സീൻ – 1
(വിദേശരാജ്യത്തുള്ള ഏതോ ഒരു ഫ്ലാറ്റിൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നു) നേരം പുലർന്ന് വരുന്നതേയുള്ളൂ….. (ഉറക്കച്ചടവിൽ) സുധീഷ് നമ്പൂതിരി ഫോൺ എടുക്കുന്നു.
സുധീഷ് ഃ ഹലോ…….. ആരാണ്…….. ക്ലിയർ ആകുന്നില്ല……. ആണോ…… എപ്പോൾ?……. എല്ലാവരും എത്തിയോ…… ഞാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു…….
സുധീഷ് നമ്പൂതിരി നാട്ടിലേക്ക് പോകാൻ തിരക്കിട്ട് തയ്യാറാകുകയാണ്. ഭാര്യ കാരണം ചോദിക്കുമ്പോൾ സുധീഷ് കാര്യങ്ങൾ വ്യക്തമാക്കുന്നു.
ഉറക്കമുണർന്ന സുധീഷിന്റെ മകൻ (പായം 5 വയസ്സ്) അച്ഛന്റേയും അമ്മയുടെയും തിരക്ക് കണ്ട്……. അവന്റെ കളിപ്പാട്ടങ്ങളും മിഠായികളും ബാഗിൽ കുത്തി നിറയ്‌ക്കുന്നു.
ഹരി ഃ അമ്മേ നമ്മൾ മുത്തച്ഛന്റെ അടുത്തേയ്‌ക്കാണോ പോകുന്നത്……
ഹരിയുടെ അമ്മ ഃ മോനെ…… കളിച്ചുകൊണ്ടിരിക്കാതെ വേഗം തയ്യാറാക്……….
ക്രെയോൺ കൊണ്ട് വരച്ച ഒരു ചിത്രം ഹരി അവന്റെ കൈയിൽ സൂക്ഷിക്കുന്നു……
സീൻ – 1എ
വിദേശ എയർപോർട്ടിലേക്കുള്ള വഴിയുടെ വിവിധ ദൃശ്യങ്ങൾ മിന്നി മായുന്നു……
സീൻ – 2
നാട്ടിലെ എയർപോർട്ടിൽ നിന്ന് സുധീഷ് തന്റെ മനയിലേക്ക് യാത്രതിരിക്കുന്നു.
ഹരി ഓരോ കാഴ്‌ചയും സസൂക്ഷ്‌മം വീക്ഷിക്കുന്നു….. ആലിൻച്ചുവടും, അമ്പലവും, കുളവും മറ്റും കാണുമ്പോൾ മുത്തച്ഛൻ ഫോണിലൂടെ തന്ന വിവരണങ്ങൾ അവന്റെ മനസ്സിൽ നിറയുന്നു……..?
(ഹരിയുടെ മനസ്സിൽ മുഴങ്ങുന്ന ആ ശബ്‌ദം വല്ലാതെ ഇടറുകയും വിറയ്‌ക്കുകയും ചെയ്യുന്നുണ്ട്)
വണ്ടി ഒരു പഴയ മനയുടെ മുമ്പിൽ എത്തുന്നു…… മുത്തച്ഛന്റെ വിവരണങ്ങളിൽ ഇല്ലാത്ത ഒരു കാഴ്‌ചയാണ് ഹരിയെ എതിരേറ്റത്…….
