എന്റെ ഹൃദയത്തിന്റെ ഉടമ

സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും മറ്റുളളവരിൽ നിന്നും ഒരല്പം വ്യത്യസ്തമായാണ്‌ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. സാധാരണക്കാരെ അപേക്ഷിച്ച്‌ ഇവർ കൂടുതൽ വികാരധീനരാകാറുണ്ട്‌. വിപ്ലവകാരികളും ഈ ഗണത്തിൽപ്പെടും. “ലോകത്തിൽ ചൂഷണം ചെയ്യപ്പെടുന്ന അവസാന വ്യക്തിയെപ്പോലും മോചിപ്പിക്കുന്നതുവരെ വിപ്ലവകാരിയുടെ ദൗത്യം അവസാനിക്കുന്നില്ല” എന്ന്‌ ഈ ചിത്രത്തിൽ നായകകഥാപാത്രം ഒരിടത്ത്‌ പറയുന്നുണ്ട്‌. ഇത്തരം ചിന്തകൾ മുകളിൽ പ്രതിപാദിച്ചവരിൽ ഏറിയും കുറഞ്ഞുമിരിക്കും. ഈ അസ്വസ്ഥതകളാണ്‌ ഇവരുടെ “അചികിത്സിതമായ വട്ടി”ന്‌ നിദാനം. ഇങ്ങനെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന നായകനേയും നായികയേയും കോർത്തിണക്കി, ടൈഗർ ഡ്രീംസിന്റെ ബാനറിൽ പെരുമ്പടവം ശ്രീധരന്റെ രചനയെ ആസ്പദമാക്കി, സംസ്ഥാന ചലച്ചിത്ര ബോർഡിന്റെ സഹായത്തോടെ ശ്രീ ഭരത്‌ഗോപി അണിയിച്ചൊരുക്കിയ ചിത്രമാണ്‌ “എന്റെ ഹൃദയത്തിന്റെ ഉടമ”. പേര്‌ സൂചിപ്പിക്കുന്നതുപോലെ തന്നെ ഉമ (വാണിവിശ്വനാഥ്‌) എന്ന കേന്ദ്രകഥാപാത്രത്തിന്റെ ഉടമയെപ്പറ്റിയാണ്‌ ഈ ചലച്ചിത്രം. ലാൽ അവതരിപ്പിക്കുന്ന കവിയും വിപ്ലവകാരിയും രാഷ്‌ട്രീയ പ്രവർത്തകനുമായ പവിത്രനാണ്‌ ആ ഉടമ.

‘എവിടേക്ക്‌’ എന്ന കൂട്ടുകാരിയുടെ ചോദ്യത്തിന്‌ ‘വന്നിട്ടു പറയാം’ എന്ന്‌ മറുപടി പറഞ്ഞ്‌ പുറത്തുവന്ന കാറിൽ ലേഡീസ്‌ ഹോസ്‌റ്റലിൽനിന്ന്‌ പുറപ്പെടുന്ന ഉമയെയാണ്‌ സിനിമ തുടങ്ങുമ്പോൾ നമ്മൾ പരിചയപ്പെടുന്നത്‌. എവിടേക്ക്‌ എന്ന്‌ പറയാത്ത ഈ യാത്ര ഒരു ശ്‌മശാനത്തിൽ അവസാനിക്കുമ്പോഴേക്കും ഒരു ശവമഞ്ചവിലാപയാത്രയേയും ഒരു കല്ല്യാണപാർട്ടിയേയും ഉമയോടൊപ്പം പ്രേക്ഷകരും കാണുന്നു. യാത്രാവേളയിലും തുടർന്നും യേശുദാസ്‌ ആലപിക്കുന്ന ഗാനവും കൂട്ടിനുണ്ട്‌. വരുന്നവഴി വാങ്ങിയ ഒരു കൂടപ്പൂവ്‌ ശ്‌മശാനത്തിൽ അർപ്പിച്ച്‌ നമസ്‌ക്കരിക്കുന്ന ഉമയുടെ ഓർമ്മകളിലൂടെയാണ്‌ ചിത്രം മുന്നോട്ടു നയിക്കാൻ സംവിധായകൻ ഇഷ്‌ടപ്പെടുന്നത്‌.

