ചന്ദ്രശേഖരന്റെ മരണം അറിയിച്ചത് അയാളുടെ മൂത്ത സഹോദരനായിരുന്നു. ഒരു ഞായറാഴ്‌ച രാത്രി പത്തുമണി കഴിഞ്ഞനേരം. എസ്.ടി.ഡി. ബെൽ കേട്ടപ്പോൾ നാട്ടിൽ നിന്നായിരിക്കുമെന്നാണ് കരുതിയത്. അധികമൊന്നും സംസാരിച്ചില്ല. വിവരമറിയിച്ച് റിസീവർ വെയ്‌ക്കുകയായിരുന്നു. ശബ്ദത്തിൽ വിഷാദം നിറഞ്ഞുനിന്നിരുന്നു. കൂടുതൽ സംസാരിച്ചാൽ നിയന്ത്രണം കൈമോശംവന്ന് പൊട്ടിക്കരഞ്ഞുപോയേക്കുമെന്നു തോന്നി.
രാത്രിയിലെ ശ്രമകരമായ യാത്രയെക്കുറിച്ചുളള വിചാരം, അവസാനമായി കാണാനുളള ആഗ്രഹത്തിനു വിഘാതം സൃഷ്‌ടിച്ചു. സെന്റിമെൻസിൽനിന്ന് മനസ്സിനെ മുക്‌തമാക്കാൻ പണിപ്പെടേണ്ടിവന്നു.
ചന്ദ്രശേഖരൻ എന്നും മനസ്സിലുണ്ടാകും. ആ സ്ഥിതിക്ക് അങ്ങനെയാണ് യാത്ര പ്രഭാതത്തിലേയ്‌ക്കു മാറ്റിവച്ചത്. രാത്രിയിൽ ഉറങ്ങാനായില്ല. ഉറങ്ങാമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഇടയ്‌ക്ക് മയക്കത്തിലേയ്‌ക്കു വഴുുതി വീഴുമ്പോൾ ചന്ദ്രശേഖരന്റെ മുഖം മനസ്സിൽ തെളിയും. എന്തെല്ലാം ഓർമകൾ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് അയാൾ കടന്നു പോയത്!
സുമുഖനായ ചെറുപ്പക്കാരൻ സ്ഥലം മാറി വന്നത് വ്യക്‌തമായി ഓർക്കുന്നു. ഒരപരാഹ്‌നത്തിലാണ് ജോയിൻ ചെയ്തത്. നാട്ടിൽ നിന്ന് ട്രാൻസ്‌ഫർ വാങ്ങി വരികയായിരുന്നു. അയാളുടെ ഭാര്യയ്‌ക്ക് കോഴിക്കോട്ടാണ് നിയമനം കിട്ടിയത്. പെട്ടെന്ന് മാറിപ്പോകാൻ പറ്റിയ വകുപ്പിലായിരുന്നില്ല. അതേപ്പറ്റി ചന്ദ്രശേഖരൻ പറഞ്ഞത്, ഇങ്ങനെയായിരുന്നുഃ
‘കാലിനനുസരിച്ച് ചെരുപ്പു മുറിക്കുകയായിരുന്നു,’
കഷണ്ടിയുടെ ആക്രമണം തുടങ്ങിയിരുന്നെങ്കിലും കാഴ്‌ചയിൽ സുന്ദരനായിരുന്നു ചന്ദ്രശേഖരൻ, തുടുത്ത മുഖം, ആരെയും ആകർഷിക്കുന്ന പെരുമാറ്റം. കുട്ടികൾക്ക് ചന്ദ്രശേഖരനെ ഇഷ്‌ടമായിരുന്നു. ഇംഗ്ലീഷും സയൻസുമാണ് അയാൾ കൈകാര്യം ചെയ്തിരുന്നത്. ഇംഗ്ലീഷ് ക്ലാസ്സുകളിൽ നിന്ന് ഇടയ്‌ക്ക് ഉയരുന്ന റൈംസ്, ക്ലാസ്സുകളെ ചലനാത്മകവും രസകരവുമാക്കിയിരുന്നു.
‘പുസ്സി ക്യാറ്റ്, പുസ്സി ക്യാറ്റ്
വേർ ഹാവ് യൂ ബീൻ?
