ഒരു ദശാബ്ദം പിന്നിടുമ്പോഴും നിശൂന്യമായിരിക്കും വി കെ എന്‍ സിംഹാസനം

ഇറ്റലിക്ക് ഒരു ഗിവാനി ഗുരേഷ്കി ഉണ്ടായിരുന്നതുപോലെ , മലയാളത്തെ ചിരിപ്പിച്ച് ചിരിപ്പിച്ച് പ്രബുദ്ധമാക്കിയ ഒരു വി. കെ.ന്‍ ഒരു പതിറ്റാണ്ടിനു മുമ്പ് വരെ ഇന്ദ്രജാലതുല്യമായ ഒരു ഭാഷക്കു പിറവി കൊടുത്തു എന്നതാണ് ആ ഭാഷയുടെ പുണ്യം എന്ന് പറയാം. മലയാളത്തില്‍ ചമ്പൂകാരന്‍മാര്‍ തെട്ട് ചെറുശേരിയും, കുഞ്ചനും, സഞ്ജയനും, ഇ. വി യും സൃഷ്ടിച്ച ഹാസ്യ പരിഹാസങ്ങളുടെ പരിസ്പൂര്‍ത്തിയും ഗുണാത്മകവും സ്തോഭജനകവുമായ ഒരു വിസ്ഫോടനവും , അവസാന വാക്കുമായിരുന്നു വടക്കെ കൂട്ടാലെ നാരായണന്‍ കുട്ടിനായര്‍ എന്ന വി. കെ. എന്‍ . വി കെ എന്നിനു ശേഷം മലയാള ഗദ്യം അതിന്റെ മാസ്മരിക പ്രഭാവത്തിന്റെചക്രവാള തുല്യമായ വികാസത്തിലേക്കുള്ള കുതിപ്പില്‍ ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ലെന്ന സത്യം അടിവരയിട്ട് പറയേണ്ടതാണ്. തന്റെ എഴുപത്തിരണ്ട് വയസുവരെയുള്ള പരിമിതകാലയളവിനുള്ളില്‍ എഴുതി തീര്‍ത്ത ഇരുപത്തഞ്ചോളം വൈവിദ്ധ്യവും ലാവണ്യവും തിങ്ങി വിളങ്ങുന്ന കഥാ സമാഹാരങ്ങളും നോവലുകളും ചരിത്ര വിവരണങ്ങളൂം കുറിപ്പുകളുമടങ്ങുന്ന കൃതികളിലൂടെ ഒരു ഒരു ദേശത്തിന്റെയും കാലത്തിന്റെയും ഇതിഹാസാത്മകമായ പുന: സൃഷ്ടി നടത്തിക്കൊണ്ട് , ഭാഷയുടെ മാസ്മരികപ്രഭാവത്തിന് മനുഷ്യാത്മാവുകളില്‍ ഒരു ജ്ഞാനപ്പാനക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന അനുഭൂതികളും ദാര്‍ശനിക ഉള്‍ക്കാഴ്ചകളും പകര്‍ന്നു നല്‍കാന്‍ കഴിയും എന്ന് തെളിയിച്ച അഭിനവ വിദൂഷകനായിരുന്നു അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വിഖ്യാതമായ പയ്യന്‍ കഥകളും , കേരള സാഹിത്യ അക്കാദമി അവാര്‍ഡു കരസ്ഥമാക്കിയ ആരോഹണവും സര്‍ ചാത്തുവിന്റെ വീരേതിഹാസമായ പിതാമഹനും വി. കെ എന്‍ സാഹിത്യത്തിലെ മുന്ന് ഈജിപ്ഷ്യന്‍ പിരമിഡുകളാണെന്ന് പൊതുവെ ഗണിക്കാമെങ്കിലും രചനാരീതികൊണ്ടും വിഷയ പ്രതിപാദനത്തിലെയും പാത്രസൃഷ്ടിയിലെയും അന്തരീക്ഷ സൃഷ്ടിയിലെയും അനന്യതകൊണ്ടും ഭാഷാ പ്രയോഗത്തിലെ ജാജ്വല്യമാര്‍ന്ന നിസ്തുലതകൊണ്ടും അദ്ദേഹത്തിന്റെ ഒരൊറ്റ കൃതി പോലും രണ്ടാം കിടയാവുന്നില്ല എന്ന് ആ കൃതികളിലൂടെ കടന്നു പോയിട്ടുള്ളവര്‍ക്കു ബോധ്യപ്പെടാതിരിക്കില്ല.

