ഡാവിഞ്ചികോഡിനെപ്പറ്റിയുളള വിവാദം ലോകമെങ്ങും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണല്ലോ. ഈയിടെ സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡു പ്രഖ്യാപനത്തെത്തുടർന്ന് രൂപപ്പെട്ടു ഒരു വിവാദം. ‘നോട്ടം’ എന്ന സിനിമയിലെ ‘പച്ചപ്പനം തത്തേ’ എന്ന പാട്ടിന് അവാർഡു നല്‌കിയതിനാലാണ്. 1950-കളിൽ എഴുതപ്പെട്ടതിനാൽ അവാർഡിനർഹമല്ലെന്നും, ഈണം മാറ്റിയതാണെന്നും മോഷ്‌ടിച്ചതാണെന്നും, അല്ലെന്നും, എന്തൊക്കെയോ നാം ഏവരും കേട്ടു. ഇവിടെ സിനിമയുടെ പ്രസക്തിതന്നെ അപ്രത്യക്ഷമാവുകയായിരുന്നു. ‘നോട്ടം’ എന്ന ഈ ‘വിവാദസിനിമ’ പ്രേക്ഷകരിൽ എത്തിയത് കഴിഞ്ഞ ദിവസം മാത്രമാണ്. ഏതായാലും നോട്ടം ശ്രദ്ധിക്കപ്പെടുന്നത് അർത്ഥരഹിതമായ ഈ വിവാദങ്ങളാലല്ല; മറിച്ച് അർത്ഥപൂർണ്ണമായ നോട്ടം കൊണ്ടുതന്നെയാണ്.
പ്രണയിക്കുന്നവരുടെ കണ്ണിൽ കടലിന്റെ തിരയിളക്കം കാണാമെന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. പ്രണയിക്കാത്തവരായി, പ്രണയം ആസ്വദിക്കാത്തവരായി ആരും കാണില്ല. പ്രണയനൈരാശ്യവും പ്രണയത്തിന്റെ ഭാഗം തന്നെ. ഈ സത്യം അടിസ്ഥാനപ്പെടുത്തി, 2004-ൽ നമ്മുടെ സാംസ്‌ക്കാരിക പൈതൃകമായി യുനസ്‌കോ അംഗീകരിച്ച ‘കൂടിയാട്ടം’ എന്ന കലയുടെ വ്യാപ്തി, വാസുദേവ ചാക്യാർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്കുളള ഒരെത്തിനോട്ടത്തിലൂടെ അനാവരണം ചെയ്യുകയാണ് ഇവിടെ.
നന്മ നിറഞ്ഞ-സാധാരണ വാണിജ്യ സിനിമകളിൽ കാണുന്ന ഉണ്ണീ, കുട്ടാ തുടങ്ങിയ കപടവാത്സല്യം തുളുമ്പുന്ന വിളികളോ കെട്ടിപ്പിടുത്തങ്ങളോ ഈ ചിത്രത്തിലില്ല-ഒരു വളളുവനാടൻ ഗ്രാമമാണ് പശ്ചാത്തലം. ഗൃഹാതുരത്വമുണർത്തുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയുണ്ട് പലപ്പോഴും. ചാക്യാരുടെ കുടുംബവും മാനേജരും പിന്നെ കൂടെ അരങ്ങിലുളളവരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ഭാര്യയും രണ്ടു കുട്ടികളുമുൾപ്പെടെയുളള സന്തുഷ്‌ടജീവിതമാണ് ചാക്യാരുടേത്. മനസ്സിടറുന്നത് അരങ്ങിലെ സ്ഥിരം നായികയായ സരസ്വതി (മാർഗി