ജുമ അത്ത് പള്ളിയുടെ തെക്കു ഭാഗത്താണ് ഇമ്മുവിന്റെ ഖബര്‍. പള്ളിയിലിരുന്നാല്‍ ആ മണ്‍കൂന കാണാം. ഖബറിന് മേല്‍ മീസാന്‍ കല്ലിന്നരികിലായി നട്ടുപിടിപ്പിക്കപ്പെട്ട കള്ളി ചെടിയുടെ നിസ്സംഗ്ഗത നിരനിരയായി പരേഡിനു നില്‍ക്കുന്ന പട്ടാളക്കാരേപ്പോലെ മീസാങ്കല്ലുകള്‍, ഒരുപാടുപേര്‍ ഒന്നിച്ചുറങ്ങുന്ന സ്ഥലത്ത് കര്‍മ്മനിരതരയി നില്‍ക്കുന്ന കാവല്‍ക്കാരേപോലെ.
പള്ളിയില്‍ ജുമുഅക്ക് പോകുന്ന വെള്ളിയാഴ്ച്ചകളില്‍ ഇമ്മുവിന്റെ ഖബറിന്നടുത്ത് പോകാറുണ്ട് ഞാന്‍. സിയാറത്ത് ചെയ്യാനാണ് പോകുന്നതെങ്കിലും ഒന്നും പ്രാര്‍ഥിക്കാറില്ല. കാണാപ്പാഠം പഠിച്ച പ്രാര്‍ഥനാശകലങ്ങള്‍ കൊണ്ട് എനിക്കവിടെ ഒന്നും ചെയ്യാനില്ല. ചിലപ്പോള്‍ മൗനമായി കുറെ നേരം നില്‍ക്കും. ഒരു പാട് ഖബറുകള്‍ക്കിടയിലുള്ള ആ നില്‍പ്പ് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുമ്പോള്‍ വേഗം മടങ്ങും. അന്നേരം മനസില്‍ ഇമ്മുവിന്റെ പൊട്ടിച്ചിരി മുഴങ്ങും. ഇമ്മു എന്നാല്‍ എനിക്കെന്നും ആ പൊട്ടിച്ചിരിയുടെ കൗതുകക്കാഴ്യായിരുന്നല്ലോ.
ഇമ്മു എന്റെ പെറ്റമ്മയല്ല; പോറ്റമ്മയുമല്ല. എന്റെ ബാപ്പയുടെ ആദ്യ ഭാര്യയായിരുന്നു. രണ്ടു മക്കളുള്ള അവരെ വിവാഹ മോചനം ചെയ്താണ് ബാപ്പ എന്റെ ഉമ്മയെ കെട്ടിയത്. എങ്കിലും അവര്‍ ഏട്ടന്റെയും മൂത്തപെങ്ങളുടെയും എന്റെയും എനിക്കു താഴെയുള്ള മൂന്നു സഹോദരിമാരുടേയും കൂടി ഉമ്മയായിരുന്നു. പ്രസവിച്ച മക്കളേയും ഭര്‍ത്താവിന്റെ രണ്ടാംഭാര്യയിലുള്ള ഞങ്ങളെയും ഏറെക്കുറെ ഒന്നായിത്തന്നെ കണ്ടു. മാതൃഭാവത്തിന്റെ വാല്‍സല്യപുതപ്പുകൊണ്ട് ഞങ്ങളെ പുതപ്പിച്ചു.
