മൂടുവാന്‍ നാടന്‍

പുനര്‍വായന

(മലയാള കഥാരംഗത്തെ നവോത്ഥാനകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. പ്രശസ്തയായ കഥാകാരി അന്തരിച്ച രാജലക്ഷിയുടെ ‘ മൂടുവാന്‍ നാടന്‍’ എന്ന കഥ ഈ ലക്കത്തില്‍ വായിക്കാം.)

എനിക്കോര്‍മ്മവച്ചതു മുതല്‍ അയാള്‍ ഇങ്ങനെ തന്നെയാണ്. കറുത്ത് നീണ്ട് ഒതുങ്ങിയ ദേഹം. നീണ്ട കയ്യും കാലും. ദൃഢമായ മാംസപേശികള്‍ ഈട്ടിയില്‍ നിന്ന് കടഞ്ഞെടുത്ത ഒരു വിഗ്രഹം . ( പോലെയിരിക്കും)

അയാള്‍ക്ക് എത്ര പ്രായമായി എന്ന് ആര്‍ക്കും പറയാന്‍ വയ്യ. അച്ഛന്‍ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആദ്യം എറണാകുളത്ത് വന്നപ്പോഴും ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെ ഇരുന്നുവത്രെ. തലമുടി എപ്പോഴും പറ്റെ വെട്ടിയിരിക്കുന്നതു കോണ്ട് അയാള്‍ നരച്ചു തുടങ്ങിയിട്ടുണ്ടോ എന്നു കൂടി അറിയാന്‍ കഴിഞ്ഞിട്ടില്ല.

എന്റെ ബാല്യകാലത്തെ പ്രഥമസ്മരണകളില്‍ കൂടി അയാള്‍ക്ക് ഒരു നല്ല സ്ഥാനമുണ്ട്. എന്നും തീരാത്ത ഒരു സ്റ്റോക്ക് കഥകളുണ്ട് അയാളുടെ കയ്യില്‍. ഞാന്‍ അയാളുടെ കഥകളും നേരമ്പോക്കുകളും കേട്ടു രസിച്ചിരുന്ന പോലെ ഒരു നോവലും ആസ്വദിച്ചിട്ടില്ല.

അയാള്‍ പറമ്പു കിളക്കാന്‍ വരുന്ന ദിവസങ്ങള്‍ ഞങ്ങള്‍ കുട്ടികള്‍ ക്ക് ഒരു പ്രത്യേക ഉത്സാഹമായിരുന്നു. കിളക്കുന്നതിനിടയില്‍ അയാള്‍ തൂമ്പാ വച്ച് മുറുക്കാന്‍ പൊതിയും നീര്‍ത്തി കുത്തിയിരിക്കുമ്പോള്‍ ഞങ്ങള്‍ ചുറ്റും കൂടുകയായി

‘’ മത്തായി, മത്തായി താനെന്താടോ ഇങ്ങനെ കറുത്ത് പോയത്?’‘ ‘’താന്‍ സായിപ്പാണെന്നാണല്ലോ പറയുന്നത് കേട്ടത്. തന്റെ മദാമ്മ എവിടെ പോയടോ?’‘ ചോദ്യങ്ങള്‍ തുരു തുരുരെ വീഴുകയായി ‘’ ഉള്ളതാ കൊച്ചേമ്മാനേ മത്തായി ജനിച്ചത് പാരീതിലാ പാരീതില്‍ അവിടെത്തെ തണുപ്പ് പിടിക്കാഞ്ഞിട്ട് ഇങ്ങോട്ട് പോന്നത് വരണവഴിക്ക് കപ്പലുമുങ്ങി. കരിങ്കടലില്‍ രണ്ടു ദിവസം മത്തായി ആ വള്ളത്തേ കിടന്നു അന്നാ ഇങ്ങനെ കറുത്തു പോയെ, ഇഞ്ചേം ചകീരീം ഒക്കെ ഇട്ട് കൊറെ ഒരച്ചു നൊക്കി, നിറം വരണില്ല. എത്ര പ്രാവശ്യം കേട്ടിരിക്കുന്നു ഇത്. ഒരിക്കലും ഒരു മുഷിവ് തോന്നിയിട്ടില്ല.

