സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ആറുപതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞ ഈ സന്ദർഭത്തിൽ ഇന്ത്യയുടെ സാമ്പത്തിക – സാമൂഹ്യ – രാഷ്‌ട്രീയ – സാംസ്‌ക്കാരിക പശ്ചാത്തലം ബ്രിട്ടീഷ് ഇന്ത്യയുടേതിന് സമാനമോ അതിലേറെ പരിതാപകരമോ ആയിത്തീർന്നിരിക്കുകയാണെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപ്രസ്‌ഥാനത്തെ നയിച്ച അനുരഞ്ജനപരവും അനനുരഞ്ജനപരവുമായ (Compromising and Uncompromising) രാഷ്‌ട്രീയ ധാരകളിലെ എല്ലാ നേതാക്കളും ജീവനും ജീവിതവും ഹോമിച്ച അസംഖ്യം സ്വാതന്ത്ര്യസമരസേനാനികളും നെഞ്ചിൽ പേറിയിരുന്ന ഒരു സ്വപ്‌നമായിരുന്നു, എല്ലാവർക്കും തൊഴിലും ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും കിടപ്പാടവും ഉറപ്പാക്കപ്പെടുന്ന ഒരു സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്‌നം. പക്ഷേ നാട്ടിൽ രാഷ്‌ട്രീയാധികാരം തട്ടിയെടുത്ത പുതിയ ഇന്ത്യൻ ചൂഷകവർഗ്ഗം മാറി മാറി പ്രതിഷ്‌ഠിച്ച വിവിധ രാഷ്‌ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള സർക്കാരുകളിലൂടെ തങ്ങളുടെ മൂലധന വ്യവസായിക – വാണിജ്യ വിപുലീകരണ താല്‌പര്യാർത്ഥം ഇവിടെ നടപ്പാക്കിയതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ മുതലാളിത്ത വികസന നയങ്ങളുടെ ഫലമായി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വെറും പുഴുക്കളേപ്പോലെ ജനിച്ചു മരിക്കാൻ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു.
ഒരു ശരാശരി ഇന്ത്യാക്കാരന്റെ പ്രതിശീർഷ വരുമാനം, കേന്ദ്രത്തിലെ പഞ്ചായത്തീരാജ് മന്ത്രി അടുത്തയിടെ പ്രസ്‌താവിച്ച കണക്കനുസരിച്ച് ഇരുപത് രൂപയിൽ താഴെയാണ്.. അതിൽതന്നെ വലിയൊരു സംഖ്യ 9 രൂപയിലും താഴെ നിത്യവരുമാനം കൊണ്ടാണ് കഴിഞ്ഞുകൂടുന്നതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശരാശരി 15 രൂപ വച്ചു കൂട്ടിയാലും ഇവരുടെ വാർഷിക പ്രതിശീർഷവരുമാനം 5400 രൂപയാണ്. എന്നാൽ ലോകത്തെ അതിസമ്പന്നരുടെ പട്ടിക വർഷം തോറും പ്രസിദധീകരിക്കുന്ന ഫോബ്‌സ് പുറത്തിറക്കിയ ഈ വർഷത്തെ കണക്കുകൾ പ്രകാരം ആദ്യത്തെ പത്തു ലോകസമ്പന്നരിൽ നാലാമതും അഞ്ചാമതും ആറാമതും എട്ടാമതും സ്‌ഥാനം പിടിച്ചിരിക്കുന്നത് ഈ ദരിദ്രഇന്ത്യയിലെ ശതകോടീശ്വരന്മാരാണ്.
കോടീശ്വരന്മാരുടെ ആസ്‌തി.
