ഞാന്‍
( നീ എന്നെ മറന്നേക്കു കൂട്ടുകാരി)

നാളെയീ ആല്‍മരച്ചോട്ടില്‍ നിന്‍ നെറ്റിയില്‍
ചന്ദനത്താല്‍ പ്രണയം വരയ്ക്കുവാന്‍
ഞാനില്ല ഞാന്‍ വരികില്ല നാലമ്പല
കല്‍പ്പടവില്‍ നിന്നെ കാത്തിരിക്കാന്‍
( നീ എന്നെ മറന്നേക്കു കൂട്ടുകാരി)

വെണ്‍ശംഖു കാതോരം ചേര്‍ത്തുപിടിച്ചിതില്‍-
കടലുണ്ട്‌ പൂഴിമണല്‍ത്തിട്ടയും
വെയില്‍ ചായുമ്പോള്‍ പൂക്കുന്ന മാനമു-
ണ്ടെന്നോരോ നുണക്കഥയോതുവാന്‍
ഞാനില്ല ഞാന്‍ വരികില്ലിനിനിന്‍ ചാരെ
ചപലമാം നിന്‍ ചിരി കേട്ടിരിക്കാന്‍

തെക്കേ പറമ്പിലെരിഞ്ഞുതീര്‍ന്ന
തറവാടിന്‍ നെടുംതൂണിന്‍ വെണ്ണീറുമായ്‌
ബാക്കിയാം കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍
പടര്‍ന്നാളും വിശപ്പിണ്റ്റെ തീയണയ്ക്കാന്‍
സ്വപ്നങ്ങള്‍ പാത്രത്തില്‍ പങ്കുവച്ച്‌
എന്റെ ദു:ഖങ്ങള്‍ തിന്നു വിശപ്പൊടുക്കാന്‍
യാത്രയാകുന്നു ഞാന്‍ ഇല്ലിനിയീവഴി
നീയെന്നെ മറന്നേക്കു കൂട്ടുകാരി…

പോയകാലത്തെപ്പഴിച്ചും,നിന്നെയെന്‍
ആത്മാവില്‍ നിന്നും പിഴുതെടുത്തും
ഓര്‍മകള്‍ കീറി കളംവരച്ചതിലുറഞ്ഞ-
രുതാത്തതൊക്കെ പുലമ്പിയും
പിന്നെയിരുട്ടിലീ തെക്കിനിക്കോലായില്‍
ഒറ്റയ്ക്കിരുന്നു സ്വയംശപിച്ചും

സ്വപ്നങ്ങളൊക്കെയും പാറ്റിക്കൊഴുക്കി-
യതിലൊരു കൈപ്പതിരാലെ
ഈ ആത്മബന്ധത്തിനാദ്യ ബലിയിട്ടു യാത്രയാകുന്നു ഞാന്‍,
പ്രേയസീ മിഴിനീരിനാലെന്റെ വഴിമുടക്കാതെ,
ഒരുശാപവാക്കിനാലെന്നെ നീ യാത്രയാക്കൂ.

പെറ്റവയറിനും ഉറ്റവര്‍ക്കും,പള്ളയൊട്ടിയ
കഞ്ഞിക്കലത്തിനും കാലിക്കും
വറ്റുപകുക്കേണ്ട കാലമായ്‌ മല്‍ സഖി
നിന്നെക്കുറിച്ചോര്‍ക്കാന്‍ നേരമില്ല

തോരാതെ കണ്ണീരുപെയ്യുമീ കര്‍ക്കിട
സന്ധ്യയില്‍ ഞാന്‍ വിടചൊല്ലിയകലൂമ്പോള്‍
ജാലകച്ചില്ലില്‍ വഴിക്കണ്ണുമായെന്നെ
കാത്തുനില്‍ക്കാതെ തിരിച്ചു പോകൂ..
(സ്നേഹിതേ മറക്കാന്‍ പഠിക്കട്ടെ ഞാനും… )

Generated from archived content: poem3_sep30_13.html Author: rajesh_kallada

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here