ഒരു ജനതയുടെ ബൗദ്ധികജീവിതത്തിന്റെ സാരസർവ്വസ്വമാണ് സാഹിത്യമെന്ന് പറഞ്ഞത് ജർമ്മൻ ചിന്തകനായിരുന്ന ഷ്‌ളെഗലാണ്. സാഹിത്യം ഹൃദയത്തെ സംശുദ്ധമാക്കുന്നുവെന്ന് അരിസ്‌റ്റോട്ടിലും സാഹിത്യം രസിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഹോറേസ്സും, അത് ഹൃദയത്തെ ഉദാത്തമാക്കുകയും ഉയർത്തുകയും ചെയ്യുന്നുവെന്ന് ലോജ്ഞൈനസും ഹൃദയത്തെ സ്‌പർശിക്കുകയും മഥിക്കുകയും ചെയ്യുന്നതാണ് സാഹിത്യമെന്ന് ഗോയ്‌ഥേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരുണത്തിൽ സാഹിത്യം മനുഷ്യന്റെ നിലനിൽപിലും മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയിലും കല, ശാസ്‌ത്രം, സാങ്കേതികശാസ്‌ത്രം, തത്വചിന്ത, മതം, സാമ്പത്തികശാസ്‌ത്രം, രാഷ്‌ട്രീയം തുടങ്ങിയ മാനുഷികവ്യവഹാരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എന്ത് പങ്കാണ് നിർവഹിക്കുന്നതെന്നതിനെ സംബന്ധിച്ച ചെറുതെങ്കിലും ഒരു തുറന്ന അന്വേഷണം അതിന്റെ സാംഗത്യത്തെ സംബന്ധിച്ച ഒരേകദേശ ധാരണ രൂപീകരിക്കുന്നതിന് സഹായകരമായിരിക്കുമെന്ന് കരുതുന്നു. പൊതുവിൽ സാഹിത്യം എന്നു പറയുന്നത് എഴുതപ്പെടുകയും പറയപ്പെടുകയും മുദ്രണം ചെയ്യപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെ അനുഭവങ്ങളുടെയും ചിന്തയുടെയും വിവരശേഖരങ്ങളുടെയും പഠനത്തിന്റെയും അനുഭൂതികളുടെയും ആകെയുളള ആവിഷ്‌കണരമെന്ന് പറയാമെങ്കിലും ഭാവനയിലൂടെയും വികാരത്തിലൂടെയും യുക്തിയിലൂടെയും സൃഷ്‌ടിക്കപ്പെടുന്ന മറ്റൊരു ഭാവപ്രവപഞ്ചമാണ് സാഹിത്യമെന്ന് പറയുകയായിരിക്കും ഏറ്റവും ശരി. അല്ലെങ്കിൽ ഒരു തീവണ്ടി സമയവിവരപ്പട്ടികയേയോ ഒരു പാചകക്കുറിപ്പടങ്ങുന്ന പുസ്‌തത്തെയോ, ഒരു വൈദ്യശാസ്‌ത്രഗ്രന്ഥത്തെയോ ഒക്കെ സാഹിത്യസൃഷ്‌ടികളെന്ന് പറയേണ്ടി വരും. അവയിൽ നിന്നൊക്കെ വാൽമീകിയുടെ രാമായണവും, കാളിദാസന്റെ മേഘസന്ദേശവും, ഹോമറുടെ ഇലിയഡും, ഷേക്‌സ്‌പിയറുടെ ഒഥല്ലോയും വിക്തർ യൂഗോയുടെ പാവങ്ങളും, ദസ്‌തയേവസ്‌കിയുടെ കാരമസോവ് സഹോദരന്മാരും, മിൽട്ടന്റെ പറുദീസ നഷ്‌ടവും, ഗോഥേയുടെ ഫൗസ്‌റ്റുമൊക്കെ വ്യത്യസ്‌തമാകുന്നത് അത് മനുഷ്യബുദ്ധിയുടെയും അനുഭവങ്ങളുടെയും സൗന്ദര്യാനുഭൂതികളുടെയും ഭാവനയുടെയും പ്രതിഭാശക്‌തിയുടെയും സമജ്ഞസമ്മേളനത്തിലൂടെ അനുവാചകരെ പുതിയൊരു അനുഭൂതി മണ്ഡലത്തിലേക്ക് കൈപിടിച്ചുയർത്തി അവരെ ഉത്തുംഗമായൊരു ആത്മവികാസപന്ഥാവിൽ എത്തിക്കുന്നു എന്നതുകൊണ്ടാണ്. അപ്പോൾ സാഹിത്യമെന്നു പറയുന്നത് എഴുത്തുകാരൻ അനുഭവിക്കുകയും തൊട്ടറിയുകയും ചെയ്‌ത സത്യത്തെ ഭാഷയെന്ന മാധ്യമത്തെ ആവിഷ്‌കരണഉപാധിയാക്കിക്കൊണ്ട് പുനഃസൃഷ്‌ടിക്കുകയും നവരസങ്ങളാകുന്ന വ്യത്യസ്‌തവികാരങ്ങളിലൂടെ വായനക്കാരിലേക്ക് സംക്രമിപ്പിക്കുകയും ചെയ്യുന്ന കലയാണെന്ന് പറയാം. ഇതിനയാളെ സഹായിക്കുന്നതാകട്ടെ ഉയർന്ന ജീവിതാവബോധവും, സാമൂഹ്യദർശനവും, സഹജീവിസ്‌നേഹവും ഇതിൽ നിന്നെല്ലാം ഉരുത്തിരിയുന്ന നിർമ്മാണകുശലതയുമാണ്. ഈ പ്രക്രിയയിൽ എഴുത്തുകാരൻ ജീവിക്കുന്ന കാലഘട്ടവും സാമൂഹ്യപരിതോവസ്‌ഥകളും, സാമൂഹ്യവശ്യകതയും സ്വാധീനം ചെലുത്തുകയും നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് സത്യമാണെങ്കിലും അയാളുടെ ആന്തരികവും വ്യക്തിനിഷ്‌ഠവുമായ പ്രതിഭാശക്തിയും ദാർശനിക നിലപാടും സുപ്രധാനമായ ഒരു ഘടകമാണെന്നുള്ളത് വിസ്‌മരിച്ചുകൂടാ. സാഹിത്യത്തെ കാവ്യം (ഖണ്ഡകാവ്യങ്ങളും, മഹാകാവ്യങ്ങളും ഭാവകാവ്യങ്ങളുമുൾപ്പെടെ) നാടകം, കഥ, നോവൽ, വിമർശനം എന്നിങ്ങനെ തരം തിരിക്കാമെങ്കിലും വ്യത്യസ്‌ത ചരിത്ര സാഹചര്യങ്ങളിൽ ചില നിശ്ചിത രൂപങ്ങൾക്ക് സാമൂഹ്യപ്രധാന്യം ഏറിയിക്കുന്നതായി കാണാം. ചരിത്രവികാസത്തിന്റെ പ്രാചീനഘട്ടങ്ങളിൽ കാവ്യവും, കാവ്യനാടകങ്ങളും, പിന്നീട് ഭാവഗാനങ്ങളും, ശേഷം റൊമാൻസുകളും അവയിൽ നിന്ന് നോവലും ചെറുകഥയും ഉരുത്തിരിഞ്ഞ വരികയുണ്ടായല്ലോ. പക്ഷേ എല്ലാ കാലഘട്ടത്തിലും സാഹിത്യവിമർശനവും പഠനവും നടന്നു വന്നിരുന്നതായും കാണാം.
