നിഴൽ ചക്രവർത്തിയുടെ പ്രതികാര ദിവസം

വൈകുന്നേരമാകുമ്പോഴേക്കും കമ്പിയഴികൾ ഞാനിരിക്കുന്ന മൂലയിലേക്ക്‌ നീണ്ടുവരും. ഞാനതിൽ പിടിക്കും. ഇരുമ്പ്‌ കമ്പിയുടെ തണുപ്പുള്ള നിഴലിൽ മുഖമമർത്തും. ഞാൻ ഡ്രാക്കുളാ പ്രഭുവിനേക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. അദ്ദേഹത്തിന്‌ രാത്രിയിലാണ്‌ ശക്തി. എനിക്ക്‌ പകലും! സൂര്യനുള്ളപ്പോൾ മാത്രം! അവർക്കതറിയാം….. അതുകൊണ്ടല്ലെ എന്നെ ഈ ഇരുണ്ട മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത്‌.

എങ്കിലും ആ കാവൽക്കാരന്‌ ചിലപ്പോൾ അബദ്ധം പറ്റും അയാളുടെ ചട്ടിത്തല സൂര്യൻ ഒരൊട്ടുവള്ളിപോലെ വലിച്ചുനീട്ടി എന്റെ അറയിലേക്കെറിയും. സൂര്യൻ പറയും.

‘ഇതാ പിടിച്ചെ നിനക്കൊരു പന്ത്‌!

സിമന്റിളകിയ തറയിലേക്ക്‌ ചാടിവീണ്‌ ഞാനത്‌ പിടിച്ചെടുക്കും. കാവൽക്കാരൻ കമ്പിയഴികൾക്കു വെളിയിൽ അനങ്ങാനാവാതെ നിൽക്കും. ഞാൻ മുണ്ടിൽ നിന്ന്‌ ഒരു നൂൽ പറിച്ചെടുത്ത്‌ നിഴലിന്റെ മൂക്കിൽ കടത്തി മെല്ലെ അനക്കും. നിഴൽ തുമ്മിപ്പോകും. കാവൽക്കാരനും. ഞാൻ തലയറഞ്ഞ്‌ ചിരിക്കും. ഇന്ന്‌ കാവർക്കാരന്റെ നിഴൽ പല്ലുകടിച്ച്‌ ദേഷ്യപ്പെടുന്നത്‌ ഞാൻ കണ്ടു. ഞാനയാളുടെ തലക്കിട്ട്‌ പതുക്കെ ഒരു കിഴുക്ക്‌ കൊടുത്തു. അയാൾ തലതിരുമ്മി കരഞ്ഞോണ്ട്‌ ഓടിപ്പോയി. ഞാൻ ചിരിച്ചതിന്‌ ഒരു കയ്യുംകണക്കുമില്ല. ചിരിച്ച്‌ ചിരിച്ച്‌ എനിക്ക്‌ വയറ്റിൽ വേദനപിടിച്ചു.

എത്ര അത്ഭുതകരമായ, വിപ്ലവകരമായ, ഒരു പക്ഷെ എനിക്കൊരു നോബൽ സമ്മാനം തന്നെ നേടിത്തന്നേക്കാവുന്ന മഹത്തായ എന്റെ കണ്ടു പിടുത്തത്തെക്കുറിച്ച്‌ ഞാനന്ന്‌ ഉമയോട്‌ പറഞ്ഞു. അന്നവൾക്കും ചിരിച്ച്‌ ചിരിച്ച്‌ വയറ്റിൽ വേദനപിടിച്ചു.

ഉമ ജോലിക്ക്‌ പോയിക്കഴിഞ്ഞ്‌ ഞാനൊരു മുറിയിൽ കതകടച്ച്‌ ഒറ്റക്കിരിക്കും. ഒന്നും ചെയ്യാനില്ല. വെറുതെ ഓരോന്നോർത്തിരിക്കും. അങ്ങനെ ഒരു ദിവസമാണ്‌ നിഴലുകൾ എന്നെ തേടിവന്നതും, നൂറ്റാണ്ടുകളായി, യുഗങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന അവരുടെ ദുഃഖം ഞാനറിയുന്നതും. നിങ്ങൾ കണ്ണടച്ചിരുട്ടാക്കില്ലെങ്കിൽ…. എന്നെ ഭ്രാന്തനെന്ന്‌ വിളിക്കില്ലെങ്കിൽ, ഞാൻ എന്റെ കണ്ടെത്തലുകൾ, വിപ്ലവകരമായ കണ്ടെത്തലുകൾ നിങ്ങളുമായി പങ്കുവയ്‌ക്കാം…..

