അമ്മയുടെ ഉദരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ കുഞ്ഞും ഒരു വിലാപത്തോടെയാണ് തന്റെ ആഗമനം അറിയിക്കുന്നത്. അങ്ങനെ ആരും പഠിപ്പിക്കാതെ തന്നെ അവൻ അല്ലെങ്കിൽ അവൾ ആദ്യം പഠിക്കുന്നതും ആ ഒരു വിലാപം തന്നെ. ഇവിടെ, ഭൂമിയുടെ അവകാശിയായി വാഴാൻ ഇതിൽ ജനിക്കുന്ന ഓരോ ജീവിക്കും അവകാശമുണ്ടെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ നിഗമനത്തോട് യോജിക്കുന്ന, പ്രതീക്ഷകളോടെ പ്രത്യാശയോടെ സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരുന്ന ഒരു പതിനാലുകാരിയെ മതവും സമൂഹവും ചേർന്ന് പഠിപ്പിച്ച ‘ഒരു വിലാപം എന്ന ഒന്നാം പാഠ’ത്തിന്റെ കഥയാണ് ടി.വി.ചന്ദ്രൻ തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ പറഞ്ഞുതരുന്നത്.
പുരുഷമേധാവിത്വത്തിനും ബഹുഭാര്യാത്വത്തിനും കരുത്തേകാനായി തങ്ങളുടെ മതസംഹിതകളെ വളച്ചൊടിക്കുന്ന, ബാല്യവിവാഹം നടമാടുന്ന, സ്വന്തം സമുദായത്തിനിടയിൽ ജീവിക്കാൻ പാടുപെടുന്ന ഷാഹിനയുടേയും (മീരാജാസ്‌മിൻ) അവളെ ജീവനുതുല്യം സ്‌നേഹിച്ച അമ്മയുടേയും മുന്നിലേക്കാണ് സംവിധായകൻ പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്. എന്തിനും ഏതിനും ന്യായീകരണം കണ്ടുപിടിച്ച് തങ്ങളുടെ സ്വാർത്ഥതയ്‌ക്കായി കാര്യകാരണങ്ങൾ കണ്ടുപിടിക്കുന്ന ബ്രോക്കർ ഹസ്സനാർ, ഹാജിയാര്, റസ്സാക്ക് എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നത്. ഇവർ ഓരോ സമൂഹത്തിലും വ്യത്യസ്ത പേരുകളിൽ വ്യത്യസ്തഭാവങ്ങളിൽ കാണാം. സാമ്പത്തിക പരിമിതിയിൽ ഒരമ്മാമനും അജ്ഞതയുടെ നിഴലിൽ ഒരു ഉമ്മയും കഴിയുമ്പോൾ ഇവരുടെ കരങ്ങൾക്ക് കരുത്തേറുകയാണ്.