വി കെ എന്നിന്റെ കഥാ പ്രപഞ്ചത്തില്‍ വൈവിധ്യമാര്‍ന്ന നൂറുകണക്കിനു മിഴിവുറ്റ കഥാപാത്രങ്ങളുള്ള പോലെ , ജീവിത നിമിഷങ്ങളുടെ വര്‍ണ്ണാഭമായ ക്യാന്‍വാസുകളില്‍ കോറിയിട്ട ചിരിപ്പിച്ച് മണ്ണ്കപ്പിക്കുന്ന ഒരു പാട് വാങ്മയ ചിത്രങ്ങളും നമുക്കായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരം രചനകളിലൂടെ സാധിച്ച ചിരിയിലൂടെയും ചിന്തയിലൂടെയും ആവിഷ്കൃതമാകുന്ന ജീവിത ദര്‍ശനം, ചിരിക്കു ശേഷം കരളിലെവിടെയോ വീശിയടിക്കുന്ന വൈകാരിക നിസ്സംഗത്വത്തിന്റെ കുളിരലകളാല്‍ തങ്ങളെ തന്നെ ആ പരിഹാസ ശരങ്ങളുടെ ഉന്നമായിക്കാണാനും അതുവഴി സമചിത്തതയാര്‍ന്നതും ഉത്തംഗമായതുമായ ഒരു മാനവികവീക്ഷണവും പ്രത്യയ ശാസ്ത്ര നിലപാടും സ്വായത്തമാക്കാനും ഇടവരുത്തുകയും ചെയ്യുന്നു. ഇവിടെയാണ് ഉയര്‍ന്ന ജീവിതാവബോധത്തിന്നാധാരമായ മാനവ മൂല്യങ്ങളെയും അഭിരുചികളെയും സംസ്ക്കാരത്തെയും കരുപ്പിടിപ്പിക്കുവാനും പകര്‍ന്നു നല്‍കുവാനും പര്യാപ്തമാണ് ഉത്തമ സാഹിത്യം എന്ന എക്കാലത്തെയും പ്രസക്തമായ കലാവിമര്‍ശനതത്വം ഉദാഹരിക്കപ്പെടുന്നത്.

വി കെ എന്നിന്റെ ഗൗരവപ്പെട്ട സാഹിത്യ പരിശ്രമങ്ങള്‍ ആരംഭിക്കുന്നത് 1959-ല്‍ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി ചേക്കേറിയ കാലത്താണെന്നത് സുവിഭിതമാണല്ലോ . ആ കാലഘട്ടത്തില്‍ ഇംഗ്ലീഷില്‍ എഴുതിയ നര്‍മ്മ ലേഖനങ്ങളിലൂടെയും , മലയാളത്തിലെഴുതിയ ചെറുകഥകളിലൂടെയും വിഖ്യാതരായ ചില കഥാകൃത്തുക്കളുടെ തര്‍ജ്ജമയിലൂടെയുമാണ് ഒരു വ്യതിരിക്തമായ എഴുത്തിന്റെ നേതൃത്വം അദ്ദേഹത്തില്‍ പതിയുന്നത്. പിന്നീടാണ് അധികാരത്തിന്റെ അകത്തളങ്ങളില്‍ അധികം പേര്‍ക്കും അന്യമായിരുന്ന കാപട്യങ്ങളുടെയും കാലുവാരലിന്റെയും നഗനമായ അഴിമതികളുടെയും പരസ്യവും രഹസ്യവുമായ നിരവധി തലങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ജീര്‍ണ്ണമായ പിത്തലാട്ടങ്ങളുടെയും ജുപ്സാവഹവും മെളേഛവുമായ കൈകാര്യങ്ങളുടേയും കഥകള്‍ പീരങ്കിയുണ്ടകള്‍ പോലെ കൊള്ളേണ്ടയിടത്ത് കൊണ്ടു തുടങ്ങിയത്.

