തീവ്രവാദം; വേറിട്ട ചില ചിന്തകൾ

ഒന്നു രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ നടന്ന ചില സംഭവവികാസങ്ങൾ (നായനാർ വധശ്രമം, കോഴിക്കോട്‌ – ബാംഗ്ലൂർ സ്‌ഫോടനങ്ങൾ, കളമശ്ശേരി ബസ്‌ കത്തിക്കൽ തുടങ്ങി അവസാനമായി അദ്ധ്യാപകന്റെ കൈവെട്ടു സംഭവം വരെ ഉൾക്കൊള്ളുന്ന കേസുകളിൽ മലയാളികളായവർ അറസ്‌റ്റു ചെയ്യപ്പെട്ട കാര്യങ്ങൾ) വിരൽ ചൂണ്ടുന്നത്‌ ഭീകരവാദം മറ്റെല്ലാ അതിരുകളും ലംഘിച്ചുകൊണ്ട്‌ സാമൂഹികജീവിതത്തിൽ ഒരു ഭീഷണയാഥാർത്ഥ്യമായി മാറിയിരിക്കുന്നു എന്നു തന്നെയാണ്‌. ഈ കേസുകളുടെ അന്വേഷണവും തുടർന്നുണ്ടായ അറസ്‌റ്റുകളും കഴിഞ്ഞ കുറേ മാസങ്ങളായി സമൂഹത്തിൽ തീവ്രവാദത്തെ സംബന്ധിച്ച വലിയ ഒരു ചർച്ചയ്‌ക്ക്‌ ഇടവരുത്തിയിരിക്കുകയാണ്‌.

