വി.കെ.എൻ സമാനതകളില്ലാത്ത മലയാളകഥാകാരൻ

റഷ്യൻ ഭാഷയ്‌ക്ക്‌ ഒരു ദസ്‌തയേവ്‌സ്‌കിയും ഫ്രഞ്ചിന്‌ ഒരു വിക്‌തയൂഗോവും ഇംഗ്ലീഷിന്‌ ഒരു ഏണസ്‌റ്റ്‌ ഹെമിങ്ങ്‌വേയും ബംഗാളിൽ ഒരു ടാഗോറും ഉണ്ടായിരുന്നതുപോലെ മലയാളത്തിനും എന്നും അഭിമാനപൂർവം ഉയർത്തിപ്പിടിക്കാൻ ഒരു വി.കെ.എൻ ഉണ്ട്‌ എന്നതാണ്‌ ആ ഭാഷയുടെ പുണ്യം എന്നുറപ്പിച്ചു പറയാൻ കഴിയും. വിശ്വസാഹിത്യത്തിലെ അഗ്രഗാമികളായിരുന്ന ആദ്യം പേര്‌ സൂചിപ്പിക്കപ്പെട്ട സാഹിത്യനായകൻമാരുടെ കഥാപ്രപഞ്ചവും വി.കെ.എൻ.സൃഷ്‌ടിച്ച കഥാപ്രപഞ്ചവും സമാനതകളുള്ളതാണോ എന്ന ചോദ്യമല്ലെ പ്രസക്തമെന്ന്‌ ഇവിടെ ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. കഥ പറിച്ചിലിന്റെ ദാർശനികവും സാങ്കേതികവും സൗന്ദര്യശാസ്‌ത്രപരവുമായ ഔന്നത്യം എത്രത്തോളമുണ്ടെന്നുള്ള ചർച്ച ഹ്രസ്വമായ ഈ ലേഖനത്തിന്റെ പരിധിയിൽ വരാത്തതും ഒട്ടൊക്കെ അനാവശ്യവുമാണെന്നതുകൊണ്ട്‌, ഭാഷയിൽ ആ അധികായൻ സൃഷ്‌ടിച്ച ലാളിത്യത്തിന്റെയും ലാവണ്യമാനങ്ങളുടെയും അതുവഴി ഉണർത്തിവിടപ്പെട്ട അനുഭൂതി തലങ്ങളെയുമെടുത്ത്‌ പരിശോധിക്കുകയാണെങ്കിൽ വി.കെ.എന്നും അവരിലൊട്ടും കുറയാത്ത സംഭാവന തന്റെ വൈവിധ്യമാർന്നതും അഗാധജീവിതവിമർശനങ്ങളുൾക്കൊള്ളുന്നതും ഹാസ്യരസത്തിന്റെ കൊടുമുടിയിൽ കാലൂന്നി നിൽക്കുന്നതുമായ ഇരുപത്തിരണ്ടിലേറെ കൃതികളിലൂടെ നിറവേറ്റിയിട്ടുണ്ടെന്ന്‌ ആമുഖമായി സൂചിപ്പിക്കുക മാത്രംചെയ്‌തുകൊള്ളുന്നു. ആ അർത്ഥത്തിലാണ്‌ മലയാളത്തെ വിശ്വസാഹിത്യനിലവാരത്തിലേക്കുയർത്തിയ നിസ്‌തൂലമായ എഴുത്തുകാരനാണ്‌ വി.കെ.എൻ.എന്ന്‌ പറയാവുന്നതും.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ നേടിയ വിഖ്യാതമായ പയ്യൻ കഥകളും. കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ ആരോഹണവും സർ ചാത്തുവിന്റെ വിരേതിഹാസമായ പിതാമഹനും വി.കെ.എൻ. സാഹിത്യത്തിലെ മൂന്ന്‌ ഈജിപ്‌ഷ്യൻ പിരമിഡുകളാണെന്ന്‌ പൊതുവെ ഗണിക്കാമെങ്കിലും രചനാരീതി കൊണ്ടും വിഷയപ്രതിപാദനത്തിലെയും പാത്രസൃഷ്‌ടിയിലെയും അനന്യതകൊണ്ടും ഭാഷാപ്രയോഗത്തിലെ ഉജ്ജ്വലമാർന്ന ശൈലിവിശേഷം കൊണ്ടും അ​‍്ഹേത്തിന്റെ ഒരൊറ്റ കൃതിപോലും പ്രതിഭയുടെ ഔന്നത്യത്തിൽ പരിശോധിക്കപ്പെടുകയാണെങ്കിൽ ഒരു രീതിയിലും രണ്ടാംകിട സാഹിത്യമല്ലാ എന്നു ആ കൃതികളിലൂടെ കടന്നുപോയിട്ടുള്ളവർക്ക്‌ ബോധ്യപ്പെടുന്ന സംഗതിയാണ്‌.

