വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍

നെരിപ്പോടിന്റെ ഗന്ധമുണ്ട് അനാഥത്വത്തിന്. നെരിപ്പോടിനേപ്പോലെ ചൂടൂ പകരുവാന്‍ ശേഷിയുള്ള ആളുകളെ തേടിയുള്ള യാത്ര. നെരിപ്പോടിനെ ജ്വലിപ്പിക്കുവാന്‍ മറ്റൊരാള്‍ വേണം. അതിരിക്കുന്ന പരിസരത്തിനു മാത്രമേ അതിനു ചൂടു പകരാന്‍ കഴിയുകയുള്ളു .അതിനുമപ്പുറം നോട്ടം കൊണ്ടും സ്പര്‍ശം കൊണ്ടും വാക്കുകൊണ്ടും ശ്വാസവേഗം കൊണ്ടും ഉണ്മയാകുവാന്‍ കഴിയുന്ന വൃക്ഷച്ഛായ തേടിയുള്ള നിതാന്ത യാത്ര. നഷ്ടബോധത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ഇത്തരം ജീവിതാവസ്ഥയുള്ള ഒരേ ഒരു ജീവി മനുഷ്യന്‍ മാത്രമാണ്. കാലങ്ങളോളം സംരക്ഷണം ആവശ്യപ്പെടുന്നതും അവന്‍ മാത്രമായിരിക്കും.

പരമ്പരാഗത ജീവിത സങ്കല്‍പ്പങ്ങളില്‍ നിന്നുകൊണ്ടാണ് സിനിമകളിലും കഥകളിലും അനാഥാവസ്ഥ അടയാളപ്പെട്ടിട്ടുള്ളത്. പല തെറ്റുകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമായും സ്വയം ശക്തി ആര്‍ജ്ജിക്കുവാനുള്ള അവസരമായും ദയ തേടുന്ന ജീവിതാവസ്ഥയായും , എന്നിട്ടും വിജയപന്ഥാവിലെത്തിയ മാതൃകയായും … ഇങ്ങെനെ വ്യത്യസ്ഥകളിലാണവര്‍ അനാഥത്വം വരച്ചു വച്ചിരിക്കുന്നത്. അനാഥയ്ക്ക് അത്യധികമായി നാഥനായി വരാനുള്ളത് പ്രണയിയായ യുവാവ് അനാഥന് അതുപോലൊരു യുവതിയും. തുല്യദു:ഖിതരാണെങ്കിലോ പറയുകയും വേണ്ട.

കാലം മാറിയിരിക്കുന്നു സങ്കല്‍പ്പങ്ങളും. ഇന്ന് സനാഥരേക്കാള്‍ എത്രയോ ഭാഗ്യവാന്മാരാണ് അനാഥര്‍. അവര്‍ മികവുറ്റ ഇടങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെടും. ഹൃദയത്തില്‍ നെരിപ്പോടുമായി എത്രയോ പേരാണ് അവരെ കാത്തു നില്‍ക്കുന്നത്. ആ കാത്തുനില്‍പ്പുകളുടെ ചുറ്റുവട്ടങ്ങളെ അന്വേഷിക്കുവാനാണ് ഇവിടുത്തെ ശ്രമം. നമുക്കു ചുറ്റുമുള്ള അനാഥമന്ദിരങ്ങളിലെ നേര്‍ക്കാഴ്ചകള്‍ ‘ ചൂളക്കൂട്ട’ ത്തിനു പകര്‍ന്ന മൌനനൊമ്പരത്തില്‍ ചാലിച്ചെഴുതിയത്.

‘‘ അനാഥന്റെ ഒറ്റപ്പെടലാണ് എന്റെ കരുത്ത്. ‘’ ഇക്കഴിഞ്ഞ സിവില്‍ സര്‍വീസസ് ഇന്റെര്‍വ്യൂവില്‍ സ്വന്തം ശക്തി എന്താണ് എന്ന് മലപ്പുറത്ത് നിന്നുള്ള മുഹമ്മദ് അലി ശിഹാബിനോടുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയാണിത്. ഞാന്‍ ഒരു അനാഥാലയത്തിലാണ് വളര്‍ന്നത്. തനിക്കാരുമില്ല എന്ന തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന മത്സരബുദ്ധി ലോകത്തില്‍ സനാഥരായ ഒരു കുട്ടിക്കും കിട്ടില്ല. അലിയുടെ ഈ വാക്കുകള്‍ മതി അനാഥത്വത്തിന് നാം കല്‍പ്പിച്ചു വച്ചിരുന്ന പുറം ചട്ടകള്‍ അഴിഞ്ഞു വീഴാ‍ന്‍. നേതൃത്വ പാടവം , ആശയവിനിമയത്തിനുള്ള കഴിവ്, ആസൂത്രണപാടവം, സഹിഷ്ണുത, ക്ഷമ ഇതെല്ലാം അനാഥാലയത്തില്‍ വളര്‍ന്ന കുട്ടിക്ക് കൂടുതലായിരിക്കും . ഏതു ദുരിതത്തിലും തളരാതെ പിടിച്ചു നില്‍ക്കും.

