കാളി പറഞ്ഞ കഥ

കാലത്തു പൈപ്പിൻ ചോട്ടിൽ വെള്ളമെടുക്കാൻ ക്യൂ നിൽക്കുന്ന പെണ്ണുങ്ങളിൽ ഒരുവളാണ്‌ കാളി. കാളിയെന്നു കേൾക്കുമ്പോൾ കഥ നടക്കുന്നത്‌ ജാംബവാന്റെ കാലത്താണെന്നോ 60 വയസ്സിനു മേൽ പ്രായമുള്ളവളാണ്‌ കാളിയെന്നോ വിചാരിക്കേണ്ടതില്ല. കാളി 18 തികഞ്ഞ ഒരു സുന്ദരിപ്പെണ്ണാകുന്നു. കാളിയുടെ അച്ഛൻ ഡാനിയേൽ ആകട്ടെ മികച്ച ഒരു ഗായകൻ ആയിരുന്നതിനാലും ‘കാട്ടുകുറിഞ്ഞീ പൂവും ചൂടി സ്വപ്നം കണ്ടു നടക്കും പെണ്ണ്‌…’ എന്ന പാട്ടിന്റെ ആരാധകൻ ആയിരുന്നതിനാലുമാണ്‌ സ്വന്തം മകൾക്ക്‌ കാളിയെന്നും രണ്ടാമത്തെ മകൾക്ക്‌ നീലിയെന്നും പേരിട്ടത്‌. കാളി പഠിച്ച സ്‌കൂളിൽ നിറയെ ഇതുപോലത്തെ പേരുകളായിരുന്നുവത്രേ. ചക്കി, മാക്കോത, ചിരുത, തെറുത്യ, മറുത, അറുകൊല തുടങ്ങിയ പുരാതന പേരുകളാൽ മുഖരിതമായിരുന്നു ആ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ. തിരക്കുള്ള ഒരു നഗരത്തിലാണ്‌ കഥ നടക്കുന്നത്‌.

അമ്മ മനസ്സിലെ ജലജ ടീച്ചറുടെ ഛായയുള്ള അമ്മിണിയും സ്ര്തീയിലെ റഹ്‌നാബാനുവിന്റെ അതേ കട്ടുള്ള ബെറ്റിയും കാളിയുടെ കൂട്ടുകാരാണ്‌. നൊമ്പരത്തിപ്പൂവിലെ ലക്ഷ്മിയുടേയും കറുത്ത മാർഗരീത്തയിലെ റോഷ്ണിയുടേയും മിക്സു ചെയ്ത ഛായയാണ്‌ കാളിക്കെന്ന്‌ എല്ലാവരും പറയും. വെള്ളം നിറച്ച കുടം ചുമന്ന്‌ തിരിഞ്ഞുനോക്കുമ്പോഴാകട്ടെ, ചെമ്മീനിലെ ഷീലാമ്മയുടെ അതേ മട്ട്‌. ഷീലയ്‌ക്ക്‌ കാളിയോളം മുടിയില്ലെന്നു മാത്രം.

രാവിലെ വെള്ളം ശേഖരിച്ച്‌ വീട്ടിലെ പാത്രങ്ങളിൽ നിറച്ചുകഴിഞ്ഞാൽ കാളിയ്‌ക്ക്‌ വീട്ടിൽ വേറെ ഉത്തരവാദിത്വങ്ങളൊന്നുമില്ല. അച്ഛൻ ഡാനിയേൽ ജോണും അമ്മ പി.കെ വസുമതിയും 8 മണിയുടെ കണ്ണനിൽ ജോലിക്കുപോകും. പി.കെ വസുമതി തേവര കൊച്ചങ്ങാടി സ്‌കൂളിലെ പാർട്ടൈം മീനിയലാകുന്നു. ഡാനിയേൽ മൃസംരക്ഷണവകുപ്പിൽ അറ്റന്ററും.

കഴിഞ്ഞ ഓണക്കാലത്താണെന്നു തോന്നുന്നു, പതിവു പോലെ വെള്ളം നിറച്ചു കഴിഞ്ഞ ഒരു ഷോർട്ട്‌ ബ്രേക്കിൽ കാളി റേഡിയോവിൽ ഫോൺ ഇൻ ഗാനോൽസവം കേട്ടുകൊണ്ടിരിക്കെ ഒരു സംഭവം ഉണ്ടായി. തന്റെ മുഗ്‌ധ സൗന്ദര്യം സ്വയം വിലയിരുത്തുന്നതിനായി കണ്ണാടിക്കു മുന്നിൽ നിന്ന അവൾ തന്റെ മാറിടം കണ്ട്‌ അത്ഭുതപ്പെട്ടു. ‘അമ്പലം ചെറുതാണെങ്കിലും പ്രതിഷ്‌ഠ വലുതാണല്ലോടീ’ എന്ന്‌ അടുത്ത വീട്ടിലെ കനകൻചേട്ടൻ ശബ്ദം കുറച്ച്‌ പറയാറുള്ളതോർത്ത്‌ കാളിക്കു ചിരിവന്നു.

