രാവിലെ കിട്ടിയ മെസേജ് കണ്ട് പെട്ടന്ന് തന്നെ കുളിച്ചൊരുങ്ങി. സുധിയേയും വിളിക്കാന്‍ പറ്റുന്ന മറ്റുള്ളവരേയും വിളിച്ച് ഞങ്ങള്‍ പുറപ്പെട്ടു. ‘’ ഇനിയും എത്ര ദൂരം പോണം’‘ പിന്നിലിരുന്ന് സുധി ചോദിച്ചു ‘’ അറിയില്ല ആരോടെങ്കിലും ചോദിക്കം… ‘’ അങ്കലാപ്പിനിടയില്‍ ഈ വക കാര്യങ്ങളൊന്നും ഓര്‍ത്തില്ല വഴി ചോദിച്ച് ഒരു വിധത്തില്‍ ഞങ്ങളവിടെ എത്തിയപ്പോള്‍ വീടിനു മുമ്പില്‍ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളു.
തലേന്നത്തെ മഴയില്‍ ചെളി നിറഞ്ഞ വഴിയിലൂടെ പാന്റ്സ് കേറ്റി വച്ച് ഞങ്ങള്‍ നടന്നു. വഴിയരികില്‍ ‘ആര്‍ക്കോവേണ്ടി ഓക്കാനിക്കാ’ നെന്ന മട്ടില്‍ ഒരു പോലീസുകാരന്‍ നില്‍പ്പുണ്ടായിരുന്നു. അയാള്‍ വെറുമൊരു കോണ്‍സ്റ്റബിളാണെന്ന് എനിക്ക് മനസിലായി. എങ്കിലും ഒരു ഉയര്‍ന്ന പോലീസുകാരന്റെ എല്ലാ പ്രൗഢിയും ആ മുഖത്തുണ്ടായിരുന്നു. അയാളുടെ മീശയും കാഠിന്യമേറിയ ശരീരവും കറുത്തിരുണ്ട മുഖഭാവവും ഒരു സൈനികനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. വളരെ കാലങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു പോലീസുകാരനെ കാണുന്നത്.
രണ്ട് കമ്പ് കുത്തി വീടിന്റെ ഭിത്തിയിലേക്ക് ചായ്ച്ച് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് ഒരു പന്തല്‍ കെട്ടിയിരുന്നു. നടക്കുമ്പോള്‍ മനസിലെ വിറയല്‍ കാലുകളിലേക്കും ബാധിച്ചുവോ എന്ന് ഞാന്‍ സംശയിച്ചു. വീടുപണി നടക്കുന്നതേയുള്ളു ഒരു മുറി മാത്രം കെട്ടി ഓല മേഞ്ഞിട്ടുണ്ട്. ബാക്കി മുറികളുടെ ഭിത്തി കെട്ടി പാതി വഴിയില്‍ നിര്‍ത്തിയിട്ടേയുള്ളൂ.
ഇടിഞ്ഞു കിടക്കുന്ന മുറ്റത്തേക്കുള്ള പടവുകള്‍ കയറുമ്പോള്‍ എന്റെ ഉള്ളിലെവിടേയോ ഒരു ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു.