കാണുമ്പോള്‍ തന്നെ ഓടി വന്ന് കൈപിടിച്ച് കാര്യമായി വര്‍ത്തമാനം പറയുന്ന ചേച്ചിമാരെ ഒരല്‍പ്പം പേടിയോടും പകപ്പോടും കൂടിയാണ് ആദ്യം നോക്കിയത്. അവര്‍ എന്താണ് ചെയ്യുക എന്നറിയില്ലല്ലോ… പക്ഷെ ആ പേടിയുടെ ആവശ്യമില്ലെന്നു മനസിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. അടുക്കും ചിട്ടയും വന്നു എന്നു സ്വയം അംഗീകരിക്കുന്നവര്‍ , മാനസികപ്രശ്നമുള്ളവരെന്ന് തോന്നും വിധം പെരുമാറുന്നവര്‍ , ഇന്നല്ലെങ്കില്‍ നാളെ വീട്ടില്‍ പോകാം എന്നു പ്രതിക്ഷിക്കുന്നവര്‍… എല്ലാ സുഖഭോഗങ്ങളില്‍ നിന്നും വലിച്ചറിയപ്പെട്ട് കരയാന്‍ പോലുമറിയാതെ ജീവിക്കുന്ന ഇവരെ എന്തു പേരാണ് വിളിക്കേണ്ടത്? ഭ്രാന്തരെന്നോ അനാഥരെന്നോ ? ഈ അവസ്ഥ തനിക്കും ഒരിക്കല്‍ വരാം എന്നു മനസിലാക്കാതെ രക്തബന്ധങ്ങളെ തെരുവില് ‍ഉപേക്ഷിക്കുന്നവരല്ലേ ശരിക്കും ഭ്രാന്തര്‍?

പല വൃദ്ധ മന്ദിരങ്ങളിലേയും കാഴ്ചകള്‍ കരളലിയിക്കുന്നതാണ്. സമ്പാദ്യമെല്ലാം പുതു തലമുറക്കു വേണ്ടി മാറ്റി വച്ച് അവസാനം അഗതിമന്ദിരത്തില്‍ തള്ളപ്പെട്ട് കമ്പി പാകിയ കട്ടിലില്‍ പുതയ്ക്കാനോ വിരിക്കാനോ ഇല്ലാതെ കിടക്കുന്നവര്‍ , കൊച്ചുമക്കളെയും മക്കളെയും വിളിച്ചു പരിചയിച്ച പേരുകളാണ് അവര്‍ സന്ദര്‍ശകരെ വിളിക്കുക. ആ വിളി കേള്‍ക്കുമ്പോള്‍ ഒരിക്കല്‍ അവരുടെ മക്കള്‍ കേള്‍ക്കാതെ പോയ വിളീയാണത് എന്നോര്‍ത്താല്‍ തിരിച്ച് അവരെ അപ്രകാരം തന്നെ പരിചരിക്കാന്‍ തോന്നും. ‘ ആറും അറുപതും ഒരു പോലെയെന്നു പറയും. ഇവര്‍ രണ്ടു കൂട്ടര്‍ക്കും വേണ്ടതും ഒന്നു മാത്രമാ‍ണ് കറയില്ലാത്ത സ്നേഹം . എന്നാല്‍ ഈ ആതുരശുശ്രൂഷക്കു പിന്നില്‍ കച്ചവടക്കണ്ണുമായി ഇറങ്ങുന്നവര്‍ കുറവല്ല. എട്ട് അനാഥാലയങ്ങള്‍ പോലീസ്‍ നിരീക്ഷണത്തില്‍ എന്ന വാര്‍ത്ത തെളിവാണ്. ലൈസന്‍സില്ലാത്ത ആതുരസേവനസ്ഥാപനങ്ങള്‍ ഇന്ന് ഏറി വരുന്നു. ആറും ഏഴും ലക്ഷങ്ങള്‍ക്കുവരെ കുട്ടികളെ വില്‍ക്കുന്ന ‘സേവന പാരമ്പര്യമുള്ള‘ സ്ഥാപനങ്ങളും കുറവല്ല . കൃഷി തകര്‍ന്നപ്പോള്‍ ഇതൊരു നല്ല ‘കൃഷിയായി’ കരുതിയവരും ബാലഭിക്ഷാടനത്തിനും ബാലവേലക്കുമെതിരെ ശബ്ദമുയരുമ്പോഴും പട്ടിണിക്കിട്ട കുഞ്ഞിനെ കാഴ്ച വച്ച് നേട്ടങ്ങളുണ്ടാക്കുന്നവരും ഇന്ന് സമൂഹത്തിലുണ്ട്.