അതിനുമുമ്പ്‌, എനിക്കുണ്ടായ വെളിപാടിനുമുൻപ്‌ ഞാനെഴുതിയ ഈ കവിത നിങ്ങൾ കേൾക്കൂ…. ഒരു പാവം നിഴലിനേക്കുറിച്ചാണ്‌.

ദൂരെ നിന്ന്‌…..

പാടവരമ്പിലൂടെ

ചൂട്ടുകറ്റകൾ മിന്നിച്ച്‌

അവർ വരുന്നു

കാറ്റിൽ പറക്കുന്ന

തീപ്പൊരികൾക്കു താഴെ

തുളകൾ വീണ ഒരു നിഴൽ!

ചോറുമണക്കുന്ന പാടങ്ങളിലൂടെ…

കാരമുള്ളിൻ തലപ്പുകളിൽ ഉടക്കി…

നെഞ്ചു കീറി…….

എച്ചിൽ കൂനകളിലും

പൊട്ടക്കിണറുകളിലും

വീണിഴയുന്ന ഒരു നിഴൽ

നക്ഷത്രങ്ങളുടെ

തണുത്ത ഹിമപാതത്തിൽ….

വരണ്ടുണങ്ങിയ

മൺകൂനകളിൽ……

ഒരു കിതപ്പായി……

ഇറ്റു വീഴുന്ന വിയർപ്പുതുള്ളികളായി….

നിഴലിന്റെ അനാട്ടമി പഠിക്കുന്നു.

ഞാൻ………… ഞാൻ……………..

എങ്ങനെയുണ്ട്‌ കവിത? കലക്കിയൊ? അവർ… നിഴലുകൾ കൂട്ടമായി പറയുകയായിരുന്നു.

ഞങ്ങൾക്കുമൊണ്ടൊരു ജീവൻ… കരയുകയും ചിരിക്കുകയും …. രാത്രിയെ ഭയക്കുകയും ….. പ്രഭാതങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ……’

അവർ സത്യമല്ല പറയുന്നത്‌. നമ്മൾ അവരോട്‌ എന്തൊക്കെ അതിക്രമങ്ങളാണ്‌ കാണിക്കുന്നത്‌. ചവിട്ടിമെതിച്ചും….. കാറിതുപ്പിയും….! നമ്മൾ എത്ര ക്രൂരന്മാരാണ്‌… പരസ്‌പരം കെട്ടിപ്പുണരുന്ന കാമുകീകാമുകന്മാർ ഒരു മനസ്‌താപവുമില്ലാതെ പരസ്‌പരം നിഴലുകൾ ചവിട്ടിമെതിക്കുന്നു. അമ്മ കുഞ്ഞിന്റെ നിഴൽ ചവിട്ടിയരക്കുന്നു. എന്തിനേറെ പറയുന്നു സ്വന്തം നിഴലിൽ ചവിട്ടുവാനും ആൾക്കാർക്ക്‌ മടിയില്ല!

പ്രഭാതങ്ങളാൽ…. വൈകുന്നേരങ്ങളാൽ… വലിച്ചുനീട്ടിയാലും നട്ടുച്ചയാൽ അടിച്ച്‌ പരത്തിയാലും, നടകളിലെറിഞ്ഞ്‌ ഒടിച്ച്‌ മടക്കിയാലും, തലവെട്ടി കരിങ്കൽ ഭിത്തിയിലെറിഞ്ഞാലും അശരണനായ ഒരു പട്ടിയുടെ പ്രേതത്തേപ്പോലെ നിങ്ങൾക്ക്‌ വിധേയനായി നിങ്ങളുടെ അടിമയായി നിങ്ങളുടെ പാവം നിഴൽ…..

ഒരു മനുഷ്യൻ ഒരു മനുഷ്യനോടൊ, മൃഗം മൃഗത്തോടൊ മനുഷ്യനോടൊ മനുഷ്യൻ മൃഗത്തോടൊ (അത്‌ സംശയമാണ്‌ എങ്കിലും…..) ഒരിക്കലും ചെയ്യാത്ത ക്രൂരതകൾ നിങ്ങൾ നിഴലുകളോട്‌ ചെയ്‌തില്ലെ….. ഇല്ലേ…? ഓർത്തോളൂ, അവർ ഒരു പടപ്പുറപ്പാടിലാണ്‌. ഞാൻ പറയുന്നതിൽ വിഷമം വിചാരിക്കരുത്‌. ഞാൻ അവരുടെ കൂടെ കൂടും.