ചിലരെങ്കിലും വൻതുകകൾ വിദേശത്തു നിന്നും സ്വദേശത്തു നിന്നും കൈപ്പറ്റിക്കൊണ്ട്‌, ഭീകരപ്രവർത്തനത്തെ ധനസമ്പാദനമാർഗമായിക്കണ്ട്‌ അത്തരമൊരു ജീവിതശൈലി സ്വീകരിക്കുന്നുവെന്നത്‌ അതീവ ആപത്‌കരമായ ഒരു സ്‌ഥിതിയാണല്ലോ. കൂടാതെ ഭ്രാന്തമായ മതവൈരവും, സംസ്‌ഥാനങ്ങളോടുള്ള യാന്ത്രികവും അന്ധവുമായ കൂറും, ജനാധിപത്യമൂല്യങ്ങളോടും മാനവികതയോടുമുള്ള നിഷേധ്യവും കൂടിച്ചേരുമ്പോൾ എന്ത്‌ പൈശാചിക കൃത്യവും ചെയ്യാനുള്ള മാനസികാവസ്‌ഥയിലേക്ക്‌ ഒരു വ്യക്തി എത്തപ്പെടുന്നു എന്നതും ഇത്തരം പ്രവർത്തനങ്ങളുടെ പ്രതിലോമപരതയ്‌ക്ക്‌ ആക്കം കൂട്ടുന്ന സംഗതികളാണ്‌. ലഷ്‌കർ-ഇ-തോയിബ പോലുള്ള അന്താരാഷ്‌ട്രഭീകരസംഘടനകളുമായി ബന്ധമുള്ളവർ ഇവിടെയുണ്ടെന്ന ചില പത്രറിപ്പോർട്ടുകൾ സത്യമാണെങ്കിൽ വിനാശകരമായൊരു സാമൂഹ്യാന്തരീക്ഷത്തിലേക്കാണ്‌ കേരള സംസ്‌ഥാനം നീങ്ങുന്നതെന്ന്‌ കരുതാൻ ന്യായം ഏറെയാണ്‌. എന്നാൽ ചെറുതാണെങ്കിലും ഒരു വിഭാഗം യുവാക്കൾ ഇപ്രകാരം തീവ്രവാദത്തിലേക്കും സാഹസപ്രവർത്തനങ്ങളിലേക്കും ആകർഷിക്കപ്പെടുന്നതെന്തുകൊണ്ട്‌ എന്ന വിഷയത്തിലേക്ക്‌ നമ്മുടെ സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ടെന്നതാണ്‌ യാഥാർത്ഥ്യം. ഇതിന്‌ കൃത്യമായ ഉത്തരം കണ്ടെത്താതെ ഭീകരവാദത്തെ ഉന്‌മൂലനം ചെയ്യാനോ അതുളവാക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങൾ ഇല്ലാതാക്കാനോ പറ്റില്ല. കേവലം ക്രമസമാധാനത്തിന്റെയോ, നിയമവാഴ്‌ചാ നിലനിൽപിന്റെയോ മാത്രം പ്രശ്‌നമല്ലിത്‌. ചില പോലീസ്‌ നടപടികളിലൂടെയും, കർശനമായ കുറേ നിയമനിർമ്മാണങ്ങൾ നടത്തുന്നതു വഴിയും, ശക്തമായ അടിച്ചമർത്തൽ നടപടികളിലൂടെയും മാത്രം തീവ്രവാദത്തെയും അതിന്റെ തായ്‌വേരിനെയും ഇല്ലാതാക്കാൻ കഴിയുകയില്ല. ഒട്ടനവധി പേർ ശിക്ഷിക്കപ്പെട്ടിട്ടും വധശിക്ഷ പോലും ചില കേസുകളിൽ നടപ്പാക്കിയിട്ടും തീവ്രവാദപ്രവർത്തനങ്ങൾ ശമിക്കുന്നതല്ല. മറിച്ച്‌ ശക്തിപ്പെടുത്തുന്നതാണ്‌ നാം കാണുന്നത്‌. തീവ്രവാദസാഹസിക പ്രവർത്തനങ്ങളിലേക്ക്‌ യുവാക്കൾ വഴി തെളീക്കപ്പെടുന്നതിന്‌ ആഴമാർന്ന രാഷ്‌ട്രീയ – സാമൂഹിക സാമ്പത്തിക കാരണങ്ങൾ ഉണ്ട്‌ എന്നതിനാലാണ്‌ കേവലമായ ക്രമസമാധാന നടപടികളിലൂടെ ഇതിന്‌ അവസാനം കാണാൻ കഴിയാത്തത്‌. മേൽപ്പറഞ്ഞ രാഷ്‌ട്രീയ സാമൂഹ്യസാമ്പത്തിക കാരണങ്ങൾ ഇല്ലായ്‌മ ചെയ്യാതെ തീവ്രവാദപ്രവർത്തനങ്ങൾ ഒന്നുകൊണ്ടും അവസാനിപ്പിക്കാനാവില്ല.