വാടകയ്‌ക്ക്‌, ഇൻസ്പെക്‌ടർ പിളളയുടെ വീട്‌ ചോദിക്കാൻ വരുന്ന ബാഹുലേയനിലൂടെ(ജഗതി ശ്രീകുമാർ)യാണ്‌ ഉമയുടെ വീട്ടിൽ നമ്മൾ എത്തുന്നത്‌. അച്ഛൻ, അമ്മ, അനിയത്തി ഇതാണവരുടെ ലോകം. കെട്ടിട ഉടമസ്ഥന്റെ സംഭാഷണം തുടക്കത്തിലെ വിരസതയാണ്‌ നല്‌കുന്നത്‌. കൂടെ താമസിക്കാൻ പോകുന്ന ആൾ കോളേജ്‌ വാദ്യാരാണെന്നും വൈകിട്ട്‌ വരുമെന്നും ബാഹുലേയൻ പറയുന്നു. സായ്‌കുമാർ അവതരിപ്പിക്കുന്ന രാജീവ്‌ എന്ന കഥാപാത്രമാണ്‌ അത്‌. എം.എ.യ്‌ക്ക്‌ റാങ്കുകിട്ടിയിട്ടും ജോലിയില്ലാതെ വീട്ടിലിരിക്കുന്ന നായികയ്‌ക്ക്‌ പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുക എന്നതാണ്‌ ഈ കഥാപാത്രത്തിന്റെ ജോലി. അയാൾക്ക്‌ ഉമയോട്‌ തോന്നുന്ന സ്‌നേഹം വ്യക്തമാണ്‌. ഈ രാജീവാണ്‌ തന്റെ കൂട്ടുകാരൻ പവിത്രന്റെ കൃതി എന്ന പേരിൽ കവിതാപുസ്തകം ഉമയ്‌ക്ക്‌ നല്‌കുന്നത്‌. കവിതകളോട്‌ കൂടുതലിഷ്‌ടം എന്ന്‌ ഉമ മുമ്പേ പറഞ്ഞിട്ടുമുണ്ട്‌.

ഒരു ദിവസം ജോലി കഴിഞ്ഞ്‌ മടങ്ങിവരുമ്പോൾ രാജീവും ബാഹുലേയനും തങ്ങളുടെ വീടിന്റെ ഉമ്മറത്തിരിക്കുന്ന പവിത്രനെ കാണുന്നു. ആരോടും യാത്ര പറയാതെ, തോന്നുമ്പോൾ തോന്നിയ സ്ഥലത്ത്‌ എത്തുന്ന പവിത്രൻ ഈ വാടകവീട്‌ എങ്ങനെ കണ്ടുപിടിച്ചു എന്ന്‌ ചോദിക്കരുത്‌. തുടർന്ന്‌ പവിത്രനെ, ബാഹുലേയനുവേണ്ടി രാജീവ്‌ വിശദീകരിക്കുന്നുണ്ട്‌; ഒരു തരം പരസ്യത്തിന്റെ സ്വഭാവമാണ്‌ വിരസമായ ഈ രംഗത്തിന്‌; അത്‌ പ്രേക്ഷകരെ അറിയിക്കാൻ വേണ്ടി മാത്രമാണ്‌. രാജീവിന്‌ ഉമയോട്‌ സ്‌നേഹം; ഉമയ്‌ക്ക്‌ പവിത്രനോട്‌ ആരാധന. ഇതിലെ സംഘർഷാവസ്ഥ വേണ്ടപോലെ ചിത്രീകരിക്കാൻ സംവിധായകനാവുന്നില്ല.

അവിടെയും ഇവിടെയും വായ്‌നോക്കി നില്‌ക്കുന്നു എന്നതൊഴികെ ബാഹുലേയൻ (ജഗതി) എന്ന കഥാപാത്രത്തിന്‌ യാതൊരു ജോലിയും ഇല്ല.