മലയാളസാഹിത്യചരിത്രത്തിൽ കുഞ്ചൻ നമ്പ്യാരിലൂടെ പ്രോത്‌ഘാടനം ചെയ്യപ്പെട്ട സാമൂഹ്യവിമർശനസമ്പ്രദായം, സഞ്ഞ്‌ജയനിലൂടെയും ഇ.വി.കൃഷ്‌ണപിള്ളയിലൂടെയും വി.കെ.എന്നിലെത്തി നിൽക്കുമ്പോൾ കാണുന്നത്‌ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും ഇരുപതാം നൂറ്റാണ്ടിലേക്കുളള പരിഹാസസാഹിത്യത്തിന്റെ രേഖീയമായ വികാസ പരിണാമമല്ല പിന്നെയോ ഗുണാത്മകവും സ്‌തോഭജനകവുമായ ഒരു വിസ്‌പോടനമാണ്‌ ദർശിക്കപ്പെടുന്നത്‌ എന്നാണ്‌. മലയാള ചെറുകഥാ സാഹിത്യത്തിന്റെയും നോവൽ സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളെ പരിശോധിച്ചാലും തനതും വ്യക്തിത്വമാർന്നതുമായ ശൈലീപരമായ ഒരു അവസ്‌ഥാന്തരത്തിലൂടെ അതുവരെ മലയാളം അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത അനുഭൂതി പ്രപഞ്ചത്തിലേക്ക്‌ അനുവാചകനെ കൂട്ടിക്കൊണ്ടുപോകാനും ഭാവസാന്ദ്രമായ ഒരുൾക്കാഴ്‌ച പകർന്നു തരാനും തന്റെ സൃഷ്‌ടികളിലൂടെ കഴിഞ്ഞു എന്നുള്ളിടത്താണ്‌ ഒരു കഥാകാരൻ എന്ന നിലയിൽ ഒരു സാമൂഹ്യവിമർശകനെന്നതിലും പരിഹാസകാരൻ എന്നതിലും ഉപരിയായുള്ള വി.കെ.എൻ എന്നതിന്റെ ചരിത്രപരമായ മാഹാത്മ്യം കുടികൊള്ളുന്നത്‌.

