ഇരുട്ടിന്റെ ചിത്രം

വെളുക്കും മുമ്പുണർത്തിയതാരെന്നെ

എം.എസ്‌.സുബലക്ഷ്‌മിയോ,

ഭാര്യയോ, കോഴിയോ,

അതോ ഉണ്ണിയൊഴിച്ചമൂത്രമോ.

കണിവിളക്കിനുമുന്നിൽ കൺതുറന്നപ്പോൾ

കണ്ടതുകണ്ണനേയല്ല

കൊള്ളപ്പലിശക്കാരൻ സ്‌റ്റീഫന്റെ മുഖമായിരുന്നു.

വേകാത്തകപ്പയും വെന്തമനസ്സുമായി

പ്രാതലിനിരിക്കുമ്പോളവൾ

വാടകക്കുടിശ്ശികയും പാലിന്റെ കണക്കുംവിളമ്പി

അരുചിയിൽ മനംപുരട്ടി, പ്രാതൽമാറ്റി

പ്രാണനുംകൊണ്ടുപിൻമതിൽചാടി

പുറത്തേക്കിറങ്ങി.

സ്വത്തും സ്‌ഥാനമാനങ്ങളും ത്യജിച്ചു

പ്രണയലഹരിയിലിറങ്ങിതിരിച്ചവൾ,

എന്നുള്ളിൽ സ്‌നേഹതീർത്ഥംകുടഞ്ഞവൾ,

ഉടലിനുന്മാദമാവോളം പകർന്നവൾ,

ഉണ്ണിയേഉദരത്തിലോമനിച്ചവൾ,

ഉപ്പും ഉണക്കമുളകുമുടച്ചൂണൊരുക്കിയവൾ,

കറുത്തചരടിൽകൈചേർത്തെന്നെപ്പഴിക്കാതെ

ദാരിദ്രിയവും സ്വപ്‌നവും കൊറിച്ചിരിക്കുന്നു.

അക്കീട്ടുമലക്കീട്ടും തെളിയാത്ത

മുഷിഞ്ഞവസ്‌ത്രംപോലെ ജീവിതം

പിന്നയും പിന്നയും.

Generated from archived content: poem1_july30_09.html Author: rajeev_mulakuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here