അയാള്‍ ഫ്രഞ്ച് ഭാഷയില്‍ പ്രസംഗങ്ങളൊക്കെ നടത്തും ചട പടാ എന്ന് ചില ഒച്ചകള്‍ എടുത്തും കൊണ്ട് . ഞങ്ങള്‍ ചിരിച്ച് ശ്വാസം മുട്ടിയാലേ നിര്‍ത്തുള്ളു അയാള്. ‍ മഴകാലം തുടങ്ങിയാല്‍ ഓലകൊണ്ടൊരു തൊപ്പിക്കുടയും പാള മുറിച്ചു കെട്ടിയ സ്വദേശി ചെരുപ്പുമായിട്ടാണ് മത്തായി വരിക. അതിനെ പറ്റിയും അയാള്‍ക്ക് ഒരു പാട് പറയാനുണ്ട്. ‘’ ആ ഗാ‍ന്ധിയില്ലേ അങ്ങേരു പറഞ്ഞിട്ടുണ്ട് വരവു സാമാനമൊന്നും തൊടരുതെന്ന് അതാ മത്തായി ശീലക്കൊടേം ചെരിപ്പുമൊന്നും മേടിക്കാത്തേ’‘

ഇങ്ങനെ എന്തൊക്കെ പറയാറുണ്ടയാള്‍.

എല്ലാ കൊല്ലവും ഓണ ഉത്രാടത്തു നാള്‍ പണി എടുക്കുന്ന വേഷമൊക്കെ മാറി നല്ല മുണ്ടുമായി അരിയും കോപ്പും മേടിക്കാന്‍ വരും അയാള്‍. കയ്യില്‍ ഒരു കുട്ടയില്‍ കുറെ അച്ചിങ്ങപ്പയറും ഉണ്ടാകും ‘ കാഴച്’ യൊന്നുമില്ലാ‍തെ വെറും കയ്യുമായി വരുവാന്‍ അയാളുടെ അഭിമാനം സമ്മതിക്കാറില്ല. രണ്ടാമത്തുനാള്‍ അയാള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ ചോറ് പതിവാണ്. അമ്മ എടുത്തു തരും ഞങ്ങള്‍ കൊണ്ടുപോയി കൊടുക്കും. വിഭവങ്ങള്‍ ഓരോന്നും കൊണ്ടുപോയി കൊടുക്കാന്‍ കയ്യില്‍ കിട്ടാന്‍ എത്ര തമ്മില്‍ തല്ലിയിരിക്കുന്നു ഞങ്ങള്‍. എല്ലാം വിളമ്പിക്കഴിഞ്ഞാല്‍ അയാള്‍ ഇലക്ക് മുമ്പില്‍ വന്നിരിക്കുകയായി കാണാന്‍ ഞങ്ങള്‍ മുമ്പിലും . ആ വലിയ വലിയ ഉരുളകള്‍ അങ്ങിനെ മറയുന്നത് നോക്കിക്കൊണ്ടിരിക്കാന്‍ എന്തു രസമായിരുന്നു.

ഞങ്ങള്‍ ഓരോരുത്തരും സ്കൂളില്‍ പോയി വലിയ ക്ലാസുകളില്‍ ആയതോടു കൂടി വര്‍ത്തമാനം കേള്‍ക്കാന്‍ മത്തായിയുടെ പിന്നാലെ പിന്നാലെ നടക്കല്‍ കുറഞ്ഞു വന്നു. എന്നാലും ഞങ്ങളുടെ ഇടയില്‍ എല്ലാവര്‍ക്കും ഒരു പോലെ രസിക്കുന്ന സംഭാഷണവിഷയങ്ങളിലൊന്ന് മത്താ‍യിയുടെ ‘ ബഡായികള്‍’ തന്നെയായിരുന്നു.