സ്‌കൂളിൽ ഷാഹിനയുടെ കൂടെ പഠിച്ചിരുന്നതും പിന്നീട് വിവാഹിതയുമായ റസിയ സ്‌ത്രീധനത്തുക പോര എന്ന പേരിൽ ഭർത്തൃവീട്ടുകാർ തിരിച്ചയച്ച്, സ്വന്തം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് ‘ഒരു വിലാപം’ ആരംഭിക്കുന്നത്. കൂട്ടുകാരിയുടെ നിഷ്‌കളങ്കമായ ഒരുപിടി ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരമില്ലാതെ പൊട്ടിക്കരയുകയാണ് റസിയ. പിറ്റേന്നു പകലിൽ, ആകാരത്തിലോ പ്രായത്തിലോ റസിയയ്‌ക്കു ചേരാത്ത അവളുടെ ‘കെട്ടിയോൻ’ ബാംഗ്ലൂരുകാരനെ കണ്ടപ്പോൾ ഷാഹിനയടക്കമുളള കൂട്ടുകാരികൾ ഭയക്കുകയാണ്. അവളുടെ വിധിയിൽ ഷാഹിനയ്‌ക്ക് അനുതാപമാണ് തോന്നിയത്. താൻ ഇപ്പോഴേ വിവാഹത്തിന് സമ്മതിക്കുകയില്ല എന്ന് തീർത്ത് പറഞ്ഞെങ്കിലും, പഠനത്തിൽ ഉത്സാഹവതിയായിരുന്നുട്ടുകൂടി, പലരുടേയും നിർബന്ധത്തിന് വഴങ്ങി ഏറെ വൈകാതെ തന്നെ ഷാഹിനയുടേയും ‘നിക്കാഹ്’ നടക്കുകയാണ്. ‘പെണ്ണ് പഠിച്ചിട്ട് എന്തുവേണം?’, ‘ഗൃഹഭരണം നടത്തേണ്ടവളാണ് പെണ്ണ്’ തുടങ്ങിയ കാലങ്ങളായി കാതുകളിൽ കേട്ടുപതിഞ്ഞ കാരണങ്ങൾ തന്നെയാണ് ഇവിടെ ഷാഹിനയുടെ സ്വപ്നങ്ങൾക്ക് വിഘാതമായി നിന്നത്. ഹാജിയാരെപ്പോലുളള സമൂഹമേലാളന്മാരെ കൂട്ടുപിടിക്കുമ്പോൾ ഒരു വിവാഹം നടത്തുക എന്നത് ബ്രോക്കർ ഹസ്സനാർക്ക് (മാമുകോയ) ഒരു പ്രയാസമേ അല്ല. ഇവിടെ പെണ്ണിന്റെ അഭിപ്രായത്തിന് പുല്ലുവില.
ഗൾഫിൽ പോകാനുളള വിസയ്‌ക്കായി ഇരുപത്തയ്യായിരം രൂപ തയ്യാറാക്കാൻ എന്ന കാരണം പറഞ്ഞ് വീണ്ടും വിവാഹം കഴിച്ച റസാക്കിന്റെ രണ്ടാം ഭാര്യയാകാനായിരുന്നു ഷാഹിനയുടെ വിധി. തനിക്ക് താല്പര്യമില്ലാതെ വിവാഹം നടത്തിയതിന്റെ പ്രതിഷേധം അവൾ ആദ്യരാത്രി മുതൽ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. തുടർന്ന്, തന്നെ സ്പർശിക്കാൻ അനുവദിക്കാത്ത ഷാഹിനയെ, എങ്ങനെയെങ്കിലും കീഴ്‌പ്പെടുത്തണം എന്ന ചിന്തയായി റസാക്കിന്. അയാളുടെ ചതിയിൽ കൂട്ടുനില്‌ക്കേണ്ടി വന്നതിനാൽ മനംനൊന്ത് പൊട്ടിക്കരയുന്നുണ്ട് ഒന്നാം ഭാര്യ. ഇവിടെ, ഒരു സ്‌ത്രീ പീഡിപ്പിക്കപ്പെടുമ്പോൾ നിഷ്‌ക്രിയരായി നോക്കി നില്‌ക്കാനേ റസാക്കിന്റെ അമ്മയ്‌ക്കും ആദ്യാഭാര്യയ്‌ക്കും കഴിയുന്നുളളൂ. തന്റെ മകന്റെ സ്വഭാവത്തെ കളിയാക്കി ‘നാല് കെട്ടിയ തന്തയുടെ മോനല്ലേ നീ’ എന്നു ചോദിക്കുന്ന ആ അമ്മയുടെ മനസ്സ് വ്യക്തമാണ്.