മനയുടെ മുൻവശം ഒരു പന്തൽ ഉയർന്നിരിക്കുന്നു….. ആളുകൾ കൂടി നിൽക്കുന്നു….. എന്തൊക്കെയോ….അടക്കം പറയുന്നു……
ഹരി വണ്ടിയിൽ നിന്ന് ഇറങ്ങി “മുത്തച്ഛാ” എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ആളുകൾക്കിടയിലൂടെ ഓടുകയാണ്…… അപ്പോഴും അവൻ വരച്ച ആ ചിത്രം അവൻ കൈവിട്ടില്ല……. അകത്തളത്തിൽ ചന്ദനത്തിരിയുടെ ഗന്ധം. ആളി കത്തുന്ന വിളക്കിലെ തിരികൾ… ഹരിയുടെ മനസ്സിൽ കുറെയേറെ ചോദ്യങ്ങൾ…… എന്തിനാണ് വിളക്ക് കത്തിച്ചു വച്ചിരിക്കുന്നത്…..? മുത്തച്ഛനെന്താണ് തറയിൽ കിടക്കുന്നത്….. ഫോട്ടോയിൽ മാത്രം കണ്ട് പരിചയമുള്ള അവന്റെ മുത്തച്ഛന്റെ അരികിലേക്ക് അവൻ ഓടി……
മുത്തച്ഛന്റെ അരികിലെത്തും മുമ്പെ അവനെ ആരോ വാരിയെടുത്ത് അകത്തേയ്‌ക്ക് പോയി…….. അവൻ ഉറക്കെ കരഞ്ഞു. അവശനായി അവൻ എപ്പഴോ ഉറങ്ങിപോയി…..
സീൻ – 3
മയക്കം ഉണർന്ന ഹരി തന്റെ മുത്തച്ഛൻ എങ്ങോട്ടോ…. യാത്രയായ വിവരം തിരിച്ചറിയുന്നു……
(മുത്തച്ഛന്റെ മുറിയിൽ)
ഹരി തന്റെ മുത്തച്ഛൻ വരച്ച ഓരോ ചിത്രങ്ങളും കാണുന്നു…… ഓരോ ചിത്രവും വരച്ചപ്പോൾ മുത്തച്ഛൻ അതിന്റെ എല്ലാ….. വിവരണങ്ങളും അന്ന് തന്നെ ഹരിയോട് പറഞ്ഞിരുന്നു.
മുത്തച്ഛന്റെ ശബ്‌ദം വീണ്ടും അവന്റെ മനസ്സിൽ നിറയുന്നുണ്ട്…… പക്ഷേ ആ ശബ്‌ദത്തിന് പതിവില്ലാത്ത ഒരു മുഴക്കം കൈവന്നിരിക്കുന്നു…. എന്തോ ഓർത്ത മട്ടിൽ ഹരി പെട്ടെന്ന് അവന്റെ അച്ഛനോടും അമ്മയോടും “പുഴ എവിടെയാണ്?” എന്ന് ചോദിക്കുന്നു…. പക്ഷേ എല്ലാവരും ഏതൊ തിരക്കിട്ട പണികളിലാണ്…..
സീൻ – 4
അടുത്ത ദിവസം ഹരി പുഴ അന്വേഷിച്ചിറങ്ങി…… മുത്തച്ഛന്റെ വിവരണങ്ങൾ ഹരിയെ പുഴയുടെ അരികിലേക്ക് എത്തിച്ചിരിക്കുന്നു. പുഴ കണ്ട ഹരി ഒരു നിമിഷം പകച്ചു നിൽക്കുന്നു. അവന്റെ കണ്ണുകൾ എന്തോ തിരയുന്നുണ്ട്. പെട്ടെന്ന് ഹരി തിരിച്ചു വീട്ടിലേക്കോടുന്നു. വീടിനടുത്ത് കുറെ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നു……..
അവൻ അവരുടെ അടുത്തെത്തി പക്ഷേ ആരും അവനെ ശ്രദ്ധിക്കുന്നില്ല….. ഹരി വീടിനകത്ത് നിന്ന് തന്റെ ബാഗ് എടുത്തുകൊണ്ടു വരുന്നു….. അതിലെ ഓരോ കളിപ്പാട്ടങ്ങളും അവർക്കായി നൽകുകയാണ്.