യുദ്ധകാലമായി , ചെറുപ്പക്കാര്‍ മിക്കവരും പട്ടാളത്തില്‍ ചേര്‍ന്നും ആസാമില്‍ പണിക്കും മറ്റുമായി നാട് വിട്ടു തുടങ്ങി. സാമാനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചു. എങ്കിലും എല്ലാവരുടേയും കയ്യില്‍ പണമുണ്ട് നിശീഥിനിയുടെ ശ്യാമളവര്‍ണ്ണം കവര്‍ന്ന പുലയപ്പെണ്‍കിടാങ്ങളുടെ കഴുത്തിലും കൂടി അങ്ങകലെ ജീവന്‍ പണയം വച്ച് പണം ഉണ്ടാക്കി അയക്കുന്ന തങ്ങളുടെ പുരുഷന്മാരെക്കുറിച്ചുള്ള അഭിമാനമെന്ന പോലെ നേര്‍ത്ത സ്വര്‍ണ്ണമാലകള്‍ വെട്ടിത്തിളങ്ങുന്നതു കണ്ടു തുടങ്ങി. ചെറുപ്പക്കാരൊക്കെ പോയതുകൊണ്ട് നാട്ടില്‍ തന്നെ നിന്ന പ്രായം ചെന്നവരുടെ നല്ല കാലമായിരുന്നു. ജോലിക്ക് ആള്‍ കുറഞ്ഞതോടുകൂടി കൂലി വര്‍ദ്ധിച്ചു.

മത്തായി എങ്ങും പോകാന്‍ പോയില്ല നാട്ടില്‍ തന്നെ നിന്നു. അന്നൊക്കെ എന്തന്തസ്സോടു കൂടിയായാണ് അയാള്‍ പണിക്ക് വരാറ്. എട്ടൊമ്പൊത് മണിയാകും വരുമ്പോള്‍ വെയിലാറേണ്ട, അതിനു മുമ്പ് അയാള് തൂമ്പ വെച്ച് കേറുകയായി.

‘’ മണി നാലായില്ല അതിനു മുമ്പ് അയാള്‍ പണി നിര്‍ത്തിക്കഴിഞ്ഞു വരുമ്പോഴാണെങ്കില്‍ ഉച്ചയാകും. വന്നാല്‍ പിന്നെ പോകാനുള്ള ധൃതിയും നല്ല പണിയാണ് താനിവിടെ പഴയ ആളൊക്കെയായിട്ട് ഇങ്ങനെയൊക്കെയാണോടോ?’‘

അമ്മ പറഞ്ഞു നോക്കി

‘’ കൊച്ചമ്മ എന്തറിഞ്ഞായീ പറയണേ , അഞ്ചിന്റെ വണ്ടി പോണ ഒച്ചയല്ലേ കേട്ടേ. ഹാര്‍ബറില്‍ പത്തു മുതല്‍ നാലുവരേ പണിയുള്ളു . ഉച്ചക്ക് ഉണ്ണാന്‍ സമയോം തരും കൊച്ചമ്മ കിളക്കാന്‍ വേറെ ആളെ വിളിച്ചു നോക്ക് അപ്പ കാണാം.’‘

അങ്ങിനെ അതും പരീക്ഷിച്ചു നോക്കി .അക്കൊല്ലം വേലി കെട്ടാന്‍ ഒരു പണീക്കാരനെ കൊണ്ടു വന്നു . അയാളും ഒരു കൂട്ടുകാരനും രണ്ടു ദിവസം മെനക്കെട്ടിട്ട് വേലി മുഴുവനാക്കാന്‍ മത്തായിയെ തന്നെ വിളിക്കേണ്ടി വന്നു.

