കാലമേ നീ
മായ്ക്കരുതതുമാത്രമൊരിക്കലും
കനല്‍ത്തുമ്പിനാലവളെന്‍
കരള്‍ ഭിത്തിയില്‍ കുറിച്ചിട്ടതൊന്നുമേ…
വ്യര്‍ത്ഥമായ് തോന്നും
നിനക്കാച്ചുവരെഴുത്തൊക്കയും
അര്‍ത്ഥമാണെനിക്കെന്നുമെന്നായുസ്സൊടുങ്ങോളം.
കുതിയ്ക്കുന്നലോകപ്പെരുമയ്ക്ക്- പിന്നില്‍,
കിതച്ചോടിവറ്റിയ നാവുമായ് നിന്നനാള്‍
ഒരുതുള്ളി നെറുകയില്‍
പ്രണയമായ് പെയ്തവള്‍
ഒഴിഞ്ഞയീചില്ലയില്‍
ഇലകളായ് പൂക്കളായ്……
ജ്വൊലിക്കുന്ന സൂര്യച്ചിറകിന്നു കീഴെ
പുകയുന്ന ജീവിതച്ചൂരുമായ് നീങ്ങവേ……
നിരതെറ്റി വീണൊരു വാക്കില്‍ മുറിഞ്ഞവള്‍
നിഴല്‍പോലുമേകാതെ മറഞ്ഞുപോയ് കാലമേ….
നില്‍ക്കുന്നുണ്ടിന്നുമതിലൊരു തളിര്‍….
വാടാതെ വിടര്‍ന്നുയിരായ് ചില്ലയില്‍
മൊഴിത്തുള്ളിയാലവള്‍ നനച്ചിട്ട മണ്ണില്‍
തണല്‍ തൂകി നില്‍ക്കുന്നു നെഞ്ചിലായ് കാലമേ……
മുറിവുകളാണ് ആ അക്ഷരങ്ങള്‍ !
വെളിച്ചംതൊട്ടവളെഴുതിയ വാക്കുകള്‍ …
മൂളിയാല്‍പോലും പൊടിക്കു- മിറ്റുരക്തം !
മായാതെ കിടക്കട്ടെ മരിക്കോളമതെന്നിലായ്
മാറ്റംകുറിക്കരുതതില്‍- മാത്രം കാലമേ ……
Generated from archived content: poem2_mar10_12.html Author: rajeev_mulakuzha