സതി)യെ അരങ്ങിനുവെളിയിൽ കാണുമ്പോഴാണ്. മനസ്സിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും കാരണവന്മാരെ ഭയന്ന് പറയാൻ കഴിഞ്ഞില്ല. അങ്ങനെ ചാക്യാരുടെ ജീവിതത്തിൽ മറ്റൊരു സ്‌ത്രീ കടന്നുവന്നു. വിവാഹമേ വേണ്ടെന്നുവച്ച് സരസ്വതിയും ജീവിതം തുടർന്നു. ഈ രണ്ടുസ്‌ത്രീകൾ തമ്മിൽ എന്തെങ്കിലും അസ്വാരസ്യങ്ങളോ അനാവശ്യസംഭാഷണങ്ങളോ ചിത്രത്തിലില്ല. (ഒരാൾക്ക് കൂത്താണ് ജീവിതമെങ്കിൽ മറ്റേയാൾക്ക് ചാക്യാരുടെ ഭാര്യ എന്നതിനപ്പുറം ഒന്നും അറിയില്ല). ഒരിക്കൽ തങ്ങളുടെ കൂത്ത് ടി.വിയിൽ കണ്ടുകഴിഞ്ഞ് ‘താനില്ലാതെ ഒറ്റയ്‌ക്ക് കണ്ടപ്പോൾ തൃപ്‌തിയായില്ല’ എന്നു പറഞ്ഞ ചാക്യാരോട് നങ്ങ്യാരമ്മ പറയുന്നത് ‘ഏടത്തിക്ക് ഇഷ്‌ടാവില്ല്യ’ എന്നാണ്. ഇതിനൊരു മറുപടി പ്രേക്ഷകർ കേൾക്കുന്നത് ‘നോട്ട’ത്തിന്റെ അവസാന ഭാഗത്താണ്. ശരീരം തളർന്നുകിടക്കുന്ന ചാക്യാരെ കാണാൻ സരസ്വതി വരുമ്പോൾ ഭാര്യ പറയുന്നുണ്ട്‌ഃ “എനിക്ക് അങ്ങനെയൊന്നും ഇല്ല.” ആ വാക്കുകളിൽ പ്രകടമാകുന്ന വികാരം വ്യക്തമാണ്. കൂടെ ജീവിക്കാൻ ആഗ്രഹിച്ച സ്‌ത്രീയുമായി അരങ്ങത്തും ജിവിതത്തിൽ മറ്റൊരു സ്‌ത്രീയോടൊപ്പവും കഴിയേണ്ടിവരുന്ന വാസുദേവചാക്യാർ നെടുമുടി വേണുവിന്റെ കയ്യിൽ ഭദ്രമാണ്.
‘കൂടിയാട്ടം’ എന്ന ക്ഷേത്രകലയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ബോധവാനാണ് ചാക്യാർ. ‘നാട്ടുകാർക്ക് പോലും വേണ്ട’ എന്ന ചാക്യാരുടെ വാക്കുകളിൽ സ്പഷ്‌ടമാണത്. ഗ്രാമീണരും, പ്രത്യേകിച്ച് പഴയ കലാകാരൻമാർ വച്ചുപുലർത്തുന്ന യാഥാസ്ഥിതികത്വം ചാക്യാർക്കുമുണ്ട്. കമ്പ്യൂട്ടറുകളോടും ക്യാമറയോടുമുളള വിമുഖതയും വിദേശത്തേക്ക് പോകില്ല എന്ന പിടിവാശിയും തുടക്കത്തിൽ പ്രകടിപ്പിച്ചെങ്കിലും അവയുടെ നല്ല വശം സ്വീകരിക്കരിക്കാനുളള വിശാല മനസ്‌കതയും അദ്ദേഹത്തിനുണ്ട്.
സരസ്വതിയുടെ അമ്മയുടെ മരണവിവരം അവരെ അറിയിക്കുന്ന ചാക്യാർ എന്തുപറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഉഴലുന്ന ഭാഗം അരങ്ങിലെ നായകന്റെ ജീവിതത്തിലെ പരിമിതി വ്യക്തമാക്കുന്നു.