സ്വാതന്ത്ര്യാനന്തര ഭാരത്തില്‍ മോഹനസുന്ദര നെഹൃവിയന്‍ ആദര്‍ശയുഗത്തിന്റെ അന്ത്യത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിനു വന്നു ഭവിച്ച അപചയ സാമൂഹ്യ , രാഷ്ട്രീയ, സാംസ്ക്കാരിക മേഖലകളില്‍ സൃഷ്ടിച്ച പ്രതിസന്ധികളുടെ നേര്‍ക്കാഴ്ചകളായിരുന്ന പയ്യന്‍ കഥകളും, ആരോഹണവും, അധികാരവും മറ്റും. ഇവിടെ വിലാപത്തിന്റെ ആക്രാന്തങ്ങളില്‍ നിന്നുരുത്തിരിയുന്ന ക്രോധം ചിരിയായി കത്തിപ്പടരുകയാണു ചെയ്യുന്നത്. ആസുരവും രാക്ഷതീയത മുറ്റി നില്‍ക്കുന്നതുമായ വര്‍ത്തമാന കാലത്തില്‍ സായുധവും നിരായുധവുമായ എല്ലാം ചെറുത്തു നില്പ്പുകളും പാഴ് വേലകളായി എരിഞ്ഞടങ്ങുമ്പോള്‍ ചിരിയെന്ന വജ്രായുധവുമായി കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം കുഞ്ചനായ വി. കെ. എന്‍ മറ്റൊരര്‍ജ്ജുന വിജയത്തിലൂടെ അധാര്‍മ്മികതയെയും അധികാരത്തെറ്റയും ആസുരതകളെയും അമര്‍ച്ച ചെയ്യാന്‍ പുറപ്പെടുന്നു. പയ്യനെന്ന സാഹസികനായ അതിമാനുഷനിലൂടെ പത്രപ്രവര്‍ത്തനത്തിന്റെയും നയതന്ത്രനീക്കങ്ങളുടെയും രാഷ്ട്രീയ നടപടികളുടെയും നിഗൂഡമായ ആഭിചാരവൃത്തികള്‍ ഒരു പാകപ്പെട്ട നിസ്സംഗ മനസ്സിനു മാത്രം കൈവരുന്ന ഉള്‍ക്കാഴ്ചയോടെ ആരോഹണത്തിലും പയ്യന്‍ കഥകളിലും അദ്ദേഹം ചിത്രണം ചെയ്തു. ഇതിനദ്ദേഹത്തെ സഹായിച്ചതാകട്ടെ സൃഷ്ടിയിലെ മഹാരഹസ്യങ്ങളിലൊന്നായ പ്രതിഭാശക്തിയുടെയും അദ്ധ്വാനത്തിന്റെയും ചങ്കൂറ്റത്തിന്റെയും സമജ്ഞസ സന്ദേളനവുമായിരുന്നിരിക്കണം.

വി കെ എന്നിന്റെ പ്രമേയങ്ങള്‍ ദേശീയ രാഷ്ട്രീയത്തിലെ വലതു പക്ഷ വിമര്‍ശനം മാത്രം ഉള്‍ക്കൊള്ളുന്നതല്ല എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചാത്തന്‍സ്, ജനറല്‍ ചാത്തന്‍സ് എന്നീ നോവലുകളിലൂടെ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനു അവന്റെ വാഗ്ദത്ത ഭൂമിയായ സോഷ്യലിസ്റ്റ് സമ്പദ്ക്രമം എന്ന മധുര മനോഹര മനോഞ്ജമായ സ്വപ്നം കൊടുത്ത ആദ്യം അവിഭജ്ജിതവും പിന്നീട് നിരവധി കഷണങ്ങളായി ചിതറിത്തെറിച്ചു പോയതുമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാര്‍ലമെന്ററി അപചയങ്ങളും തദ്വരാ അതിനു സംഭവിച്ച പ്രത്യയ ശാസ്ത്ര ജീര്‍ണതകളും നേതാക്കളില്‍ തുടങ്ങി സാധാരണം പ്രവര്‍ത്തകരില്‍ വരെ ആഴ്ന്നിറങ്ങിയ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാഗ്യാന്വേഷണങ്ങളുമെല്ലാം ഈ എഴുത്തുകാരന്‍ തന്റെ മൂന്നാം കണ്ണിനാല്‍ നോക്കിക്കണ്ട പ്രതിഭാസങ്ങളായിരുന്നു. കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വിപ്ലവപരിവര്‍ത്തനം വരുത്തിയെന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടു നടന്നിരുന്ന ഭൂപരിഷ്ക്കരണം സത്യത്തില്‍ പാട്ടക്കുടിയാനു മാത്രം കൈവന്ന വിപ്ലവമായിരുന്നെന്നും ലക്ഷക്കണക്കിനു വരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് കഞ്ഞി കുമ്പിളില്‍ത്തന്നെയായിരുന്നെന്നും ചാത്തന്‍സിന്റെ അനുഭവത്തിലൂടെ വി കെ എന്‍ തെളിച്ചു പറയുന്നുണ്ട്.

