ഹോ! എന്തൊരുഷ്‌ണം. സഹിക്കാനാവുന്നില്ല. ഓരോ വർഷംകഴിയുംതോറും സൂര്യൻ അടുത്തടുത്തു വരുന്നതുപോലെ തോന്നിപ്പോകുന്നു. മീനച്ചൂടിൽ ഞങ്ങൾ പെരുവാരത്തുകാർ ഉരുകിക്കൊണ്ടിരുന്നു. ഉപ്പുവെളളമാണെങ്കിലും ഒരു പുഴയുളളത് ഞങ്ങളുടെ ഭാഗ്യം. സോപ്പു പതയാത്ത വെളളത്തിൽ കഴുകിയിട്ട വസ്‌ത്രങ്ങൾ മണിക്കൂറിനകം ഉണങ്ങിപ്പറന്നു. രക്തം കുറുകി കട്ടപിടിക്കുമോ എന്നുപോലും നാട്ടുകാരായ ഞങ്ങൾക്ക് ഭയമായി.
ചൂടിനെ അതിജീവിക്കുവാൻ രാത്രികാലങ്ങളിൽ ഒരു മണിവരെ മുറ്റത്തിരുന്ന് ഊതിയൂതിക്കഴിച്ചുകൂട്ടി. പിന്നീട് മുറിയിൽക്കടന്ന് വെറും തറയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് അസ്വസ്ഥതയോടെ നേരം വെളുപ്പിച്ചു. അപ്പോഴെല്ലാം വിയർപ്പിൽ ശരീരം സ്വയം കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഒരു വേനൽമഴയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞങ്ങളെല്ലാം മുറ്റത്തിറങ്ങിനിന്ന് മാരിനൃത്തം ചെയ്യുമായിരുന്നു. ആകാശത്തുനിന്ന് ഒരുതുളളി വെളളം ദേഹത്ത് വീഴാൻ കൊതിക്കുമ്പോഴും രാവിലെ ഞങ്ങൾക്കു കിട്ടുന്ന പാലിൽ പകുതിയും വെളളമായിരുന്നു. അത് ശുദ്ധമോ അശുദ്ധമോ എന്ന് ആർക്കറിയാം! ഒരു ദിവസം ഉറക്കമിളച്ചിരുന്ന് വെളുപ്പിന് വരുന്ന പാൽക്കാരിയോടു പറഞ്ഞുഃ “നാളെ മുതൽ പാലുവേണ്ട.”
അവൾ മിഴിച്ചു നിന്നു.
“പകരം വെളളം മതി.”
അവൾ അത്ഭുതത്തോടെ ചോദിച്ചു.
“സാറ് കളിയാക്കുകയാണോ? എന്തേ ഇങ്ങിനെ തോന്നാൻ?”
“ശേയ്….” ചിരിച്ചുകൊണ്ടു പറഞ്ഞുഃ “അല്ല, ഇപ്പോൾ പാലിനേക്കാൾ ആവശ്യം വെളളമാണ്. നീ കൊണ്ടുവരുന്ന പാലിൽ വെളളം തീരെകുറവാണ്.”
“സാറിന് പിന്നെയും കളി!” പാൽക്കാരിക്ക് പരിഭവം. അവൾ നേരെനോക്കി ഗൗരവം വിടാതെ ചോദിച്ചുഃ “പിന്നെ നാളെ പാലുവേണ്ടേ? നല്ല കൊഴുപ്പുളളത് കൊണ്ടുവരാം സാറെ.”
പാൽപാത്രം വാങ്ങി വരാന്തയിൽ വയ്‌ക്കുന്നതിനിടയിൽ പറഞ്ഞുഃ “എന്നാൽ വെളളത്തിൽ അല്‌പം പാൽ ചേർത്തുകൊണ്ടുവന്നാൽ മതി.”
അവളുടെ നെറ്റി ചുളിഞ്ഞുഃ “വേണ്ടെങ്കിൽ അതുപറഞ്ഞാൽ പോരെ. കളിയാക്കണോ?”
ചിരിച്ചുപോയിഃ “പിണങ്ങാതെ കുട്ടി. നിനക്കൊക്കെ സുലഭമായി വെളളംകിട്ടുന്നതെവിടെന്നാ?”
അവൾ വേഗം നടന്നു. അപ്പോൾ അവൾ കേൾക്കാൻ വേണ്ടി ഉറക്കെ പറഞ്ഞുഃ
“മറക്കരുതേ. വെളളം മാത്രമായാൽ അത്രയും നല്ലത്. നേരമ്പോക്കല്ലന്നേയ്.”