എന്നാൽ കനകൻചേട്ടന്‌ അസൂയ കൊണ്ടാണ്‌ ഇങ്ങനെ പറയുന്നതെന്നാണ്‌ ആകാശഗംഗയിലെ മാഡത്തിന്റെ അതേ കട്ടുള്ള സ്വപ്നച്ചേച്ചിയുടെ പക്ഷം. കനകന്റെ ഭാര്യ വിമലയ്‌ക്ക്‌ പ്രതിഷ്‌ഠ തീരെ ഇല്ല എന്നതാണത്രേ കാര്യം.

അതു പറഞ്ഞുവന്നപ്പോഴാണ്‌ മറ്റൊരു തമാശ കാളിക്ക്‌ ഓർമ്മവന്നത്‌. കന്യാസ്ര്തീമാർക്കും അച്ചന്മാർക്കും ശരീരപ്രകൃതിയനുസരിച്ചാണ്‌ പേരിടുന്നതെന്ന്‌ കാളിയുടെ ക്ലാസ്‌മേറ്റായ റിമികുര്യാക്കോസ്‌ പറയുകയുണ്ടായി. കുപ്പായമിട്ടാൽ പഴയ പേരു മാറും. ഫാദർ ഓക്കാനത്തുപറമ്പിൽ, സിസ്‌റ്റർ ബ്രസ്‌റ്റില്ല, തുടങ്ങിയ പേരുകൾ ഉദാഹരണം. പലയിനം വാഴപ്പഴങ്ങളുടെ പേരുകളും ഇക്കൂട്ടർ ധാരാളമായി ഉപയോഗിച്ചു വന്നിരുന്നതായും റിമികുര്യാക്കോസ്‌ സൂചിപ്പിച്ചു. സിസ്‌റ്റർ പടത്തി, ഫാദർ പാളയംകോടൻ എന്നപോലെ.

അങ്ങനെ സൗന്ദര്യചിന്തകൾ കടന്നുപോകവേ ഒരു ദുർബലനിമിഷത്തിൽ, പി.കെ വസുമതി കഴിഞ്ഞയാഴ്‌ച വാങ്ങിയ ജ്വാലാമുഖി മൂഹൂർത്തപ്പട്ട്‌ സാരി ഒന്ന്‌ ഉടുത്തു നോക്കാൻ കാളിക്കു തോന്നിയത്‌ സ്വാഭാവികം. ഉടൻതന്നെ വസ്ര്തങ്ങൾ നിറച്ച അലമാര തുറക്കപ്പെടുകയും കാളി കല്യാണപ്പെണ്ണുപോലെ അണിഞ്ഞൊരുങ്ങപ്പെടുകയും ഉണ്ടായി.

ഈ സമയത്താണ്‌, പുറത്ത്‌ ‘ഇവിടെയാരുമില്ലേ’ എന്ന ശബ്ദം കേൾക്കുന്നത്‌. പൂമുഖവാതിൽ തുറന്നു നോക്കിയ കാളി കണ്ടത്‌ 18കാരനായ ഒരു ചെറുപ്പക്കാരനെ. ജീൻസും ടീഷർട്ടുമാണ്‌ വേഷം. ഉള്ള മാന്യത അശേഷം പുറത്തുകാട്ടാത്ത മുഖഭാവം.

‘കാളിയല്ലേ…? ചെറുപ്പക്കാരന്റെ ചോദ്യം.

അതെ.

പ്രീഡിഗ്രി വിദ്യാഭ്യാസം. അഞ്ചടി ഒരിഞ്ച്‌ ഉയരം, ടൈപ്പ്‌റൈറ്റിംഗ്‌ ലോവർ, 17നും 18നും ഇടയിലെവിടെയോ പ്രായം, സുന്ദരി…ശരിയല്ലേ?

ഇത്‌ അശ്വമേധമോ എന്നു സംശയിച്ച്‌ കാളി അമ്പരന്നു. എട്ടും പൊട്ടും തിരിയാത്ത ഈ പയ്യൻ ഇതൊക്കെ എങ്ങിനെ അറിഞ്ഞൂ വിഭോ… എന്ന്‌ ചിന്തിച്ചുവശായി കാളി.