എനിക്ക് ഓര്‍മ്മവച്ച കാലത്ത് ഞങ്ങളുടെ വീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അപ്പുറത്ത് തോട്ടപ്പായ എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം വരുന്നപുരയിടത്തില്‍ ഒരു കൊച്ചുവീട്ടില്‍ താമസിക്കുകയായിരുന്നു അവര്‍. (ഏട്ടനും പെങ്ങളും ഞങ്ങളുടെ കൂടെയാണ് ഉണ്ടായിരുന്നത്.) മക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്ന്, ഒറ്റപ്പെട്ട് താമസിക്കേണ്ട് വന്നപ്പോള്‍ ഏകാന്തതയുടെ വിരസതയെ അകറ്റാനെന്നോണം ഇമ്മു ആടുകളേയും കോഴികളെയും വളര്‍ത്തി. അവരോട് സംസാരിച്ചു. മക്കളേപ്പോലെ സ്നേഹിച്ചു. ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്തു. ആ സ്നേഹത്തിനു പകരമായി ആടുകളും കോഴികളും മറ്റും നിറയെ കോലായ നിറയെ ലോഭമില്ലാതെ കാഷ്ടിച്ചു. അന്നൊക്കെ ഇമ്മുവിന്റെ വീടിന് ആടുകളുടെ മണമായിരുന്നു. ഏട്ടന്റെയോ പെങ്ങളുടേയോ അകമ്പടിയായി ഇടക്കൊക്കെ ആ വീട്ടില്‍ ചെല്ലുമ്പോള്‍ മുറുക്കാന്‍ നിറഞ്ഞ വായ്തുറന്ന് ഒരു വലിയ പൊട്ടിച്ചിരിയോടെ അവര്‍ ഞങ്ങളെ സ്വീകരിക്കും. പിന്നെ സല്‍ക്കാരങ്ങളുടെയും തൊടുതലോടലുകളുടേയും ഒരു പ്രളയമാണ്.
ഇത്തിരി മുതിര്‍ന്നപ്പോള്‍ ഞാനാ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. പെങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടിലും ഏട്ടന്‍ ഗള്‍ഫിലുമായപ്പോള്‍ ഇമ്മുവിനു ശരിക്കും ഞാന്‍ മകനായി. തോട്ടപ്പായയിലെ ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. എന്നതുകൊണ്ട് ഉച്ചഭക്ഷണം എനിക്കെന്നും അവിടെയാണ്. എനിക്കായി ഏതുനേരവും ഒരു പാത്രം ചോറും കറികളും അവര്‍ കരുതി വച്ചു. പഠിത്തം കഴിഞ്ഞ് അദ്ധ്യാപകനായി ജോലി കിട്ടിയ കാലം വരെ ആ ഭക്ഷണമെനിക്കായി കാത്തിരുന്നു. പൊരിയുന്ന രുചിയായിരുന്നു കറികള്‍ക്ക്. ഉണക്കമാന്തള്‍ മഞ്ഞളും മുളകുമരച്ച് വറുക്കുന്ന കറിയുടെ സ്വാദ് ഇന്നും നാക്കിലുറവ പൊടിയിച്ചുകൊണ്ട് ഓര്‍മ്മയിലുണ്ട്. കാന്താരി മുളകിന്റെ നാക്കില്‍ നിന്നും ആമാശയത്തിലൂടെ വന്‍ കടലോളം എരിഞ്ഞു കയറുന്ന ഉതസവത്തിമിര്‍പ്പായിരുന്നു കറികളുടെ മറ്റൊരു സവിശേഷത. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കണ്ണ് നിറഞ്ഞും മൂക്കുപിഴിഞ്ഞും നാക്കുനീട്ടിയും എണീക്കുമ്പോള്‍ ഇമ്മു അതു കണ്ട് ഉറക്കെ പൊട്ടിച്ചിരിക്കന്‍ തുടങ്ങും. പിന്നെ ‘,ഓ, ന്റെ ചെറക്ക’ എന്ന് കളിയാക്കി വിളിക്കും. പിന്നെ സമൃദ്ധമായി ആട്ടിന്‍ പാലൊഴിച്ച ചായയും പൈനാപ്പിളും മാമ്പഴവും ഒക്കെ കൊണ്ട് വന്ന് തീറ്റിക്കും . അപ്പോഴൊക്കെ ഇമ്മു ചറുപിറാന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കും. ഇടക്ക് വെറ്റിലയില്‍ നൂറു തേച്ച്, അടയ്ക്കാകഷണങ്ങള്‍ അതിലിട്ട് പൊതിഞ്ഞ് അണപ്പല്ലുകള്‍ക്കിടയില്‍ തിരുകി ആസ്വദിച്ച് മുറുക്കും . മുറുക്കന്‍ വായിലില്ലാതെ ഞാനന്ന് ഇമ്മുവിനെ കണ്ടിട്ടേയില്ല. ചെറിയൊരു മുറുക്കാന്‍ വട്ടിയുണ്ടായിരുന്നു അവിടെ. അതിന്റെ പങ്കുപറ്റാന്‍ അയല്‍ വശത്തെ സമപ്രായക്കാരായ ഏതെങ്കിലും സ്ത്രീകള്‍ എപ്പോഴും ഇമ്മുവിന്റെ വീട്ടില്‍ ഉണ്ടാകും. നാട്ടുകഥകള്‍ പറയാനും ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിടാനും ലൊട്ടു ലൊടുക്ക് തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കനും ഇമ്മുവിന് അവര്‍ വേണം. എല്ലാവരും ‘ഇമ്മു’ എന്നുതന്നെയാണ് വിളിച്ചിരുന്നത്. അതില്‍ വലിപ്പ ചെറുപ്പമൊന്നുമുണ്ടായിരുന്നില്ല. കുട്ടികള്‍ പോലും ഇമ്മുനിന്റെ സ്വന്തം മക്കളും ഉമ്മ എന്നതിനു പകരം ഇമ്മു എന്നു തന്നെ വിളിച്ചു.
എന്റെ കൗമാര വിഹ്വലതകള്‍ക്കിടയില്‍ എനിക്ക് സ്നേഹത്തണലായി നിന്ന തുരുത്തായിരുന്നു ഇമ്മു. ഒരു പാട് സ്നേഹരാഹിത്യത്തിന്റെ സംഘര്‍ഷങ്ങള്‍ സ്വന്തം വീട്ടില്‍ അനുഭവിച്ചു പോന്നതിനാല്‍ ഗതിമുട്ടുമ്പോഴെല്ലം ഞാന്‍ ഇമ്മുവിനടുത്തേക്കു നടന്നു. സംഘര്‍ഷങ്ങളെ അവരുടെ മുന്‍പില്‍ കെട്ടെഴിച്ചു. ഒരു നല്ല വാക്കുകൊണ്ട് ഒരു സ്വാന്തനസ്പര്‍ശം കൊണ്ട് ഇമ്മു എന്റെ മനസിനെ കഴുകിതരും. കാറും കോളുമായിപ്പോയ ഞാന്‍ പെയ്തൊഴിഞ്ഞ ആകാശത്തിന്റെ ശാന്തതയായി തിരിച്ചു വരും.
ഏട്ടന്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ വന്ന് താമസിക്കന്‍ തീരുമാനിച്ചപ്പോള്‍ ഇമ്മുവിന്റെ പുരയിടത്തിലാണ് സ്ഥിരമായി പാര്‍ക്കന്‍ പോകുക എന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ ഞങ്ങളെയൊക്കെ ഏറെ ആഹ്ലാദിപ്പിച്ചുകൊണ്ട് അവന്‍ ഞങ്ങളുടെയൊക്കെ തറവാട്ടുവളപ്പില്‍ തന്നെ വീടു വച്ചു. ഇമ്മുവിന്റെ പുരയിടവും വളപ്പും വിറ്റ് അവരെ ഇങ്ങോട് കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചു. ഞങ്ങള്‍ ഒരേ പുരയിടത്തില്‍ രണ്ട് വീടുവച്ച് ഏക കുടുംബം പോലെ കഴിഞ്ഞു. ( ഇന്നും അങ്ങനെ തന്നെ കഴിയുന്നു.) പക്ഷെ കഷ്ടപ്പാടുകളുടെ കാലം കഴിഞ്ഞ് സുഖത്തിന്റെയും തൃപ്തിയുടേയുമൊരു കാലം വന്നപ്പോള്‍ ഇമ്മുവിനോട് വിധി പുറം തിരിഞ്ഞു കാണിച്ചു തുടങ്ങി. പൊതുവേ രോഗങ്ങളെ കൂസാത്ത അവരുടെ ശരീരത്തിലേക്ക് അത് ഒളിഞ്ഞും തെളിഞ്ഞും നടന്നു