തൂലികാചിത്രം

കേരളസാഹിത്യ സമിതി കോഴിക്കോട്‌ വച്ച്‌ 1962-ൽ ചെറുകഥാ പരിശീലന ക്യാമ്പ്‌ നടത്തി. കേരളത്തിലെ ഇരുന്നൂറോളം യുവകഥാകൃത്തുക്കൾ അയച്ചു കൊടുത്ത കഥകളുടെ നിലവാരം പരിശോധിച്ച്‌ അവരിൽ നിന്നും ഇരുപത്തിയാറു കഥാകൃത്തുക്കളെ പങ്കെടുപ്പിച്ച്‌ നടത്തിയ ശില്‌പശാലയിൽ എറണാകുളം ജില്ലയിൽ നിന്ന്‌ രണ്ടുപേർക്കാണ്‌ പ്രവേശനം ലഭിച്ചത്‌. അതിലൊരാൾ ഇന്ന്‌ ബാലസാഹിത്യരംഗത്ത്‌ ചുവടുറപ്പിച്ചിരിക്കുന്ന സത്യൻതാന്നിപ്പുഴയായിരുന്നു. ഇന്ന്‌ സത്യൻതാന്നിപ്പുഴ കുട്ടികൾക്കു നേർവഴിചൂണ്ടുന്ന കഥകൾ രചിക്കുകയാണ്‌.

ഇന്നു പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിലേക്ക്‌ കണ്ണോടിച്ചാൽ പലതിലും സത്യൻതാന്നിപ്പുഴയുടെ കഥയോ മറ്റേതെങ്കിലും സൃഷ്‌ടിയോ കാണാതിരിക്കില്ല. മുതിർന്നവർക്കുള്ള രചനകളിലൂടെ കടന്നുവന്ന അദ്ദേഹം ബാലസാഹിത്യത്തിൽ എത്തിനില്‌ക്കുകയാണ്‌. വലിയവർക്കു വേണ്ടി എഴുതുന്നതിലേറെ ഫലപ്രദം കുട്ടികൾക്കായി തൂലിക ചലിപ്പിക്കുന്നതാണെന്ന്‌ അനുഭവങ്ങളിലൂടെ അദ്ദേഹത്തിനറിയാം. മാത്രമല്ല കുട്ടികളോളം തന്നെ ബാലസാഹിത്യതല്‌പരരാണ്‌ ഒരു പരിധിവരെ മുതിർന്നവരും. മുതിർന്നവർക്കുവേണ്ടി എഴുതുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയതാണ്‌ ബാലസാഹിത്യരചന. അതിന്‌ എഴുത്തുകാരൻ കുട്ടികളുടെ മാനസികാവസ്‌ഥ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ഇളം തലമുറയ്‌ക്കായി എഴുതുമ്പോൾ ജിജ്ഞാസ ഉണർത്താൻ ഉതകുന്ന വിധത്തിലായിരിക്കണം ബാലസാഹിത്യശൈലി. സംഭവങ്ങളുടെ അന്ത്യം കണ്ടെത്താൻ കുട്ടികൾക്കു പ്രേരണ നല്‌കുന്ന രചന സർഗ്ഗശക്തിയുറ്റതായിരിക്കണമെന്നതിൽ സംശയം വേണ്ട.

സത്യൻതാന്നിപ്പുഴ കുട്ടികൾക്കായി ഒട്ടേറെ കഥകൾ രചിച്ചിട്ടുണ്ട്‌. ദൈർഘ്യം കുറഞ്ഞ കഥകളാണേറെയും. ഒരേയിരിപ്പിന്‌ മടുപ്പില്ലാതെ രസകരമായി വായിച്ചു പോകാൻ കഴിയുന്ന കൊച്ചുകൊച്ചു വാചകങ്ങൾ രസാനുഭൂതിയുളവാക്കാനുതകുന്ന രീതിയിൽ കഥ പറഞ്ഞുപോകാനുള്ള വൈദഗ്‌ദ്ധ്യവുമുണ്ട്‌. ഗുണപാഠമില്ലാത്ത ഒരു കഥപോലും സത്യൻ താന്നിപ്പുഴയുടെ കഥാസമാഹാരങ്ങളിൽ കണ്ടെത്താനാവില്ല.