മീനം പോയി മേടം വന്നു. എന്നിട്ടും ചൂടു കുറഞ്ഞില്ല. രാത്രികാലങ്ങളിൽ ഞങ്ങൾ മുറിക്കുളളിൽ കയറാതായി. വരാന്തയിലും മുറ്റത്തുമൊക്കെയായി ശയനം.
ചൂടിന്റെ കാഠിന്യത്താൽ കുട്ടികൾ അവശരായി. ഞങ്ങളിൽ ഒരുവനായ ആശുപത്രി ജീവനക്കാരൻ സൂര്യതാപത്താൽ നിലംപതിച്ചു. അയാൾ ജോലിചെയ്യുന്ന ആശുപത്രിയിലേക്കു തന്നെ എത്തിച്ചെങ്കിലും വഴിക്കെവിടെയോ അയാളുടെ ജീവൻ തിരിഞ്ഞു നിന്നു.
കുടിനീരിനായി ദൂരം മറന്ന് സ്‌ത്രീകൾ കുടങ്ങളുമായി നടന്നു. കുളങ്ങളും കിണറുകളും വറ്റിപ്പോയി. അതിനിടയിൽ ഒരു കിണറ്റിൽമാത്രം വെളളം കണ്ടു. വെളളത്തിനുവേണ്ടി നാക്കു നീട്ടിയപ്പോൾ ഗൃഹനാഥൻ പറഞ്ഞുഃ ഇറങ്ങി കൈകൊണ്ടു കോരിയെടുത്ത് പാത്രത്തിലൊഴിക്കാവുന്ന വെളളമല്ലേയുളളൂ. അത് നിങ്ങൾ തെക്കിയെടുത്താൽ പിന്നെ വെളളത്തിനായി ഞാനെവിടെപ്പോകും?
ചോദിച്ചത് ശരിയല്ലേ? എന്നാലും തൊണ്ടവരളുമ്പോൾ ഈ യുക്തികേട്ടുനില്‌ക്കാൻ ക്ഷമയെവിടെ? അരഞ്ഞാണത്തിലൂടെ യുവാക്കളും ആരോഗ്യവാന്മാരും കിണറ്റിലിറങ്ങി. ഉടമസ്ഥന്റെ തടസ്സവാദങ്ങളൊന്നും അവരുടെ മുന്നിൽ വിലപ്പോയില്ല. അവർ ഉറക്കെ പറഞ്ഞെങ്കിലും ശബ്‌ദത്തിന് ആഴം കുറവായിരുന്നു. “ഞങ്ങൾക്ക് ദാഹിക്കുന്നു ഞങ്ങൾക്ക് വെളളം വേണം. ഒരു തുളളി വെളളമെങ്കിലും.”
ഞങ്ങളുടെ യുവാക്കളുടെ നേത്രങ്ങൾ ചെമ്പരത്തിപ്പൂപോലെ ചുവന്നിരുന്നു. അവയുടെ രൗദ്രഭാവമേറ്റ പ്രഹിയുടമ പ്രജ്ഞയറ്റു നിന്നു.
തിരിയാൻ ഇടമില്ല. ശേഷമുളളവർ കിണറ്റിൽ തിങ്ങി നിന്നു. മറ്റുളളവർ കിണറിനു ചുറ്റും നാക്കും നീട്ടി നോക്കിനിന്നു. അവർക്ക് ഉമിനീരുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ.
കിണറ്റിലെ വെളളം അവരുടെ പാദങ്ങൾ നനച്ചതുതന്നെ ആശ്വാസം!
വെളളത്തിനുവേണ്ടിയവർ പരതി. എവിടെ വെളളം? അവരുടെ നയനങ്ങളിൽ മിഴിനീരില്ലായിരുന്നു.
കിണറ്റിലേക്കിറങ്ങിയവരെല്ലാം പണിപ്പെട്ടു പിടിച്ചുകയറി.
വീണ്ടും വെളളത്തിനുവേണ്ടിയുളള പ്രയാണം.
ഇടവം ഞങ്ങൾക്ക് ആശക്കു വകയുണ്ടാക്കി. എങ്ങിനെയായാലും ഇടവം പകുതിക്കു മഴപെയ്യും. സംശയമില്ല. ആ വിശ്വാസം പൂർവികന്മാരിലൂടെ ഞങ്ങൾക്ക് കിട്ടിയതായിരുന്നു. ദിനമോരോന്നും കൊഴിഞ്ഞു വീഴുന്തോറും ഞങ്ങളുടെ മോഹങ്ങളിൽ നനവുണ്ടോയെന്നു സംശയം!