സീൻ – 5
പിന്നെ എല്ലാ കുട്ടികളും ഒരു സംഘമായി തിരിഞ്ഞ് പുഴയിലേക്ക് പോകുന്നു. ഹരിയുടെ നിർദേശം അനുസരിച്ച് അവർ എല്ലായിടത്തുനിന്നും അവരുടെ ചാക്കുകളിലും….. സഞ്ചികളിലും മണൽ വാരി പുഴയുടെ കരയിൽ കൊണ്ടുപോയി നിരത്തുകയാണ്. കുറച്ചു കുട്ടികൾ അവിടെ കിടന്ന വേസ്‌റ്റുകൾ എടുത്തു മാറ്റുന്നു….. ചെടികൾ നടന്നു….. ഹരി തന്റെ ബാഗിൽ മണൽ നിറച്ചിരിക്കുകയാണ്….. നിർദ്ദേശങ്ങൾക്കൊപ്പം ഹരിയും അവനാൽ കഴിയുന്നത് ചെയ്യുന്നുണ്ട്……
അങ്ങനെ അവർ മനോഹരമായി പുഴയെ ഒരുക്കാൻ ശ്രമിക്കുകയാണ്…..
ഈ സമയത്ത് ഹരിയുടെ അച്ഛൻ അവനെ തിരഞ്ഞിറങ്ങുന്നു. പുഴയുടെ കരയിൽ മണൽ വാരി കളിക്കുന്ന ഹരിയെയാണ് അവൻ കണ്ടത്….ഒരു ശകാരത്തോടുകൂടി അവനെ സുധീഷ് പിടിച്ചു കൊണ്ടുപോയി…… ഹരി അവന്റെ കൈയ്യിൽ ഒരു പിടി മണൽ മുറുക്കെ പിടിച്ചിരിക്കുകയാണ്…….
(മുത്തച്ഛന്റെ വിവരണങ്ങൾ വീണ്ടും മുഴങ്ങുന്നു)
മുത്തച്ഛൻ ഃ ഞങ്ങൾ പുഴയുടെ കരയിൽ മണൽ വാരിക്കളിക്കും…… പൂത്താങ്കോൽ കളി എന്നാണ് അതിന്റെ പേര്…… പിന്നെ തോർത്ത് കൊണ്ട് മീൻ പിടിക്കും………. കരയിലുള്ള മരത്തിന്റെ കൊമ്പിൽ ഊഞ്ഞാലാടും….. നീന്തികളിക്കും…….. അങ്ങനെ…… എന്തൊക്കെ…….
അച്ഛൻ പറയുന്ന വഴക്കൊന്നും അവൻ കേൾക്കുന്നില്ല….. മനയിൽ എത്തിയ ഹരി മുത്തച്ഛന്റെ മുറിയിലേക്ക് ഓടുകയാണ്……..
മുത്തച്ഛന്റെ ഫോട്ടോയുടെ അരികിൽ അവൻ വരച്ച ചിത്രം ചാരി വച്ചിരിക്കുന്നു…. അവൻ ആ ചിത്രത്തിനരികെ ആ പിടി മണൽ വിതറുകയാണ്…..
കവിത
മുത്തച്ഛനെന്തിന് വെള്ളക്കടലാസിൽ
ഛായം കൊണ്ട് മെഴുകുന്നു…..
മെഴുകുകയല്ല മകനെ ഞാൻ
തീർക്കുകയാണൊരു വർണ്ണലോകം
തൂവെള്ളയായൊരു നല്ല കടലാസ്
ഛായങ്ങൾ കൊണ്ടഴുക്കായല്ലൊ…..
അഴുക്കെന്ന് ചൊല്ലാതെ പൊൻമകനെ
ചിത്രങ്ങളെന്ന് വിളിച്ചീടേണം……
എന്നും വരയ്‌ക്കുമീ ചിത്രമെല്ലാം…….
പച്ച നിറങ്ങളിൽ തന്നെയല്ലൊ…..
പച്ച നിറമല്ലൊ നമ്മളെന്നും തട്ടി മറിച്ചു കളയുന്നു
അതിനാൽ ഈ നിറം ചാലിച്ചു തീർത്തിട്ടു
ചൊല്ലുക നിന്നെ നീ പച്ച മനുഷ്യനെന്ന്……….
Generated from archived content: thirakkatha1.html Author: rajan_somasundaran