ഐ’വ് ബീൻ ടു ലണ്ടൻ
ടു ലുക്കറ്റ് ദ ക്യൂൻ.‘
അടുത്ത ടീച്ചിംഗ് ഐറ്റത്തിനുശേഷം മറ്റൊരു റൈം ഉയരുംഃ
’ചുക് ചുക്, ചുക് ചുക് ചുക്,
ഗുഡ്‌മോണിംഗ് മിസ്സിസ് ഹെൻ.
ഹൗ മെനി ചിക്കൻസ് ഹാവ് യൂ ഗോട്ട്?
മാഡം ഐ‘വ് ഗോട്ട് ടെൻ.’
ടീച്ചിംഗ് ഐറ്റം അവതരിപ്പിച്ച് ഗ്രൂപ്പ്‌ഡ്രിൽ നൽകിയശേഷം റിവ്യൂഘട്ടത്തിൽ കുട്ടികൾ നൂതന സാഹചര്യത്തിൽ പഠിച്ച ഇനം പ്രയോഗിക്കാറുളളത് കൗതുകപൂർവ്വം ഞാൻ നോക്കിനിന്നിട്ടുണ്ട്, അയാളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്. അയാളുടെ ശാസ്‌ത്രക്ലാസ്സുകളും സരസങ്ങളായിരുന്നു. പല അദ്ധ്യാപകരും ചെയ്യുന്നതുപോലെ ചൂണ്ടുവിരൽ കാട്ടി ‘സപ്പോസ്, ദിസീസ് എ ടെസ്‌റ്റ് ട്യൂബ്’ എന്നു പറയുന്ന കൂട്ടത്തിലായിരുന്നില്ല ചന്ദ്രശേഖരൻ, ടെസ്‌റ്റ് ട്യൂബ് വേണ്ടിടത്ത് അയാൾ ടെസ്‌റ്റ് ട്യൂബുപയോഗിച്ചു. ‘ശാസ്‌ത്രം പ്രവർത്തനമാണ്’ എന്ന് വിശ്വസിക്കുകയും അതനുസരിച്ച് അധ്യാപനം ചിട്ടപ്പെടുത്തുകയും ചെയ്‌ത അപൂർവ്വം അധ്യാപകരിൽ ഒരാളായിരുന്നു ചന്ദ്രശേഖരൻ. അക്കാദമിക് കാര്യങ്ങളിൽ മാത്രമല്ല പാഠ്യേതരപ്രവർത്തനങ്ങളിലും അയാൾ തൽപരനായിരുന്നു. കായികമേള നടക്കുമ്പോൾ കുട്ടികളോടൊപ്പം പൊരിവെയിലിൽ ചന്ദ്രശേഖരനുമുണ്ടാവും. യുവജനോസവത്തെയും സാന്നിധ്യംകൊണ്ടും പ്രവർത്തനംകൊണ്ടും അയാൾ ധന്യമാക്കിയിരുന്നു. ഒരിക്കൽ ഹെഡ്‌മാസ്‌റ്റർ ഇങ്ങനെ പറയുകയുണ്ടായിഃ
‘ഏതു ജോലി ഏൽപിച്ചാലും സന്തോഷത്തോടുകൂടി ഏറ്റെടുക്കും. യാതൊരു മടിയുമില്ല. അധ്യാപകർ മുഴുവനും ഇങ്ങനെയായിരുന്നെങ്കിൽ എത്ര നന്നായേനെ നമ്മുടെ വിദ്യാഭ്യാസരംഗം.’
ക്ഷാമബത്താ കുടിശ്ശിഖ ബിൽ എഴുതാനും ശബളബില്ലെഴുതാനും ക്ലർക്കിനെ സഹായിക്കാൻ ചന്ദ്രശേഖരനുണ്ടാകും. ക്ലാസ്സിൽ പോകാതെ അത്തരം ജോലികൾ ചെയ്യുന്ന അദ്ധ്യാപകർ ഏതു സ്‌ക്കൂളിലുമുണ്ടാകും. ചന്ദ്രശേഖരൻ അത്തരക്കാരനായിരുന്നില്ല. ഒഴിവുവേളകളിലും ക്ലാസ്സുകഴിഞ്ഞതിനു ശേഷവും അവധി ദിനങ്ങളിലുമായിരിക്കും അയാൾ അത്തരം കൃത്യങ്ങൾ ചെയ്യുക. ചില ബില്ലുകൾ വീട്ടിൽ കൊണ്ടുപോയി എഴുതികൊണ്ടുവന്നിട്ടുളള സന്ദർഭങ്ങളും ഉണ്ട്.