ഒരു ജനസമൂഹമെന്നത് ഒരു നിശ്ചിതസാമ്പത്തിക ഉൽപാദന വിതരണവ്യവസ്‌ഥയാൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതും അവശ്യം ആ സാമ്പത്തിക ഘടനക്കനുരോധമായ ഭരണകൂടത്താൽ നിയന്ത്രിക്കപ്പെടുന്നതും സാമ്പത്തികമേധാവിത്വം വഹിക്കുന്നവർഗ്ഗത്തിന്റെ പ്രത്യയശാസ്‌ത്രമേധാവിത്വത്തിന്റെ ബഹുമുഖരൂപങ്ങളായ മതം, തത്വചിന്ത, കല, സാഹിത്യം, നൈതിക-ധാർമ്മിക-സദാചാര-സൗന്ദര്യാവബോധ സങ്കൽപങ്ങൾ എന്നിവയടങ്ങിയ ഉപരിഘടന ആ നിശ്ചിത സാമ്പത്തിക വ്യവസ്‌ഥകളെ നിലനിൽക്കാൻ സഹായിച്ചുകൊണ്ട് ആത്മീയമായി ആ വ്യവസ്‌ഥയെ സംരക്ഷിക്കുന്നുവെന്നും ഏതൊരു സാമൂഹ്യശാസ്‌ത്രവിദ്യാർത്ഥിക്കുമറിയാം. അപ്പോൾ സാഹിത്യം, ഇതര പ്രത്യശാസ്‌ത്രരൂപങ്ങളെപ്പോലെ ഉപരിവർഗ്ഗത്തിന്റെ താൽപര്യസംരക്ഷണ പ്രകാരമായിരിക്കും പ്രകടമായി നിലകൊള്ളുക എന്നിരിക്കലും മാനവസമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിക്കനുരോധമായ സാംസ്‌കാരിക – സാമൂഹ്യ-സൗന്ദര്യവബോധം – ധാർമ്മിക-സദാചാരചിന്തകൾ ഉദിപ്പിക്കാൻ മിക്കവാറും വർഗ്ഗാതീതമായി ഉത്തമ സാഹിത്യത്തിന് കഴിയും എന്നതാണ് സത്യം. ടോൾസ്‌റ്റോയിയുടെയും, അലക്‌സാണ്ടൽ പുഷ്‌കിന്റെയും, ദെസ്‌തയോവസ്‌കിയുടെയും സാഹിത്യങ്ങൾ അവർ പ്രതിനിധാനം ചെയ്‌ത ഉപരിവർഗ്ഗങ്ങളുടെ താൽപര്യങ്ങൾക്ക് നിരപേക്ഷമായി ഒക്‌ടോബർ സോഷ്യലിസ്‌റ്റ് വിപ്ലവത്തിന്റെ കണ്ണാടികളായിരുന്നുവെന്ന് വിപ്ലവാചാര്യനായ ലെനിൻ നിരീക്ഷിച്ചിട്ടുണ്ടല്ലോ. ഫ്രഞ്ച് നോവലിസ്‌റ്റായിരുന്ന ബൽസാക്ക് രാജപക്ഷപാതിയായിരുന്നു, രാഷ്‌ട്രീയ സാമൂഹ്യവീക്ഷണങ്ങളിലെന്നത് സത്യമായിരുന്നെങ്കിൽ തന്നെ ജീർണ്ണിച്ച അന്നത്തെ ഫ്രഞ്ച് രാഷ്‌ട്രഘടനയെ ഉടച്ചു വാർക്കുന്നതിൽ അദ്ദേഹത്തിന്റെ കൃതികൾ മാനവികതയുടെ പക്ഷം പിടിച്ചിരുന്നു എന്നുള്ളതുകൊണ്ടാണ് മാർക്‌സും ഏംഗൽസും അദ്ദേഹത്തിന്റെ കൃതികളെ വിലമതിക്കുകയും ഇഷ്‌ടപ്പെടുകയും വാഴ്‌ത്തുകയും ചെയ്‌തത്. പ്രാചീന ഗ്രീസിൽ നഗരരാഷ്‌ട്രങ്ങൾ നിലനിന്നിരുന്ന കാലത്ത് യൂറിപ്പിസിസും സോഫോക്ലീസും അരിസ്‌റ്റോഫനിസും ഹോമറും നിലനിന്നിരുന്ന അടിമ ഉടമ വ്യവസ്‌ഥയെ അംഗീകരിച്ചവരായിരുന്നു എങ്കിലും അവരുടെ നാടകങ്ങളിലൂടെയും കാവ്യങ്ങളിലൂടെയും ഉദ്ദീകരണം ചെയ്യപ്പെട്ട ജീവിതസത്യങ്ങൾ ഉടമകൾക്കെതിരേ കലാപം നടത്താൻ അടിമകൾക്ക് പ്രേരണയായിത്തീർന്നിരുന്നു എന്ന സത്യം നാം വിസ്‌മരിച്ചുകൂടാ. അതുപോലെതന്നെയായിരുന്നു നവോത്ഥാനകാലത്തിന് ശേഷം യൂറോപ്പിൽ ഉദയം കൊണ്ട നിയോക്ലാസിസ്‌റ്റ് സാഹിത്യപ്രസ്‌ഥാനവും അതിനു ശേഷമുണ്ടായ റൊമാന്റിസിസത്തിന്റെ പന്ഥാവും.