വി.കെ. എന്നിന്റെ കഥാപ്രപഞ്ചത്തിൽ വൈവിധ്യമാർന്ന നൂറു കണക്കിന്‌ മിഴിവുറ്റ കഥാപാത്രങ്ങളുള്ളതുപോലെ നിമിഷത്തിന്റെ കാൻവാസുകളിൽ നിന്നും ചിരിച്ച്‌ മണ്ണ്‌ കപ്പിക്കുന്ന ഒരുപാട്‌ കഥാ സന്ദർഭങ്ങളും നമുക്കായിസൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്‌. കൂടാതെ ഭാഷയാൽ നെയ്‌തെടുത്ത ഇന്ദ്രജാലതുല്യമായ വാങ്ങ്‌മയ ചിത്രങ്ങളും വാമൊഴികളും കൽപന ആവിഷ്‌കൃതമായിട്ടുമുണ്ട.​‍്‌ അത്തരം രചനകളിലൂടെ സാധിച്ച ചിരിയിലൂടെയുള്ള ജീവിതദർശനം ചിരിക്കുശേഷവും കരളിലെവിടെയോ കോരിയിടുന്ന വൈകാരികസാന്ദ്രതയുടെ കുളിരലകളാൽ ആസ്വാദകർക്ക്‌ തങ്ങളെത്തന്നെ ആ പരിഹാസശരങ്ങളുടെ ഉന്നമായിക്കാണാനും അതുവഴി സമചിത്തതയാർന്ന ഒരുയർന്ന മാനുഷിക വീക്ഷണവും പ്രത്യയശാസ്‌ത്രനിലപാടും സ്വായത്തമാക്കുവാൻ ഇടവരുത്തുകയും ചെയ്യുന്നു. ഇവിടെയാണ്‌ ഉയർന്ന ജീവിതാവബോധത്തിന്നാധാരമായ മാനവമൂല്യങ്ങളെയും അഭിരുചികളെയും സംസ്‌ക്കാരത്തെയും കരുപിടിപ്പിക്കാനും പകർന്നു നൽകാനും പര്യാപ്‌തമാണ്‌ ഉത്തമ കല എന്ന എക്കാലത്തെയും പ്രസക്തമായ കലാവിമർശനതത്വം ഉദാഹരിക്കപ്പെടുന്നത്‌.

വി.കെ.എന്നിന്റെ ഗൗരവപ്പെട്ട സാഹിത്യ പരിശ്രമങ്ങൾ ആരംഭിച്ച 1959 മുതൽ ഡൽഹിയിലെ പത്രപ്രവർത്തകനായി ചേക്കേറിയ കാലഘട്ടങ്ങളിലാണെന്നത്‌ സുവിദദമാണല്ലൊ. ആ കാലഘട്ടത്തിൽ ഇംഗ്ലീഷിലെഴുതിയ നർമ്മലേഖനങ്ങളിലൂടെയും മലയാളത്തിലെ ചെറുകഥകളിലൂടെയുമാണ്‌ അധികാരത്തിന്റെ അകത്തളങ്ങളെ അധികമാർക്കും അറിവില്ലാതിരുന്ന, കാപട്യത്തിന്റെയും കാലുവാരലിന്റെയും നഗ്നമായ അഴിമതിയുടെയും പരസ്യവും രഹസ്യവുമായ നിരവധി തലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ജീർണമായ പിത്തലാട്ടങ്ങളുടെയും ജൂഗുപ്‌സാഹവും ംലേച്ഛവുമായ കൈകാര്യങ്ങളുടെയും കഥകൾ പീരങ്കിയുണ്ടകൾ പോലെ കൊള്ളേണ്ടിടത്ത്‌ കൊണ്ടുതുടങ്ങിയത്‌. സ്വാതന്ത്ര്യാനന്തരഭാരതത്തിൽ സംഭവിച്ച മോഹനസുന്ദര നെഹ്രുവിയൻ ആദർശയുഗത്തിന്റെ അന്ത്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സാമ്രാജ്യത്വവിരുദ്ധ പ്രസ്‌ഥാനത്തിന്‌ വന്നു ഭവിച്ച അപചയം സാമൂഹ്യമേഖലകളിലും രാഷ്‌ട്രീയ മേഖലകളിലും സാംസ്‌ക്കാരിക മേഖലകളിലും കൊണ്ടുവന്നെത്തിച്ച പ്രതിസന്ധിയുടെ നേർക്കാഴ്‌ചകളായിരുന്നു പയ്യൻ കഥകളും ആരോഹണവും അധികാരവും മറ്റും. ഇവിടെ വിലാപത്തിന്റെ ആക്രോശങ്ങളിൽ നിന്നുരുത്തിരിയുന്ന ക്രോധം ചിരിയായി കത്തിപ്പടരുകയാണ്‌ ചെയ്യുന്നത്‌. ആസുരവും രാക്ഷസസമാനവുമായ ഈ കാലഘട്ടത്തിൽ ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ ഒരു കലാകാരനാവുകയില്ലെന്നതുകൊണ്ടാവാം കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം കുഞ്ചൻ അങ്ങനെ ചെയ്‌തത്‌. പയ്യനെന്ന സാഹസികനായ അതിമാനുഷനിലൂടെ പത്രപ്രവർത്തനത്തിന്റെയും നിയന്ത്രനീക്കങ്ങളുടെയും രാഷ്‌ട്രീയനടപടികളുടെയും നിഗൂഢമായ ആഭിചാരവൃത്തികൾ ഒരു പാകപ്പെട്ട നിസംഗമനസ്സിനു മാത്രം ഉൾക്കാഴ്‌ചയോടെ ആരോഹണത്തിലും പയ്യൻകഥകളിലും അദ്ദേഹം ചിത്രണം ചെയ്‌തു. ഇതിനദ്ദേഹത്തെ സഹായിച്ചതാകട്ടെ തളരാത്ത വായനയും പഠനവും നിരീക്ഷണ മനനവുമായിരിക്കണം. പോരാ ഒരു ജനാനുകൂല സാമൂഹ്യസാംസ്‌കാരിക സൗന്ദര്യാവബോധ വീക്ഷണവും സ്വതസിദ്ധമായ പ്രതിഭാശക്തി ഉദ്ധൃതമായ ചങ്കൂറ്റം കൂടിയുണ്ടെങ്കിലേ ഇത്രയും മിഴിവാർന്ന ആ ചരിത്രഘട്ടത്തെ പുനഃർസൃഷ്‌ടിക്കാനാവൂ എന്നു കൂടി പറഞ്ഞെങ്കിലേ അത്‌പൂർണമാവൂ.