ചെമ്മീന്റെ വിമാനയാത്ര എന്ന ബാലകഥാസമാഹരത്തിലെ നാലാമത്തെ കഥയാണ്‌ ‘അച്ഛനും മകനും’ എൺപത്തിമൂന്നു വാക്കുകളിൽ ചെറിയൊരു കഥ. കഥ വായിച്ചു തീരുമ്പോൾ അച്ഛൻ മകനോടു പറയുന്നത്‌ മനസ്സിൽ ഉടക്കികിടക്കും. മകൻ അച്ഛനെ ധിക്കരിക്കുകയും ഉപദേശിക്കുകയും ചെയ്‌തപ്പോൾ അച്ഛൻ പറയുകയാണ്‌. ഞാൻ ഇന്നുവരെ എന്റെ അച്ഛനെ ധിക്കരിച്ചിട്ടില്ല. അച്ഛനേക്കാൾ വലിയവനാണെന്ന്‌ ഭാവിച്ചിട്ടുമില്ല. അതാണ്‌ ഞാനും നീയും തമ്മിലുള്ള വ്യത്യാസം. എത്ര വലിയവനായാലും കാരണവന്മാരെ ബഹുമാനിക്കണം എന്ന ഗുണപാഠത്തോടെ കഥ അവസാനിക്കുന്നു.

എറണാകുളം ജില്ലയിൽ ഒക്കൽ ഗ്രാമപഞ്ചായത്തിൽ തൂമ്പായിൽ നാരായണൻ-പാർവ്വതി ദമ്പതിമാരുടെ മകനായി 1933- മാർച്ച്‌ 20ന്‌ സത്യൻതാന്നിപ്പുഴ ജനിച്ചു.

വിദ്യാഭ്യാസം ഒക്കൽ പ്രൈമറി സ്‌ക്കൂളിലും കാഞ്ഞൂർ സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ഹൈസ്‌ക്കൂളിലുമായിരുന്നു. ഹൈസ്‌ക്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കഥകളെഴുതി തുടങ്ങി. ആദ്യകഥ ഇരുമ്പുമറയ്‌ക്കുള്ളിൽ 1956-ൽ പ്രസിദ്ധീകരിച്ചു. ടാറ്റ കമ്പനി സോവനീറിൽ ശ്രീ. ടാറ്റാപുരം സുകുമാരനാണ്‌ ഈ കഥ പ്രസിദ്ധീകരിച്ചത്‌. ടാറ്റാപുരം സുകുമാരന്റേയും കാലടി ശ്രീ ശങ്കരാകോളജ്‌ പ്രൊഫ. എ. ബാലകൃഷ്‌ണപിള്ളയുടേയും നിർലോഭമായ പ്രോത്സാഹനം സത്യൻ താന്നിപ്പുഴയ്‌ക്കു ലഭിച്ചിരുന്നു. അക്കാലത്തെ ആനുകാലികങ്ങളായ കേരളപ്രഭ, ടെലഗ്രാഫ്‌, കലാരംഗം, നിർമ്മല, സോഷ്യലിസ്‌റ്റുനാദം, ശ്രീമതി തുടങ്ങിയവയിൽ അദ്ദേഹത്തിന്റെ സൃഷ്‌ടികൾ വെളിച്ചം കണ്ടുകൊണ്ടിരുന്നു.

1955-ൽ പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിൽ ജീവനക്കാരനായി. 1963-ൽ ചാലക്കുടി പറമ്പിക്കാടൻ മാണിക്കന്റേയും ജാനകിടീച്ചറുടേയും മകൾ മഹേശ്വരി എന്ന കലാകാരിയെ വിവാഹം കഴിച്ചു. സഹധർമ്മിണിയുടെ നിരന്തരമായ പ്രോത്സാഹനമാണ്‌ സാഹിത്യരംഗത്ത്‌ നിലയുറപ്പിക്കാൻ പ്രേരകമായത്‌.