അപ്പോൾ പറഞ്ഞു വന്നതുപോലെ ഒരു വർഗ്ഗവിഭജിതസമൂഹത്തിൽ മേധാവിത്വം വഹിക്കുന്ന വർഗ്ഗത്തിന്റെ പ്രത്യശാസ്‌ത്രരൂപമായിരിക്കും അതിന്റെ ഉപരിഘടനയെന്നിരിക്കലും ആ പ്രത്യയശാസ്‌ത്രത്തിന് അബോധാത്മകമായി സാമൂഹ്യവികാസ ഗതിയെ നിർണ്ണയിക്കുന്ന ചൂഷിതവർഗ്ഗത്തിന്റെ താൽപര്യം, അതിന്റെ ആത്മീയോപാധിയായ സാഹിത്യത്തിലൂടെ ആവിഷ്‌കരിക്കാൻ കഴിയും. ഇത് ഇതര പ്രത്യയശാസ്‌ത്രരൂപങ്ങളായ ശാസ്‌ത്രം, തത്വചിന്ത, മതം, നൈതിക സദാചാര – നിയമ സങ്കൽപങ്ങൾ, സൗന്ദര്യാവബോധപരമായ ധാരണകൾ എന്നിവയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കും എന്നതാണ് ശരി. കാരണം ശാസ്‌ത്രം, വസ്‌തുനിഷ്‌ഠമായ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും പരിശോധനകളിലൂടെയും വസ്‌തുവിന്റെ അഥവാ പ്രതിഭാസത്തിന്റെ വസ്‌തുനിഷ്‌ഠതയും അസ്‌തിത്വവും വെളിപ്പെടുത്തുമ്പോൾ, കല, അല്ലെങ്കിൽ സാഹിത്യം പ്രത്യേകമായൊരു വീക്ഷണപന്ഥാവിലൂടെ വൈകാരികവും അനുഭൂതി സാന്ദ്രവുമായ മറ്റൊരു സത്യമായിരിക്കും കാണിച്ചുതരിക. വില്യം ഹെന്റി ഹഡ്‌സന്റെ സാഹിത്യപഠനത്തിന് ഒരാമുഖം എന്ന വിഖ്യാതഗ്രന്ഥത്തിൽ അദ്ദേഹം കൊടുത്ത ഒരുദാഹരണം പറയുകയാണെങ്കിൽ പൂന്തോപ്പിൽ നിൽക്കുന്ന ഒരു പുഷ്‌പം ഏതാണെന്നൊരാൾ ചോദിക്കുമ്പോൾ ലില്ലി എന്നുത്തരം പറഞ്ഞാൽ അതു കേവലവസ്‌തുവിവരണം മാത്രമേ ആകുന്നുള്ളൂ. ഹെക്‌സാൻഡ്രിയ മോണോ ഗൈനിയ എന്ന ശാസ്‌ത്രനാം പറയുകയും അതിന്റെ പുഷ്‌പപത്രങ്ങളെയും കേസരത്തെയും ജനിയെയും പറ്റി വിവരിക്കുകയും ചെയ്യുമ്പോൾ ആ പുഷ്‌പത്തെപ്പറ്റി ശാസ്‌ത്രാധിഷ്‌ഠിതമായ ഒരു ധാരണ രൂപീകരിക്കാൻ കഴിയുമെങ്കിലും അത് പൂന്തോട്ടത്തിന്റെ പ്രഭ്വിയാണെന്നും, വെളിച്ചത്തിന്റെ ചെടിയും പൂവുമാണതെന്നും ബെൻ ജോൺസൺ പറയുമ്പോൾ ആ പൂവിന്റെ അതിന്റെ സർവ്വമഹത്വത്തിലും ഉത്തുംഗമായ സാഹിതീയ സത്യത്തിന്റെ അനുഭൂതിപരമായ ആഴത്തിലും നമ്മെക്കൊണ്ടെത്തിക്കുകയാണ് ചെയ്യുക.