വി.കെ. എന്നിന്റെ പ്രമേയങ്ങൾ ദേശീയ രാഷ്‌ട്രീയത്തിലെ വലതുപക്ഷവിമർശനം മാത്രം ഉൾക്കൊള്ളുന്നതല്ല എന്നത്‌ ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്‌. ചാത്തൻസ്‌, ജനറൽ ചാത്തൻസ്‌ എന്നീ നോവലുകളിലൂടെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്‌ അവന്റെ വാഗ്‌ദത ഭൂമിയായ സോഷ്യലിസ്‌റ്റ്‌ സമ്പദ്‌ശ്രമം എന്ന മധുരമനോഹരമനോജ്‌ഞ്ഞ സ്വപ്‌നം കൊടുത്തുകൊണ്ട്‌ ആദ്യം അവിഭജിതവും പിന്നീട്‌ നിരവധികഷണങ്ങളായി ചിതറിത്തെറിച്ചു പോയതുമായ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ പാർലമെന്ററി അപചയങ്ങളും തദ്വാര അതിൽ വന്നുഭവിച്ച പ്രത്യയശാസ്‌ത്രജീർണ്ണതകളും നേതാക്കളിൽ തുടങ്ങി സാധാരണ പ്രവർത്തകരിൽ വരെ പ്രതിഫലിച്ച രാഷ്‌ട്രീയവും സാമ്പത്തികവുമായ ഭാഗ്യാന്വേഷണങ്ങളുമെല്ലാം ഈ എഴുത്തുകാരൻ തന്റെ മൂന്നാം കണ്ണിനാൽ നോക്കിക്കണ്ട പ്രതിലോപരമായ സാമൂഹ്യപ്രതിഭാസങ്ങളായിരുന്നു. കേരളത്തിന്റെ കാർഷികമേഖലയിൽ വിപ്ലവപരിവർത്തനം വരുത്തിയെന്ന്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിക്കാർ കൊട്ടിഘോഷിച്ചു നടന്നിരുന്ന ഭൂപരിഷ്‌കരണം സത്യത്തിൽ പാട്ടക്കുടിയാനു മാത്രം കൈവന്ന വിപ്ലവമായിരുന്നെന്നും ലക്ഷക്കണക്കിനു വരുന്ന കർഷകത്തൊഴിലാളികൾക്ക്‌ കഞ്ഞി