സത്യൻ മഹേശ്വരി ദമ്പതികൾക്ക്‌ മക്കൾ മൂന്ന്‌ഃ ബൈജു, സതീശ്‌, ബിന്ദു. മകൾ ബിന്ദു നാലാമത്തെ വയസ്സിൽ അകാലചരമം പ്രാപിച്ചു. ആ ദുഃഖം കൊളുത്തിയ തീജ്വാല സത്യൻതാന്നിപ്പുഴയുടെ സാഹിത്യഭാവിയെ ഇരുളിലാക്കിക്കൊണ്ട്‌ നീണ്ട പതിനാലുവർഷത്തെ സാഹിത്യ അജ്ഞാതവാസത്തിലേക്കാണ്‌ നയിച്ചത്‌.

പതിനാലു വർഷത്തെ നിശബ്‌ദതയ്‌ക്കുശേഷം 1985-ൽ തരംഗിണി വാരികയിൽ മലയാറ്റൂർ പൊന്നുംകുരിശുമുത്തപ്പൻ എന്ന ഫീച്ചർ എഴുതിക്കൊണ്ട്‌ സാഹിത്യ തറവാട്ടിലേയ്‌ക്ക്‌ തിരിച്ചെത്തി. ഫീച്ചർ പ്രസിദ്ധീകരിച്ച ലക്കം വാരികയുമായി പത്രാധിപർ ശ്രീ. യതീന്ദ്രൻ കാരയിൽ അന്വേഷിച്ച്‌ കാറിൽ വീട്ടിൽ വന്ന്‌ സത്യൻ താന്നിപ്പുഴയെ കണ്ട്‌ 200 രൂപ ഫീച്ചറിന്‌ പ്രതിഫലം നല്‌കി. സാഹിത്യസൃഷ്‌ടിക്ക്‌ താന്നിപ്പുഴയ്‌ക്ക്‌ ലഭിച്ച ആദ്യത്തെ പ്രതിഫലമാണിത്‌. സത്യന്റെ ജീവിതത്തിലെ മറക്കാനാവാത്ത സന്തോഷകരമായ ഒരനുഭവമാണിത്‌.

നീണ്ടവർഷങ്ങൾ വിശ്രമമെടുത്ത തൂലിക വീണ്ടും വിശ്രമമില്ലാതെ ചലിച്ചു. തരംഗിണി, കുങ്കുമം, കുമാരി, സുനന്ദ, സഖി, പൗരദ്ധ്വനി, മാമാങ്കം, വീക്ഷണം, കേരളഭൂഷണം, കേസരി, ജയദ്ധ്വനി, മാവേലിക്കരമെയിൽ, ജന്മഭൂമി എന്നിവയിലെല്ലാമായി ലേഖനങ്ങൾ, കഥകൾ, നോവലുകൾ, നിരൂപണങ്ങൾ എന്നിവയിലൂടെ സാഹിത്യത്തിലെ വിവിധ ശാഖകളിൽ വേരുകൾ പടർത്തി.

സത്യൻതാന്നിപ്പുഴ സാഹിത്യരംഗത്ത്‌ തന്റേതായ സങ്കേതം കണ്ടെത്തിയത്‌ പ്രൊഫ. ഗീതാലയം ഗീതാകൃഷ്‌ണന്റെ നിർദ്ദേശപ്രകാരം ലാലുലീലയിൽ കുട്ടികൾക്കുവേണ്ടി കഥകളെഴുതി തുടങ്ങിയതോടുകൂടിയാണ്‌. കഥകൾക്ക്‌ ലഭിച്ച പ്രതിഫലവും ബാലസാഹിത്യരംഗത്ത്‌ നിലയുറപ്പിക്കുന്നതിന്‌ പ്രചോദനമായി തുടർന്ന്‌ കുട്ടികൾക്കുള്ള എല്ലാ മാസികകളിലും കുട്ടികൾക്കുവേണ്ടി കഥകളെഴുതി. കൊച്ചു കൊച്ചു കാര്യങ്ങൾ രസകരങ്ങളായ സന്മാർഗ്ഗ കഥകളായി രൂപാന്തരപ്പെടുത്തുന്നതിന്‌ സത്യൻതാന്നിപ്പുഴയ്‌ക്കുള്ള കഴിവ്‌ അപാരമാണ്‌.