സ്വതന്ത്രഭാരതം പിന്നിട്ട ആറുപതിറ്റാണ്ടുകൾ എണ്ണമറ്റ ചൂഷണത്തിന്റെയും മൃഗീയമായ അടിച്ചമർത്തലിന്റെയും നീതിനിഷേധപരമ്പരകളുടെയും കാലഘട്ടമായിരുന്നു ഇന്ത്യയിലെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം. ഈ കൊടിയ അനീതി ദുർബലന്യൂനപക്ഷജനവിഭാഗങ്ങൾക്കിടയിൽ ആഴമാർന്ന മുറിവാണ്‌ സൃഷ്‌ടിച്ചതെന്നുള്ളത്‌ ഒരു കേവലസത്യം മാത്രമാണ്‌. കാഷ്‌മീരിലായാലും അയോദ്ധ്യയിലായാലും ഗുജറാത്തിലായാലും നിയമനടത്തിപ്പിന്‌ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട നിഷ്‌പക്ഷമതവിഭാഗളങ്ങൾ നിയമനടത്തിപ്പിൽ ഇരട്ടത്താപ്പുണ്ടെന്ന നഗ്നസത്യം ഇടിത്തീ പോലെ തൊട്ടറിയുകയല്ലേ? ഇതിൽ നിന്നൊക്കെ ഉരുത്തിരിയുന്ന പകയും, വിഹ്വലതയും, അന്യതാബോധവും അതിൽ നിന്നുടലെടുക്കുന്ന മനോഘടനയുമാണ്‌ ദുർബല ജനവിഭാഗങ്ങൾക്കിടയിൽ തീവ്രവാദം വേരോടുവാനുള്ള അടിസ്‌ഥാനകാരണം. ഇതിനുപരി മുതലാളിത്തം നിലനിൽക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ ശാസ്‌ത്രീയവും മതേതരവും യുക്ത്യധിഷ്‌ഠിതവുമായ മാനസികഘടനയെ വളർത്തിയെടുക്കാനുതകുന്ന വിദ്യാഭ്യാസസമ്പ്രദായത്തിനും പാഠ്യപദ്ധതിക്കും പകരം മതപരമായ മുൻവിധികളും അന്ധവിശ്വാസജടിലതയും മുഖമുദ്രയാക്കിയിട്ടുള്ള വിദ്യാഭ്യാസം പകർന്നു നൽകുന്നതിലൂടെയും ഭരണകൂടത്തിന്റെ വികലവും ജനവിരുദ്ധവുമായ സാംസ്‌കാരികനയങ്ങളിലൂടെയും മറ്റും ദാരിദ്ര്യത്തിന്റെയും നീതിനിഷേധത്തിന്റെയും കൂടെ അജ്ഞതയും കൂടി പകർന്നു നൽകുന്നതും അന്ധമായ മതവൈരം വ്യക്തിമനസുകളിൽ പടർന്നു പിടിക്കാൻ ഇടയാക്കുന്നു.

കൂടാതെ, ഉന്നതമായ ജനാധിപത്യബോധവും രാഷ്‌ട്രീയ പ്രബുദ്ധതയും മതേതരമൂല്യങ്ങളും പൊതുസമൂഹത്തിൽ തന്നെ ദുർബലമാക്കിത്തീരും വിധം ജനാധിത്യസമരങ്ങളെ മുഖ്യധാരാ ഇടതു രാഷ്‌ട്രീയപ്രസ്‌ഥാനങ്ങൾ വഴി തെറ്റിക്കുക കൂടി ചെയ്യുമ്പോൾ കുറച്ചുപേർക്കെങ്കിലും തെറ്റായ മുദ്രാവാക്യങ്ങളും തീവ്രവാദപാതയും സ്വീകാര്യമായി മാറ്റുന്നതിൽ അതിശയിക്കാനൊന്നുമില്ല. അതാണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതും.