ഷാഹിനയെ കീഴ്‌പ്പെടുത്തിയതിന്റെ പിറ്റേദിവസം തന്നെ ഭാര്യയെ അവളുടെ വീട്ടിലേക്ക് കൊണ്ടുവിടാനും മൊഴി ചൊല്ലാനും അയാൾ തീരുമാനിച്ചു. വാങ്ങിയ ഇരുപത്തയ്യായിരം രൂപ എങ്ങനെ തിരിച്ച് കൊടുക്കും എന്ന് ചിന്തിച്ചപ്പോൾ ബ്രോക്കർ വീണ്ടും ഒരെളുപ്പവഴി നിർദ്ദേശിച്ചു. “ജ്ജ് ഒര് പെണ്ണിനെകൂടി കെട്ട്”. ഷാഹിന ഭർത്താവിനെ തൊടാൻപോലും അനുവദിച്ചില്ല എന്നുകേട്ടപ്പോൾ കിഴവൻ ഹാജിയാർക്ക് കൊച്ചുമകളുടെ പ്രായം പോലുമില്ലാത്ത അവളെ തന്റെ നാലാം ഭാര്യയായി വാഴിക്കാൻ മോഹം. അപ്പോഴും ഹസ്സനാർക്ക് പറയാൻ ഇത്രയേ ഉളളൂഃ “എല്ലാം പടച്ചോന്റെ കാരുണ്യം തന്നെ.”
ഏതായാലും മകൾക്ക് ആ ‘കാരുണ്യം’ സമ്മാനിക്കാൻ ഉമ്മ തയ്യാറായില്ല. ഒടുവിൽ, മകൾ ഗർഭിണിയാണെന്നറിഞ്ഞ ആഘാതത്തിൽ മരിക്കുകയാണവർ. അപ്പോഴും ഷാഹിനയെ കുറ്റപ്പെടുത്താൻ ആരും മറക്കുന്നില്ല. വാത്സല്യപൂർവ്വം ശിഷ്യയെ കണ്ട്, മനസ്സിലാകാത്ത പാഠങ്ങൾ അവളുടെ വീട്ടിൽവച്ച് പറഞ്ഞു കൊടുത്ത കാസിം മാസ്‌റ്ററാകാം ഗർഭത്തിന് ഉത്തരവാദി എന്നുവരെ അവരിൽ ചിലർ പറഞ്ഞു. കാലം കടന്നുപോയപ്പോൾ കാസിം മാസ്‌റ്ററും കൂട്ടുകാരിയുമൊക്കെ വെവ്വേറെ സ്ഥലങ്ങളിലായി. താല്പര്യമില്ലാതെ, അപ്രതീക്ഷിതമായി അമ്മയാകേണ്ടി വന്ന ഷാഹിനയ്‌ക്ക് അപ്പോൾ കൂട്ടിനുളളത് ഒരു കൈക്കുഞ്ഞുമാത്രം. ഷാഹിനമാരുടേയും അവർക്ക് പിറന്നുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെയും വിലാപം സൃഷ്‌ടിക്കുന്ന ഒരു വലിയ ചോദ്യചിഹ്നം അവശേഷിപ്പിച്ചുകൊണ്ട് ഈ ‘പാഠം’ അവസാനിക്കുകയാണ്.
പ്രസ്തുത സിനിമയിൽ, പത്താംക്ലാസ്സ് മലയാള പാഠത്തിലെ ‘ഗീതാജ്ഞലി’യും ‘ഭൂമിയുടെ അവകാശികളും’ മറ്റും സന്ദർഭോചിതമായി ചേർക്കുന്നതിൽ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അതുപോലെതന്നെ, റസാക്കിന്റെ ആദ്യഭാര്യയിലെ കുട്ടിയും ഷാഹിനയും തമ്മിലുളള ബന്ധവും ഏറെ ഹൃദ്യമാണ്.
ആര്യാടൻ ഷൗക്കത്താണ് കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. രാജഗോപാലിന്റെ എഡിറ്റിംഗും ജോൺസന്റെ പശ്ചാത്തലസംഗീതവും എടുത്തു പറയേണ്ടതാണ്.
Generated from archived content: oct15_cinema1.html Author: rajesh_k