ഇതുപോലുള്ള കല്‍ച്ചുവരുകള്‍ക്കുള്ളില്‍ താമസിക്കുന്നവരില്‍ എല്ലാ തരക്കാരുമുണ്ട്. അത്ഭുതത്തോടെ ചുറ്റുമുള്ളവരെ മിഴിച്ചു നോക്കുന്ന കുരുന്നുകളും നാളെയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൌമാരക്കാരും സ്നേഹിച്ചവരെല്ലാം ഉപേക്ഷിച്ച് കാലന്റെ തേരിനു വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നവര്‍ വരെ അക്കൂട്ടത്തില്‍പ്പെടും . ഇവിടേയും ബാല്യത്തില്‍ നിന്നും തുടങ്ങാം. മാനുഷികമൂല്യത്തിന്റെ അടിത്തറപാകി പടുത്തുയര്‍ത്തുന്ന ഇത്തരം സംഘടനകളുടെ പേരു തന്നെ വിശേഷപ്പെട്ടതാണ്. ആകാശപ്പറവകള്‍, കരുണാലയം, സ്നേഹഭവനം, ദിവ്യരക്ഷാലയം, കൃപാലയം …ഇങ്ങനെ എല്ലാ പേരുകളും നമ്മോട് മന്ത്രിക്കുന്നത് ഒന്നു മാത്രം ഇവിടെയുള്ളവര്‍ക്ക് വേണ്ടത് കരുണയും സ്നേഹവുമാണെന്ന്.

പല അനാഥലയങ്ങളിലും കുട്ടികളെ സംബന്ധിച്ച റിപ്പോര്‍ട്ടോ മറ്റു രേഖകളൊ ഒന്നും തന്നെ ഇല്ല. സ്റ്റേഷനറി കടകളിലെ വസ്തുക്കളെ പോലെ വില്‍പ്പനക്ക് ബലിയാടാവാന്‍ വേണ്ടി മാത്രം ജനിച്ചവര്‍.

ഇതൊന്നുമറിയാതെ കറ പുരളാത്ത ചിരിയുമായി നില്‍ക്കുന്ന കുരുന്നുകളുടെ കണ്ണില്‍ നാളെയുടെ പ്രതീക്ഷയുണ്ട് . ഇന്ന് ദത്തെടുക്കുന്ന കുഞ്ഞുങ്ങളില്‍ അധികംപേരും പെണ്‍കുഞ്ഞുങ്ങളാണ് എന്നുള്ളത് മറ്റൊരു കാര്യം. പെണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കി ഒരു പ്രായം കഴിയുമ്പോള്‍ ഭാരം ഇറക്കിവയ്ക്കാമല്ലോ എന്നു ചിന്തിക്കുന്നവരും ഇല്ലാതില്ല. ആണ്‍കുട്ടികളാവുമ്പോള്‍ സ്വത്തും വീതവുമെല്ലാം പങ്കു വയ്ക്കപ്പെടും എന്നു ഭയപ്പെടുന്നവരുമുണ്ട്.

‘ഇന്നു ഞാന്‍ നാളെ നീ ‘ എന്ന വാക്യം എല്ലായിടത്തും ഒരു പോലെ ഉപയോഗിക്കാം എന്നു ചുരുക്കം. നമുക്ക് മുന്നിലുള്ള സനാഥരും അനാഥരാണെന്നു മനസിലാക്കാന്‍ ഇനിയുമെന്തേ നാം വൈകുന്നു?