സുദീർഘവും ത്യാഗനിർഭരവുമായ ഒരു പോരാട്ടത്തിലൂടെ രാഷ്‌ട്രീയസ്വാതന്ത്ര്യം നേടിയെടുത്ത ഇന്ത്യ അതിനു ശേഷമുള്ള കാലഘട്ടങ്ങളിലൂടെ പട്ടിണിയുടെയും തൊഴിലില്ലായ്‌മയുടെയും നിരക്ഷരതയുടെയും ആത്മാഭിമാനധ്വംസനങ്ങളുടെയും നിർദ്ദയചൂഷണത്തിന്റെയും എരിതീയിലകപ്പെട്ടിരിക്കുകയാണിന്ന്‌. ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും, കേവലമാനുഷികനീതി അപ്രാപ്യമാകുന്നതും ജനങ്ങളെ നിരാശയിലാഴ്‌ത്തുന്നു. രാജ്യത്ത്‌ നിലനിൽക്കുന്ന മുതലാളിത്ത സാമ്പത്തികക്രമമാണ്‌ ഈ ദുഃസ്‌ഥിതിയുടെ അടിസ്‌ഥാനകാരണം എന്ന തിരിച്ചറിവുണ്ടെങ്കിൽ അതിനെതിരേയുള്ള ജനാധിപത്യസമരപാത അവലംബിക്കാൻ ജനങ്ങൾക്കാകും. എന്നാൽ അത്തരമൊരു രാഷ്‌ട്രീയബോധത്തിന്റെ അഭാവത്തിൽ ജനങ്ങൾ നിഷ്‌ക്രിയരാകുകയോ തീവ്രവാദികളുടെ കൈയ്യിലെ കരുവായിത്തീരുകയോ ചെയ്യുന്നു. ഇതു രണ്ടും ഭരണകൂടത്തിന്‌ സഹായകരമായിത്തീരും എന്നതാണ്‌ യാഥാർത്ഥ്യം. നിഷ്‌ക്രിയരായ ജനതയ്‌ക്കുമേൽ ചൂഷണവാഴ്‌ച നിർബ്ബാധം തുടരാം. തീവ്രവാദഭീഷണി ചൂണ്ടിക്കാട്ടി പുതിയ കരിനിയമങ്ങൾ നിർമ്മിക്കുകയും ജനകീയ മുന്നേറ്റങ്ങളെ കശാപ്പു ചെയ്യാനുള്ള ആയുധങ്ങളായി അവയെ മാറ്റുകയും ചെയ്യാം. ചുരുക്കത്തിൽ തീവ്രവാദം അലക്ഷ്യമായ ക്രൂരത മാത്രമല്ല, ശത്രുവിന്റെ കരങ്ങൾക്ക്‌ ശക്തിപകരനുള്ള ആത്മവഞ്ചന കൂടിയാണ്‌. അന്ധമായ നശീകരണാത്മകത മാത്രമല്ല പ്രകടമായ ജനവിരുദ്ധത തന്നെയാണത്‌. അതിനാൽ സാമൂഹ്യപുരോഗതി ഇച്ഛിക്കുന്ന മുഴുവൻ ജനങ്ങളും ഭരണകൂടഭീകരതയ്‌ക്കും ജനാധിപത്യപൗരാവകാശ- തൊഴിലവകാശനിഷേധങ്ങൾക്കും എതിരേ ജനങ്ങളുടെ സംഘടിത സമരപ്രസ്‌ഥാനങ്ങൾ സംഘടിപ്പിക്കുകതന്നെ വേണ്ടിയിരിക്കുന്നു. ആ സമരപ്രസ്‌ഥാനങ്ങളുടെ ശക്തിപ്പെടലിലൂടെയും ആക്കമാർജ്ജിക്കലിലൂടെയും ചൂഷിതജനതയുടെ ആകെ ഐക്യം ചൂഷകർക്കെതിരെ യാഥാർത്ഥ്യമാകുമ്പോൾ മതതീവ്രവാദത്തിനും തീവ്രവാദആശയങ്ങൾക്കും അസ്‌തിത്വവും പ്രസക്തിയും നഷ്‌ടപ്പെടുകയും അവയീ മണ്ണിൽ നിന്നും അടിയോടെ പിഴുതുമാറ്റപ്പെടുകയും മനുഷ്യനും മനുഷ്യനും തമ്മിൽ ഊഷ്‌മള സാഹോദര്യത്തിന്റെ പട്ടുനൂലിഴകളാൽ പരസ്‌പരം ബന്ധിക്കപ്പെടുകയും അതുവഴിയുണ്ടാകുന്ന നവലോകപ്പിറവിയിൽ മനുഷ്യാസ്‌തിത്വത്തിന്‌ അതിന്റ യഥാർത്ഥമഹത്വവും അർത്ഥവും കൈവരിക്കുകയും ചെയ്യും.

Generated from archived content: essay1_feb8_11.html Author: rajendran_pothanaseril

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English