ആയിടക്ക് ഒരു ദിവസമാണ് അയാള്‍ക്ക് ഉച്ചക്ക് ചോറും കൊണ്ട് ആ കറുത്ത് ബലിഷ്ഠഗാത്രിയായ ചെറുപ്പക്കാരി വന്നത്. അനിയന്‍ ഓടി വന്നു പറഞ്ഞു.

‘’ അമ്മേ മത്തായിയുടെ മദാമ്മ വന്നിട്ടുണ്ട്.’‘

‘’പോടാ‘’… മത്തായിയുടെ കെട്ടിയവള്‍ മരിച്ചിട്ട് കൊല്ലമെത്രയായി?’‘

‘’ ഇല്ലെങ്കില്‍ വേണ്ട … അമ്മ ചോദിച്ചു നോക്കു’‘

അവന്‍ പറഞ്ഞത് പരമാര്‍ത്ഥമായിരുന്നു. അമ്മ ചിരിച്ചു പോയി.

‘’ താനെന്തിനാ മത്തായി വയസ്സുകാലത്ത് ഈ പ്രാരാബ്ധത്തിനു പോയത്. പണത്തിന് ചിലവില്ലാഞ്ഞിട്ടാണോ?

‘’ കൊച്ചമ്മക്ക് പറയാം രണ്ടു പെണ്‍കൊച്ചുങ്ങളുണ്ടായിരുന്നതിനെ കെട്ടിച്ചു കൊടുത്തു. പിന്നെ കുടുമ്മത്ത് ഒരു മനുഷ്യനില്ല . ഞാനീ തൂമ്പാ വലിച്ച് അന്തിക്ക് കഞ്ഞി തിളപ്പിച്ച് കുടിക്കണമെന്നു പറഞ്ഞാല്‍ ഒക്കുമോ?’‘

അങ്ങിനെ കുറെ മാസം കഴിഞ്ഞ് ഒരു ദിവസം ആ ചെറുപ്പക്കാരി ചോറും കൊണ്ടു വന്നപ്പോള്‍ അവരുടെ ഒക്കത്ത് അവരേപ്പോലെ തന്നെ കറുത്ത ഒരു മിടുക്കന്‍ കുട്ടിയുമുണ്ടായിരുന്നു. കണ്ട ഉടനെ മത്തായി അവനെ വാരിയെടുത്ത് ചുമലില്‍ കയറ്റി.

ജോലിയെടുത്ത് മുരടിച്ച് ജീവിത സായാഹ്നത്തില്‍ എത്തിക്കഴിഞ്ഞിരുന്ന ആ മനുഷ്യനും ചുമലിലിരിക്കുന്ന അയാളുടെ ശിശുവും – വേദനിപ്പിക്കുന്ന എന്തോ ഒന്നുണ്ടായിരുന്നു ആ ചിത്രത്തില്‍.

അയാളുടെ ജീവന്‍ ആ കുട്ടിയിലായി.

‘’ നാല്‍പ്പതു കൊല്ലായിട്ട് ഒരാണ്‍ തല കാണുന്നതാ ഏമാ‍ന്നേ ആദ്യത്തെ കെട്ടില്‍ ഒരാണ്‍കൊച്ചുണ്ടായിരുന്നത് പോയിട്ട് കൊല്ലമെത്രയായി?’‘

ദിവസങ്ങള്‍ നീങ്ങി യുദ്ധം അവസാനിച്ചു. പട്ടാളത്തില്‍ പോയിരുന്നവരെ യൊക്കെ പിരിച്ചു വിട്ടു തുടങ്ങി. ആസാമിലെ പണിയും തീര്‍ന്നു. ഉരിശോടെ പോയിരുന്നവരെല്ലാം വശം കെട്ട് മടങ്ങി. നാട്ടില്‍ പണിക്ക് ആള്‍ ധാരാളമായി ജോലി വര്‍ദ്ധിച്ചതുമില്ല ആളധികമായതോടു കൂടി കൂലി കുറഞ്ഞു തുടങ്ങി. അതനുസരിച്ച് അരിയുടേയും സാമാനങ്ങളുടേയും വിലയൊട്ടു കുറഞ്ഞതുമില്ല . പുറം നാട്ടില്‍ നിന്ന് കൊണ്ടു വന്നിരുന്ന പണം തീരുന്നതു വരെ എല്ലാവരും ഓണമായി കഴിഞ്ഞു. വില്‍ക്കാവുന്നതൊക്കെ വിറ്റു തിന്നു. പിന്നെ പട്ടിണിയെ മുഖത്തോടുമുഖം നോക്കി നില്‍പ്പായി.

