മഴക്കാലത്തും മഞ്ഞിലും വേനലിലുമെല്ലാം ആ മഹാനഗരത്തിലെ ആശുപത്രി വരാന്തയിൽ നിദ്ര പുണരാതെ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥതയോടെ കിടന്നിരുന്നുന്ന വരാന്ത നിറയെ രോഗികളുടെ ബന്ധുക്കൾ. ഏറ്റക്കുറച്ചിലനുസരിച്ച് പലതരം ദുഃഖിതർ.
മനം നിറയെ വ്യസനവും പേറി നിദ്രാവിഹീനനായി കിടന്നപ്പോൾ കൊതുകുകളുടെ ആവരണമെന്നും അറിഞ്ഞതേയില്ല. ഇന്റൻസീവു് കെയർ യൂണിറ്റിൽ അബോധാവസ്ഥയിൽ കിടക്കുന്ന മകൾ മാത്രമായിരുന്നു മനസിൽ. കാറ്റടിച്ച്, ശക്തിയായ മഴ വരാന്തയിൽ വീണ് നനഞ്ഞൊലിച്ചതും മഞ്ഞിൽ കിടുകിടെ വിറപ്പിക്കുന്ന തണുപ്പും അറിഞ്ഞില്ല. വേനലിൽ ശരീരത്തിനകത്തും പുറത്തും തീ ആയിരുന്നു. ആശുപത്രി ചാപ്പലിൽ യേശുദേവന്റെ ക്രൂശിത രൂപത്തിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് പ്രാർത്ഥിക്കുമ്പോഴെല്ലാം വിയർപ്പിൽ കുളിച്ചിരുന്നു. രോഗത്തിന്റെ ക്രൂരഹസ്‌തങ്ങളിൽ നിന്ന് മകളെ തിരിച്ചു കിട്ടാൻ പരിസരം മറന്നു പ്രാർത്ഥിച്ചു. അപ്പോളൊന്നും അവൾ ഞങ്ങളിൽ നിന്നു അതിദൂരത്തെത്തിയെന്നറിഞ്ഞില്ല.
എത്രയെത്ര ക്ഷേത്രനടകളിൽ എന്നും തൊഴുകൈയോടെ നിന്നു. പ്രഭാതവും പ്രദോഷവും തിരിച്ചറിയാതെ, ഒന്നായി മാറിയ മാനസികാവസ്ഥയിലായിരുന്നു. ഞങ്ങളെല്ലാം സൂര്യൻ ഉദിച്ചുയർന്നുകൊണ്ടിരുന്നപ്പോൾ അവൾ പോയി; എവിടേക്കെന്നു പറയാതെ ഒന്നുമുരിയാടാതെ.
ശബ്‌ദം പുറത്തുവരാതെ അത് എന്നിൽത്തന്നെ എവിടേയോ തങ്ങി നിന്നു. മകളെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച് ആരുമല്ലാത്ത അവസ്ഥയിലായി. ഭാര്യയുടെ നേരെ നോക്കാൻ ഭയമായി. അവളുടെ നോട്ടം ഒരേ ദിശയിൽ! മകൻ കൂട്ടത്തിൽ എവിടെയോ ഏകനായെന്ന ഭാവം!
“അവൾ വരും” അമ്മ ഞങ്ങളെ ആശ്വസിപ്പിച്ചു പറയുന്നതു കേട്ടു. അമ്മയുടെ സമനില തെറ്റിയിരിക്കുന്നു!
മകളുടെ ശബ്‌ദമൊന്നു കേൾക്കാൻ അടക്കാനാവാത്ത അഭിവാഞ്ഞ്‌ഛ. അവളെ സ്വപ്‌നത്തിലെങ്കിലും ഒന്നു കാണാൻ അവളുടെ സാമീപ്യത്തിനായി മനമുരുകി പ്രാർത്ഥിച്ചു. നേർച്ചകൾ നേർന്നു.
ഒരിക്കൽ കണ്ടു – ഒരേ ഒരു പ്രാവശ്യം. അവൾ എന്റേയും അവളുടെ അമ്മയുടേയും മദ്ധ്യേ ഇരിക്കുന്നു, ഭാവഭേദമില്ലാതെ. ഒരക്ഷരം ഉരിയാടിയില്ല. നിമിഷങ്ങൾ മാത്രം ദൈർഘ്യമുണ്ടായ ആ സ്വപ്നം മനസ്‌സിൽ തിരശീലയിലെന്നപോലെ ഇന്നും –
ഒരു ദിവസം സൂര്യനുദിക്കും മുൻപേ ഉണർന്ന് മകൻ പറഞ്ഞു – ചേച്ചി അച്ഛന്റെയും അമ്മയുടേയും കൂടെ പോകുന്നതു കണ്ടു. ഏതോ അച്ഛനും അമ്മയും! എന്നോട് ഒരക്ഷരം മിണ്ടിയില്ല. പരിചയംപോലും നടിച്ചില്ല.
പിന്നെ സ്വപ്‌നപരിഛേദങ്ങളൊന്നുമുണ്ടായില്ല. മകളെക്കുറിച്ച് ദിവസവും പലകുറിയോർക്കും. ഓർത്തോർത്ത് തൊണ്ടയിലെന്തോ തടഞ്ഞതുപോലെ രാത്രിയും പകലും ഏകാന്തതയിലൂടെ പരതും. അവളെ എവിടെയെങ്കിലും കാണും, എപ്പോഴെങ്കിലും…….. ആഗ്രഹങ്ങൾ അറിവില്ലായ്‌മ വർദ്ധപ്പിക്കുമെന്നറിഞ്ഞിട്ടും പിൻമാറിയില്ല. മനസു നിറയെ മകൾ… എവിടെവച്ചെങ്കിലും കണ്ടുമുട്ടും. ആ വിശ്വാസം അന്ധമാണെന്നൊന്നും ചിന്തിച്ചില്ല. കാണാതിരിക്കില്ല. കണ്ടാൽ ഒരു കൊച്ചുകഞ്ഞിനെപ്പോലെ അവൾ അച്ഛന്റെ അടുത്തെക്ക് ഓടിവരും – അതോ?
മനസ്‌സു പിടക്കുന്നു. ശബ്‌ദം പുറേത്തേക്ക് വരുന്നില്ല. ഒരു തേങ്ങൽ, എന്തെല്ലാമോ ഇടിഞ്ഞു പൊടിഞ്ഞു വീഴുന്നു. ഒരു വിറയൽ! മകൾ എന്ന ലക്ഷ്യം അടുത്തടുത്തു വരുന്നു. അവൾ നേര വരികയാണല്ലോ. സന്തോഷം പൊട്ടിത്തെറിച്ചു. അവളുടെ അടുത്തെത്തിയപ്പോഴാണ് മനസിലായത് – ഞാൻ മരിച്ചെന്ന സത്യം!
Generated from archived content: story2_nov29_06.html Author: rajan_moothakunnam