കയ്യൊപ്പ്‌ – ഒരു ഓർമ്മപ്പെടുത്തൽ

ബാലചന്ദ്രനും ശിവദാസും പത്മയുമൊക്കെ ഇവിടെ വന്നിട്ട്‌ കുറച്ചുദിവസങ്ങളായി. ഇവരുടെ ആഗമനം അധികമായും അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല; ഒരുപക്ഷേ അറിയരുതെന്ന നിർബന്ധം പലർക്കുമുള്ളതുപോലെ തോന്നുന്നു. കാരണം, ഓടിപ്പഴകിയ പടങ്ങൾ 50ഉം 100ഉം തികയ്‌ക്കാനായി ഇടുന്ന ‘ലിറ്റിൽ’ തീയറ്ററുകളിലാണല്ലോ ഇവരെ നേരിട്ട്‌ എത്തിച്ചിരിക്കുന്നത്‌. ഇത്രയൊക്കയേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന ചങ്കൂറ്റം ശ്രീ. രഞ്ജിത്തിന്റെ പരസ്യവാചകത്തിൽത്തന്നെ വ്യക്തമാണ്‌. ‘ഈ ചിത്രം കണ്ടില്ലെങ്കിൽ, മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല’ എന്ന പതിവു പല്ലവിയിൽ നിന്ന്‌ ഈ ചിത്രം മമ്മൂട്ടിയെന്ന മെഗാസ്‌റ്റാറിന്റെ ആരാധകർ കാണരുത്‌; പകരം മമ്മൂട്ടിയെന്ന മഹാനടന്റെ ആരാധകർ കാണുക എന്ന്‌ ആദ്യദിനം തന്നെ അമരക്കാരൻ പറഞ്ഞത്‌ അതുകൊണ്ടുകൂടിയാണല്ലോ. അൽപനേരത്തേക്ക്‌ തങ്ങളുടെ പ്രിയപ്പെട്ട നടീനടൻമാരെ കാണാൻ വന്നവരും നിരാശരാകും. കാരണം ഈ ചിത്രത്തിൽ മമ്മൂട്ടിയോ മുകേഷോ ഖുശ്‌ബുവോ, ആരും തന്നെയില്ല. മറിച്ച്‌, സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടേയും കൈയ്യൊപ്പുമായി വരുന്ന, മുകളിൽ പരാമർശിച്ചവർക്ക്‌ പുറമെ, ബാബു, കമ്മേരേട്ടൻ, ഡോ.ജയശങ്കർ, ലതിക, പാത്തുമ്മ, ആലുക്കോയ, ജയശ്രീ തുടങ്ങിയ ഒരു സമൂഹത്തിൽ ജീവിക്കുന്ന വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേ ഉള്ളൂ.

പകർന്നു കിട്ടുന്ന സ്‌നേഹമാണ്‌ ലോകത്തെ നിലനിർത്തുന്നത്‌ – നമ്മൾ മറന്നു തുടങ്ങിയ പ്രപഞ്ചസത്യമാണിത്‌. വർഗ്ഗസമരങ്ങളെല്ലാം തന്നെ വർഗ്ഗീയ സമരങ്ങളായി പരിണമിച്ച്‌, വ്യത്യസ്‌ത രൂപങ്ങളിൽ ഭാവങ്ങളിൽ തീവ്രവാദ ഭീഷണിയിലാണ്‌, ലോകമെങ്ങും. അവയ്‌ക്കെതിരെയുള്ള നടപടിയെന്നോണം അമേരിക്ക ഇറാഖും അഫ്‌ഗാനിസ്ഥാനും തകർക്കുമ്പോഴും, ഇന്ത്യ സൈനിക ശക്തി കൂട്ടുമ്പോഴും, ഭീകരവാദഭീഷണിയിൽ എവിടേയും എന്തും സംഭവിക്കാം എന്ന നിലയിലേയ്‌ക്ക്‌ ഈ ദൈവത്തിന്റെ സ്വന്തം നാടുപോലും മാറുമ്പോഴും, കാലത്തെ കലകൊണ്ട്‌ തടഞ്ഞു നിർത്തേണ്ട കലാകാരന്‌, എഴുത്തുകാരന്‌, പ്രതികരിക്കാതിരിക്കാൻ വയ്യ എന്ന ആഹ്വാനമാണ്‌ ‘കൈയ്യൊപ്പി’ലൂടെ ശ്രീ. രഞ്ജിത്തും കൂട്ടരും നടത്തുന്നത്‌.