അപ്പോൾ കവിത, അല്ലെങ്കിൽ സാഹിത്യം കാട്ടിത്തരുന്ന അവബോധം, ശാസ്‌ത്രാവബോധത്തിൽ നിന്ന് ഭിന്നവും വൈകാരിക സത്യത്തിന്റെ മൂർത്തീകരണവും ആണ്. അതുകൊണ്ട് തന്നെയാണ് ശാസ്‌ത്രത്തിനും മതത്തിനും തത്വചിന്തക്കും മനുഷ്യരാശിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും സാഹിത്യത്തിനും കവിതയ്‌ക്കും അതിനു കഴിയുമെന്നും അതിനാൽ സാഹിത്യം, ശാസ്‌ത്രത്തിനും, മതത്തിനും തത്വചിന്തയ്‌ക്കും മേലെയാണെന്നും വിശ്രുത ഇംഗ്ലീഷ് കവിയും നിരൂപകനുമായിരുന്ന മാത്യു ആർനോൾഡ് അഭിപ്രായപ്പെട്ടത്. ഇനി തത്വചിന്തയുടെ കാര്യമെടുക്കാം ഒരു ഉയർന്ന തത്വചിന്ത ഗ്രഹിക്കണമെങ്കിൽ അതിന്റെ സാങ്കേതിക പദാവലികളും താർക്കികസംവർഗ്ഗങ്ങളും സാമൂഹ്യശാസ്‌ത്രപരവും, രാഷ്‌ട്രീയപരവും, ചരിത്രപരവും ദാർശനികവുമായ ഇതര ചിന്താവ്യവസ്‌ഥകളും വീക്ഷണകോണുകളുമായുള്ള പൂർവ്വപരിചയവും, ഉയർന്ന ബൗദ്ധിക സംവേദനക്ഷമതയും ജീവിതപഠനവും നിർബന്ധമാണ്. അത്തരം ഒരു ഉന്നതമായ ബൗദ്ധിക – സാംസ്‌കാരിക പശ്ചാത്തലമില്ലാത്ത ഒരാൾക്ക് ആശയവാദപരമായതായാലും ഭൗതികവാദപരമായതായാലും ഒരു തത്വചിന്തയും ഗ്രഹിക്കുക സാധ്യമല്ല. പക്ഷേ രസം അഥവാ വികാരം അനുഭവിക്കാനുള്ള കഴിവ് എല്ലാ മനുഷ്യനിലും സാമാന്യമായി ഉൾച്ചേർന്നിട്ടുണ്ട്. ഏറ്റക്കുറച്ചിലോടുകൂടിയാണെങ്കിലും എന്നത് ഒരു വസ്‌തുതയാണ്. ഇത്തരം രസസമ്പൂർത്തി കൈവരുത്തുന്നതിലൂടെ, ഹൃദയസംസ്‌കരണം നടത്തി മുൻപ് ജീവിതത്തിലൊരിക്കലും അംഗീകരിക്കാതിരുന്ന മൂല്യങ്ങളെയും ആശയങ്ങളെയും തത്വചിന്തകൻ അനുഭവിച്ചറിഞ്ഞ അതേ സത്യത്തിന്റെ പരിസ്‌പൂർത്തി എന്ന നിലയിൽ ബൗദ്ധികമനനശേഷി കുറഞ്ഞ ഒരുവന്‌പോലും സ്വാംശീകരിക്കാൻ കഴിയുന്നൂ സാഹിത്യത്തിലൂടെ. അങ്ങനെ സാർവ്വലൗകികമായി തത്വചിന്തകൻ എത്തിച്ചേർന്ന അതേ ദാർശനികാന്നൗത്യമാർന്ന ജീവിതവീക്ഷണം സാഹിത്യത്തിലൂടെ സാധാരണക്കാർക്കും പ്രാപ്യമാകുമെന്നതിനാൽ സാഹിത്യം തത്വചിന്തയുടെ ജനകീയവത്‌കരണമാണെന്ന് വേണമെങ്കിൽ പറയാം. ഈ പ്രക്രിയയിൽ യുക്തിചിന്ത അപ്രത്യക്ഷമാകുകയും വികാരസന്നിവേശത്തിലൂടെ ബോധോദയം സാക്ഷാത്‌കരിക്കപ്പെടുകയും ചെയ്യുന്നു.