ഇത്തരം കാര്യങ്ങൾക്കിടയിൽ സംഘടനാപ്രവർത്തനം നടത്തുന്നതിനും അയാൾ സമയം കണ്ടെത്തിയിരുന്നു. ആദ്യകാലത്തെ അധ്യാപകന്റെ ദുരവസ്ഥയെക്കുറിച്ച് ചിലപ്പോൾ ചന്ദ്രശേഖരൻ വാചാലനാകും. കാരൂരിന്റെ ‘പൊതിച്ചോറി’ലെ നിസ്സഹായനായ അധ്യാപകന്റെ ദയനീയ ചിത്രം വരച്ചുകാട്ടി സ്‌ക്കൂൾമാനേജരുടെ ആശ്രിതനായി ഓച്ഛാനിച്ചുനിൽക്കുന്ന അധ്യാപകനിലേയ്‌ക്ക് അയാൾ ശ്രോതാക്കളെ നയിക്കും.
അധ്യാപകർക്ക് അക്കാലത്ത് കടം കൊടുക്കാൻ കച്ചവടക്കാർ കൂട്ടാക്കിയിരുന്നില്ല.
‘കാശൊണ്ടോ മാഷെ’ എന്നു ചോദിച്ച് ഉറപ്പുവരുത്തിയശേഷമേ ചായപോലും കൊടുത്തിരുന്നുളളു. ആ അവസ്ഥയിൽ നിന്ന് ഇന്നത്തെ സ്ഥിതിയിലേയ്‌ക്ക് ഏറെ ദൂരമുണ്ട്. ഈ മാറ്റം താനേ ഉണ്ടായതല്ല. നിരന്തരമായ അവകാശ സമരങ്ങളിലൂടെയാണ് ഇന്നത്തെ അധ്യാപകൻ ഉരുത്തിരിഞ്ഞുവന്നത്.
അധ്യാപകരുടെ സമരത്തെപ്പറ്റിയും വ്യക്തമായ അഭിപ്രായവും കാഴ്‌ചപ്പാടുമുളളയാളായിരുന്നു ചന്ദ്രശേഖരൻ. ഒരാൾക്ക് സമരം ചെയ്യാൻ സ്വാതന്ത്ര്യമുളളതുപോലെ മറ്റൊരാൾക്ക് സമരം ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് അയാൾ വിശ്വസിച്ചു. തടഞ്ഞുവെയ്‌ക്കൽ, നായ്‌ക്കരണപ്പൊടി വിതറൽ, കൈയേറ്റം ചെയ്യൽ, പുലഭ്യം പറച്ചിൽ തുടങ്ങിയ മാർഗ്ഗങ്ങളോട് ചന്ദ്രശേഖരൻ യോജിച്ചിരുന്നില്ല.
എല്ലാം ഓർമയുടെ ലോകത്ത് ബാക്കിവെച്ച് ചന്ദ്രശേഖരൻ-
രാവിലത്തെ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ്സിൽ അങ്കമാലിയിലിറങ്ങി, അവിടെ നിന്ന് കോട്ടയത്തേയ്‌ക്ക് കെ.എസ്.ആർ.ടി.സി. ബസ്സുകിട്ടി.
യാത്രാവേളയിലും ചന്ദ്രശേഖരനെ ചുറ്റിപ്പറ്റിയുളള ഓർമകൾ മനസ്സിലുണർന്നുകൊണ്ടിരുന്നു.
അയാളുടെ ആതിഥ്യം പലവട്ടം സ്വീകരിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ അതിഥിയായിട്ടുളളവർ സൽക്കാരപ്രിയനായ ആതിഥേയനെ മറക്കാനിടയില്ല.
ഒരിക്കൽ മാത്രം അയാൾ എന്റെ വീട്ടിൽ സകുടുംബം വന്നിട്ടുണ്ട്, അപ്രതീക്ഷിതമായ സന്ദർശനമാകയാൽ തൃപ്‌തികരമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മറ്റൊരിക്കൽ വരാം എന്നുപറഞ്ഞ് അയാൾ എന്നെ ആശ്വസിപ്പിച്ചു.