കുമ്പിളിൽത്തന്നെയായിരുന്നെന്നും ചാത്തൻസിന്റെ അനുഭവത്തിലൂടെ വി.കെ.എൻ. തെളിച്ചു പറയുന്നുണ്ട്‌. മാത്രമല്ല കീഴ്‌ജാതിക്കാരനായ കർഷകത്തൊഴിലാളി സാമ്പത്തികമായി മാത്രമല്ല സാമൂഹ്യമായി കൂടി പാർട്ടിയിലെ മേൽജാതിക്കാരിൽ നിന്നും അയിത്തം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന ദുഃഖസത്യവും ചാത്തൻസ്‌ തിരിച്ചറിയുന്നു.

ജനറൽ ചാത്തൻസിൽ വിപ്ലവം പ്രയോഗത്തിൽ വരുത്താൻ സർവവിധ നെറികേടുകളും കൈക്കൊള്ളുകയും അവസാനം അവയുടെ സത്യസ്‌ഥിതി ലോകത്തോട്‌ വിളിച്ചു പറയുകയും ചെയ്യുന്നതിലൂടെയണല്ലോ ഇന്ത്യൻ രാഷ്‌ട്രീയ വ്യവസ്‌ഥയോടും അധികാരത്തിന്റെ ശ്രേണിബദ്ധതകളോടുമുളള സത്യസന്ധമായ വിമർശനം ചാത്തൻസ്‌ എന്ന കഥാപാത്രത്തിലൂടെ വി.കെ.എൻ. സാധിക്കുന്നത്‌. ഇത്തരമൊരു പരീക്ഷണാത്മക ഇതിവൃത്തം മലയാളസാഹിത്യത്തിലെന്നല്ല ലോകസാഹിത്യത്തിൽ പോലും വിതുരമായി നിലകൊള്ളുന്ന ഒന്നാണ്‌. കാവിയെന്ന ആന്റി നോവലാകട്ടെ സ്വാതന്ത്ര്യലബ്‌ധിക്കു മുമ്പേ ഇന്ത്യൻ മണ്ണിൽ ആധിപത്യസ്‌ഥാപനത്തിന്‌ പരിശ്രമിക്കുകയും തൊണ്ണൂറുകളോടെഒരു തരത്തിൽ അധികാരം പൂർത്തികരിക്കുകയും ചെയ്‌ത സവർണ്ണഫാസിസ്‌റ്റ്‌ ഹിന്ദുത്വപ്രത്യയശാസ്‌ത്രത്തെയും അതിന്റെ സാമൂഹ്യസംഘടനാ ചട്ടക്കൂടിനെയും മറ്റൊരാൾക്കും അസാധ്യമായ വിധത്തിൽ തൊലിയുരിച്ചു കാണിച്ചു.

അധികാരവ്യവസ്‌ഥയുടെ ശരീരശാസ്‌ത്രം മാത്രമല്ല പത്രപ്രവർത്തനം, കുടുംബവ്യവസ്‌ഥയുടെ ആധുനികവും പ്രാക്തവുമായ അപചയങ്ങൾ, ഗ്രാമജീവിതത്തിൽ വരെ വന്നു ഭവിച്ച കാപട്യങ്ങൾ, പഴയതും പുതിയതുമായ ശാസ്‌ത്രീയവും സാങ്കേതികവുമായ അറിവുകൾ, മനുഷ്യന്റെ സാമൂഹ്യജീവിതത്തെയും വ്യക്തിയുടെ സ്വാകാര്യതയിലും വരുത്തിയ മാറ്റങ്ങൾ, പുസ്‌തകപ്രകാശനരംഗത്തെയും പ്രസിദ്ധീകരണവ്യവസായത്തിലെയും തിരിമറികൾ, ജാതിവ്യവസ്‌ഥയുടെ അതിരൂക്ഷമായ സന്നിഗ്‌ധാവസ്‌ഥകളും അവയെ സംബന്ധിച്ച ശാസ്‌ത്രീയ കാഴ്‌ചപ്പാടിന്റെയടിസ്‌ഥനത്തിലുള്ള കീഴാള പ്രത്യയശാസ്‌ത്രത്തെ സംബന്ധിച്ച ആധുനിക നിലപാടുകൾ എന്നുവേണ്ട ആധുനിക ഇന്ത്യക്കാരന്റെ ദൗർബല്യപൂർണ്ണമായ ഹരമായിക്കഴിഞ്ഞ ക്രിക്കറ്റ്‌ വരെ ഈ മഹാരഥന്റെ തൂലികയിൽ സവിശേഷവും കൗതുകാവഹവും മിഴിവുറ്റതുമായ ആകാരം കൈക്കൊള്ളുന്നുണ്ട്‌.