ജനറല്‍ ചാത്തന്‍സില്‍ വിപ്ലവം പ്രയോഗത്തില്‍ വരുത്താന്‍ ചാത്തന്‍സ് സര്‍വവിധ നെറികേടുകളും കൈക്കൊള്ളൂകയും അവസാനം അവയുടെ സത്യസ്ഥിതി ലോകത്തോടു വിളിച്ചു പറയുകയും ചെയ്യുന്നതിലൂടെയാണല്ലോ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയോടും അധികാരത്തിന്റെ ശ്രേണീ ബദ്ധതകളോടുള്ള സത്യസന്ധമായ അമര്‍ഷം ചാത്തന്‍സെന്ന കഥാപാത്രത്തിലൂടെ വി കെ എന്‍ സാധിക്കുന്നത്. ഇത്തരമൊരു പരീക്ഷണാത്മകത ഇതിവൃത്തം മലയാള നോവല്‍ ചരിത്രത്തില്‍ ഇദം പ്രഥമായിരുന്നു എന്നതു കൊണ്ടു തന്നെ അത് പലരെയും ഞെട്ടിക്കുക തന്നെ ചെയ്തു. കാവിയെന്ന ആന്റി നോവലാകട്ടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ ഇന്ത്യന്‍ മണ്ണില്‍ ആധിപത്യസ്ഥാപനത്തിനു പരിശ്രമിക്കുകയും തൊണ്ണൂറുകളോടേ ഒരു തരത്തില്‍ അത് പൂര്‍ത്തീകരിക്കുകയും പിന്നീട് ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഒറ്റക്കധികാത്തിലേറാന്‍ തക്ക കരുത്താര്‍ജ്ജിക്കുക വരെ ചെയ്ത സവര്‍ണ്ണ ഫാസിസ്റ്റ് ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ മറ്റൊരാള്‍ക്കും അസാദ്ധ്യമായ വിധം തൊലിയുരിച്ചു കാണിച്ചു

അധികാര വ്യവസ്ഥയുടെ ശരീരശാസ്ത്രം മാത്രമല്ല പത്രപ്രവര്‍ത്തനം കുടുംബവ്യവസ്ഥയുടെ അപചയങ്ങള്‍, ഗ്രാമജീവിതത്തില്‍ വരെ വന്നു ഭവിച്ച കാപട്യങ്ങള്‍, പഴയതും പുതിയതുമായ ശാസ്ത്രീയ സാങ്കേതിക അറിവുകള്‍, മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിലും വ്യക്തിയുടെ സ്വകാര്യതയിലും വരുത്തിയ മാറ്റങ്ങള്‍, പുസ്തക പ്രസാധ രംഗത്തെയും പ്രസിദ്ധീകരണ വ്യവസായത്തിലെയും തിരിമറികള്‍, ജാതി വ്യവസ്ഥയടെ അതിരൂക്ഷമായ സന്നിവേശാവസ്ഥകളും അവയെ സംബന്ധിച്ച് ശാസ്ത്രീയ കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിലുള്ള കീഴാള പ്രത്യയശാസ്ത്രത്തിന്റെ ആധുനിക നിലപാടുകളും എന്നു വേണ്ട തൊണ്ണൂറുകളില്‍ തുടക്കമിട്ട ആഗോളവത്ക്കരണ ഉദാരവത്ക്കരണ സ്വകാര്യവല്‍ക്കരണനയങ്ങളുടെ ഫലമായി ഉദയം കൊണ്ട ഉത്തരാധുനിക സമൂഹത്തിന്റെ മൂല്യനിരാസങ്ങളും കച്ചവടവത്ക്കരണത്തിലും മൂലധന സ്വരൂപണത്തിലുമൊതുങ്ങുന്ന പ്രതിലോമ പരമായ സാമൂഹ്യാവസ്ഥയുടെ തുറന്നു കാട്ടല്‍ വരെ ഈ മഹാരഥന്റെ തൂലികയില്‍ സവിശേഷവും കൗതുകാവഹവും മിഴിവുറ്റതുമായ ആകാരം കൈക്കൊള്ളുന്നു.

