നീ മഴമേഘത്തെയറിഞ്ഞില്ല
മഴയെ മാത്രമറിഞ്ഞു.
വാനിൽ നിന്നമർത്തിയ പീച്ചാംകുഴൽ
ബാല്യസ്മരണകൾക്കു വളം.
പുതുമണ്ണിൻ മണത്തോടെ വരവ്,
മഴ വിതറുന്നൂ സ്‌ഫടികമുത്തുകൾ
ഇറ വെളളത്തിൽ മഴക്കിരീടങ്ങൾ
മഴവില്ലായെത്തുന്നു വർണ്ണരാജികൾ.
മഴനാളിൽ മിഴിയറിയുന്നു ഹരിതാഭ.
ഏകാന്തതയ്‌ക്ക് മഴപ്പാട്ട് താളം
പ്രണയനിശ്വാസങ്ങൾക്ക് ചിലമ്പുനാദം.
മനസ്സു ചുറ്റുന്നൂ മഴനൂലു-
നെയ്യുമീ തണുത്ത ചേലയെ.
മഴ ചിരിക്കവേ…;
നടനമാടവെ…..
പടിയടച്ചകറ്റിയാ മഴ-
മേഘമലയുന്നു.
കറുത്തവളീ കരിമുകിൽ
തെളിഞ്ഞരാവിനെ
ദുഃഖാർദ്രമാക്കുന്നോൾ.
ഗതിയില്ലാതലയുന്നവൾ
സൗഭാഗ്യങ്ങളിൽ നിന്നകലുന്നവൾ.
ഈ കറുപ്പിനുളളിൽ വെളുപ്പാണ്
തളർച്ചകാണേ, വരൾച്ച കാണേ
സ്വയമുരുകി നീരാകുന്നോൾ
എങ്കിലുമീ, നനവെന്നും നിനക്കന്യം.
Generated from archived content: karuppum.html Author: rajasree_p