കോളേജില്‍ ആരോടും ഒന്നും സംസാരിക്കാറില്ലാത്ത രാജേഷിനെകുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും തന്നെ അറിയില്ലായിരുന്നു. ഒരാളോടും അതിരു കവിഞ്ഞ കൂട്ട് അവനില്ലായിരുന്നു. മുറ്റത്തേക്കു കടന്നപ്പോള്‍ , പുകയുന്ന ചന്ദനത്തിരിയുടെ ഗന്ധം മൂക്കിലേക്കടിച്ചു കയറി. അവിടെ തിങ്ങി നിറഞ്ഞു നിന്ന നിശബ്ദതയില്‍ അത് എന്നെ ഭയപ്പെടുത്തി. മുറ്റത്തിട്ട പന്തലില്‍ കുറച്ച് ആളുകളാല്‍ ചുറ്റപ്പെട്ട് വെള്ളത്തുണിയില്‍ പൊതിഞ്ഞ്… ഒരു മാത്രയേ നോക്കിയുള്ളു…. സുധിയുടെ കയ്യില്‍ ഞാനിറുക്കി പിടിച്ചു. അവന്‍ ചോദ്യഭാവത്തോടെ എന്നെ നോക്കി ‘’ കൂടെ പഠിക്കുന്നോരാണോ’‘ ആരോ ചോദിച്ചു ‘ഉം’ ഇന്നലെ വൈകുന്നേരാ സംഭവം … ഇവിടെ ആരുമില്ലായിരുന്നു . എന്താ കാരണംന്ന്….?’‘
‘’ അതാണ് മനസിലാവാത്തത് എന്താവും കാരണം?’‘ ‘’ വേറേ വല്ലതും … ഏയ്, ഇപ്പോഴത്തെ പിള്ളേരല്ലേ…’‘
ഒരു മൂലയില്‍ രണ്ടു മൂന്നു ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നില്‍പ്പുണ്ടായിരുന്നു. ഞങ്ങളകത്തേക്കു കടന്നു രണ്ടിഷ്ടിക വച്ച് അതിനു മുകളില്‍ പലക നിരത്തി കുറെ പുസ്തകങ്ങളും ബുക്കുകളും അടുക്കിയിരുന്നു. മങ്ങിയ വെളിച്ചത്തില്‍ ഇരുണ്ട് മെലിഞ്ഞൊരു സ്ത്രീ ഭിത്തിയില്‍ ചാരി കാലും നീട്ടിയിരിക്കുന്നു. മടിയില്‍ നിശ്ചലയായി ഒരു പെണ്‍കുട്ടി തലചായ്ച്ചു കിടക്കുന്നു.
രാജേഷ് സൗഹൃദത്തോടെ ഇന്നേവരെ ഒരു വാക്ക് സംസാരിച്ചിട്ടു പോലുമില്ല എങ്കിലും അവനാരുമല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത്രയും കാലം അവന്‍ ജീവിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു….?
അയാള്‍ സമ്പാദിച്ച അറിവുകള്‍ പാഴായിപ്പോയിരിക്കുന്നു. അവന്റെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ , വികാരങ്ങള്‍ എല്ലാം ഒരു നിമിഷം കൊണ്ട് അസ്തമിച്ചിരിക്കുന്നു. മേശപ്പുറത്ത് പ്രസിദ്ധ ബംഗാള്‍ സാഹിത്യകാരി തമാന ഭാന്ദ്യ എഴുതിയ ഗ്രന്ഥം ഇരിപ്പുണ്ടായിരുന്നു. അവന്‍ അവസാനമായി വായിച്ചത് ഈ പുസ്തകമായിരിക്കാം. അനേകമാളുകളുടെ ജീവിത വിജയത്തിന് കാരണമായ ഈ ഗ്രന്ഥത്തിനു പോലും അവന്റെ ജീവിതത്തെ സംരക്ഷിക്കാനായില്ലല്ലോ എന്നോര്‍ത്ത് വിഷം തോന്നി. അത്രമാത്രം. ഏകാന്തത അവന്‍ അനുഭവിച്ചോ? അവന്റെ ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് അറിയില്ല. അവനെപറ്റി കാര്യമായൊന്നും അറിയാത്ത നമുക്കെങ്ങനെ അവന്റെ പ്രശ്നങ്ങളെ കണ്ടെത്താന്‍ സാധിക്കും ?
ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല. ധീരന്മാര്‍ക്കേ ആത്മഹത്യ ചെയ്യാന്‍ കഴിയുകയുള്ളു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ധീരരല്ലെങ്കില്‍ അവര്‍ അവിടേയും പരാജയപ്പെടും. ഏതോ മഹത് വ്യക്തികളുടേതാണ് ഈ വാക്കുകള്‍ . ആയതിനാല്‍ രാജേഷ് ഒരു ധീരന്‍ തന്നെയാണ്. തന്റെ മരണത്തിലൂടെയാണ് അവനത് തെളിയിച്ചു. ധീരന്മാര്‍ ജീവിതത്തില്‍ ഒരിക്കലേ മരിക്കുന്നുള്ളു രാജേഷ് മരിച്ചിരിക്കുന്നു. അവന്റെ നഷ്ടം അവന്റെ കുടുംബത്തിന്റേതു മാത്രമാണ്. പുറത്തിറങ്ങിയപ്പോള്‍ കണ്ടു ക്ലാസ്സിലെ ഏതാനും പേര്‍ കൂടി വന്നിരിക്കുന്നു. അവന്‍ ആദ്യമായി ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നു . ശരീരത്തില്‍ പറ്റിപ്പിടിച്ച ഒരു മഞ്ഞുതുള്ളി തട്ടിക്കളയുന്ന ലാഘവമായിരുന്നു എല്ലാവര്‍ക്കും. രാജേഷിനെക്കുറിച്ചുള്ള ഞങ്ങളുടെ ചര്‍ച്ചക്ക് ശബ്ദമില്ലായിരുന്നു.
‘’ വൈകീട്ട് ആറുമണി കഴിഞ്ഞേ ദഹിപ്പിക്കൂ… നമ്മളിനി നില്‍ക്കണോ?’‘
ആരോടും പറയാതെ ഞങ്ങളിറങ്ങി. ‘’ നീയെതാടാ രവീ ഇത്ര മൂഡ് ഓഫ് ആയിട്ടിരിക്കുന്നത് ?’‘ പോകുന്ന വഴിക്ക് സുധി ചോദിച്ചു ഞാനൊന്നും പറഞ്ഞില്ല. വീട്ടില്‍ ചെന്നിട്ടും രാജേഷ് അവസാനിച്ചിരുന്നില്ല. പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം, ചാനലുകാര്‍ക്ക് ഓണ സദ്യ കിട്ടിയ ആരവം. സാമൂഹ്യ സംഘടനകള്‍ തങ്ങളുടെ ഉദാരമനസ്കത ഒന്നു കൂടി ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ കിട്ടിയ അവസരം
ടി. വി യില്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കെ സുധിയുടെ മെസേജ് ‘’ ഡാ നാളെ കോളേജ് അവധിയാ നമുക്ക് അഭിലാഷില്‍ നൂണ്‍ഷോക്ക് പോകാം ‘’ ഞാന്‍ സ്തംഭിച്ചു പോയി . എങ്ങനെ ഇവന് ഇത്തരത്തില്‍ ചിന്തിക്കാനായി സാധിക്കുന്നു? ആ മെസേജിനോട് പ്രതികരിച്ചില്ല . സുധിയെ എങ്ങനെ കുറ്റപ്പെടുത്താന്‍ സാധിക്കും? കാരണം അവനും ആധുനികയുഗത്തിലെ മനുഷ്യനാണല്ലോ ‘’ വരുന്നുണ്ടോ?’‘ വീണ്ടുമൊരു മെസേജ് . ഞാന്‍ ‘ യെസ് ‘ എന്ന് തിരിച്ചയച്ചു. എന്തിന് പോകാതിരിക്കണം. കാരണം ഞാനും ആധുനികയുഗത്തില്‍ ജീവിക്കുന്ന മനുഷ്യനായിപ്പോയില്ലേ!
കടപ്പാട് : ചൂള മാഗസിന്‍ നിര്‍മ്മലകോളേജ്,മൂവാറ്റുപുഴ
Generated from archived content: story1_apr9_12.html Author: rahul_thankamani
Click this button or press Ctrl+G to toggle between Malayalam and English