പ്രണയം നിർവ്വചിക്കാൻ പറ്റാത്ത ഒരനുഭവമാണെന്നാണ്‌ പവിത്രന്റെ അഭിപ്രായം. വിപ്ലവകാരിയിലേക്ക്‌ പ്രണയം കുടിയേറിത്തുടങ്ങി എന്ന്‌ ഉമ കളി പറഞ്ഞപ്പോൾ അയാൾ ചെഗുവേരെയെ ഉദാഹരിച്ചു. പാർട്ടി മതമായി മാറുകയാണ്‌ എന്നൊക്കെ അയാൾ കുറ്റപ്പെടുത്തുന്നുണ്ട്‌. അതൊക്കെ ഉപേക്ഷിച്ച്‌ കവിതാരചനയിൽ ശ്രദ്ധിക്കാൻ നായികയുടെ നിർദ്ദേശം. പൊടുന്നനെ ഒരു ദിവസം, പാർട്ടി പ്രവർത്തനങ്ങളിൽ താല്പര്യം കുറഞ്ഞു എന്ന്‌ പറഞ്ഞ നായകൻ, തന്നെ പാർട്ടി പ്രവർത്തനങ്ങൾക്കായി വയനാട്ടിൽ നിയോഗിച്ചുവെന്നും നേതാവിനെ വിമർശിച്ചിട്ടും തന്നെ പാർട്ടി ഈ ചുമതല ഏല്പിച്ചത്‌ തനിക്കുളള അംഗീകാരമാണെന്നും നായകൻ പറയുമ്പോൾ അല്പം അമ്പരപ്പ്‌ പ്രേക്ഷകർക്കുമുണ്ട്‌. വയനാട്ടിൽ വച്ച്‌ പവിത്രന്‌ പരിക്കേറ്റു എന്ന്‌ പറഞ്ഞ്‌ ഉമയ്‌ക്ക്‌ ഫോൺ ലഭിച്ചു. ഇതേസമയം, ഉമയുടെ വീട്ടിൽ വിവാഹാലോചനകളും പവിത്രനുമായുളള ബന്ധത്തിൽ ഭീഷണികളും മുഴക്കി അച്ഛൻ നടക്കുന്നു. ജഗന്നാഥൻ അവതരിപ്പിക്കുന്ന ഒരു കഥാപാത്രവും ഈ കാര്യത്തിൽ ജാഗരൂകനാണ്‌. അച്ഛന്റെ സുഹൃത്തായ രാഷ്‌ട്രീയക്കാരൻ (റിസബാവ) അച്ഛന്റെ അറിവോടെ, നിയോഗിച്ച മൂന്നുപേർ ഉമയുടെ പവിത്രനെ കൊല്ലുന്നു. പ്രേക്ഷകർക്ക്‌ വേണ്ടി നല്ല വിരുന്നൊരുക്കി എന്ന വിശ്വാസത്തിൽ സംവിധായകൻ “എന്റെ ഹൃദയത്തിന്റെ ഉടമ” ഇവിടെ അവസാനിപ്പിക്കുന്നു.

വിപ്ലവവും കവിതയും പ്രണയവും വിഷയമാക്കിയിട്ടുളള ധാരാളം സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്‌. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതുമയുളള എന്തെങ്കിലുമൊന്ന്‌ പ്രേക്ഷകർക്ക്‌ നല്‌കുന്നതിൽ സംവിധായകൻ അമ്പേ പരാജയപ്പെട്ടു എന്ന്‌ പറയാം.

ഈ കഥ ഏതു കാലഘട്ടത്തിലാണ്‌ നടക്കുന്നത്‌ എന്ന്‌ വ്യക്തമായ സൂചനയൊന്നുമില്ല. ഇന്ന്‌ ‘വിപ്ലവം’ എവിടേയും ഇല്ല. നായകൻ പറഞ്ഞതുപോലെ ജാതിയും മതവും കൂട്ടുപിടിച്ചാണ്‌ ഇന്നത്തെ രാഷ്‌ട്രീയം. സിനിമയിൽ ഒരു വാചകം പറയുന്നതല്ലാതെ ഈ തലത്തിലേക്ക്‌ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ല. നായകനും നായികയും കയറുന്ന ഹോട്ടൽ, നായികയുടെ സുഹൃത്തിന്റെ മാരുതികാർ തുടങ്ങിയവയെല്ലാം സമകാലിക ദൃശ്യങ്ങളാണ്‌. എന്നാൽ നായികയുടെ വീടും ചുറ്റുപാടും (ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ അസാന്നിധ്യം) മറ്റൊരു കാലഘട്ടത്തെയാണ്‌ ചിത്രീകരിക്കുന്നത്‌.

കാലഘട്ടങ്ങളുടെ അന്തരം നായികയുടെ ഭാവാഭിനയത്തിൽ പ്രതിഫലിക്കുന്നില്ല. നായികയുടെ ഓർമ്മകൾ ഒരു മധ്യവയസ്‌കയായ സ്‌ത്രീ ഓർമ്മിക്കുന്നതായി ചിത്രീകരിക്കാമായിരുന്നു.