മറുപടിക്കു കാത്തു നിൽക്കാതെ ’ഗൈ‘ അകത്തുകയറി കസേരയിൽ സ്ഥാനം പിടിച്ചു.

’സെക്സ്‌ എഡ്യൂക്കേഷനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?‘

എടുത്തടിച്ചപോലുള്ള ചോദ്യംകേട്ട്‌ കാളിയിൽ വിയർപ്പു പടർന്നു.

’ഉത്തരം അറിയില്ല. അല്ലേ… ഒ.കെ. ആദ്യരാത്രിയെക്കുറിച്ച്‌ എന്തറിയാം…?

പ്രസ്തുത ചോദ്യം താൻ സ്വന്തം അമ്മയായ പി.കെ വസുമതിയോട്‌ ചോദിച്ചിട്ടുള്ളതാണെന്ന്‌ കാളി ഓർത്തു. പക്ഷേ വസുമതിക്ക്‌ കൃത്യമായ ഒരു ഉത്തരം പറയാൻ കഴിഞ്ഞില്ല. പിന്നീട്‌ മനസ്സിലാകും എന്നോ മറ്റോ പറഞ്ഞ്‌ ആ സ്ര്തീരത്നം ഒഴിഞ്ഞു മാറുകയായിരുന്നു.

ഉത്തരമില്ലാത്ത മറ്റൊരു ചോദ്യംകൂടി ചെറുക്കൻ തൊടുത്തുവിട്ടു.

‘രതിമൂർഛ അഥവാ ഓർഗാസം എന്ന്‌ കേട്ടിട്ടുണ്ടോ?’

അതും കേട്ടിട്ടുണ്ടെന്നല്ലാതെ കാളിക്ക്‌ അനുഭവം ഇല്ലായിരുന്നു. കാളി പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ക്ലാസ്സിൽ ഒരു രതി ഉണ്ടായിരുന്നു. അവളെ ചില സീനിയർ പിള്ളേർ ‘മൂർഛ’ എന്ന്‌ കളിയാക്കി വിളിക്കുന്നതു കേട്ടിട്ടുണ്ട്‌.‘

’ഒ.കെ കാളി ഒരു ചോദ്യത്തിനും മറുപടി പറയാത്ത സ്ഥിതിക്ക്‌, ഇവയിൽ ഏതെങ്കിലുമൊ​‍ു വിഷയം ഞങ്ങൾ തികച്ചും സൗജന്യമായി കാളിക്കു പഠിപ്പിച്ചു തരുന്നതാണ്‌‘. പയ്യൻ പറഞ്ഞു. സൗജന്യമെന്ന്‌ കേട്ടതോടെ കാളിയും ഉഷാറായി.

മുന്നിൽ വെളുത്ത തിരശ്ശീല പിടിച്ചുകൊണ്ടു മാത്രമേ ബാക്കിയുള്ള രംഗങ്ങൾ കാണാനാകൂ. ഡാനിയേൽ-പി.കെ വസുമതിമാരുടെ കിടപ്പുമുറിയിൽ നവോഢയെപ്പോലെ കാളിയുടെ നഗ്നനിഴൽ നാണം കുണുങ്ങി നിൽക്കുന്നതും, ചെറുക്കന്റെ നിഴൽ വിവസ്ര്തനായി ആദ്യരാത്രി അഭിനയിച്ചു കാണിക്കുന്നതും മറ്റുമാണ്‌ പിന്നീട്‌ മാന്യപ്രേക്ഷകർ വീക്ഷിച്ചത്‌.

സ്ഥിതിഗതികൾ ഇങ്ങനെ മുന്നോട്ടുപോകവേ, ഭക്രാനംഗൽ അണക്കെട്ട്‌ തുറന്നുവിട്ടതുപോലെ തോന്നിച്ച ഒരു ശുഭമുഹൂർത്തത്തിൽ കാളി കണ്ണുതുറന്നു. തന്റെ ഏക സമ്പാദ്യമായി അവൾ കാത്തുസൂക്ഷിച്ചിരുന്ന എന്തോ നഷ്ടപ്പെട്ടതായി അവൾക്കു തോന്നി.

പൊടുന്നനെ അവളിൽ ആത്മരോഷം ആളിക്കത്തി. സാമ്രാജ്യത്തം നമ്മിൽ അധിനിവേശം നടത്തുന്നത്‌ നാംപോലും അറിയാതെയാണെന്ന്‌ ഡി.വൈ.എഫ്‌.ഐ പഠനക്യാമ്പിൽ ലോറൻസ്‌ സഖാവ്‌ പഠിപ്പിച്ചത്‌ കാളി ഓർത്തു. എസ്‌. സിതാര, ധന്യാരാജ്‌ തുടങ്ങിയ ആധുനിക സാഹിത്യകാരികളുടെ കഥകൾകൂടി മനസ്സിലേക്കു വന്നതോടെ അവൾ പ്രതികാരജ്വാലയായി. ഭദ്രകാളിയുടെ കൊടുവാളിനു പകരം ഒരു അരിവാൾ സംഘടിപ്പിച്ച കാളി അനന്തരം ദിഗന്തം പൊട്ടുമാറുച്ചത്തിൽ ഇങ്ങനെ അലറി.