കയറി. അനാവശ്യമായ ആധികളിലൂടെയായിരുന്നു തുടക്കം. ആധി ക്രമേണ വ്യാധികളായി പരിണമിക്കാന്‍ തുടങ്ങി. ഇമ്മുവിന്റെ മുറിയും ശരീരവും ആശുപത്രികളുടേയും മരുന്നുകളുടേയും മണത്തിലേക്ക് പരിവര്‍ത്തനം ചെയ്തു തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയോടെ അറിഞ്ഞ നഷ്ടം നിഷ്കളങ്കമായപൊട്ടിച്ചിരിയുടേതായിരുന്നു. മൗനത്തിന്റെ വല്‍മീകം തീര്‍ത്ത് അതിനുള്ളില്‍ സമാധിയിരിക്കും അവള്‍. നല്ല പഴക്കമുണ്ടായിരുന്ന മെലിഞ്ഞ ശരീരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തിന്റെ പ്രതികരണമെന്നോണം തടിച്ചു പുളച്ചു. കൈകാലുകള്‍ നീരുവന്നു ചീര്‍ത്തു. കിടക്കയുടെ നിതാന്തസൗഹൃദത്തിലേക്കുള്ള വഴി നടത്തമായി മാറി അത്. വര്‍ഷങ്ങളോളം ആ കിടപ്പു കിടന്നു. എന്റെയും ഏട്ടന്റെയും ഭാര്യമാരും എന്റെ ഉമ്മയും പെങ്ങന്മാരുമൊക്കെ മാറി മാറി അവരെ പരിചരിച്ചു. സമയം കിട്ടുമ്പോഴൊക്കെ എന്റെ ഉമ്മ ഇമ്മുവിനടുത്തു പോയി ഇരിക്കും. സപത്നിമാര്‍ എന്ന വികര്‍ഷണത്തിനു പകരം സഹോദരിമാര്‍ എന്ന ആകര്‍ഷണത്തിലേക്ക് അവര്‍ പരുവപ്പെടുന്നത് എന്നെ കൗതുകപ്പെടുത്തിയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയാല്‍ ഞാന്‍ ഇമ്മുവിനടുത്തു ചിലവഴിക്കും. അവരെ പഴയ ഇമ്മുവായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അവരുടെ പഴയ ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടുകള്‍ മനപൂര്‍വ്വം തുറപ്പിച്ച് അനുഭവങ്ങള്‍ പറയിപ്പിക്കാനും എന്റെ വളിപ്പന്‍ തമാശകള്‍ കേട്ട് ചിരിപ്പിക്കാനും ശ്രമിച്ച് ഞാനവരുടെ ഭൂതകാലത്തെ ആവാഹിക്കാന്‍ വിഫലശ്രമം നടത്തികൊണ്ടിരുന്നു. മൂത്ത പെങ്ങള്‍ ഇടക്ക് ഫോണ്‍ വിളിച്ച് പറയും.’ നീ എന്നും ഇമ്മിന്റെ അടുത്ത് ചെല്ലണം. നീ വന്നു പോയാല്‍ അന്ന് കുറെയേറെ ആശ്വാസം തോന്നുമെന്ന് ഇമ്മു പറയാറുണ്ട്.’ പക്ഷെ ആരും ആശ്വസിപ്പിക്കേണ്ടാത്ത ഒരു ലോകത്തേക്ക് ഒരു നാള്‍ പൊടുന്നെനെ ഇമ്മു യാത്രയായി.
ഇപ്പോള്‍ ഏട്ടന്റെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോഴൊക്കെ ഇമ്മു കിടന്നിരുന്ന മുറി എനിക്ക് സങ്കടമുറിയാകുന്നു. അതിനുള്ളിലെ ഘനീഭവിച്ച മൗനം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ആ പഴയ പൊട്ടിച്ചിരി കേള്‍ക്കാനായി ഞാന്‍ വിഫലമായി കാതോര്‍ക്കുന്നു.
Generated from archived content: essay1_aug20_11.html Author: rahman_kidangayam
Click this button or press Ctrl+G to toggle between Malayalam and English