വിപ്ലവകാരിയായി വിവരിക്കപ്പെടുന്ന ലാൽ മുടി ചീകിയൊതുക്കി ചെമ്പിപ്പിച്ച്‌, താടി വെട്ടിയൊതുക്കി സുന്ദരനായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.

വയനാട്ടിൽ വച്ച്‌ പാർട്ടിക്കാരുടെ അക്രമത്തിൽ പരിക്കേറ്റ്‌ നാട്ടിൽ വന്ന പവിത്രൻ അക്രമണത്തിൽ കൊല്ലപ്പെടുന്നു. മരിക്കാൻവേണ്ടി മാത്രമാണോ ഈ വരവ്‌? ഇരുവരും തമ്മിലുളള സ്‌നേഹം “ഹൃദയത്തിന്റെ ഭാഷ”യിലൂടെയാണെന്നും ജീവിതകാലം മുഴുവനും ഒരുമിച്ച്‌ നില്‌ക്കാനുളള വാക്കാണ്‌ പരസ്പരം കൈമാറിയത്‌ എന്നും പ്രേക്ഷകർക്ക്‌ മനസ്സിലാകാൻ ഈ സംഘട്ടനരംഗത്തിന്റേയും അത്‌ സ്വപ്നത്തിലറിഞ്ഞ്‌ രാത്രിയിൽ കൊല്ലപ്പെട്ടവന്റെ അരികിലേക്ക്‌ ഓടി ചെല്ലുന്ന നായികയുടേയും രംഗങ്ങൾ ആവശ്യമുണ്ടോ?

ഇതിനെല്ലാം പുറമെ, സമൂഹത്തോട്‌ പറയാൻ “എന്തോ ഒന്നുണ്ട്‌” എന്ന തോന്നൽ ഉണ്ടാക്കാനെന്നോണം, ഭരത്‌ഗോപിയുടെ ശബ്‌ദത്തിൽ ഒരു ഭ്രാന്തനും (ഇൻസ്‌പെക്‌ടർ പിളളയ്‌ക്ക്‌ ഔദ്യോഗികജീവിതത്തിൽ പറ്റിയ ഏക കയ്യബദ്ധമാണത്രേ) രണ്ട്‌ രംഗങ്ങളിലായി പ്രത്യക്ഷപ്പെടുന്നുണ്ട്‌.

സാഹിത്യകൃതികൾ സിനിമയാക്കുമ്പോൾ പലർക്കും കാലിടറാറുണ്ട്‌. കാലത്തെ അതിജീവിക്കുന്ന കഥകളാണ്‌ കൂടുതൽ ആസ്വദ്യകരം. അതിനും പുറമെ കൃതികളിലെ എല്ലാ വിവരണവും അതുപോലെ ദൃശ്യവല്‌ക്കരിക്കാൻ ശ്രമിക്കുന്നതും (ഈ സിനിമയിൽ സ്വപ്നത്തിൽ നിന്നുണർന്നുളള നായികയുടെ ഓട്ടം ഉദാഹരണം) ആത്മഹത്യാപരമാണ്‌. ഇവിടെയാണ്‌ ശക്തമായ ഒരു തിരക്കഥയുടെ അനിവാര്യത.

രവീന്ദ്രൻ-ഒ.എൻ.വി. ടീമിന്റെ ഗാനങ്ങളെക്കാൾ ആസ്വാദ്യകരമായത്‌ ജോൺസന്റെ പശ്ചാത്തല സംഗീതമാണ്‌.

സിനിമ കാണാൻ ആളുകളില്ല എന്ന്‌ മുറവിളി കൂട്ടിയിട്ട്‌ കാര്യമില്ല. കഥയിലോ അവതരണത്തിലോ പുതുമകളൊന്നുമില്ലെങ്കിൽ അവർ വരില്ല. “ഉത്സവപ്പിറ്റേന്ന്‌” അണിയിച്ചൊരുക്കിയ ഭരത്‌ഗോപി തന്നെയാണ്‌ ഇതിന്റേയും സംവിധായകൻ എന്നോർക്കുമ്പോഴാണ്‌ കൂടുതൽ വേദന അനുഭവപ്പെടുന്നത്‌.

Generated from archived content: cinema_entehridaya.html Author: rajesh_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here