ആ സന്ദർശനം ഇനി ഉണ്ടാവാൻ പോകുന്നില്ലെന്ന് വിഷാദപൂർവ്വം ഇപ്പോൾ അറിയുന്നു.
എല്ലാ കാര്യങ്ങളിലും ഭാര്യയുടെ സനിഷ്‌ക്കർഷമുളള ഇടപെടലുണ്ടാകാറുണ്ടെന്ന് ചന്ദ്രശേഖരൻ പറയാറുണ്ടായിരുന്നു. ഒരുമകനേയുളളൂ, ഏതു നേരവും അച്ഛന്റെ കൂടെയായിരിക്കും, വീട്ടിലുളളപ്പോൾ, മകന് അച്ഛൻ കളിത്തോഴനായിരുന്നു. എല്ലാകാര്യങ്ങളിലും ആ കുട്ടിക്ക് അച്ഛന്റേതായിരുന്നു അവസാനവാക്ക്. അവരെ തനിച്ചാക്കിയിട്ടാണ് ചന്ദ്രശേഖരൻ-
അമ്മയ്‌ക്കും മകനും നഷ്‌ടവുമായി ഇണങ്ങിച്ചേരാൻ കഴിയുമോ? കഴിയട്ടേയെന്നാശിക്കാനല്ലെ എനിക്ക് കഴിയൂ.
നഗരത്തിലെ പ്രൈവറ്റ് ബസ്‌റ്റാൻഡിൽ നിന്ന് നാട്ടിൻപുറത്തേയ്‌ക്കു പോകുന്ന ബസ്സിൽ തുടർന്നുളള യാത്ര.
ഒരിക്കൽ പോയിട്ടുണ്ട്, എസ്.പി.സി.എസ് തെരഞ്ഞെടുപ്പിന് വോട്ടു ചെയ്‌തുമടങ്ങുമ്പോൾ, ചന്ദ്രശേഖരൻ അത്യുൽസാഹവാനായിരുന്നു. അവിടംവരെ ചെന്നിട്ട് അയാളുടെ വീട്ടിൽ കയറാതെ മടങ്ങിയവിവരം അറിയാനിടയായാൽ പരിഭവിക്കുമെന്നുറപ്പുളളതിനാലാണ് കയറിയത്. ഉടൻതന്നെ പോരണമെന്നു വിചാരിച്ചാണ് പോയത്, ചന്ദ്രശേഖരനുണ്ടോ വിടുന്നു? അന്നു രാത്രി അവിടെ തങ്ങേണ്ടിവന്നു. പിറ്റേന്ന് ഉച്ചയ്‌ക്കുശേഷം പോയാൽമതിയെന്ന ശാഠ്യത്തിൽനിന്ന് അയാളെ പിന്തിരിപ്പിക്കാൻ പണിപ്പെടേണ്ടിവന്നു.
കണ്ടക്‌ടർ അരികിൽ വന്നപ്പോൾ ടിക്കറ്റ് വാങ്ങിയതിനുശേഷം ഇറങ്ങേണ്ട സ്ഥലത്തെത്തുമ്പോൾ അറിയിക്കണമെന്ന ആവശ്യം ഉന്നയിച്ചു. പരിചയമുളള സ്ഥലമാണെങ്കിലും ഓർമകളിൽ മനസ്സു നഷ്‌ടപ്പെട്ട് മറന്നുപോകാനിടയുണ്ട്.
ഭാര്യയ്‌ക്ക് നാട്ടിലേയ്‌ക്കു മാറ്റം കിട്ടിയപ്പോൾ ചന്ദ്രശേഖരൻ നാട്ടിലേയ്‌ക്കു മടങ്ങുകയായിരുന്നു. അവിടെ ചെന്നിട്ടാണ് വീടുണ്ടാക്കിയത്. ആകർഷകമായ, ഒതുങ്ങിയ വീട്, ഗൃഹപ്രവേശം അറിയിച്ചെങ്കിലും പോകാൻ പറ്റിയില്ല. അതിലുണ്ടായിരുന്ന പരിഭവം മാറിയത് അവിടെ ചെന്നപ്പോഴായിരുന്നു.