റാങ്ക് പേര്‌ഃ
1. വാറൻബഫറ്റ്, രാജ്യം – യു.എസ്, ബില്യൺ ഡോളർ -62, കോടി – 2480
2. കാർലോസ് ആന്റ് ഫാമിലി, രാജ്യം -മെക്‌സിക്കോ, ബില്യൺ ഡോളർ -60, കോടി -2400
3. വില്യം ഗേറ്റ്‌സ് യു.എസ് 582320
4. ലക്ഷ്‌മി മിത്തൽ ഇന്ത്യ 451800
5. മുകേഷ് അംബാനി ഇന്ത്യ 431720
6. അനിൽ അംബാനി ഇന്ത്യ 421680
7. ഐ. കാൻമാർസ് സ്വീഡൻ 311240
8. കെ.പി. സിംഗ് ഇന്ത്യ 301200
ആദ്യത്തെ 200 ലോകസമ്പന്നരെ എടുത്താൽ ഇതിൽ സ്‌ഥാനം പിടിക്കുന്ന 13 പേര് ഇന്ത്യക്കാരാണ്. ഇവരുടെയെല്ലാം കൂടിയ സമ്പത്ത് 250 ബില്യൺ ഡോളർ (10,000 കോടി രൂപ) ആണ്. ഇത് ഇന്ത്യയുടെ ആകെ ആഭ്യന്തര ഉല്‌പാദനത്തിന്റെ 25 ശതമാനമാണ്. ഇന്ത്യയിലെ 53 ബഹുകോടീശ്വരന്മാരുടെ സമ്പത്ത് ദേശീയ വരുമാനത്തിന്റെ 31 ശതമാനം വരുമെന്നും കണക്കുകൾ തെളിയിക്കുന്നു. അമേരിക്കയിൽ പോലും 469 വൻ പണക്കാരുടെ സമ്പത്തെല്ലാം കൂട്ടിച്ചേർത്താലും അത് ദേശിയ സമ്പത്തിന്റെ 11 ശതമാനം മാത്രമേ വരൂ. ഇന്ത്യയുടെ അവസ്‌ഥയുടെ യഥാർത്ഥ ചിത്രം ഇതിൽ നിന്ന് വ്യക്തമാണല്ലോ.
ലോകമെമ്പാടും എന്നതുപോലെ ഇന്ത്യയിലും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വ്യവസായ മാന്ദ്യവും തെളിയിക്കുന്നതെന്തെന്നാൽ തൊണ്ണൂറുകളിൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നതും പിന്നീട് ഇടതുപക്ഷങ്ങളെന്ന് പറയപ്പെടുന്ന സി.പി.എം., സി.പി.ഐ. എന്നീ പാർട്ടികളുടെ നിർലോഭപിന്തുണയോടെ ആവിഷ്‌കരിച്ച് നടപ്പാക്കപ്പെട്ടതും ബി.ജെ.പി. സർക്കാർ കോൺഗ്രസ് സർക്കാരിന്റെ തുടർച്ചക്കാരായി നടപ്പാക്കിയതുമായ പ്രതിലോമകരമായ ആഗോളവത്‌കരണ ഉദാരവത്‌കരണ സ്വകാര്യവത്‌കരണ നയങ്ങൾ തികച്ച പരാജയം മാത്രമല്ല സർവ്വത്ര വിനാശകരമാണ് എന്നതാണ്. സ്വാഭാവികമായും ജനങ്ങളോട് തരിമ്പും കൂറില്ലാതെ കുത്തകകൾക്കു വേണ്ടി ഈ നയങ്ങൾ നിർദാക്ഷിണ്യം പിൻതുടർന്ന പാർട്ടികൾക്കും മുന്നണികൾക്കുമെതിരായ ശക്തവും വ്യക്തവുമായ ഒരു ജനാധിപത്യ സമരഐക്യനിര ഉയർന്നു വരേണ്ടുന്ന അടിയന്തിരസന്ദർഭമാണിത്.
കോൺഗ്രസും ബി.ജെ.പി.യും പ്രഖ്യാപിതമായിത്തന്നെ ആഗോളവത്‌കരണനയങ്ങളുടെ വക്താക്കളും ജനശത്രുക്കളുമാണ്. സി.പി.എം ഉം കൂട്ടാളികളുമാകട്ടെ വാചകത്തിൽ ആഗോളവത്‌കരണത്തെ എതിർക്കുന്നതായി നടിക്കുമ്പോഴും കഴിഞ്ഞ നാലര വർഷവും കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന് ശക്തമായ പിന്തുണ നല്‌കികൊണ്ട് ആ നയങ്ങളുടെ തീവ്രപരിരക്ഷകരായി നിലകൊള്ളുകയായിരുന്നു. ബംഗാളിലും കേരളത്തിലും സെസ്സ് ഉൾപ്പെടെയുള്ള ആഗോളവത്‌കരണവികസനമാതൃക ഭക്തിപുരസ്സരം നടപ്പിലാക്കുകയായിരുന്നു. സ്വദേശവിദേശകുത്തകകൾക്കു വേണ്ടി പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതികൾ നിർലജ്ജം ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നു. എതിർത്ത കർഷകരെ വെടിവച്ചുകൊല്ലുകയും സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. (ഉദാഹരണം നന്ദിഗ്രാം) അതിനാൽ ജനകീയ സമരത്തെയും ജനാധിപത്യ പ്രക്ഷോഭണത്തെയും മുഖ്യപ്രവർത്തനമായി കണക്കാക്കുന്നതും അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ചെയ്യുന്ന പാർട്ടികളും വ്യക്തികളും സംഘടനകളും ശക്തിപ്പെട്ട് വരേണ്ടുന്ന ഒരു കാലഘട്ടമാണിത്. മാധ്യമങ്ങളുടെയും പേശീബലത്തിന്റെയും പണത്തിന്റെയും മറവിൽ സൃഷ്‌ടിച്ചെടുക്കപ്പെടുന്ന കൃത്രിമമായ രാഷ്‌ട്രീയ ധ്രുവീകരണങ്ങൾക്കും ഹൈടെക് പ്രചാരണ കോലാഹലങ്ങൾക്കിടയിലും ഈ ഉത്തരവാദിത്വ ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധാരണ വോട്ടർമാർക്ക് കഴിയില്ല എന്നിടത്താണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം കുടികൊള്ളുന്നത്. അതിനാൽ പ്രാദേശികവും ദേശിയവുമായ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളെ മുൻനിറുത്തിയുള്ള വിപുലമായ ജനാധിപത്യാവകാശങ്ങളെ അടിസ്‌ഥാനപ്പെടുത്തി കെട്ടിപ്പടുക്കുന്ന വിശാലമായ മതേതര – ജനാധിപത്യ – ബഹുജനപ്രക്ഷോഭണങ്ങൾ ഭരിക്കുന്ന സർക്കാരുകളുടെ ജനവിരുദ്ധമായ ആഗോളവത്‌കരണ ഉദാരവത്‌കരണ സ്വാകാര്യവത്‌കരണനയങ്ങൾക്കെതിരെ ശക്തിപ്പെട്ടു വരേണ്ടിയിരുന്ന അടിയന്തിരഘട്ടമാണിത്. ആഗോളവത്‌കരണ നയങ്ങളെ വാചകത്തിലെതിർക്കുന്നതും പ്രവൃത്തിയിൽ അതിനെല്ലാവിധ ഒത്താശകളും ചെയ്‌തുകൊടുക്കുകയും ചെയ്യുന്ന സോഷ്യൽ ഡമോക്രാറ്റിക് കപടകമ്മ്യൂണിസ്‌റ്റുകളുടെ മുഖം മൂടി തൂത്തെറിഞ്ഞും കൊണ്ടേ ഇത് സാധ്യമാകൂ എന്ന ഘട്ടത്തിലെത്തി നില്‌ക്കുകയാണ് സമകാലീന ഇന്ത്യനവസ്‌ഥ. അതിനാൽ സാമൂഹ്യപുരോഗതിയും ഒരു നവ്യഭാരതസൃഷ്‌ടിയും താലോലിക്കുന്ന ഓരോരുത്തരും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ മർദ്ദിതരുടെയും ചൂഷിതരുടെയും വളർന്നു വരുന്ന ജനാധിപത്യ പ്രക്ഷോഭണങ്ങളോടൊപ്പം നിലകൊള്ളുകയും അത്തരം പ്രക്ഷോഭണങ്ങളെ വളർത്തിയെടുത്തുകൊണ്ട് തൊഴിലാളി വർഗ്ഗത്തിന്റെ ഒരു ഭരണകൂടം സ്‌ഥാപിച്ചെടുക്കുകയും സാമൂഹ്യഉല്‌പാദനവിതരണ സമ്പ്രദായം സോഷ്യലിസ്‌റ്റടിസ്‌ഥാനത്തിൽ പുനഃസംഘടിപ്പിക്കുകയും ചെയ്യുകയെന്നതാണ്. അപ്പോൾ മാത്രമേ അരപ്പട്ടിണിക്കാരും അന്തിയുറങ്ങാനില്ലാത്തവരും ചികിത്സിക്കാൻ ഗതിയില്ലാത്തവരുമായ കോടിക്കണക്കിന് ഇന്ത്യൻ ജനതയ്‌ക്ക് അവന്റെ സ്വാതന്ത്ര്യത്തിന്റെ ഉദയസൂര്യൻ പൊട്ടിവിരിഞ്ഞു എന്ന യഥാർത്ഥ്യം അനുഭവപ്പെടൂ.
Generated from archived content: essay2_mar13_10.html Author: rajendran_pothanaseril
Click this button or press Ctrl+G to toggle between Malayalam and English