എന്തെല്ലാമോ വിളിച്ചുകൂവിക്കൊണ്ട് അയൽവാസി ആടിയാടി വരുന്നുണ്ട്. കുടിക്കാൻപോലും വെളളമില്ലാതെ വരണ്ടിരിക്കുന്ന ഞങ്ങളുടെ നാട്ടിൽനിന്നകലെപ്പോയി വെളളം ചേർക്കാത്ത വാറ്റുചാരായമടിച്ചാണ് മേപ്പടിയാന്റെ വരവ്.
തമ്മിൽ കാണാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ അകലെ നിന്നുതന്നെ അയാൾ പൊട്ടിച്ചിരിയോടെ ഉറക്കെപ്പറഞ്ഞുഃ “സാറ് ഒളിച്ചു നിക്കേണ്ട. ഞാൻ കണ്ടുപോയേ.”
ആടിയാടിയാണ് വന്നതെങ്കിലും അയാളുടെ വാക്കുകൾ സ്‌ഫുടമായിരുന്നു. നമ്മുടെ സാക്ഷരതായജ്ഞം കുടിയന്മാരുടെ നാക്കിനുപോലും ഉച്ചാരണശുദ്ധി നൽകിയിരിക്കുന്നു. അയാൾ വേച്ചുവേച്ച് അടുത്തേക്ക് വന്നു.
“സാറ് മാന്യൻ. ഞാന് ഇത്ത്‌ര് കഴിച്ചിരിക്കണ്. എങ്ങനെ കഴിക്കാതിരിക്കും!”
അയാൾ കരയാൻ തുടങ്ങി. നിലത്തിരുന്ന് കൈകൾകൊണ്ട് തലയ്‌ക്കടിച്ച് ഏന്തിയേന്തിക്കരഞ്ഞു.
“എന്റെ കുറ്റം കൊണ്ടാണോ സാറെ അവള് അവന്റെകൂടെ എറങ്ങിപ്പോയത്? രണ്ട് കൊച്ചങ്ങടെ തളളയെന്ന് മറന്ന അവള് കൊറെക്കഴിഞ്ഞ് വന്നോളും.”
എന്നും കുടിച്ച് ബഹളമുണ്ടാക്കുന്ന അയാളിൽനിന്നും രക്ഷപ്പെടാനായിരുന്നോ ഭാര്യ രണ്ടുവീടിനപ്പുറമുളള ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെകൂടെ ഇറങ്ങിപ്പോയത്? അങ്ങനെയെങ്കിൽ മക്കളോ? അതൊരു മോഹത്തിന്റെ സാക്ഷാത്‌ക്കാരമോ പ്രഹേളികയോ?
പണിപ്പെട്ടാണ് അയാൾ എഴുന്നേറ്റത്. ആടിയാടി നിന്ന് അയാൾ എന്നോട് അടക്കം പറഞ്ഞുഃ “വരും… അവൾ വരും സാറേ. മതിയാകുമ്പോ.. ആത്മവിദ്യാലയമേ…”
അയാൾ പാട്ടുംപാടി ആടിയാടി നടന്നു.
ഇടവപ്പാതിക്ക് ഒരു ദിവസം മുമ്പ് ആദ്യ മഴ പെയ്‌തു. ഞങ്ങൾ പെരുവാരത്തുകാർ പ്രമദത്താൽ പെരുമഴയത്ത് ഹൃദയത്തിൽ തുടികൊട്ടിപ്പാടി നൃത്തം വച്ചു. സ്‌ത്രീകൾ മതിമറന്ന് കുമ്മിയടിച്ചു. കുട്ടികൾ തലകുത്തിമറിഞ്ഞു. യുവാക്കൾ അങ്ങോട്ടുമിങ്ങോട്ടുമോടി ഉണ്ടവെച്ചു കളിച്ചു. ആഹ്‌ളാദം! എങ്ങും ഉത്സവമേളം!
ആദ്യ മഴക്കുതന്നെ ഉഷ്‌ണം പമ്പകടന്നു. മഴ പെയ്‌തുകൊണ്ടേയിരുന്നു. ആദ്യ മഴയെല്ലാം ദാഹിച്ചു വരണ്ട ഭൂമി കുടിച്ചുതീർത്തു. രണ്ടുദിവസം കൊണ്ടുതന്നെ നാടും നാട്ടുകാരും തണുത്തുവിറച്ചു. മഴ ഇടതടവില്ലാതെ പെയ്‌തപ്പോൾ മണ്ണിന് അതെല്ലാം ഉൾക്കൊളളാൻ കഴിഞ്ഞില്ല.