ചെറുപ്പക്കാരും തടിമിടുക്കുള്ളവരും എങ്ങിനേയും പിഴച്ചു. പൊന്‍ കണ്ട് ഭ്രമിച്ച് മറുനാട്ടിലേക്ക് പോകാന്‍ -വേണ്ടെന്ന് വെച്ചിട്ടോ കഴിവില്ലാഞ്ഞിട്ടോ- കൂട്ടാക്കാതിരുന്ന വയസ്സന്മാര്‍ പിന്നിലേക്ക് തള്ളി നീക്കപ്പെട്ടു. നാടിനെ ഉപേക്ഷിക്കാതെ നിന്നവര്‍ അവരാണ്. പക്ഷെ അവരെ ഇപ്പോള്‍ ആവശ്യമില്ലന്നായി ഒരേ കൂലിക്ക് കൂടുതല്‍ വേലയെടുക്കാവുന്നവരെയല്ലാതെ ആരെങ്കിലും നിര്‍ത്തുമോ ചെറുപ്പക്കാരുള്ളപ്പോള്‍ വയസ്സന്മാരെ ആര്‍ക്കു വേണം?

മത്തായി പെട്ടന്ന് വൃദ്ധനായി . അയാളുടെ പണ്ടത്തെ ചൊടിയും ചുണയുമൊക്കെ എങ്ങോ പോയി മറഞ്ഞു. എല്ലാ ദിവസവും പണി കിട്ടുക എന്നത് കഴിഞ്ഞ കഥയായി. അയാള്‍ക്ക് പണ്ടേ പതിവുണ്ടായിരുന്ന ഒന്നു രണ്ടു വീടുകള്‍ ഉണ്ട് അവിടെ മാത്രം പുതിയ ആള്‍ക്കാരെ വിളിച്ചു തുടങ്ങിയിട്ടില്ല.

എടവമാസം കാലം. മഴ പിടിച്ചു തുടങ്ങി ഒരു ദിവസം കാലത്ത് മത്തായി വീട്ടില്‍ കയറി വന്നു കച്ചമുണ്ടെടുത്ത് ചുറ്റി തെങ്ങിന്റെ ചോട് കിളച്ചു തുടങ്ങി .

‘’ ഇയാളോട് വരാന്‍ പറഞ്ഞിരുന്നോ? ഇത്രകാലേയെന്തിനാ കിളക്കുന്നത്? അമ്മ അച്ഛനോട് അന്വേഷിച്ചു.

‘’ ഞാന്‍ വരാന്‍ പറഞ്ഞിരുന്നില്ലല്ലോ’‘

അമ്മ പറമ്പിലേക്കു ചെന്നു.

‘’ എന്താടോ മത്തായി മഴ നിലത്തു വീണില്ലല്ലോ അതിനു മുന്‍പ് കിളക്കാറായോ ഞാറ്റുവേലയായിട്ട് വേണ്ടേ തടമെടുക്കാന്‍?’‘

‘’ കൊച്ചമ്മക്കെന്തറിയാം രണ്ടു ദിവസമായിട്ട് വെയില്‍ കണ്ടിട്ടുണ്ടോ . നിന്ന് പെയ്യായിരുന്നില്ലേ? ഇപ്പോള്‍ തന്നെ വൈകി . തെക്കേ മഠത്തില്‍ പറമ്പ് കിളച്ച് കഴിഞ്ഞിട്ട് ആഴ്ച രണ്ടായി’‘