അനാഥന്‍ ! എന്നും സമൂഹത്തിനു മുന്നില്‍ ചോദ്യചിഹ്നമായ് നില്‍ക്കുന്നവര്‍, ആശ്രയിക്കാന്‍ ആരുമില്ലാത്തവര്‍. അച്ഛനും അമ്മയും ഇല്ലാതെയാകുന്നവര്‍, അനാഥരാകുന്നുവെന്ന് നാം വിശ്വസിക്കുന്നു. സംരക്ഷണവും , ശിക്ഷണവും , സ്നേഹ പരിലാളനങ്ങളും അന്യമാകുന്നു. അതുകൊണ്ട് നാം ഇവരെ അനാഥരെന്ന് മുദ്ര കുത്തുന്നു.

വീട്ടു തടങ്കലില്‍ അച്ഛന്റെയോ അമ്മയുടേയോ സ്നേഹം കിട്ടാതെ പിടയുന്നവര്‍ക്കും മാതാപിതാക്കളില്‍ നിന്നും ക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്നവര്‍ക്കും ഭിക്ഷ യാചിച്ചു കിട്ടുന്ന തുക തട്ടിപ്പറിച്ചുകൊണ്ടു പോകുന്ന പിതാക്കന്മാരുള്ളവര്‍ക്കും നഷ്ടമാകുന്നത് സ്നേഹപരിലാളനങ്ങളല്ലേ? അവരെ അമ്മത്തൊട്ടിലുകളിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നവരെ നാമെന്തു വിളിക്കും.?

സ്വന്തം അച്ഛന്‍ വീട്ടില്‍ വളര്‍ത്തുന്ന പട്ടിയോടൊപ്പം കെട്ടിയിട്ട് പട്ടിക്കും കുട്ടിക്കും ഒരേ പാത്രത്തില്‍ ഭക്ഷണം നല്‍കിയ ഒരു വാര്‍ത്ത, ദേഹം മുഴുവന്‍ പൊള്ളിയ നിലയില്‍ അയല്‍വാസികള്‍ കണ്ടെടുത്ത ആരോമല്‍ എന്ന മൂന്നു വയസുകാരനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ഇന്ന് അവന്‍ എവിടെയാണ്?

ദിവസങ്ങളോളം നരകയാതന അനുഭവിച്ച് കിടക്കുമ്പോഴും നൊന്തു പ്രസവിച്ച് വളര്‍ത്തിയ മക്കള്‍ തിരിഞ്ഞു നോക്കാതെ സാമൂഹ്യ സേവന സംഘങ്ങളുടെ ഔദാര്യം കാത്തു കിടക്കുന്ന വൃദ്ധരുടെ എണ്ണം കുറവല്ല. തെരുവു നായ്ക്കളുടെ സംരക്ഷണത്തിനു പോലും നേതാക്കന്മാരുള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനാഥ കൂട്ടങ്ങളെ സംരക്ഷിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് ഇന്ന് സമൂഹത്തില്‍ ഇത്തരം സംഘടനകള്‍ക്കുണ്ട്.

ഇവിടെ എത്തിച്ചേരുന്നവര്‍ക്ക് പറയാന്‍ ഒരു കടലോളം കണ്ണീരിന്റെ കഥയുണ്ടാകും. ‘’ മിക്കപ്പോഴും കുട്ടികളെ കിട്ടുക ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞുങ്ങളെ കിട്ടുമ്പോള്‍ ഡോക്ടര്‍മാര്‍ ഞങ്ങളെ വിളീക്കും. ഈ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ ആദ്യം ഇവിടെ എത്തിച്ചേര്‍ന്ന കുട്ടിയെ അതുപോലെ കിട്ടിയതാണ്. അവന്റെ അമ്മ കുഞ്ഞിനെ കൊല്ലുവാനായി തീരുമാനിച്ചപ്പോള്‍ ഡോക്ടര്‍ ഏറ്റെടുത്ത് ഞങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു. ‘’ ഓര്‍ഫനേജുകളുടെ അടി വേരുകള്‍ തേടിപ്പോയപ്പോള്‍ ഉടമ പറഞ്ഞതാണിത്.