പെരുവാരത്ത്, ഞങ്ങളുടെ തൊടികളിൽ വെളളം കെട്ടി നിന്നു. മഞ്ഞുപോലെ തണുത്ത വെളളത്തിലൂടെ നീന്തിയാണ് ഞങ്ങൾ വീടിനു പുറത്തേക്കും അകത്തേക്കും കടന്നുകൊണ്ടിരുന്നത്. മഴവെളളം ഊർന്നുപോകാൻ പറമ്പുകളിൽ തോടുകളോ റോഡുകളിൽ ഓടകളോ ഇല്ലായിരുന്നു. കടലുപോലെ പരന്ന വെളളം വെല്ലുവിളിപോലെ പൊങ്ങിക്കൊണ്ടിരുന്നു. ഞങ്ങൾക്ക് ഭയമായി. വീടുകളുടെ ചവിട്ടുപടികൾ ഓരോന്നോരോന്നായി മുങ്ങി. വെളളം ഒഴുകിപ്പോകാൻ മാർഗ്ഗമുണ്ടായിരുന്നെങ്കിൽ ഇക്കാലത്ത് പെരുവാരത്തുകാർ എത്രതന്നെ ധന്യർ!
കലങ്ങിമറിഞ്ഞ, കരകവിഞ്ഞൊഴുകിയ പുഴയിൽ ചോർപ്പുപോലെ ചുഴികളുണ്ടായി. ചുഴികളെത്ര മനോഹരമാണ്; കോളാമ്പിപ്പൂപോലെ. എന്നാലവ പുഴയുടെ അഗാധതയിലേക്ക് ജീവനെചുറ്റി വലിക്കാറുണ്ട്. ഞങ്ങളുടെ അയൽവാസി ‘വെളള’ത്തിനടിമയായി കരയും പുഴയും തിരിച്ചറിയാനാകാതെ കാൽപാളിയപ്പോൾ അയാളെ ചുഴറ്റി കീഴോട്ടാനയിച്ചത് വലിയൊരു ചുഴിയായിരുന്നു. രണ്ടു ദിവസത്തിനുശേഷം അയാളുടെ ശവം തിരമാലകൾ കടപ്പുറത്ത് അടിച്ചുകയറ്റി.
പുഴയോരത്തെ വീടുകൾ പലതും ഒഴുക്കിൽപെട്ടുപോയി. പുഴ പലരേയും വീടില്ലാത്തവരും ദരിദ്രരുമാക്കി. പേമാരിയുണ്ടായിരുന്നില്ലെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.
ഞങ്ങളുടെ ബഹുമാന്യനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എത്രയോ നല്ലവൻ. അതുകൊണ്ടാണല്ലോ അദ്ദേഹം ഓഫീസിൽനിന്ന് പുറത്തിറങ്ങാതെ പൊതുജനമേല്‌പിച്ച കസേര കാത്തുസൂക്ഷിക്കുന്നത്. കസേരയിൽ നിന്നിറങ്ങിയാൽ അത് ആരെങ്കിലും തട്ടിയെടുക്കുമെന്ന അകാരണമായൊരു ഭയം അദ്ദേഹത്തെ ഒരസുഖം പോലെ ബാധിച്ചിരിക്കുന്നു. അതുകൊണ്ട് പഞ്ചായത്തിനുളള നേട്ടം ഒരു കാവൽക്കാരനെ നിയമിച്ച് ശമ്പളം കൊടുക്കേണ്ടി വന്നില്ല എന്നതാണ്. അങ്ങനെയുളള ഞങ്ങളുടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് പേമാരിയിലും കൊടുങ്കാറ്റിലുംപെട്ട് പഞ്ചായത്താഫീസ് കെട്ടിടം വിണ്ടുകീറിവീണപ്പോൾ പെട്ടുപോയത്. വെളളമില്ലെങ്കിൽ നമുക്കാർക്കെങ്കിലും ജീവിക്കാനാകുമോ? ഇല്ലേയില്ല. വെളളം ഏറിയാലും അങ്ങനെതന്നെ.
ഇനിയിപ്പോൾ എന്താണ് ചെയ്യുക? മാർഗം ഒന്നേയുളളൂ. വെളളം എങ്ങനെയെങ്കിലും ഇറങ്ങിപ്പോകണം. അല്ലെങ്കിൽ തണുത്ത് കിടുകിടാ വിറച്ച് വീട്ടിലിരിക്കേണ്ടിവരും. മരവിച്ചുകൊണ്ടിരിക്കുന്ന കൈകാലുകൾ ചൂടാക്കണമെന്നുവെച്ചാൽ വിറകെവിടെ? അവയെല്ലാം നനഞ്ഞുപോയില്ലേ! സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളെത്രയായി. എപ്പോഴും മൂടിക്കെട്ടി കോപിഷ്‌ഠയായ വാനം!