മത്തായിയുടെ നാക്കിന്റെ ശൌര്യം കുറഞ്ഞിരുന്നില്ല ‘’ വേറെ എവിടെയും പണി കിട്ടിയില്ലെങ്കില്‍ ഇങ്ങോട്ട് പോരിക . ഇവിടെ പിന്നെ ചോദ്യോന്നും ഇല്ലല്ലോ എന്തു വേണം സത്രമല്ലേ ഇത് ‘’ അമ്മ അകത്തേക്കു തന്നെ പോയി.

അന്നൊരു ദിവസം സന്ധ്യക്ക് ഞാന്‍ ഉമ്മറത്തെ വരാന്തയില്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അച്ഛന്‍ മുറ്റത്തിരിക്കുകയാണ് പടി തുറക്കുന്ന ശബ്ദം കേട്ടു . ആരോ പടി കടന്നു വരുന്നു എനിക്കാദ്യം ആളെ മനസിലായില്ല പടിക്കലെ മാവിന്റെ മറവ് നീങ്ങി അടുത്തു വന്നപ്പോളാണ് നല്ല വണ്ണം കണ്ടത്. ഞാന്‍ ഞെട്ടിപ്പോയി മത്തായിയായിരുന്നു അത്.

അല്ല പണ്ട് മത്തായിയായിരുന്ന ജഢം അയാള്‍ അത്രക്ക് മാറിയിരുന്നു.

കൈകലുകള്‍ ശോഷിച്ചുണങ്ങി കെട്ടിത്തൂക്കിയതു പോലെ കിടക്കുന്നു.

ആ ബലിഷ്ഠ മാംസപേശികളെ വലിച്ചു കെട്ടിയതു പോലെ മൂടിയിരുന്ന മിനുത്ത തൊലി ചുക്കിച്ചുളിഞ്ഞ് തൂങ്ങുന്നു. തലയിലും മുഖത്തും വെള്ളരോമങ്ങള്‍ കുറ്റി പോലെ നില്‍ക്കുന്നു. നിര്‍ഭയമായി ആരേയും മുഖത്തു നോക്കിയിരുന്ന കണ്ണൂകള്‍ രണ്ടു കുഴികള്‍ . അന്നാദ്യമായിട്ട് ഞാനയാളെ കീറി മുഷിഞ്ഞ മുണ്ടുടുത്തു കണ്ടു,

മത്തായി മിറ്റത്ത് അച്ഛന്റെ മുന്നില്‍ വന്നു നിന്നു. കുറെ നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടുന്നതും കേട്ടില്ല.

അവര്‍ മുഖത്തോടു മുഖം നോക്കിക്കൊണ്ടു മൂകരായങ്ങനെ നില്‍ക്കുകയാണ് . സ്വപ്രയത്നം കൊണ്ട് ഉപജീവനം നേടാന്‍ ശ്രമിച്ച രണ്ടു വ്യകതികള്‍ ഒരാള്‍ തലകൊണ്ട് , മറ്റെയാള്‍ കയ്യുകൊണ്ട് എന്നിട്ട് അവര്‍ തമ്മിലുള്ള അന്തരം!

‘’ എന്താ മത്തായി സുഖക്കേട് വല്ലതും ആയിരുന്നോ?’‘

ഒടുവില്‍ അച്ഛന്‍ ചോദിച്ചു.