ചില പുണ്യവാളന്മാരുടെ നിഴലുകൾ ശ്രദ്ധിച്ചിട്ടുണ്ടൊ? ഞാൻ പന്തയം വയ്‌ക്കാം. ഒരു പാപിയുടെ ലക്ഷണങ്ങൾ അതിനുണ്ടാകും. ഈ വിഷയത്തിൽ നിങ്ങൾക്ക്‌ അറിവില്ലായിരിക്കും. സാരമില്ല ഞാൻ പറഞ്ഞുതരാം. ഇനി പാപികളുടെ നിഴലുകൾ നോക്കൂ. അവ പാവങ്ങളായിരിക്കും. ശുദ്ധ പാവങ്ങൾ!

ആ ദിവസം ഞാൻ ശരിക്കും ഓർക്കുന്നുണ്ട്‌. അന്ന്‌ ഞാൻ ഈ വിഷയത്തേക്കുറിച്ച്‌ ഒരു നീണ്ട ലേഖനം എഴുതുകയായിരുന്നു. (ഈ ലേഖനം ഞാൻ മാതൃഭൂമി, മലയാളം, കലാകൗമുദി, മംഗളം, മനോരമ, എന്നീ വാരികകളിലേക്കെല്ലാം അയച്ചെങ്കിലും അവർ സ്വീകരിച്ചില്ല. തുറന്ന മനസ്ഥിതിയില്ലാത്ത യഥാസ്ഥിതികരായ, വിവരമില്ലാത്ത എഡിറ്റർമാർ ഉള്ളപ്പോൾ നമുക്കൊന്താചെയ്യാൻ സാധിക്കും!) സമയം ഏഴുമണി കഴിഞ്ഞിരുന്നെങ്കിലും ഉമ എത്തിയിട്ടില്ലായിരുന്നു. ഏകദേശം ഏഴരയായപ്പോൾ ഒരു കാർ വന്നു നിന്നു. അതിൽ നിന്ന്‌ ഉമ ഇറങ്ങി. വയറുചാടി ഒരു ഗർഭിണിയേപ്പോലെ ചിരിച്ചുകൊണ്ട്‌ ഒരു ചെറുപ്പക്കാരനും ഇറങ്ങി. ഉമ പറഞ്ഞു.

ഇതാണ്‌ ഞാൻ പറയാനുള്ള മഹേഷ്‌ സാർ‘

അയാൾ തന്റെ കൈനീട്ടി. ലൈറ്റിനെതിരെ അയാളുടെ പുറകിൽ അയാളുടെ നിഴൽ ഒരു കള്ളനെപ്പോലെ ഒളിച്ചു നിൽക്കുകയായിരുന്നു. ഞാൻ ആ നിഴലിനെ പഠനത്തിന്‌ വിധേയമാക്കി. ഒരു വിടന്റെ എല്ലാ ലക്ഷണവും തികഞ്ഞ, ചെകുത്താനെ ഗർഭംധരിച്ച, വൃത്തികെട്ട നിഴൽ അയാളുടെ നീട്ടിയ കൈ, പത്തിവിരിച്ച ഒരു പാമ്പിനേപ്പോലെ എന്റെ നിഴലിനെ കൊത്താൻ വരുന്നത്‌ ഞാൻ ഒരു മിന്നായം പോലെ കണ്ടു. ഞാൻ ഒരു കരച്ചിലോടെ എന്റെ മുറിയിലേക്കോടി കതകടച്ച്‌ കുറ്റിയിട്ടു. ചങ്കിൽ മാലപ്പടക്കം പൊട്ടുന്നതുപോലെ എന്റെ ഹൃദയം ഇടിച്ചുകൊണ്ടിരുന്നു. ഉമ വാതിൽ മുട്ടിവിളിച്ചിട്ടും ഒടുവിൽ കരഞ്ഞിട്ടും ഞാൻ വാതിൽ തുറന്നില്ല. എന്റെ ഓർമ്മ ശരിയാണെങ്കിൽ പിന്നെ മുന്നുദിവസത്തേക്ക്‌ ഞാൻ പുറത്തുറങ്ങിയതേയില്ല. ഞാൻ ഒരു പ്രബന്ധം രചിക്കുകയായിരുന്നു. നിഴലുകളുടെ ചരിത്രം. അവരുടെ വംശത്തിന്റെ പരിണാമവും, അവർക്കുണ്ടായേക്കാവുന്ന അസുഖങ്ങളും പെരുമാറ്റച്ചങ്ങളും, എല്ലാമെല്ലാം. പത്തഞ്ഞൂറ്‌ പേപ്പർ മുറിയിലുണ്ടായിരുന്നു. അതുഴുഴുവൻ എഴുതിതീർന്നപ്പോളാണ്‌ ഞാൻ പുറത്തിറങ്ങിയത്‌. ആ പ്രബന്ധവുമായി ഒരു പാട്‌ യൂണിയേഴ്‌സിറ്റികൾ കയറിയറങ്ങി. എനിക്കൊരു ഡോക്‌ടറേറ്റിന്റെ കൂടിയാവശ്യം ഉണ്ടായിട്ടല്ല. വരാൻ പോകുന്ന അനിവാര്യമായ ലോകമഹായുദ്ധം……….മനുഷ്യനും മനുഷ്യനുമായല്ല. രാഷ്‌ട്രങ്ങൾ തമ്മിലുമല്ല. നിഴലുകളും മനുഷ്യനുമായാണ്‌ എന്ന നഗ്നസത്യം എനിക്ക്‌ ലോകത്തെ അറിയിക്കണമായിരുന്നു. ആരും എന്റെ വാക്കുകൾ കേട്ടില്ല. എന്നെ പുച്ഛിച്ചു. ഒരു ഭ്രാന്തനേപ്പോലെ