വി.കെ.എന്നിന്റെ വൈജ്ഞാനിക പ്രപഞ്ചത്തെക്കുറിച്ചു പറയുകയാണെങ്കിൽ കൃഷിയും പാചകവും, ജ്യോതിഷവും, കഥകളിയും, വേദേതിഹാസങ്ങളും, വ്യാകരണവും, മേസ്‌തിരിപ്പണിയും തൊട്ട്‌ മോഡേൺ ഫിസിക്‌സും ചരിത്രവും സാമ്പത്തികശാസ്‌ത്രവും ഭാഷാശാസ്‌ത്രവും സാഹിത്യവിമർശനവും ശാരീരശാസ്‌ത്രവും മനഃശാസ്‌ത്രവും തത്വചിന്തയും പ്രകൃതിശാസ്‌ത്രവും അടക്കമുള്ള മാനവവിജ്ഞാനങ്ങളും അതിലടങ്ങിയിട്ടുണ്ട്‌. ഈ വിഷയങ്ങളെ പറ്റിയുളള പരന്ന അറിവ്‌ അദ്ദേഹത്തിന്റെ കൃതികൾ പാരായണം ചെയ്യുന്ന ഏതൊരാളിൽ നിന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്‌. മലയാളഭാഷയാകട്ടെ സംസ്‌കൃതം, തെലുങ്ക്‌, തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌ റഷ്യൻ, ഫ്രഞ്ച്‌ ജർമ്മൻ തുടങ്ങിയ ഭാഷകളുമായി ഇടകലർന്ന്‌ രൂപം കൊള്ളുന്ന ഒരു പ്രത്യേകതരം മണിപ്രവാളമായി പരിണമിക്കുകയും ചെയ്യുന്നു. ആഖ്യാനത്തിൽ അദ്ദേഹം അവലംബിക്കുന്ന സംഭാഷണരീതികളുടെയും ചിത്രണസവിശേതകളുടെയും പരിഭാഷാനൈപുണ്യത്തെയും പറ്റി പറയുകയാണെങ്കിൽ ഒരു ഗവേഷണ പ്രബന്ധം തന്നെ രചിക്കാൻ പര്യാപ്‌തമാം വിധം ആഴമേറിയതാണത്‌ എന്നേ ചൂണ്ടിക്കാണിക്കാൻ പറ്റൂ. എങ്കിൽപോലും ആ ജോലി അത്‌ ചെയ്യുന്നവർക്കൊരു വെല്ലുവിളിയായി അവശേഷിക്കുന്നത്ര നിസ്‌തുലമായ വിധത്തിൽ സകലവിധ ഭാഷാശാസ്‌ത്രനിയമങ്ങളെയും കവച്ചു വയ്‌ക്കുന്നതും ഹാസ്യത്തിന്റെ അഭിഷേകം കൊണ്ടും അർത്ഥോത്‌പാദത്തിന്റെ നവീന സാധ്യതകളാലും പുതിയൊരു ഭാവപ്രപഞ്ചത്തിലേക്ക്‌ അനുവാചകനെ കൈടിച്ചാനയിക്കാൻ പോന്നതുമാണവ. നിരർത്ഥകതയുടെ അർത്ഥം ഇത്രയ്‌ക്ക്‌ അർത്ഥസംപുഷ്‌ടമായി സാഹിത്യത്തിൽ ഇതേയവരെ ആരും ഉപയോഗപ്പെടുത്തിയതായി കാണുന്നില്ല.

