എത്ര നിന്ദിച്ചിതെന്നെ നീയെന്നിട്ടു
മത്രമേലെനിക്കാനന്ദമാണു നീ.
തപ്‌തജീവിതത്താളത്തിൽ ഞാനെന്റെ
കൊച്ചുമോഹങ്ങൾ കെട്ടിപ്പടുക്കുമ്പോൾ
തച്ചുടച്ചുവോ നീയതു കഷ്‌ടമായ്
അശ്രൂ പൂക്കുന്നിതെന്റെ തീക്കൺകളിൽ.
കത്തുമോരോ കരിന്തിരി മാനസ
പ്പച്ചയാമെൻ പ്രതീക്ഷതൻ പൂമരം
തച്ചുലച്ചുവോ നീ കൊടുംഭ്രാന്തിന്റെ
വക്കിലെത്തിച്ചു പോകുന്നു നിർദ്ദയം.
പൊട്ടി നെഞ്ചകം കൈകളിൽ നാം കോർത്ത
സ്വപ്‌നഹാരങ്ങൾ പൂത്ത രാപ്പൂമണം
പെട്ടുപോയോ നരാധമശ്രേണിയിൽ
കെട്ടുവോ മലർപ്പാതിരാപാലൊളി.
മാറ്റിവെക്കാം നമുക്കു മുന്നോർമ്മതൻ
കാറ്റടിപ്പൂക്കൾ പെയ്‌ത ത്രിസന്ധ്യയിൽ
പാട്ടൊരെണ്ണത്തിനാശിച്ച് രാക്കിളി
ക്കൂട്ടിലേക്കു പറന്നു ചെല്ലുന്നതും
കാട്ടുചെമ്പകച്ചോലയിൽ നിൻകവിൾ-
ച്ചോപ്പിലായിരം താമരക്കാടുകൾ.
കവിത പൂക്കുന്നു കാലത്തിലുഗ്രനാം
കദനമേഘങ്ങൾ പൊട്ടിച്ചിതറുമ്പോൾ
ഹൃദയവാടിയിലന്നു നീ പാകിയ
പ്രണയമന്ദാരം വാടിക്കരിയുന്നു.
Generated from archived content: poem1_may12_08.html Author: raghuraman
Click this button or press Ctrl+G to toggle between Malayalam and English