എന്നെ ആട്ടിയോടിച്ചു.

ഒരു ദിവസം രാത്രി ഏറെ ചെന്നിട്ടും ഉമ വന്നില്ല. പത്തുമണിയോടടുത്ത്‌ ഒരു പോലീസുകാരന്റെ നിഴൽ എന്റെ മേശയുടെ വക്കിൽകൊണ്ട്‌ മുറിഞ്ഞ്‌. അയാളുടെ തല കുമ്മായം പൂശിയ ഭിത്തിയിലേക്ക്‌ എറിയപ്പെട്ടു. തലപറഞ്ഞു.

പോലീസുകാരൻ ലാടം തറച്ച ബൂട്ടുമായി തരിച്ചുപോയി. അയാളുടെ സൗഹൗദമനോഭാവമുള്ള നിഴൽ അല്‌പസമയം കൂടി എന്നെ വിട്ടുപോകാതെ ഭിത്തിയിൽ ശങ്കിച്ചുനിന്നു. പിന്നെ വലിച്ചുപിടിച്ച ഒരു റബ്ബർബാന്റ്‌ വിട്ടതുപോലെ, പോലീസുകാരനോടൊപ്പമെത്താൻ ധൃതിപ്പെട്ട്‌ നിഴൽ തെറിച്ച്‌ പോയി. ഞാൻ വിറച്ചുകൊണ്ട്‌ വിളിച്ചൂപറഞ്ഞു.

’ഞാൻ ഇപ്പോൾ ഒറ്റക്കായൊ! നിൽക്കൂ‘

പോലീസുകാരന്റെ പ്രതിധ്വനിപോലെ നിഴൽ പറഞ്ഞു.

’ഞാൻ ഖേദിക്കുന്നു ഡോ. ധനുഷ്‌, താങ്കളുടെ ഭാര്യ

ഒരപകടത്തിൽ കൊല്ലപ്പെട്ടു.‘

ഒരു പാട്ടുപോലെ നിഴൽ തുള്ളിച്ചാടി പറഞ്ഞുകൊണ്ട്‌ പോകുന്നത്‌ കേട്ടു.

ഞാനും കവാത്ത്‌ ചെയ്യും….

ഞാനും കള്ളനെ പിടിക്കും…..

പോലീസുകാരനെ തേടിയലയാൻ അവന്‌ സമയമില്ലായിരുന്നു. അവനും കവാത്ത്‌ ചെയ്യണം. അവനും കള്ളനെപിടിക്കണം….

മണ്ടൻ പോലീസുകാരൻ എന്നെ കളിപ്പിക്കാൻ നോക്കുകയായിരുന്നു. രാത്രിയിൽ ഉമയുടെ നിഴൽ ശബ്‌ദമുണ്ടാക്കാതെ എന്റെ അടുത്തുവന്നു. അവളാണ്‌ എന്നോടെല്ലാം പറഞ്ഞത്‌….. അതിന്റെ പിന്നിൽ അവന്റെ കറുത്ത കൈകളായിരുന്നു. ഉമയുടെ നിഴൽ കരഞ്ഞു. എന്റെ നിഴലും ഒന്നിച്ചുവളർന്ന്‌ ഒട്ടിപ്പോയ രണ്ടു മരങ്ങൾ പോലെയായിരുന്നു ഞങ്ങളുടെ നിഴലുകൾ! അവസാന നിമിഷമാണ്‌ അവൾക്കവനെ മനസിലായത്‌. ഇനി പറഞ്ഞിട്ടെന്തുകാര്യം. ഒരു വെറും നിഴലിനെന്തു ചെയ്യാൻ കഴിയും?