‘’ ഉള്ളിലേക്കൊന്നും ചെല്ലാഞ്ഞിട്ടുള്ള സൂക്കേടാണ്’‘ അച്ഛന്‍ പിന്നേയും മിണ്ടാതായി അദ്ദേഹം എന്തു പറയാനാണ്. ‘’ ഏമ്മാനേ എന്റെ കുഞ്ഞുകുട്ടി പഷ്ണി കിടക്കുവാ. മൂന്നു ദിവസമായി അടുപ്പില്‍ തീ കത്തിച്ചിട്ട് ഞാന്‍ പണി എടുത്തിട്ടെങ്കിലും വീട്ടിക്കൊള്ളാം ഏമാന്‍ എന്തെങ്കിലും -‘’ അയാള്‍ ചുണ്ട് കടിച്ചമര്‍ത്തി കൂലി ചോദിച്ചു വാങ്ങുവാനല്ലാതെ യാചിക്കുവാന്‍ ശീലിച്ചിട്ടില്ലാത്ത ആ മനുഷ്യന്‍ ആ വാചകം എങ്ങിനെ മുഴുവനാക്കുവാനാണ് ? അയാളുടെ കണ്ണുകളില്‍ നിന്നും ചോര തെറിക്കുമെന്ന് തോന്നി അച്ഛന്‍ ധൃതിയില്‍ എഴുന്നേറ്റ് അകത്തേക്കു പോയി എന്തോ എടുത്തു കൊണ്ടു വന്ന് അയാളുടെ കയ്യില്‍ കൊടുത്തു. അതെത്രയുണ്ടെന്ന് നോക്കുക പോലും ചെയ്യാതെ അടികൊണ്ടതു പോലെ അയാള്‍ തിരിഞ്ഞു നടന്നു. താന്‍ ജീവരക്തം ഊറ്റിക്കൊടുത്ത് ശുശ്രൂഷിച്ച് മണ്ണിനെ തുറിച്ചു നോക്കിക്കൊണ്ട് തലയുയര്‍ത്താതെ അയാള്‍ പടി കടന്നു മറഞ്ഞു.

രണ്ടു മാസം കഴിഞ്ഞിരിക്കണം , ഒരു ദിവസം അയാളുടെ ഭാര്യ അവിടെ വന്നു വയറുന്തി എല്ലും തൊലിയും മാത്രമായ കുട്ടിയേയും കൊണ്ട്.

മത്തായി കിടപ്പിലാണ് വാതപ്പനിയായിട്ട് തുടങ്ങി ഇപ്പോള്‍ തീരെ എണീക്കാന്‍ വയ്യ. എന്തെങ്കിലും പണിക്ക് പോയിട്ട് മാസം ഒന്നിലധികമായി.

‘’ ആശുപത്രിയില്‍ കൊണ്ടു പോകരുതോ , റോസേ? അവരു നോക്കിക്കോളുമല്ലോ ? കഞ്ഞിയും അവിടെത്തന്നെ കിട്ടും ‘’ അമ്മ അഭിപ്രയപ്പെട്ടു.

‘’ ആശുത്രിയില്‍ പോയിട്ട് ഒരു കാര്യവുമില്ല കൊച്ചമ്മേ , രണ്ടാഴ്ച അവിടെ കിടന്നതാ മത്തായി. എല്ലാം മാറി ഇനി നല്ലോണമൊക്കെ തിന്നാന്‍ കൊടുത്താ മതി എന്നും പറഞ്ഞ് അവര്‍ പിരിച്ചു വിട്ടു . വീട്ടി വന്നിട്ട് മത്തായിക്ക് എണീ‍ക്കാന്‍ മേലാ മാറീന്ന് അവര്‍ പറഞ്ഞോണ്ട് വല്ലതുമായോ? പുതിയ ആളു വരുമ്പം കട്ടിലൊഴിയില്ലെങ്കി കിടക്കണവരെ മാറീന്നും പറഞ്ഞ് പുറത്താക്കുകയാ അവരുടെ പണി. ഇനി പട്ടിണി കിടന്ന് ചത്താലും വേണ്ടില്ല ആശുത്രീല്‍ കാല്‍ കുത്തുകേലെന്നാ മത്തായി പറെണത്’‘