രണ്ടാഴ്ച പ്രായമുള്ളവര്‍ മുതല്‍ അഞ്ചു വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ചില്‍ഡ്രന്‍സ് ഡോര്‍മെട്രിയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ കുരുന്നുകളെ പരിചരിക്കുന്ന ആയമാര്‍ക്ക് ഒരു ദിവസം രണ്ടു കൈകളും തികയില്ല. മിക്ക കുട്ടികളും തന്നെ അമ്മ ആഗ്രഹിക്കാത്ത ഗര്‍ഭധാരണത്തിലൂടെ ജനിച്ചവരാണ്. തങ്ങളുടെ കുഞ്ഞ് കണ്ണു തുറക്കുന്നതു കൂടി കാണാന്‍ കൂട്ടാക്കാത്ത അമ്മമാരുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ കേട്ടു തഴമ്പിച്ച മാതൃ സ്നേഹവും , പത്തു മാസം ചുമന്നതിന്റെ യാതനയും കെട്ടുകഥയാകുന്നു.

ചിലപ്പോള്‍ ഇവിടെ കൊണ്ടു വരുന്ന മിക്ക കുട്ടികളും രക്ഷപ്പെടുന്നത് അത്ഭുതകരമായിട്ടാണ്. ജനിച്ചു വീഴുമ്പോള്‍ മുതല്‍ അമ്മയില്‍ നിന്നും കിട്ടേണ്ട പരിചരണം കിട്ടിയിട്ടില്ലാത്തതുകൊണ്ടും മുലപ്പാല്‍ ലഭിക്കാത്തതിനാലുമുള്ള രോഗപ്രതിരോധന ശേഷി കുറവുകൊണ്ടും മരിച്ചു പോകുന്നവര്‍ ഏറെയാണ്.

സ്നേഹമോ കരുണയോ തുളുമ്പുന്ന മുഖങ്ങള്‍ക്കായി ഇവര്‍ ഉറ്റു നോക്കുന്നു. സന്ദര്‍ശകര്‍ ഇവര്‍ക്ക് പ്രതീക്ഷയുടെ വെട്ടമാണ്. മറ്റൊന്നിനും വേണ്ടിയല്ല , അവരെ ഒന്നെടുക്കാന്‍ താലോലിക്കാന്‍ കളി[പ്പിക്കാന്‍ ‘’ എന്നെയൊന്നെടുക്കാമോ?’‘ നിഷ്കളങ്കമായ ഈ ചോദ്യത്തിനു മുന്നില്‍ ആരും കുനിഞ്ഞു പോകും.

‘’ എന്റെ അമ്മ അവിടെയുണ്ട്’‘ നക്ഷത്രങ്ങള്‍ നിറഞ്ഞ ആ‍കാശത്തേക്ക് ചൂണ്ടി ഒരു നാലു വയസുകാരി പറഞ്ഞു ‘’ അമ്മ വരുമ്പോള്‍ ഞാന്‍ പാട്ടു പാടി കേള്‍പ്പിക്കും. എന്നോട് ആയമ്മ പറഞ്ഞു അമ്മ വരുംന്ന്’‘ അച്ഛനെക്കുറിച്ചു ചോദിച്ചപ്പോള്‍ അവളുടെ കുഞ്ഞിക്കണ്ണുകളെ ഭയം മൂടുന്നതു കണ്ടു. ‘’ഇല്ല എനിക്കു പേടിയാ …അച്ഛനടിക്കും. ..’‘ അവളുടെ മുന്നില്‍ വച്ചാണ് അമ്മയെ തൊഴിച്ചു കൊന്നത്.

അടുത്തിടക്ക് കേരളത്തില്‍ നടന്ന ബാലപീഢനങ്ങള്‍ക്കെല്ലാം പിന്നില്‍ രക്ഷകന്മാരായ അച്ഛന്മാര്‍ മാത്രമല്ല ഏതെങ്കിലും ബന്ധുമിത്രാദികളും ഉള്‍പ്പെട്ടിരിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട് കയറി വന്ന മറ്റൊരച്ഛന് മുന്നില്‍ നില്‍ക്കുന്നത് താന്‍ വളര്‍ത്തിയ മകളാണെന്ന് തിരിച്ചറിയാനായില്ല. ആ മകളും പിതാവു സമ്മാനിച്ച കുഞ്ഞും പുറം ലോകത്തെ പേടിച്ച് അഗതി മന്ദിരത്തിന്റെ ചുവരുകള്‍ക്കിടയിലുണ്ട് . ആ കുഞ്ഞ് അവന്റെ അച്ഛനെ എന്തു വിളിക്കും? ഇതുപോലൊരു ചോദ്യമാണല്ലോ പണ്ട് വിക്രമാദിത്യനേയും കുഴക്കിയത്.