പിന്നീട്‌ ഞാൻ ഉറങ്ങിയതേയില്ല. പ്രതികാരചിന്ത എന്നിൽ നാമ്പിടുകയായിരുന്നു. വളരെ ദിവസങ്ങളോളമുള്ളകൂലങ്കഷമായ ആലോചനക്കുശേഷം ഞാനാ ഉറച്ച തീരുമാനത്തിൽ എത്തിച്ചേർന്നു. മൂന്നു ലോകങ്ങളേയും വർൾച്ചയിലാഴ്‌ത്തുന്ന, വിറപ്പിക്കുന്ന, അതികഠിനമായ ഒരു തപസ്സി പിന്നെ താമസിച്ചില്ല. ജനലും വാതിലുകളും ഉള്ളിൽ നിന്ന്‌ ശരിക്കടച്ചു. താക്കോൽ പഴുതുകൾ മെഴുക്‌ വച്ചടച്ചു പിന്നെ കട്ടിലിൽ കയറി പത്മാസനത്തിലിരുന്ന്‌ കഠിനമായ തപസ്സ്‌ തുടങ്ങി. എത്രനാൾ കഴിഞ്ഞു പോയെന്നറിയില്ല. ഒരു പക്ഷെ ആണ്ടുകൾ തന്നെ കടന്നു പോയിരിക്കാം.

ആദ്യം പ്രത്യക്ഷപ്പെട്ടത്‌ സംഹാരമൂർത്തിപരമ ശിവനായിരുന്നു. ഞാൻ പറഞ്ഞു.

’അടുത്തയാൾ വരട്ടെ !‘

ശിവൻ പോയി അടുത്തയാളെ വിട്ടു. പടയാളി ബ്രഹ്‌മാവ്‌ ഞാൻ സമ്മതിച്ചില്ല. അടുത്തവൻ വന്നു പ്രച്ഛന്ന വേഷത്തിൽ ബിരുദാനന്തര ബിരുദമുള്ളവൻ വിഷ്‌ണു. ഞാൻ പറ്റില്ല എന്ന്‌ തലകുലുക്കി വാലുവാലെ ആയിരക്കണക്കിന്‌ ദൈവങ്ങൾ വന്നു. ഒടുവിൽ മുട്ടനാടുകളുടെ തലതൊട്ട ദൈവം വിരാട്‌ പുരുഷൻ വന്ന്‌ ചോദിച്ചു.

’ധനുഷിന്‌ ആരെയാണ്‌ കാണേണ്ടത്‌? ഞാൻ പറഞ്ഞു.

‘അങ്ങനെ വഴിക്കുവാ…. പണ്ടെരുത്തി സമുദ്രം കുറുകെ ചാടിയ

ഒരുകുരങ്ങനെ നിഴലിൽ പിടിച്ച്‌ നിർത്തിയില്ലെ? അവൾ വരട്ടെ’

അങ്ങനെ അവൾ വന്നു. ഞാൻ സാഷ്‌ടാംഗം അവരുടെ കാൽക്കലേക്ക്‌ വീണു. അവർ എന്റെ ഉരത്തിൽ പിടിച്ച്‌ എഴുന്നേൽപ്പിച്ചുകൊണ്ട്‌ ചോദിച്ചു.

‘എന്താ ഈ കാണിക്കുന്നത്‌ കുട്ടി ’

ഏതൊ ഒരു മലയാള സിനിമയിൽ കവിയൂർ പൊന്നമ്മയൊമറ്റൊ അങ്ങനെ പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ഞാൻ സ്ഥാനാർത്ഥികൾ പറയുന്നതുപോലെ പറഞ്ഞു.

‘അനുഗ്രഹിക്കൂ അമ്മേ… ഈയുള്ളവനെ അനുഗ്രഹിച്ചാശീർവദിക്കൂ’

‘എന്താണ്‌ മോനുവേണ്ടത്‌? ’ഞാൻ പറഞ്ഞു‘

’മറ്റെ വിദ്യ….. നിഴൽ പിടിക്കുന്ന സൂത്രം

‘അത്രെയുള്ളൊ! ’

വെള്ളരിപ്പല്ലുകൾ കാട്ടി അവർ ചിരിച്ചു. ഭംഷ്‌ട്രകൾ കണ്ട്‌ ഞാൻ ഒന്ന്‌ പേടിക്കാതിരുന്നില്ല. എന്തായാലും സമൃദ്ധമായി അനുഗ്രഹിച്ച്‌ അവർ ഒരിടിമിന്നൽ പോലെ മാഞ്ഞുകളഞ്ഞു.

ഞാൻ കട്ടിലിൽ നിന്ന്‌ ചാടിയിറങ്ങി. അവർ അപ്രത്യക്ഷമായ ശൂന്യതയിൽ തൊട്ടുനോക്കി. ഒന്നുമില്ല! ഞാൻ ചിരിച്ചു…. കരഞ്ഞു. കട്ടിലിലേക്ക്‌ ചാടിക്കയറി കുത്തിമറിഞ്ഞു. സന്തോഷം കൊണ്ട്‌ ഞാൻ ഉന്മത്തനായിരുന്നു.

ഞാൻ എന്റെ താടി വടിച്ചു. നീണ്ടു വളർന്ന തലമുടി ചീകിമിനുക്കി പിന്നിൽ കെട്ടിയിട്ടു ഷർട്ടിട്ടു. പാന്റിട്ടു. പൗഡറിട്ടു. വർഷങ്ങളായി അടച്ചിട്ടിരുന്ന കതകുകൾ ഗർഭവേദനയിലെന്നപേലെ ഞരങ്ങിയും കരഞ്ഞു മലർക്കെ തുറന്നു.

മലകൾക്കുമുകളിൽ പറന്നുയർന്നു നിന്ന സൂര്യൻ എനിക്ക്‌ സ്വാഗതമരുളി, വിജയമാശംസിച്ചു. പുതിയ, നേർത്ത കിരണങ്ങൾ കൊണ്ട്‌ എന്നെ തലോടി……….

മുറ്റത്ത്‌ പണ്ട്‌ ഉമ നട്ടുപിടിപ്പിച്ച പൂമരം നിറയെ പൂവിട്ടിരുന്നു. മുറ്റത്തെ തിളങ്ങുന്ന മണലിൽ. രാത്രിയിലെ ഉറക്കം തീരാത്തതുപോലെ ആലസ്യത്തോടെ തളർന്നുറങ്ങുന്ന അതിന്റെ നിഴലിൽ ഞാൻ പിടിച്ച്‌ കുലുക്കി…..‘ ഉണരൂ…….. ഉണരൂ ഇതാ പ്രഭാതം വിടർന്നിരിക്കുന്നു.’ മരം ഞെട്ടിയുണർന്ന്‌ എന്നെ സ്‌നേഹത്തോടെ പുഷ്‌പവൃഷ്‌ടിയിലാഴ്‌ത്തി. ഞാൻ പൊട്ടിച്ചിരിച്ചു. ആകാശത്തിലേക്ക്‌ കൈകളുയർത്തി അലറിചിരിച്ചു. ഞാൻ പറഞ്ഞു….. ഞാനലറി.

‘ഞാൻ…. നിഴലുകളുടെ ചക്രവർത്തി!

പക്ഷികളെ …. എനിക്കുവേണ്ടി ചാമരം വീശൂ…..

പൂക്കളേ എനിക്കുവേണ്ടി നൃത്തം ചെയ്യൂ…….

നിങ്ങൾ മദ്യംകുടിച്ച്‌ ഉന്മത്തരാകൂ….. ആനന്ദിക്കൂ….

എന്റെ സാമ്രജ്യത്തിൽ നിങ്ങൾ സ്വതന്ത്രരാണ്‌. ’

ഞാൻ മന്ത്രിചത്തു.

‘പക്ഷെ അവനെ മാത്രം ഞാൻ വിടില്ല,

ഒരു വിടന്റെ ഗർഭിണിനിഴലിനെ……

പെട്ടന്ന്‌ ഞാൻ ചിരിച്ചുകൊണ്ട്‌ ഒരു ചിത്രശലഭത്തിന്റെ നിഴലിനുവേണ്ടി ചാടി

’നിന്നെയും …… ധിക്കാരീ…….‘

മണലിൽ നിന്നവൾ ഭിത്തിയിലേക്ക്‌ ചാടി. ഞാൻ പുറകെ അവൾ ഒരു വട്ടയിലയിലേക്ക, പിന്നെ പാറക്കല്ലിലേക്ക്‌, അവൾക്കുപുറകെ കൂവിക്കാറികൊണ്ട്‌ ഞാനും. ഒടുവിൽ തിണ്ണയിലെ തൂണിൽ വച്ച്‌ ഞാനവളെ പിടികൂടി. ഞാൻ കിതച്ചു. എന്റെ കൈക്കുള്ളിൽ പിടക്കുന്ന ഒരു നിഴൽ ഞാൻ പറഞ്ഞു.