സ്വദേശത്തേയ്‌ക്കു പോകുന്നതിന് ഏതാനും മാസം മുമ്പ് അയാൾക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായി. കുറെ ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് തിരുവനന്തപുരത്തും വെല്ലൂരും പോവുകയുണ്ടായി. തുടർച്ചയായി മരുന്നു കഴിക്കാൻ വിധിക്കപ്പെടുകയും ചെയ്‌തു. രോഗിയാണെന്നു ഭാവിക്കാതെ സദാ സമയവും പ്രസന്നവദനായി അയാൾ കഴിച്ചുകൂട്ടി. അസുഖബാധിതനാണെങ്കിലും അധ്യാപനത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുളള വിട്ടു വീഴ്‌ചയ്‌ക്കും അയാൾ തയ്യാറായില്ല. ക്ലാസ്സുകളിൽ കൃത്യമായി പോവുകയും പാഠഭാഗങ്ങൾ ചിട്ടയോടെ പഠിപ്പിക്കുകയും ചെയ്‌തുപോന്നു.
ഇടയ്‌ക്ക് ചെക്കപ്പിനു പോയി വരുമ്പോൾ ഭാര്യയുടെ മുഖത്തെ ംലാന്നത വ്യാഖ്യാനാതീതമായി തോന്നിയിട്ടുണ്ട്. എന്നാൽ ചന്ദ്രശേഖരന്റെ മുഖം സാധാരണമട്ടിൽ പ്രസാദാത്മകമായിരിക്കും. നാട്ടിലെത്തിയശേഷം അപൂർവമായി കത്തിടപാടുകൾ നടത്തിയിരുന്നു. സ്വന്തം അസുഖത്തെക്കുറിച്ച് ഒരിക്കലും അയാൾ എഴുതിയിരുന്നതായി ഓർക്കുന്നില്ല. വിഷമതകൾ അറിയിച്ച് മറ്റുളളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കായ്‌കയാലാകണം.
ഇറങ്ങേണ്ടയിടത്തെത്തിയപ്പോൾ കണ്ടക്‌ടർ വിളിച്ചറിയിക്കുകയായിരുന്നു.
നിരത്തിൽ നിന്നു നോക്കിയാൽ കാണാവുന്നത്ര അകലമേയുളളൂ വീട്ടിലേയ്‌ക്ക്.
മുറ്റത്ത് ആരുമില്ല, കോലായയിലും അകത്തും ആളുകൾ ഉണ്ട്. മുറ്റത്തേയ്‌ക്കു കയറിയപ്പോൾ ഹൃദയമിടിപ്പിന്റെ വേഗം കൂടി.
അയാളുടെ ഭാര്യയെയും മകനെയും അഭിമുഖീകരിക്കാൻ പേടിയുണ്ടായിരുന്നു.
കോലായയിലേയ്‌ക്കു കയറി. അപരിചിതരുടെ മുഖങ്ങളിൽ പരുങ്ങലോടെ മാറിമാറിനോക്കി.
‘കോഴിക്കോട്ടുനിന്നാണ്.’
ഒരാൾ അകത്തേയ്‌ക്കു കൂട്ടികൊണ്ടുപോയി. കിടപ്പുമുറിയിലെ കട്ടിലിൽ സുഷുപ്തിയിലാണ്ട അഗ്നിപർവതം പോലെ ശാരദ. ഏതു നിമിഷവും ഉണരുമെന്നും ചുടുലാവ പ്രവഹിക്കുമെന്നും ഭയന്നു.
തളർന്നു മയങ്ങുകയാണ്.
‘ഉണർത്തണ്ട,’ഒപ്പമുളളയാളോട് ശബ്‌ദം താഴ്‌ത്തി അറിയിച്ചു.
തിരിയെ കോലായയിലേയ്‌ക്ക്,
വീടിന്റെ പിന്നിൽ, പറമ്പിന്റെ അതിർത്തിക്കപ്പുറം പുകയുയരുന്ന ചിത, ചിതയ്‌ക്കരികിൽ നിൽക്കുമ്പോൾ എന്തെല്ലാമാണ് മനസ്സിലൂടെ കടന്നു പോകുന്നത്!