മഴ മാറിയെങ്കിൽ! ഇതിലും ഭേദം വേനൽതന്നെ. പുറത്തിറങ്ങി നടക്കുകയെങ്കിലും ചെയ്യാമല്ലോ. ഞങ്ങൾ അവരവരുടെ വീടുകളിലിരുന്ന് മനമുരുകി പ്രാർത്ഥിച്ചു. ഞങ്ങളുടെ എല്ലാമായ ജഗദീശ്വരാ, മഴമാറ്റി ഞങ്ങളെ വെളളക്കെട്ടിൽനിന്ന് രക്ഷിക്കേണമേ! വറ്റി വരണ്ട് കിടന്നിരുന്ന ഞങ്ങളുടെ കിണറുകൾ നിറഞ്ഞു കിടക്കുന്നു. കുളങ്ങൾ പൊട്ടിയൊഴുകുുന്നു. പക്ഷെ, ഒഴുകാനിടമില്ലല്ലോ. വെളളമെല്ലാം അവരവരുടെ പറമ്പുകളിൽത്തന്നെ വിതുമ്പി നിൽക്കുന്നു. സർവേശ്വരാ…
ഞങ്ങൾ പരസ്‌പരം സഹകരിച്ചിരുന്നെങ്കിൽ വെളളം പറമ്പുകളിൽനിന്ന് പറമ്പുകളിലൂടെ ഒഴുകി തോടുകളിലും പുഴകളിലും എത്തുമായിരുന്നു. തൊടികളുടെ അതിരുകളുയർത്തി, തോടുകൾ നികത്തി പുഴയുമായുളള ബന്ധം വിച്ഛേദിച്ചവരാണ് ഞങ്ങൾ. അതിന് ഞങ്ങളെ തുണച്ച നേതാക്കളും ഉദ്യോഗസ്ഥരുമെവിടെ? സ്‌നേഹബഹുമാനങ്ങൾ പടിവെച്ചു തൂക്കി പണമായി കൈപ്പറ്റിയ അവർ സംതൃപ്‌തരാണ്.
ദാഹിച്ചപ്പോൾ ഒത്തുകൂടിയതും ദാഹം ശമിച്ചപ്പോൾ സ്‌പർദ്ധയുടെ ഫണമുയർത്തിയതും ഞങ്ങളുടെ സ്വാർത്ഥതയുടെ ദ്വിമുഖ ഭാവങ്ങളായിരുന്നു.
ചിങ്ങം വെളുക്കെ ചിരിച്ചപ്പോൾ ഞങ്ങളെല്ലാം ആനന്ദത്തോടെ പാടുകയും ചുവടു വയ്‌ക്കുകയും ചെയ്‌തു. അതോടൊപ്പം തമ്മിൽ കണ്ടാൽ മുഖം തിരിക്കാനും നേരെ നിന്നാൽ കടിച്ചുകീറാനും തുടങ്ങി.
ഞങ്ങളിൽ തലക്കകത്തുളളവരും തലക്കുപുറത്തില്ലാത്തവരും സുലഭം. എന്നാൽ തലക്കകത്തും പുറത്തുമില്ലാത്തവരെ ഞങ്ങൾ വിശ്വസിച്ചാദരിച്ചു. അവരുടെ വചനങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. അവർക്ക് ഞങ്ങൾ എല്ലാം നൽകി. എന്നുവെച്ചാൽ എല്ലാംതന്നെ. ദാഹം മാറ്റാൻ ഞങ്ങളുടെ രക്തക്കുഴലുകൾ അവരുടെ ചുണ്ടിലേക്ക് നീട്ടിക്കൊടുത്തു.
കൊച്ചുകൊച്ചു ബലൂണുകളിലെ വായുവെല്ലാം ഒരു ബലൂണിലേക്ക് നിറച്ചാലെങ്ങിനെയോ അങ്ങനെ വളർന്നു വളർന്ന് ഞങ്ങൾ ഏകത്വത്തിലേക്ക് അലിയാൻ തുടങ്ങിയിരിക്കുന്നു.
Generated from archived content: story_vellathinte.html Author: rajan_moothakunnam
Click this button or press Ctrl+G to toggle between Malayalam and English