ഉദാഹരണമായി

നൈനം ദഹതി പാവക-

നൈനാനെപ്പോലും ഒരു പുല്ലും ചെയ്യാൻ ഒക്കുകേല എന്നു പറയു ഭഗവത്‌ഗീതാശ്ലോകത്തിന്റെ ആത്മീയ ഗൗരവത്തെ തലയറഞ്ഞുളള ചിരിയാക്കി, ഒരു ബഹുമതാധിഷ്‌ഠിത സമൂഹത്തിന്റെ പൊതുവായ ആസ്വാദനവിഭവമാക്കി മാറ്റി സ്‌ഥാപിക്കുന്നു. ഹൂ ഈ അഫ്രൈയ്‌ഡ്‌ ഓഫ്‌ വിർജീനിയാ വൂൾഫ്‌ എന്നതിന്‌ വെള്ളായനി അർജ്ജുനനെ ആർക്കാണ്‌ ഭയം എന്നാക്കുന്നതും,

പലായ ധ്വം പലായ ധ്വം

‘രേരേദുഷ്‌കവികുഞ്ഞ്‌ജരാ’ എന്നു തുടങ്ങുന്ന ശ്ലോകത്തെ

‘ആയിരം മീറ്ററോടട്ടെ

ദുഷ്‌കവി പൊട്ടയാനകൾ’ എന്നു മറ്റും തർജ്ജമ ചെയ്യുമ്പോൾ ഭാഷയുടെ ആന്തരാർത്ഥത്തെ തന്റെ സ്വത്വത്തിലൂടെ പുനഃസൃഷ്‌ടിക്കുകയാണ്‌ മലയാളഭാഷയുടെ ഈ അഭിനവപെരുന്തച്ചൻ. ഇങ്ങനെ നോക്കുമ്പോൾ വർഷക്കാലത്തെ തന്റെ പരിമിത ആയുസ്സിനുള്ളിൽ ഒരു ഭാഷയുടെ ആത്മാവിൽ ഗ്രാമ്യതയുടെയും പുറംലോകത്തിന്റെയും ഉക്തിവൈചിത്ര്യങ്ങൾ ഒരു പോലെ ആലേഖനം ചെയ്യുകയും ആ ആഖ്യാനശകലങ്ങളിൽ ഒരു ജനതയുടെയാകെ ജീവിതപരിച്ഛേദം ആവിഷ്‌കരിക്കുകയും ചെയ്യുകവഴി കാലത്തെ പിൻതള്ളിക്കൊണ്ട്‌ തന്റേതായ പാദമുദ്ര മലയാളസാഹിത്യചരിത്രത്തിൽ ആഞ്ഞുപതിപ്പിക്കുകയും ചെയ്‌ത സമാനതകളില്ലാത്ത കഥാകാരനായിരുന്നു വി.കെ.എൻ. എന്ന്‌ നിസംശയം പറയാം. എന്തായാലും വരും തലമുറകൾക്ക്‌ വി.കെ.എൻ. വരച്ചിട്ട ഭാവലോകങ്ങൾ ഒരത്‌ഭുത പ്രപഞ്ചമായി അവശേഷിക്കും എന്നു പറയുന്നതിൽ ഒട്ടും തെറ്റില്ല. ഒരു ജനസമൂഹത്തിന്റെ സൗന്ദര്യാത്മകമാനങ്ങൾ ഐതിഹാസികമായി കഥകളിലും നോവലുകളിലും ആവിഷ്‌കരിക്കുക വഴി ജീവിതത്തെ കറുത്ത ചിരിയാക്കി മാറ്റിയ ഈ ത്രയ്യക്ഷരി അനേകസംവത്സരം മലയാളികളുടെ മനസിൽ അവരുടെ ഭാഷയുടെ പിതാമഹനായിത്തന്നെ വർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Generated from archived content: essay2_dec7_09.html Author: rajendran_pothanaseril

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here