ഒരിക്കൽ നേരം വൈകിയെത്തുന്ന ഉണ്ണിചാക്യാരെ (ജഗതി) അന്നത്തെ കൂത്തിനു പങ്കെടുപ്പിക്കുന്നില്ല. മദ്യപിക്കുമെങ്കിലും കൂത്തല്ലാതെ മറ്റൊരു ജീവിതം ഉണ്ണിക്കില്ല. ജീവിതത്തിലെ ആ ആദ്യ അനുഭവത്തിന്റെ ഞെട്ടലിൽ, വേദനയിൽ, ഉണ്ണി മരിക്കുകയാണ്. ഉണ്ണിയുടെ മരണത്തിന്റെ വേദനയിൽ തകർന്ന ചാക്യാരെ സരസ്വതിയമ്മ ആശ്വസിപ്പിക്കുമ്പോൾ-സ്വന്തമെന്ന് കരുതിയവർ നഷ്‌ടപ്പെടുമ്പോഴുളള വേദന ചാക്യാർക്ക് ജീവിതത്തിൽ അനുഭവപ്പെടുന്നത് അപ്പോഴാണ്-പശ്ചാത്തലത്തിൽ “മെല്ലെ” എന്നു തുടങ്ങുന്ന ഗാനം-ഓർമ്മകളുടെ വേലിയേറ്റം-സന്ദർഭോചിതമായി കൂട്ടിച്ചേർത്തിരിക്കുന്നു. ഉണ്ണിയുടെ മരണത്തിനു കാരണം താൻ തന്നെയാണെന്നുളള കുറ്റബോധം ചാക്യാരുടെ വലതുകൈ തളർത്തുകയാണ്. വലതുകൈ, ചാക്യാരുടെ ജീവിതത്തിൽ ഉണ്ണിക്കുണ്ടായിരുന്ന സ്ഥാനത്തെ ധ്വനിപ്പിക്കുന്നു.
ഇവിടം കൊണ്ടവസാനിക്കും നോട്ടമെന്ന് കരുതിയെങ്കിൽ പ്രേക്ഷകർക്ക് തെറ്റി. ‘ദൈവം ആവോളം തന്നിട്ടുളള ആ വൈഭവം അരങ്ങിൽ ഇനിയും പ്രദർശിപ്പിക്കണം’ എന്ന സരസ്വതിയുടെ വാക്കുകൾ കേട്ട്, ഏവരേയും അമ്പരപ്പിച്ച് ജീവിതത്തിലേക്ക്, അരങ്ങിലേക്ക്, മടങ്ങിവരികയാണ് ചാക്യാർ. ഈ രണ്ടാംവരവിൽ, കൊച്ചിയിൽ, ബാലിവധം അവതരിപ്പിച്ച് സദസ്യരേയും എന്തിനേറെ സിനിമ കാണുന്ന പ്രേക്ഷകരെപ്പോലും അമ്പരപ്പിച്ച് അസാമാന്യപ്രകടനം നടത്തുകയാണ് ചാക്യാർ. വേദിയിൽ മരിച്ചുവീണു എന്നു കരുതി കൂടെയുളളവരുൾപ്പെടെ നിലവിളിക്കുമ്പോൾ കണ്ണുതുറക്കുന്ന ചാക്യാർ സൂചിപ്പിക്കുന്നത് കൂടിയാട്ടം എന്ന കലയിലെ അഭിനയത്തിന്റെ വ്യാപ്തിയെപ്പറ്റിയാണ്. സിനിമയുടെ തുടക്കത്തിൽ തന്നെ ചാക്യാർ പറയുന്നുണ്ട്, അഭിനയകല ഇത്രമാത്രം സമന്വയിപ്പിക്കാൻ പറ്റിയ മറ്റൊരു കലാരൂപമില്ലെന്ന്.