അച്ഛന് മകളോട് അമിതമായ സ്നേഹമാണ്. പക്ഷെ, ആ സ്നേഹം ഏതു തരത്തിലാണെന്നേ സംശയമുള്ളു. അച്ഛന്റെ അമിതമായ സ്നേഹ പ്രകടനം കാരണം തന്റെ ചേച്ചി തീ കൊളുത്തി മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന ആ കുഞ്ഞനുജത്തി, അമ്മയുടെ ആങ്ങള കാരണം എസ്. എസ്. എല്‍ . സി പരീക്ഷക്കു മുമ്പേ അമ്മയാകേണ്ടി വന്ന കുട്ടി , ഇവരെയൊക്കെ എങ്ങനെ സാന്ത്വനിപ്പിക്കും. വീട്ടില്‍ ജീവിക്കാന്‍ അച്ഛനേയും ആങ്ങളയേയും പേടിക്കണം എന്നു പറയുമ്പോള്‍ ഒരു കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും?

റെയില്‍വേ ട്രാക്കുകളില്‍ നിന്നും , തെരുവുകളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്ന കുരുന്നുകളുടെ ആകെ പ്രതീക്ഷ തങ്ങളെ എന്നെങ്കിലും ഏതെങ്കിലും അച്ഛനും അമ്മയും ദത്തെടുക്കുമെന്നുള്ളതാണ്. ഇത് അഞ്ച് വയസില്‍ താഴെയുള്ളവരുടെ കാര്യം.

ഏറെ നാളുകളായി കുട്ടികളുണ്ടാകാതെയും ഇനിയൊരിക്കലും ഒരു കുഞ്ഞു പിറക്കില്ലെന്നും ദൈവവും ഡോക്ടര്‍മാരും വിധിയെഴുതിയവരാണ് കുട്ടികളെ ദത്തെടുക്കുന്നത്. നിയമത്തിന്റെ നൂലാമാലകളെല്ലാം അവസാനിപ്പിച്ച് കുട്ടികളെ തേടി വരുന്നവര്‍ തന്റെ മകനെ , മകളെ ഇവിടെ തിരയുന്നു. എന്റെ മകന്‍ മകള്‍ എന്നു വിളിക്കാന്‍ തോന്നുന്നവരെ അവര്‍ ദത്തെടുക്കുന്നു. ചിലയിടങ്ങളില്‍ തിരെഞ്ഞെടുക്കുവാനുള്ള അനുവാദമില്ല മറിച്ച് , കുഞ്ഞിന്റെ ഭാവി സുരക്ഷിതമാകും എന്ന് സംഘാടകര്‍ക്ക് ബോധ്യപ്പെടുന്ന വരെയാവും ഏല്‍പ്പിക്കുക.

ദത്തെടുത്തു കുഞ്ഞുങ്ങളെ വളര്‍ത്തുന്നവര്‍ ഇന്ന് സമൂഹത്തില്‍ ഏറെയാണ്. രണ്ട് കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്ന ബോളിവുഡ് താരം സുസ്മിതാ സെന്‍ ‘’ എന്റെ കുട്ടികള്‍ വയറ്റില്‍ പിറന്നവരല്ല , അവര്‍ മനസില്‍ പിറന്നവരാണ് ‘’ എന്നാണ് തന്റെ കുട്ടികളെ കുറിച്ച് പറഞ്ഞത്.

ചില ചലച്ചിത്രങ്ങളില്‍ കാണുന്നതു പോലെ നായകന്‍ വളര്‍ന്നു വലുതായി കഴിഞ്ഞ് താന്‍ വളര്‍ത്തു മകനായിരുന്നു എന്ന് അറിയുന്നു . അതോടെ അയാള്‍ പുതിയ വഴിയിലേക്കു തിരിയും. ദത്തെടുത്ത് കുഞ്ഞിനു തിരിച്ചറിവാകുമ്പോള്‍ അനാഥനാണെന്ന് അവനെ അറിയിച്ചു വളര്‍ത്തണമെന്നാണ് നിയമം. എന്നെങ്കിലും കുട്ടികള്‍ സത്യാവസ്ഥ അറിയും. ഒരു പാടു വൈകിയാല്‍ അവര്‍ക്കത് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണ് എല്ലാം അറിഞ്ഞുതന്നെ അവര്‍ വളരണമെന്ന് പറയുന്നത്. അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികള്‍ക്കു നേര്‍ക്കുള്ള സമൂഹത്തിന്റെ സഹതാപം നിറഞ്ഞ നോട്ടം ചുട്ടു പൊള്ളിക്കുന്നതാണെന്ന് ഇവര്‍ തന്നെ പറയുന്നു.

