ഓർക്കുന്നു ഞാനെന്റെ
ഓർമ്മയാം പൂക്കാല-
ബാല്യത്തിൽ നിറയുന്ന
ഓണക്കാലം….
അത്തമുദിക്കുംമുമ്പെ-
ത്രയോമുമ്പെന്റെ
ചിത്തം നിറയുന്ന
ഓണക്കാലം……….
പൂക്കളിൽ തുമ്പിയും
തുമ്പയിൽ ഞങ്ങളും
തൊടിയിലായ്
തുള്ളിക്കളിച്ച കാലം….
ഇല്ലായ്‌മകൊണ്ടച്ഛൻ
ഉള്ളംതുളയ്‌ക്കുമ്പോൾ
ഉണ്മയാം പുഞ്ചിരി-
പ്പാലുകൊണ്ടന്നമ്മ
പാത്രം നിറയ്‌ക്കുന്ന
ഓണക്കാലം…..
പച്ചമുളകും പഴം കഞ്ഞിയും
പിച്ചവച്ചപ്പോഴേ കുടിച്ചകാലം…
കൊച്ചനുജന്റെ കണ്ണീരകറ്റാൻ
കുട്ടിക്കുരങ്ങായി കളിച്ചകാലം….
പിന്നിലായ് പിഞ്ചി-
ത്തുളഞ്ഞ ട്രൗസർ
ലജ്‌ജയായിപ്പൊത്തി-
പ്പിടിച്ച കാലം………….
പട്ടിണികൊണ്ട്‌ന്ധകാരം
പെരുക്കുന്ന
പൊട്ടക്കലത്തിൽ
സൂര്യനുദിക്കുംകാലം….
ഇഷ്‌ടവിഭവങ്ങളെത്ര-
നിരന്നാലും
വിലയേറും വീര്യങ്ങളൊക്കെ
നുകർന്നാലും,
ചാനലിൽ പൈങ്കിളി
പാറിപറന്നാലും
ഒക്കില്ലൊരിക്കലും
ഒന്നിച്ചു ചേരാത്ത
മനസ്സുകളിൽ ഘോഷിക്കും
ഓണക്കാലം……
ഓണമാണിന്നെന്ന്
ആരോപറയുമ്പോൾ
ഓർക്കുന്നതു ഞാനെന്റെ
ഓട്ടക്കലത്തിലെ
ഓണക്കാലം……
Generated from archived content: poem1_aug21_10.html Author: rajeev_mulakuzha