വിഷാദം ഇരമ്പുന്ന മനസ്സുമായി വീണ്ടും കോലായയിൽ. ഒരാൾ ചായകൊണ്ടുവന്നു. ആംഗ്യത്തിലൂടെ വേണ്ടെന്നറിയിച്ചു. ‘ഒരു കൊഴപ്പവുമില്ലായിരുന്നു. പുറത്തേയ്‌ക്കിറങ്ങാൻ ഷർട്ടെടുത്തിട്ടതാ, പെട്ടെന്നൊരു തളർച്ച തോന്നി, കെടന്നു, പിന്നെ എണീറ്റില്ല.’ തുടർന്ന് വിതുമ്പലായിരുന്നു. മുഖച്ഛായ കണ്ടിട്ട് ജ്യേഷ്‌ഠനാണെന്നു തോന്നുന്നു.
എന്തു പറഞ്ഞാണ് അദ്ദേഹത്തെ ആശ്വസിപ്പിക്കുക?
അകത്തെമുറിയിൽ പൊടുന്നനെ അഗ്നിപർവ്വതം ഉണർന്നു.
ചിത്തഭ്രമം ബാധിച്ച മട്ടിലുളള രൂപം.
വരൾച്ച ബാധിച്ച മിഴികളിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന നനവ്,
‘എന്റെ ചേട്ടനെ എനിക്ക് വേണം മാഷെ.’
കുറെനേരത്തേയ്‌ക്ക് അവർ അതാവർത്തിച്ചു കൊണ്ടിരുന്നു.
ആശ്വാസവാക്കുകൾക്ക് പ്രസക്തിയില്ലാത്ത നിമിഷങ്ങൾ. തേങ്ങൽ ക്രമാനുഗതമായി നേർത്തു നേർത്ത്, ഒടുവിൽ അബോധാവസ്ഥയെന്ന അനുഗ്രഹത്തിലേയ്‌ക്ക്, രണ്ടുപേർ താങ്ങിപ്പിടിച്ച് അകത്തേയ്‌ക്കു കൊണ്ടുപോയി കട്ടിലിൽ കിടത്തി.
മുറിയുടെ ഒരു കോണിൽ മുനിയെപ്പോലെ ഇരിക്കുന്ന പ്രശാന്ത്. അവന്റെ മുഖത്തു നോക്കാനുളള ധൈര്യമില്ലായിരുന്നു. ‘മോനെ, ഇനിയെങ്കിലും നിനക്കൊന്നു കരഞ്ഞുകൂടെ’ എന്നു ചോദിക്കാൻ മനസ്സുവെമ്പി. പുറത്തു തൊട്ടത് അവൻ അറിഞ്ഞില്ലെന്നു തോന്നുന്നു,
കാണുന്ന മാത്രയിൽ ഓടിയണഞ്ഞ്, മുതിർന്നവരെപ്പോലെ സംസാരിക്കാറുളള പ്രശാന്ത്, സംസാരശേഷി നഷ്‌ടപ്പെട്ടമാതിരി ശിരസ്സു കുനിച്ച്-
ഇനിയുമിവിടെ നിൽക്കാനാവില്ലെന്ന വിചാരം പ്രബലമായപ്പോൾ മൗനമായി യാത്രചോദിച്ച്, മുറ്റത്തേയ്‌ക്കിറങ്ങുകയായിരുന്നു.
ചിതയിലേയ്‌ക്ക് ഒന്നു കൂടി നോക്കി. ഇപ്പോഴും നേർത്തപുക ഉയരുന്നുണ്ട്.
‘വന്നല്ലോ! നന്നായി.’
പിന്നിൽ നിന്ന് കാതിൽ വീണശബ്‌ദം.
വിസ്‌മയം. നടുക്കം.
എനിക്ക് തോന്നിയതാകുമോ?
ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. ആകാവുന്നത്ര വേഗത്തിൽ നടന്നു.
മനസ്സിനെ മെരുക്കാൻ യത്നിച്ചു വിഫലമാകുമ്പോൾ സ്വയം ചോദിക്കുന്നുഃ
എന്താണ് നഷ്‌ടപ്പെട്ടത്?
മറുപടി ഒരു നിലവിളിയായി ഉളളിൽ പിടഞ്ഞു വീഴുന്നു.
Generated from archived content: orusouhridathinte.html Author: rahimmukhathala
Click this button or press Ctrl+G to toggle between Malayalam and English