വി കെ എന്നിന്റെ വൈജ്ഞാനിക പ്രപഞ്ചത്തെക്കുറിച്ചു പറയുകയാണെങ്കില്‍ കൃഷിയും, പാചകവും, ജ്യോതിഷവും, കഥകളിയും, നാട്ടു ചികിത്സയും, വേദേതിഹാസങ്ങളും, വ്യാകരണവും, മേസ്തിരിപ്പണിയും തൊട്ട് മേഡേണ്‍ ഫിസിക്സും, ചരിത്രവും, സാമ്പത്തികശാസ്ത്രവും, ഭാഷാശാസ്ത്രവും, സാഹിത്യ വിമര്‍ശനവും, ശരീരക്രിയാ ശാസ്ത്രവും, ഗണിതവും മന:ശാസ്ത്രവും അടക്കമുള്ള എല്ലാ മാനവ വിജ്ഞാനങ്ങളും അതിലടങ്ങുന്നു ഈ വിഷയങ്ങളെ പറ്റിയുള്ള പരന്ന അറിവ് അദ്ദേഹത്തിന്റെ കൃതികള്‍ പാരായണം ചെയ്യുന്ന ഏതൊരാളില്‍ നിന്നു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നു. മലയാള ഭാഷയാവട്ടെ സംസ്കൃതം, തെലുങ്ക് , തമിഴ് , ഹിന്ദി ഇംഗ്ലീഷ് റഷ്യന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളുമായി ഇടകലര്‍ന്ന് രൂപം കൊള്ളുന്ന ഒരു പ്രത്യേക തരം മണി പ്രവാളമാമായി പരിണമിക്കുകയും ചെയ്യുന്നു. ആഖ്യാനത്തില്‍ അദ്ദേഹം അവലംബിക്കുന്ന സംഭാഷണ രീതി,പരിഭാഷാ നൈപുണ്യം എന്നിവയെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം തന്നെ രചിക്കാനുള്ള കോപ്പുകളുണ്ട്. ഇതുകൊണ്ടൊക്കെയാവണം പലര്‍ക്കും അദ്ദേഹം അനഭിഗമ്യനായിത്തീര്‍ന്ന ഒരാളായി മലയാളസാഹിത്യത്തില്‍ മാറിയത്. വി കെ എന്നിന്റെ ചിരി അഥവാ ക്രോധം അതുള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയില്ലാത്തവര്‍ക്ക് ഇന്നും അദ്ദേഹം വലിയൊരു വേളൂര്‍ കൃഷ്ണങ്കുട്ടിയോ ചെല്ലപ്പന്‍ നായരോ ആണ്.

യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഒഴിച്ചിട്ടിട്ടു പോയ സിംഹാസനത്തിലിരിക്കാന്‍ അര്‍ഹത നേടിയ ഒരാള്‍ പോലും ഇന്ന് മലയാള സാഹിത്യ മണ്ഡലത്തില്‍ ജീവിച്ചിരിപ്പില്ല എന്ന് ആത്മധൈര്യത്തോടെ തന്നെ പറയേണ്ടിയിരിക്കുന്നു.

ഒരു ജന സമൂഹത്തിന്റെ ഏറ്റവും ഉന്നതമായ സൗന്ദര്യോത്മന മാനങ്ങള്‍ കഥകളിയും നോവലുകളിയും ആവിഷ്ക്കരിച്ചു കൊണ്ട് ജീവിതത്തെ കറുത്ത ചിരിയാക്കി മാറ്റിയ ഈ ത്രയ്യയരി അനേക സംവത്സരം മലയാളിയുടെ മനസ്സില്‍ അവന്റെ ഭാഷയുടെ പിതാമഹനായി വര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Generated from archived content: essay1_jan3_15.html Author: rajendran_pothanaseril

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here