‘’ ഇവിടെ അവര്‍ക്കു വേണ്ടെതെല്ലാം നല്‍കുന്നുണ്ട്. ഭക്ഷണവും ,നല്ല വസ്ത്രവും , സ്കൂളില്‍ കൊണ്ടു പോകേണ്ടതും എല്ലാം. എന്നാല്‍ ഞങ്ങള്‍ക്കു കൊടുക്കാന്‍ കഴിയാത്ത് ഒന്നുണ്ട് . അമ്മയുടേയും അച്ഛന്റേയും കരുതല്‍ , ആ കുടുംബാന്തരീക്ഷം. എത്രയൊക്കെ ശ്രമിച്ചാലും വളര്‍ത്തുന്നവര്‍ക്ക് പെറ്റമ്മയാകാന്‍ കഴിയില്ലല്ലോ ‘’ കുട്ടികളുടെ ആയ പറയുന്നതാണിത്. സാധാരണ കുട്ടികളെ അപേക്ഷിച്ച് വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഇവര്‍ക്ക് മാന‍സിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. വൈകാരികതയേറിയവരോ തൊട്ടാവാടികളോ ആയിരിക്കും. എന്നാല്‍ ഏതു പ്രതിസന്ധികളേയും തരണം ചെയ്യാനും ഇവര്‍ക്ക് കഴിയും. തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ല എന്നതു തന്നെ.

അനാഥാലയങ്ങളിലോ അതുപോലുള്ള സ്ഥാപനങ്ങളിലോ എത്തിച്ചേരുന്ന പലരുടേയും മാതാപിതാക്കളോ ബന്ധുമിത്രാദികളോ എല്ലാവരും തന്നെയോ ജീവിച്ചിരിക്കുന്നവരാണ് . എന്നാല്‍ അവര്‍ ഇവിടെ എത്തിച്ചേരുന്ന വഴികള്‍ വ്യത്യസ്തം എന്നു മാത്രം.

അച്ഛന്‍ പട്ടിയോടൊപ്പം തന്നെ കെട്ടിയിട്ട് മറക്കാന്‍ ശ്രമിച്ച് കൂട്ടുകാരോടൊപ്പം പുതിയ ലോകത്തേക്ക് പിച്ച വയ്ക്കുന്ന ആരോമലിനെ ഇവിടെ കണ്ടു. വീട്ടില്‍ പഠിക്കാന്‍ സാഹചര്യമില്ലാതെ ഭാവിയുടെ താക്കോല്‍ തേടി ഇവിടെ എത്തുന്നവരാണേറേയും.

ഈ സേവന മേഖലയില്‍ പതിറ്റാണ്ടുകള്‍ പിന്നിടുന്ന സ്ഥാപനങ്ങള്‍ക്ക് പറയാന്‍ ഒരു പാട് കാര്യങ്ങളുണ്ട്. ഒരിടത്ത് 40 -ല്‍ കൂടുതല്‍ നേഴ്സുമാരേയും രണ്ട് എം. ബി എ ക്കാരേയും രണ്ട് എഞ്ചിനീയര്‍മാരേയും പഠിപ്പിക്കുന്നുണ്ട്. പിന്നെയെല്ലാം ചെറിയ കുട്ടികളാണ്. കുഞ്ഞുങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഒരു ഭാവി പ്രതീക്ഷിക്കാം. പക്ഷെ പ്രായമായവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. മൂന്നു നേരവും ആരുടെയൊക്കെയോ കൃപ കൊണ്ടു കിട്ടുന്ന ഭക്ഷണവും മരുന്നും മാത്രം. കരുണ വറ്റാത്ത ഒരു സമൂഹത്തിന്റെ സഹായം കൊണ്ടു മാത്രമാണ് ഈ സ്ഥാപനം നടന്നു പോകുന്നത്. പിന്നെ ദൈവാനുഗ്രഹവും.