സത്യൻതാന്നിപ്പുഴയുടെ ആദ്യകൃതിയാണ്‌ മറുനാടൻ മലയാളിപ്പെണ്ണ്‌ എന്ന ചെറുകഥാസമാഹാരം. അമ്മൂമ്മയുടെ കോഴി, ആനപ്പാപ്പാൻ, അണ്ണാറക്കണ്ണനും പൂച്ചക്കുറിഞ്ഞിയും, സ്വർണ്ണക്കടുക്കൻ, മിന്നാമിനുങ്ങും തവളയും, കുഞ്ഞാറ്റക്കുരുവികൾ, ചെമ്മീന്റെ വിമാനയാത്ര, കുട്ടികൾക്കു രസകരമായ കഥകൾ, ശ്രീനാരായണഗുരു, ഗുരുദേവൻ കഥകളിലൂടെ, ഗുരുദേവന്റെ അത്ഭുതകഥകൾ, സ്വാമി വിവേകാനന്ദകഥകൾ, എലിയുടെ സൂത്രം, ആമയും അരയന്നങ്ങളും, പൂവും പൂമ്പാറ്റയും, കുറുക്കന്റെ കൗശലം, ആമിനയുടെ ആട്‌, പൂച്ചയ്‌ക്ക്‌ മണികെട്ടി, ഗ്രാമത്തിലിറങ്ങിയ സിംഹം, പൂവമ്പഴത്തിന്റെ വിനോദയാത്ര, തവളയും തുമ്പിയും, മുത്തശ്ശിയുടെ ചിരി, ആട്‌ വളർത്തിയ കുരങ്ങ്‌, നുണപറയാത്ത പെൺകുട്ടി, മണ്ണപ്പവും പഴത്തൊലിയും, മുത്തച്ഛനും പേരക്കുട്ടിയും, പലതരം കുട്ടികഥകൾ എന്നിവ ബാലസാഹിത്യ കൃതികളാണ്‌.

1991-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന്‌ വിരമിച്ച്‌ സാഹിത്യപ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും മുഴുകിക്കഴിയുന്നു.

ഗുരുചൈതന്യ അവാർഡ്‌, സൗഹൃദം ലിറ്റററി അവാർഡ്‌, ആശാൻ സ്‌മാരക സാഹിത്യവേദി പുരസ്‌കാരം, തുമ്പായിൽ ട്രസ്‌റ്റ്‌ സാഹിത്യഅവാർഡ്‌, ബാലസാഹിത്യ സമിതി പുരസ്‌ക്കാരം, ഗുരുരത്‌നം അവാർഡ്‌, ഗുരുദർശന അവാർഡ്‌ എന്നീ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. ആകാശവാണിയിലും, പുഴ.കോമിലും കുട്ടികൾക്കുവേണ്ടി കഥകൾ അവതരിപ്പിക്കാറുണ്ട്‌.

യാന്ത്രികയുഗത്തിലേക്കുള്ള കുതിച്ചുപാച്ചിലിനിടയിൽ കളിക്കുവാനും ചിരിക്കുവാനും മറന്നുപോകുന്ന ബാല്യത്തിന്‌ സംസാരിക്കുന്ന പക്ഷിമൃഗാദികളെയും സ്‌നേഹം വിളമ്പുന്ന മുത്തശ്ശിമാരെയും നന്മയുടെ പൂക്കൾ വിരിയുന്ന പൂന്തോട്ടങ്ങളേയും പരിചയപ്പെടുത്തുന്ന ഈ ബാലസാഹിത്യകാരനിൽ നിന്നും നവംനവങ്ങളായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

Generated from archived content: essay1_feb22_11.html Author: rajan_moothakunnam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമുന്നോട്ട്‌പോകേണ്ടുന്ന കാലം
Next articleഗർഭകാലത്തിന്റെ ഉത്തമഗീതങ്ങൾ
മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌ Address: Post Code: 683 513

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English