സ്‌നേഹത്തെപ്പറ്റിയും സാഹോദര്യത്തെപ്പറ്റിയും ഏറെ പാടിയിട്ടുണ്ട്‌ നമ്മുടെ മുൻ തലമുറ. നമുക്ക്‌ കിട്ടിയ സ്വാതന്ത്ര്യം പോലും ഇതിന്റെ ആകെത്തുകയാണ്‌. ഒരുപക്ഷേ, വന്നവഴി മറക്കുന്ന അല്ലെങ്കിൽ കമ്പോളസംസ്‌കാരത്തിൽ മതിമറന്നുപോകുന്ന ഒരു തലമുറയ്‌ക്ക്‌ – മൊബൈൽഫോണിനെപ്പറ്റിയുള്ള സംസാരവും തൂക്കിവിൽക്കുന്ന മദ്യക്കുപ്പികളും – ഇതൊന്നും ദഹിക്കുന്നില്ല. പുസ്‌തകപ്രസാധകനെ ദരിദ്രവാസിയെന്ന്‌ എളുപ്പത്തിൽ മുദ്രകുത്താൻ കഴിയുന്നത്‌ അതുകൊണ്ടാണ്‌. ജമീലയുടെ കഥ ചൂടപ്പം പോലെ വിറ്റുപോയതിനാൽ കമ്പോളത്തിന്‌ എന്താണ്‌ ആവശ്യമെന്ന്‌ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവന്‌ വരെ അറിയാം. ഒരു പക്ഷേ, ശിവദാസൻ പറയുന്നതുപോലെ, മുലപ്പാൽ പോലും പിഴിഞ്ഞ്‌ പാൽപ്പായസും വയ്‌ക്കുന്ന മലയാളിമനസിന്റെ സമകാലിക ചിത്രം തന്നെയല്ലേ ഇത്‌?

നല്ലത്‌ ചിന്തിക്കുക, നല്ലതുമാത്രം പ്രവർത്തിക്കുക എന്നു മാത്രമേ ബാലചന്ദ്രന്‌ പറയാനുള്ളൂ. അയാളുടെ വാക്കുകേട്ട്‌ ആരും നന്നാകണമെന്നില്ല; ‘attitude problem’ അത്രമാത്രം അനുഭവിക്കുന്നവരാണു നാം. പാർസൽ വരുമ്പോൾ ബോബൊണെന്ന്‌ തോന്നും; കാലഘട്ടം തോന്നിപ്പിക്കുന്നതാണത്‌. ആർക്ക്‌, ആരെ കുറ്റപ്പെടുത്താൻ കഴിയും? ഭീകരവാദത്തിന്റെ വേരുകൾ നമ്മുടെ സമൂഹത്തിൽ എന്തുമാത്രം ചൂഴ്‌ന്നിറങ്ങി എന്നതിന്റെ തെളിവുകളാണവ.