’എടീ മിടുക്കീ……. കുരുകരുത്തം കെട്ടവളെ, ഞാനാണിനി

രാജാവ്‌ അനുസരിച്ചില്ലെങ്കിൽ തുടക്കിട്ട ചുട്ടയടിവച്ചു.

തരും, പറഞ്ഞേക്കാം. ഉം.. ഇപ്പോൾ പൊക്കൊ….‘

ഞാനവളെ പുറത്തുവിട്ടു. അവൾ എന്നെ കൊഞ്ഞനം കുത്തിയിട്ട്‌ പറന്നുപോയി.

’നിക്കടീ അവടെ…..‘ ഞാൻ അലറിച്ചിരിച്ചുകൊണ്ട്‌ മുറ്റത്തേക്ക്‌ ചാടി.

’പൂയ്‌ പൂയ്‌ ഞാൻ കൂവി,

‘നാളയും വരണേ……’ അപ്പോൾ മതിലിനുവെളിയിൽ അത്ഭുതവും, കൗതുകവും നിറഞ്ഞ രണ്ടുതലകൾ എത്തുനോക്കുന്നു. സ്‌കൂൾ കുട്ടികളാണ്‌. ഞാൻ പെട്ടെന്ന്‌ ഒരലർച്ചയോടെ അവരുടെ നിഴലിനുവേണ്ടി ചാടി. അവർ കാറികൊണ്ട്‌ ഓടി. ഞാൻ ഉന്മത്തനായി അത്‌ നോക്കി നിന്ന്‌ ചിരിച്ചു.

പിന്നെ താമസിച്ചില്ല അവനെ തിരിഞ്ഞ്‌ ആൾക്കൂട്ടത്തിലൂടെ ഞാൻ വേഗത്തിൽ നടന്നു. ആൾക്കാർ ചവിട്ടേറ്റ്‌, ഞരങ്ങുകയും ചെയ്‌തു. അപ്പോളാണ്‌ ഞാനോർത്തത്‌ ഞാനവരുടെ നിഴലിൽ അറിയാതെ ചവിട്ടുന്നുണ്ടെന്നീ ഞാൻ പറഞ്ഞു.

‘ക്ഷമിക്കൂ ഇന്നത്തേക്കുമാത്രം…… നാളെ മുതൽ ഞാൻ നിങ്ങളെ വേദനിപ്പിക്കില്ല. ഞാനിന്ന്‌ പ്രതികാരദാഹിയാണ്‌. ഞാന എന്റെ ഉമയുടെ ഘാതകനെ തിരഞ്ഞുനടക്കുന്നു. ഇനി ഓരോവർഷവും ഈ ദിവസം ’നിഴൽ ചക്രവർത്തിയുടെ പ്രതികാര ദിവസം ‘ എന്ന്‌ അറിയപ്പെടും. എല്ലാ സ്‌ഥാപനങ്ങൾക്കും അന്ന്‌ അവധിയായിരിക്കും ക്ഷമിക്കൂ പ്രജകളെ…… ഈ ചക്രവർത്തിക്കുവേണ്ടി….. ഇന്നത്തേക്കുമാത്രം…….’

ഒടുവിൽ ചന്തയിൽ വച്ച്‌ ഞാനവനെ കണ്ടെത്തി. അവന്റെ കൂടെ അവന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവൻ എന്നെ അത്ഭുതത്തോടെ നോക്കി. അവൻ എന്റെ നേരെ ചിരിച്ചു. ഞാനും ചിരിച്ചു. അതൊരട്ടഹാസമായിരുന്നു. എന്റെ…. ചക്രവർത്തിയുടെ യുദ്ധകാഹളം.

ചന്തയിൽ ചീഞ്ഞുപൊട്ടിയ പച്ചക്കറികളുടെയിടയിലും മുറുക്കാൻ തുപ്പലുലും ചന്തസാമാനങ്ങളിലും വീണുകിടന്ന്‌ ആൾക്കാരുടെ ചവിട്ടും തൊഴിയും കൊണ്ടിരുന്ന എന്റെ പ്രജകൾ അതു കേട്ടുണർന്നു. അവർ കാതോർത്തു. ഞാൻ അവരോട്‌ പ്രസംഗിച്ചു.

‘യുഗങ്ങളായി പീഢനത്തിന്റെ കൈപ്പുനീരുണ്ണുന്ന എന്റെ പൊന്നുപ്രഴകളെ. ഉണരൂ……….ഈ വിടനെതിരെ, ഈ വർഗ്ഗ ശത്രുവിനെതിരെ പൊരുതൂ….. നിങ്ങൾക്ക്‌ നഷ്‌ടപ്പൊൻ നിങ്ങളെ ചവിട്ടിമെതിക്കുന്ന യജമാനന്മാരെല്ലാതെ മറ്റൊന്നുമില്ല…..’