’ഹേ… നീച, ഹീനശ്രേഷ്‌ഠ, എന്റെ ചാരിത്ര്യം കവർന്നവനേ… നിന്റെ തലയറുക്കാൻ ഞാൻ വരികയായി. അറുത്തെടുത്ത നിന്റെ തല മുടിയിൽ തൂക്കിപ്പിടിച്ചു വേണം എനിക്ക്‌ അടുത്ത ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യാൻ…

ആദ്യം ഒന്നു പകച്ചുവെങ്കിലും ദാരികൻ ശാന്തനായി സൗമ്യനായിക്കൊണ്ട്‌ ഇങ്ങനെ അരുൾ ചെയ്തു.

‘കൂൾ ഡൗൺ…. കാളി’.

അയാൾ കാഥികനെപ്പോലെ അകലേയ്‌ക്കു വിരൽ ചൂണ്ടി. അപ്പോൾ തട്ടിൻമുകളിൽ നിന്ന്‌ മൂവി ക്യാമറയുമായി രണ്ടുപേർ ഇറങ്ങിവന്നു.

‘ഇത്‌ ചന്ദ്രാ ടി.വിയുടെ തരികിട എന്ന പരിപാടിയാണ്‌. ഇതിലുടനീളം കാളി വളരെയധികം സഹകരിച്ചു. വളരെ നന്ദി…

ഇത്‌ കേട്ടപാതി കേൾക്കാത്ത പാതി കാളി ഒരുമിനിട്ടും 17 സെക്കന്റും പൂത്തുലഞ്ഞുപോയി. അവൾ നാണിച്ച്‌ നാടൻപിടപോലെ ആയിത്തീർന്നു. തരികിടയിലെ കലാകാരന്മാർ തന്നെ കാണാൻ എത്തിയതിലുണ്ടായ സന്തോഷം പറയാവതും പിന്നീടൊരിക്കൽ എഴുതാവതും അല്ല.

വിവസ്ര്തയായിരുന്ന കാളിക്ക്‌ അപ്പോഴാണ്‌ നാണം വന്നത്‌. ഒരു ചേലയെടുക്കാൻ അകത്തേക്കോടിയ കാളിയെ തടഞ്ഞുകൊണ്ട്‌ തരികിടക്കാർ പറഞ്ഞു.

’വസ്ര്തങ്ങൾ എല്ലാം ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്‌ കാളീ. മാത്രമല്ല വളരെയധികം സമ്മാനങ്ങളും. ന്യൂസിലാന്റിലെ സെക്സ്‌ വ്യൂവേഴ്‌സ്‌ മാനേജിംഗ്‌ കമ്മറ്റി നൽകുന്ന 10000രൂപയുടെ ഗിഫ്‌റ്റ്‌ ചെക്ക്‌, സെക്സ്‌ പ്രമോഷൻ കൗൺസിലിന്റെ വക മറ്റൊരു സമ്മാനം… ഏറ്റവുമൊടുവിൽ കേരളത്തിലെ സിഡി നിർമ്മാതാക്കളുടെ മറ്റൊരു ഉപഹാരം…!‘

മകളെ ടിവിക്കാർ വളഞ്ഞതറിഞ്ഞ്‌ ഓടിയെത്തിയ ദാനിയേൽ-പി.കെ സുമതി ദമ്പതികൾക്കും ലഭിച്ചു ആകർഷകമായ സമ്മാനങ്ങൾ.

തരികിടയിൽ സ്ഥാനം പിടിച്ച കാളിയോടൊപ്പം ഫോട്ടോ എടുക്കാൻ പരിസരവാസികളുടെ വൻതിരക്ക്‌ അനുഭവപ്പെട്ടു. സ്ഥലത്തെ റസിഡന്റ്‌സ്‌ അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണത്തിൽ കാളി നടത്തിയ പ്രസംഗത്തിന്റെ സന്ദേശം സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ പടപൊരുതാൻ വനിതകൾക്ക്‌ ശക്തി പകർന്ന ഒരു വഴിത്തിരിവാവുകയും ചെയ്തു.

Generated from archived content: humour1_sept25_07.html Author: raghuraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here