മതവും ജാതിയും അറിയാതെ ഇവിടെ ജീവിക്കാനും സ്‌നേഹിക്കാനും കഴിയുമോ? ഒരു പത്രവാർത്തയുടെ വെളിച്ചത്തിൽ, രോഗബാധിതയായി കിടക്കുന്ന ഒരു മുസ്ലീം പെൺകുട്ടിയ്‌ക്ക്‌ ധനസഹായം ചെയ്‌തുകൊടുത്തും, ആവശ്യം വന്നപ്പോൾ തന്റെ ജീവിതത്തിലെ ഒരേയൊരു സമ്പാദ്യം വിറ്റും ചികിത്സ നടത്താൻ ഒരുങ്ങുന്ന ബാലചന്ദ്രന്‌, ജാതി മനസ്സിലാകത്തക്ക വിധത്തിൽ പേരുപറയാൻ നിയമപാലകർ ബാബുവിനെ നിർബന്ധിക്കുമ്പോൾ അമ്പരപ്പാണ്‌. അയാളുടെ അമ്പരപ്പിൽ പ്രേക്ഷകർക്ക്‌ ആശ്ചര്യമില്ലഃ ബാബു അത്‌ മുൻകൂട്ടി പറയുന്നുണ്ട്‌, ‘സർ പലതും പഠിക്കാനുണ്ട്‌’. എങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിയറവുവയ്‌ക്കുന്നില്ല അയാൾ. അയാളുടെ മനസ്സിന്‌ മുന്നിൽ കൈകൂപ്പി നിന്നുപോയ ബാബുവിനോട്‌ യാത്ര പറഞ്ഞ്‌ കോഴിക്കോട്‌ നഗരത്തിലെത്തിയപ്പോൾ – അവിടെ നടന്ന സ്‌ഫോടനത്തിൽ – നന്മയെന്നത്‌ ദൈവത്തിന്റെ മറ്റൊരു പേരാണെന്ന്‌ തിരിച്ചറിഞ്ഞ ബാലചന്ദ്രൻ കൊല്ലപ്പെടുകയാണ്‌. നീലാകാശത്തേക്ക്‌ ഉയരുന്ന കറുത്തപുക, ഈ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ പ്രതീകമാകുന്നു. നന്മയുടെ കയ്യൊപ്പായി മാറേണ്ട ഒരാളെ അഗ്‌നി വിഴുങ്ങുമ്പോൾ ഇവിടെ ചാരമായി മാറുന്നത്‌ ഒരുപാട്‌ സ്വപ്നങ്ങളാണ്‌ഃ പൂർത്തീകരിക്കപ്പെട്ട, പേരറിയാത്ത വർഗീയ വിദ്വേഷം പരാമർശമാക്കിയ ആ നോവൽ, ചികിത്സക്കായി ആശുപത്രി വരാന്തയിൽ കാത്തിരിക്കുന്ന പാത്തുമ്മ, അതോടൊപ്പം ഒരൽപം അകലെ, വർഷങ്ങൾക്കുശേഷം, തളിരിട്ടു തുടങ്ങിയ ഒരു പ്രണയം….

വ്യക്തിത്വമുള്ള സ്‌ത്രീ കഥാപാത്രങ്ങൾക്ക്‌ ഉദാഹരണമാണ്‌ കയ്യൊപ്പിലെ ‘പത്മ’. ‘നമുക്ക്‌ പിരിയാം’ എന്നു പറഞ്ഞ ഭർത്താവിനോട്‌ ‘ശരി’ എന്നു പറഞ്ഞ്‌ അവൾ അകന്നു. ആ ഏകാന്തതയിലല്ല അവൾ ബാലചന്ദ്രനെ ഓർത്തത്‌. മറിച്ച്‌, ‘മറന്നിട്ടൊന്നുമുണ്ടായിരുന്നില്ല’ എന്ന വാചകത്തിൽ അത്‌ വ്യക്തമാണ്‌. ഈ ചിത്രത്തിൽ ബാലചന്ദ്രൻ പത്മയേയോ പാത്തുമ്മയേയോ, ഡോ.ജയശങ്കറിനേയോ നേരിൽ കാണുന്നില്ല. ഏവരും അയാളെ വ്യത്യസ്ത ഭാവത്തിൽ കാമുകനായും, സഹോദരനായും ശബ്ദത്തിലൂടെയും സഹായഹസ്‌തത്തിലൂടെയും അനുഭവിക്കുകയാണ്‌. അതിനു പുറമെ, ഏവരേയും കൂട്ടിയിണക്കുന്ന കണ്ണിയായി, ശിവദാസൻ എന്ന പ്രസാധകനും ഉണ്ട്‌. അദ്ദേഹത്തിന്റെ ഭാര്യ ലതികയിൽ ഒരു ഫെമിനിസ്‌റ്റിന്റെ ഭാവമുണ്ട്‌; സ്‌ത്രീവിരോധികൾ പോലും അംഗീകരിച്ചു കൊടുത്തേക്കാവുന്ന തരത്തിൽ. അനുപമമാണ്‌ പാത്രസൃഷ്ടിയിൽ തിരക്കഥാകൃത്തുക്കളും സംവിധായകനും (അംബികാസുതൻ മാങ്ങാടും രഞ്ജിത്തും) കാട്ടിയിരിക്കുന്ന മിടുക്ക്‌. അതുകൊണ്ട്‌ തന്നെയാണ്‌ പറയേണ്ടിവരുന്നത്‌, ഈ ചിത്രത്തിൽ താരങ്ങളില്ല; മറിച്ച്‌ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ.

Generated from archived content: cinema1_feb12_07.html Author: rajesh_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here