അവനും കൂട്ടുകാരും പരസ്‌പരം എന്തെ ചെവിയിൽ മന്ത്രിക്കുന്നു. ചിരിക്കുന്നു. ഞങ്ങൾക്കു ചുറ്റും ജനങ്ങൾ വട്ടംകൂടി നിന്നിരുന്നു. ഞാനലറി.

‘ആക്രമൺ……..’

ജനങ്ങൾക്ക്‌ അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവരുടെ സ്വന്തം നിഴലുകൾ അവരെ വിട്ടാ പിരിഞ്ഞു. അവന്റെ നേരെ നിഴൽപ്പട തിരിഞ്ഞു. ഞാൻ പൊട്ടിചിരിച്ചുകൊണ്ട്‌ പറഞ്ഞു.

‘പ്രജകളെ ……. അവനെ എനിക്ക്‌ വിട്ടു തരൂ…….

നിങ്ങൾ സ്വന്തം രൂപങ്ങളെ ആക്രമിക്കൂ………’

ഞാൻ അവന്റെ നിഴലിനുനേരെ ചാടി വീണു. കഴുത്തിൽ ഞെക്കിപ്പിടിച്ച്‌ വിരൽ ഒരു പ്രത്യേക രീതിയിൽ മടക്കിപ്പിടിച്ച്‌ അടിവയറ്റിൽ കുത്തി. അവന്റെ കരച്ചിൽ ഒന്നു കേൾക്കേണ്ടതായിരുന്നു. പലരീതിയിൽ മടക്കിപ്പിടിച്ച്‌ അടി വയറ്റിൽ കുത്തി. അവന്റെ കരച്ചിൽ ഒന്നു കേൾട്ടേണ്ടതായിരുന്നു. പല രീതിയിലും ഞാനവനെ പീഡിപ്പിച്ചു. എന്റെ മനസ്സ്‌ തണുക്കുന്നതുവരെ. ഞാനവനെ പീഢിപ്പിക്കുമ്പോൾ എന്റെ നിഴൽ പുറകില നേർത്ത മണൽ തരികളിൽ ചവിട്ടി നൃത്തം ചെയ്യുകയായിരുന്നു. അവസാനം ഞാനവന്റെ കാലിൽ പിടിച്ച്‌ തലക്കുമുകളിൽ ചുഴറ്റി നിലത്തടിച്ചു. കട്ടിയുള്ളപുതപ്പ്‌ അലക്കുന്നതുനോലെ നിലത്ത്‌, കൂർത്ത ചരലിൽ വീണ്ടും വീണ്ടുമടിച്ചു. അവൻ മരിച്ചിട്ടും എന്റെ കലി അടങ്ങിയില്ല. ആ ചത്ത നിഴലിനെ രണ്ടു തുണ്ടാക്കി ഇരുവശത്തേക്കും ഞാൻ കീറിയെറിഞ്ഞു. ഞാൻ കരയുകയായിരുന്നു.

‘എന്തിനായിരുന്നു……. നീ………….’

കാവർക്കാരന്റെ ഓടിപ്പോയി. പുറകെ കണ്ണാടിക്കാരൻ വരും അയാളെ എനിക്കിഷ്‌മാണ്‌. അയാൾ ചോദിക്കും. ‘

’ആ കാവൽക്കാരന്റെ നിഴലിനെ എന്തിനാണിടിച്ചത്‌.

അയാൾ ഒരു പാവമല്ലെ ഡോ. ധനുഷ്‌‘

ഞാൻ പുഞ്ചിരിച്ചുകൊണ്ട്‌ പറയും.

’ഇല്ല ഡോക്‌ടർ, ഞാനയാളെ വേദനിപ്പിച്ചില്ല

ഞാനാരേയും വേദനിപ്പിക്കില്ല. എന്റെ രാജ്യം

ഹിംസക്കെതിരാണ്‌. എങ്കിലും ചില നിഴലുകൾ

അക്രമാസക്തരായേക്കാം. വരാൻ പോകുന്ന ഒരു

ലോക മഹായുദ്ധം ഒഴിവാക്കുവാൻ വേണ്ടി നിഴലു-

കളെ വേദനിപ്പിക്കരുതെന്ന്‌ അങ്ങ്‌ എനിക്കു-

വേണ്ടി ലോകരാഷ്‌ട്രങ്ങളോട്‌ അഭ്യർത്ഥിക്കില്ലെ…….‘

Generated from archived content: story1_nov27_08.html Author: rajeesh_kr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here