വീടും വീട്ടുകാരും ബന്ധുക്കളും എല്ലാം ഉള്ളവര്‍ക്ക് ഇത് ഹോസ്റ്റല്‍ പോലെയാണ്. അവധിക്ക് അവര്‍ക്ക് വീട്ടില്‍ പോകാം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് . പോവാനിടമില്ലാതെ തോരാത്ത കണ്ണീ‍രും കൈക്കുഞ്ഞുമായെത്തിച്ചേരുന്ന അമ്മമാരും അനാഥാലയങ്ങളുടെ ഭാഗമാണ്. ഒരബദ്ധത്തിന്റെ പേരില്‍ ഈറ്റുനോവറിഞ്ഞു പെറ്റിട്ട കുഞ്ഞിനെ കണ്ണു നിറയെ കാണാനാകാതെ ഉപേക്ഷിച്ചു പോകുന്നവരും ഏറെയാണ്. ഇവരെല്ലാം പിന്നീട് വിലാസമില്ലാത്തവരായി മാറുന്നു.

ഇതുപോലൊരാള്‍ വീട്ടിലുണ്ടെങ്കില്‍ സഹോദരങ്ങളുടെയാരുടേയും വിവാഹമോ മറ്റ് മംഗള കര്‍മ്മങ്ങളോ നടക്കില്ല അതുകൊണ്ട് തന്നെ ഇവരെ തന്റെ പെങ്ങളാന് , മകളാണ് എന്നൊന്നും പറയാന്‍ ആരും സന്മനസു കാണിക്കില്ല. ഈ കല്‍ മതിലിനുള്ളില്‍ തള്ളിയിട്ട് തിരിഞ്ഞു നോക്കാത്തവരുണ്ട്. തിരിച്ചു കൊണ്ടു പോയാല്‍ തന്നെ ഏറെ നാള്‍ കഴിയും മുമ്പേ തിരിച്ചെത്തുന്നു. വിഷാദ രോഗം ബാധിച്ചവരെ സുഖപ്പെടുത്താന്‍ കഴിഞ്ഞെന്നു വരും. ഉന്മാദം, ഭ്രാന്ത് എന്നി വിഭാഗത്തില്‍പ്പെടുന്നവരുണ്ട് . അവര്‍ ആരും കേള്‍ക്കാത്തതൊക്കെ കേള്‍ക്കും , കാണാത്തതൊക്കെ കാണും. ആരോ തൊടുന്നതു പോലെ തോന്നും ചിലര്‍ ഇറങ്ങി ഓടും . മറ്റു ചിലര്‍ നിര്‍വികാരരായിരിക്കും. പക്ഷെ ഇവരെയെല്ലാം പരിചരിക്കുന്ന മൂന്നു പേര്‍ ജീവിതം ഇവര്‍ക്കു വേണ്ടി ഉഴിഞ്ഞു വച്ചതാണ്. ഇവിടെ സുഖമായവര്‍ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നു.

മനോരോഗം ബാധിച്ചവര്‍ക്ക് വോട്ടു ചെയ്യാനവകാശമില്ല. അവരെ മാനുഷിക പരിഗണനയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണു സമൂഹം ചെയ്യുന്നത്. നാട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ചവരെ പിന്നെങ്ങിനെ രാഷ്ട്രീയക്കാര്‍ തിരിഞ്ഞു നോക്കും? അതും വോട്ടുപോലും ഇല്ലാത്ത സ്ഥിതിക്ക് ?.

മൌലികാവകാശങ്ങള്‍ പോലും തിര‍സ്ക്കരിക്കപ്പെടുമ്പോള്‍‍ ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു സംഘടന പോലും മുന്നോട്ടു വരുന്നില്ല.

ഇനിയും ഈ രീതികള്‍ മാറില്ലേ? എന്ന ചോദ്യത്തിന് ഉത്തരം എത്രനാള്‍ പറഞ്ഞാലും ഇത്തരമൊരു സ്ഥാപനത്തിന്റെ വിലയറിയുവാന്‍ കഴിയില്ല. സ്വന്തം വീട്ടില്‍ ആര്‍ക്കെങ്കിലും ഈയൊരവസ്ഥ വന്നാല്‍ മാത്രമേ അതറിയാന്‍ കഴിയു.

കടപ്പാട്: ‘ ചൂള ‘ മാഗസിന്‍ നിര്‍മ്മലാ കോളേജ്

phone: 9539746275

email: iamrajasreekr@gmail.com

Generated from archived content: essay1_may07_12.html Author: rajasree.k.r

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here