‘’റോസയ്ക്ക് വല്ല പണിക്കും പോയിക്കൂടെ’‘

‘’ നീ കൊച്ചിനേം ഇട്ടുകൊണ്ട് എന്തു പണി എടുക്കാനാ കൊച്ചമ്മേ? ഇതിനെ വീട്ടിലിട്ടിട്ട് പോകാന്ന് വെച്ചാല്‍ കൊച്ച് കരയണ കേട്ടാല്‍ മത്തായിക്ക് അരിശം വരും കഞ്ഞികുടിച്ചില്ലേലും വേണ്ടില്ല കൊച്ചിനെ കരയിക്കരുതെന്നാ’‘ ‘’ അല്ലേലും ഇപ്പം ഞാന്‍ എന്നാ പണിയെടുക്കനാ’‘ അവര്‍ അവരുടെ വീര്‍ത്ത വയറ്റത്തേക്ക് അര്‍ത്ഥഗര്‍ഭമായി കണ്ണോടിച്ചു.

‘’ മത്തായിക്ക് വല്ലോം തിന്നാന്‍ കൊടുത്തിട്ട് ഇന്നേക്ക് നാലഞ്ചായി. രണ്ട് താവലരി കിട്ടിയെങ്കി-‘’

ഒന്നു രണ്ടു തവണ കൂടി ആ സ്ത്രീ ഇങ്ങനെ പൊടിയരിക്കു വന്നു. പിന്നെ കുറച്ചു ദിവസത്തേക്കു കണ്ടില്ല കോളേജില്ലാത്ത ഒരു ദിവസം ഞാന്‍ കഷ്ണം നുറുക്കാന്‍ അമ്മയെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനിയന്‍ കടന്നു വന്നു പറഞ്ഞു.

‘’ അമ്മേ ഒരു സ്ത്രീ ഉമ്മറത്ത് വന്നു നില്‍ക്കുന്നുണ്ട്’‘

‘’ ആരാ അനിയാ?’‘ ഞാന്‍ ചോദിച്ചു.

‘’ ചെന്നങ്ങന്വേഷിക്ക് ‘’ അവന്‍ ഓടി അവിടെനിന്നും. അമ്മയുടെ കൂടെ ഞാനും ഉമ്മറത്തേക്കു പോയി.

‘’ അല്ലാ റോസയല്ലേ അത്? എന്താ റോസേ?

അമ്മയ്ക്ക് മുഴുവന്‍ ചോദിക്കേണ്ട ആവശ്യമുണ്ടായില്ല.

റോസ കരഞ്ഞു തുടങ്ങി. ‘’ മത്തായി പോയി കൊച്ചമ്മേ ‘’ അവര്‍ കരച്ചിലിനടയില്‍ പറഞ്ഞൊപ്പിച്ചു.

അമ്മ കുറച്ചു സാധാര വേദാന്തം പകര്‍ന്നു കൊടുത്തു.

അവര്‍ കരച്ചില്‍ നിര്‍ത്തി. വേദാന്തം കേട്ടിട്ടാണെന്നു തോന്നിയില്ല.

അവരേപ്പോലുള്ളവര്‍ക്ക് മരിച്ചവര്‍ക്കു വേണ്ടി കരയുവാന്‍ സമയമുണ്ടോ ? മരിച്ചവരെ കുഴിച്ചിടുകയല്ലേ അവരുടെ ആദ്യത്തെ ആവശ്യം.

‘’ റോസയ്ക്കെന്താ വേണ്ടതിപ്പോള്‍ ?’‘ അമ്മ ആരാഞ്ഞു.

‘’ മൂടാനൊരു നാടന്‍’‘

എന്റെ കുട്ടിക്കാലത്തെ പറ്റി ഞാനോര്‍മ്മിക്കുമ്പോഴെല്ലാം അയാളുടെ ചിത്രമാണ് മുമ്പില്‍ വരുന്നത്.

Generated from archived content: story1_mar27_12.html Author: rajalakshmi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here