കഥാപാത്രങ്ങളുടെ നിരീക്ഷണത്തിലും ചലനത്തിലുമുളള സൂക്ഷ്‌മത സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. പുത്തൻ തലമുറയുടെ അശ്രദ്ധ (വിളക്ക് തട്ടിയിടുന്നു), എടുത്തുചാട്ടം (ജോലി മാറണമെന്ന് പറയുന്ന മകൻ, ചേട്ടന്റെ സുഹൃത്തിനോട് പ്രണയത്തിലാകുന്ന അനിയത്തി), പിന്നെ കൂത്ത് നടക്കുമ്പോൾ ഭാഷ ഏതെന്ന് ചോദിക്കുന്ന മലയാളി, മദ്യപിച്ച് സദസ്സിൽ സംസാരിക്കുന്ന മലയാളിയോട് നിശ്ശബ്‌ദനായിരിക്കാൻ ആവശ്യപ്പെടുന്ന വിദേശി, കൂത്ത് അരമണിക്കൂറായി നിജപ്പെടുത്താൻ നിർദ്ദേശിക്കുന്ന മേനോൻ തുടങ്ങി, മദ്യപിച്ച് ബോധരഹിതനായി കടന്നുവരുന്ന അച്‌ഛനോട് “ഇന്നു പുറത്തു കിടന്നാൽ മതി” എന്ന് പറഞ്ഞ് വാതിലയ്‌ക്കുന്ന ഗൗരിയെവരെ ഈ ചിത്രത്തിൽ കാണാം.
കോട്ടും ടൈയും ധരിച്ച് ഫോട്ടോ എടുക്കാനായി ‘പോസു’ ചെയ്യുന്ന കലാകാരൻമാർ, വിദേശത്തെ പരിപാടികൾക്കുളള മുൻകൂർ പണം (അത്രയും രൂപ ഒരുമിച്ചു കണ്ടതിന്റെ ഭീതി) വാങ്ങാനുളള മടി തുടങ്ങിയ രംഗങ്ങൾ ഗ്രാമീണ ജീവിതത്തിന്റെ നിർമ്മലത വർദ്ധിപ്പിക്കുന്നു. ‘അരങ്ങത്തും ജീവിതത്തിലും വിദൂഷകനാണെന്ന’ വിശേഷണവുമായി വരുന്ന ഉണ്ണിമാമൻ എന്ന കഥാപാത്രം, തനിക്ക് കിട്ടിയ പണം ഗൗരിയെ ഏല്പിച്ച് ‘മെഡിസിൻ പഠിക്കാൻ ഉപകരിക്കും, അല്ലാതെ ഒറ്റയ്‌ക്കു ജീവിക്കുന്ന ഞാനെന്തു ചെയ്യാനാ’ എന്ന് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ, മറ്റുളളവരെ ചിരിപ്പിക്കുന്നവരാകും ഏറ്റവും കൂടുതൽ വേദനിക്കുന്നത് എന്ന പല്ലവി അന്വർത്ഥമാവുകയാണ്.
പടം കണ്ടുകഴിഞ്ഞപ്പോൾ തോന്നിയത് മറ്റൊന്നാണ്. പുത്തൻ തലമുറയുടെ പ്രണയത്തിനായി സമർപ്പിച്ച ‘പച്ചപ്പനംതത്തേ’ ഉൾപ്പെടെയുളള രണ്ടു ഗാനങ്ങളും ഉൾക്കൊളളിച്ചില്ലെങ്കിലും (വിപണി ലക്ഷ്യം മാത്രമാണത്) നോട്ടത്തിന്റെ ശില്പഭദ്രതയ്‌ക്ക് ഒരു കോട്ടവും സംഭവിക്കില്ലായിരുന്നു.
ഒരു നല്ല ചിത്രം, ലാളിത്യത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ശശി പരവൂരിനും കൂട്ടർക്കും അഭിമാനിക്കാം.
Generated from archived content: cinema1_june16_06.html Author: rajesh_k
Click this button or press Ctrl+G to toggle between Malayalam and English