ഇത് മാത്രമല്ല, യഥാർത്ഥ നോവൽ തുടങ്ങിയ സാഹിത്യം മനുഷ്യന് വിജ്ഞാനത്തിന്റെ സർവ്വസീമകളും പ്രാപ്‌തമാക്കിത്തീർക്കുകയും തങ്ങൾ ജീവിക്കുന്ന സാമൂഹ്യസാഹചര്യത്തെക്കുറിച്ചും ജീവിതാവസ്‌ഥയെ സംബന്ധിച്ചും വസ്‌തുനിഷ്‌ഠമായൊരവബോധം കൈവരിക്കാൻ ഒരാളെ പ്രാപ്‌തമാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് 18-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്‌ഥിതിയെ സംബന്ധിച്ച് മറ്റേതൊരു സാമ്പത്തിക ശാസ്‌ത്രജ്ഞനെക്കാളും സാമൂഹ്യപ്രവർത്തകനെക്കാളും തനിക്കറിവു തന്നത് ചാൾസ് ഡിക്കൻസിന്റെ കൃതികളാണെന്ന് എംഗൽസ് അഭിപ്രായപ്പെട്ടത്. അപ്പോൾ പോയ കാല സാമൂഹ്യമുന്നേറ്റങ്ങളിൽ സാഹിത്യം, ആത്മീയമായ പരിപക്വനവും പരിവർത്തനവും മനുഷ്യനിൽ സൃഷ്‌ടിച്ചുകൊണ്ട് മാനവരാശിയുടെ സനാതനവും കാലികവുമായ സംസ്‌കാര സഞ്ജയത്തെ പരിരക്ഷിക്കുകയും ഭൗതികവും മാനസികവുമായ മനുഷ്യന്റെ വികാസഗതിയിൽ ശാസ്‌ത്രവും, തത്വചിന്തയും, രാഷ്‌ട്രീയവും, ചരിത്രവും അനുഷ്‌ഠിക്കുന്നതിനുപരിയായ പരിവർത്തനഉത്തോലകമായി വർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് നാം കാണുന്നു. വർത്തമാനകാല സാമൂഹ്യപരിസ്‌ഥിതിയിലും ഈ സംഗതി സത്യമാണെങ്കിലും മനുഷ്യനെ പിന്നോക്കംകൊണ്ടുപോവുകയും അവന്റെ അഭിരുചികളെയും ധാർമ്മികസങ്കൽപങ്ങളെയും മൂല്യബോധത്തെയും സൗന്ദര്യാവബോധ-നൈതിക ധാരണകളുടെ ഔന്നത്യത്തെയുമൊക്കെ സങ്കുചിതമാക്കുകയും ജീർണ്ണിച്ച വ്യക്തിവാദത്തിന്റെ തൃഷ്‌ണയേയും ഭാഗ്യാന്വേഷണങ്ങളെയും സാമൂഹ്യഉത്തരവാദിത്വരാഹിത്യത്തെയും ലൈംഗിക അരാജകത്ത്വത്തെയും, പൊള്ളയായ അഹം മാത്ര വാദത്തെയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വിവിധ പ്രസ്‌ഥാനധാരകളിൽപ്പെടുന്ന അന്ധകാരത്തിന്റെ സാഹിത്യം മേൽക്കൈ നേടിയിട്ടുണ്ട്. പോയ കാലങ്ങളിലേതിനെക്കാൾ ഉപരിയായി എന്ന ദുഃഖസത്യം പ്രസ്‌താവിക്കാതെ വയ്യ.
നിയോക്ലാസിസത്തിന്റെ മടുപ്പുളവാക്കുന്ന രൂപഭദ്രതാ കണക്കെടുപ്പുകളും, ചെത്തി മിനുക്കിയ ചട്ടവട്ടങ്ങളും റൊമാന്റിസിസത്തിന്റെ പഴകി ജീർണ്ണിച്ച ആത്മാവിഷ്‌കാരത്വരയും മാത്രമല്ലാ ഇന്നീ അപചയത്തിന്റെ മുഖ്യഹേതുക്കൾ. അവയുടെ ഉദയത്തിനും പതനത്തിനും ശേഷം പാശ്ചാത്യ നാടുകളിൽ പൊട്ടിമുളയ്‌ക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊട്ടിടുകയും ചെയ്‌ത ഡാഡായിസം, സർറിയലിസം, ഫ്യൂച്ചറിസം, സിംബോളിസം, ഇമേജിസം തുടങ്ങി രീതിയാണ് സാഹിത്യമെന്ന് കരുതുന്ന വളയമില്ലാച്ചാട്ടമായ ഉത്തരാധുനികത വരെ എത്തി നിൽക്കുന്ന അന്തഃർജ്ഞാനപരവും, രൂപമാത്രസൗന്ദര്യശാസ്‌ത്രവാദപരവുമായ കല കലക്കുവേണ്ടിയെന്ന പഴയ ആ പ്രതിലോമപരമായ മുദ്രാവാക്യത്തിന്റെ അന്തസത്തയെ ഉള്ളിൽ താലോലിക്കുന്ന ആത്മാവിഷ്‌കരണപ്രസ്‌ഥാനങ്ങളും, അവയുടെ നാനാതരത്തിലുള്ള ഉപപ്രസ്‌ഥാനങ്ങളും സാഹിത്യരംഗത്ത് ആശാസ്യമായതൊന്നും സൃഷ്‌ടിച്ചില്ലെന്നു മാത്രമല്ല വർഗ്ഗവൈരുദ്ധ്യം നിലനിൽക്കുന്ന മുതലാളിത്ത സമൂഹത്തിലെ ക്രിട്ടിക്കൽ റിയലിസത്തെയും സോഷ്യലിസ്‌റ്റ് റിയലിസത്തെയും എതിർക്കുന്നതിനും അതിന്റെ സാമൂഹ്യപ്രസക്തി ഇല്ലാതാക്കുന്നതിനും വികലമായ സൗന്ദര്യദർശനങ്ങൾ മനുഷ്യരിൽ കുത്തിവക്കുന്നതിനും വേണ്ടിയുള്ള ഒരു കഠിനയത്‌നം നടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ വ്യക്തിവാദത്തെയും അതിന്റെ അന്ധകാരജഡിലവും നിരാശാവാദപരവുമായ മുഖമുദ്രകളെ സാഹിത്യശ്രീകോവിലിൽ പ്രതിഷ്‌ഠിക്കുക വഴി മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹത്തിന്റെയും സൗഭ്രാത്രസഹകരണത്തിന്റെയും, പരസ്‌പരാദരവിന്റെയും, ധീരതയുടെയും സാമൂഹ്യഉത്തരവാദിത്വസങ്കൽപങ്ങളുടെയും ഉദാത്ത ആത്മീയഭാവം നഷ്‌ടപ്പെടുകയും സമൂഹം മുന്നോട്ടുള്ള പ്രയാണത്തിന് മാർഗ്ഗം കണ്ടെത്താനാകാതെ അന്ധകാരത്തിൽ നിന്ന് അന്ധതാമിശ്ര നരകത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.
പക്ഷേ പ്രതിലോമപരത എത്ര ശക്തമാണെങ്കിലും മനുഷ്യജീവിതത്തിന്റെ അനിവാര്യമായ ഗതി മുന്നോട്ടാണ് എന്നതിനാൽ വർത്തമാനകാലത്തിന്റെ അരുണപ്രഭയാർന്ന പ്രഭാതം ദർശിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു കൂട്ടം സാഹിത്യസൃഷ്‌ടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊട്ടിട്ട് വിരിഞ്ഞ് സുഗന്ധം പരത്തുന്നുണ്ട് എന്നുള്ളത് പ്രതീക്ഷയുണർത്തുന്ന കാര്യമാണ്. ഇത്തരം സൃഷ്‌ടികളധികവും സോഷ്യലിസ്‌റ്റ് സമുദായത്തിന്റെ സൃഷ്‌ടിയെ പ്രകീർത്തിക്കുന്ന സോഷ്യലിസ്‌റ്റ് റിയലിസമല്ലെങ്കിൽ പോലും പ്രതിസന്ധിഗ്രസ്‌തമായ മുതലാളിത്ത ലോകത്തിന്റെ രാഷ്‌ട്രീയ-സാമ്പത്തിക-സാമൂഹ്യ-നീതിന്യായ ഇരട്ടത്താപ്പുകളെയും കൊടിയ കാപട്യത്തെയും, വഞ്ചനയെയും നിർദ്ദയചൂഷണത്തെയും തുറന്നെതിർക്കുകയും വിമർശിക്കുകയും മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ക്രിട്ടിക്കൽ റിയലിസമാണെന്നുള്ളത് ആശാസ്യമായ ഒരു സംഗതിയാകുന്നു. ഇവ ഇന്നിന്റെ സാഹിത്യരൂപമായ നോവലിലും ചെറുകഥയിലുമാണേറി നിൽക്കുന്നതെന്നുള്ളത് അവയുടെ സാമൂഹ്യപ്രസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Generated from archived content: essay1_mar25_11.html Author: rajendran_pothanaseril