വ്യക്തികളുടെയും വസ്‌തുക്കളുടെയും ജീവിതസന്ദർഭങ്ങളുടെയും എല്ലാം സൂക്ഷ്‌മാംശങ്ങൾ അതിവിദഗ്‌ദ്ധമായും മൗലികമായും അനാവരണം ചെയ്യുന്ന ഒരു സവിശേഷത എപ്പോഴും കെ.പി.രാമനുണ്ണിയുടെ സർഗ്ഗാത്മകതയിലെ പ്രമുഖ അംശം ആകാറുണ്ട്. പതിനൊന്നു കഥകൾ സമാഹരിച്ചിട്ടുളള അദ്ദേഹത്തിന്റെ ‘കുർക്‌സ്’ എന്ന പുതിയ കൃതിയിലും അത് ഏറെ പ്രകടമാണ്. ഇവിടെ പക്ഷേ, അത് ശരീരവുമായി ബന്ധപ്പെട്ട സൂക്ഷ്‌മലോകംകൂടിയായി മാറുന്നുണ്ട്. ‘മറ്റൊരു രീതിയിൽ പറഞ്ഞാൽ, സമാഹാരത്തിലെ പല കഥകളും, ഇത്, ശരീരത്തിന്റെ കാലമാകുന്നതെങ്ങനെയാണെന്നു പറയുന്നതോടൊപ്പംതന്നെ ഈ കാലത്തിന്റെ ശരീരം എങ്ങനെയിരിക്കുന്നുവെന്ന് അന്വേഷിക്കുകകൂടി ചെയ്യുന്നുണ്ട്..’
കൃതിയുടെയും ആദ്യകഥയുടെയും പേരായ ‘കുർക്‌സ്’ അമേരിക്കൻ ആക്രമണത്തിൽ തകർന്നുപോയ ഒരു റഷ്യൻ അന്തർവാഹിനിയുടെ പേരാണ്. സാമാന്യം ദീർഘമായ ഈ കഥയിൽ കഥാകൃത്ത് മലയാളകഥയ്‌ക്ക് അപരിചിതമായ ഒരു അനുഭവമേഖലതന്നെയാണ് സൃഷ്‌ടിക്കുന്നത്…
യഥാർത്ഥത്തിൽ ‘കുർക്‌സ്’ എന്ന രചന ഒരു അന്തർവാഹിനിയുടെ (യന്ത്ര) ശരീരത്തിന്റെ പശ്ചാത്തലത്തിലുളള മനുഷ്യശരീരങ്ങുടെ കഥയായി മാറുകയും, ലൈംഗികതയുടെ സൂക്ഷ്‌മചോദനകളിലേയ്‌ക്ക് കൂടുതൽ കൂടുതൽ ആഴ്‌ന്നുപോകുന്ന ഒരു സബ്‌മറൈനായി പരിണമിക്കുകയും ചെയ്യുകയാണ്. എന്നാൽ അത് പൂർണ്ണമായി വെളിപ്പെടുന്നത് ‘കുർക്‌സ്’ ഒരു അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർക്കപ്പെടുമ്പോഴാണ്. രതിയുടെയും മരണത്തിന്റെയും പൊതുസ്വഭാവമായി മാറുന്ന ഒരു ആത്മവിസ്‌മൃതിയിലാണ് ഈ കഥ നങ്കൂരമിടുന്നത്. മനസ്സിന്റെ ഉളളറകൾ തുറക്കപ്പെടുന്ന ഈ രചനയിൽ. ‘കുർക്‌സ്’ തകർന്നുകൊണ്ടിരിക്കുമ്പോൾ, കാസ്‌പറോവിനെ പുണർന്ന് ദ്‌മിത്രോവ് ‘ഡിയർ നതാഷ’ എന്ന് മന്ത്രിക്കുമ്പോൾ ആദ്യം കാസ്‌പറോവിന് അസഹ്യത അനുഭവപ്പെടുന്നുണ്ടെങ്കിലും, പിന്നീട് അത് ഒരു ധ്യാനമന്ദഹാസമായി മാറുകയാണ്. ‘കടൽ എന്ന സാമ്രാജ്യം വെളളമെന്ന നിയമമായി ദംശിക്കുന്നതിനുമുമ്പ്’ നടക്കുന്ന ഇത്തരം പരിണതികൾ തീവ്രാനുഭവങ്ങളായി നമ്മളിലേയ്‌ക്ക് പ്രസരിക്കുന്നതുകൊണ്ടാണ് ‘കുർക്‌സ്’ വ്യത്യസ്‌തമാകുന്നത്.
‘മൃഗം മനുഷ്യൻ എന്നിങ്ങനെ….’ എന്ന കഥ ഒരു ഒമ്പതാം ക്ലാസുകാരിയുടെ (ദിവ്യാശങ്കർ) ഉറങ്ങിക്കിടക്കുന്ന അല്ലെങ്കിൽ ഉണർന്നുവരുന്ന ലൈംഗികതയുടെ ആദ്യമുകുളങ്ങളെ പരോക്ഷമായി സ്‌പർശിക്കുന്ന ഒരു രചനയാണ്….
‘കണ്ണൂർക്കാവടി’ എന്ന കഥ വിഫലവും ഹൃദയശൂന്യവുമായ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ നേർക്കുളള കഥാകൃത്തിന്റെ സഫലമായ ഒരു പ്രതികരണമാണ്. മരണം മുന്നിൽക്കാണുന്ന ഒരു മനുഷ്യനുമുന്നിൽ രാഷ്‌ട്രീയവും ആത്മീയവുമായ സംഘർഷങ്ങൾ കൂടിക്കുഴയുന്നത് നാം കാണുന്നു….
‘ഭ എന്ന ഭാഷ’ എന്ന കഥ എഴുത്തുകാരന്റെ ആഖ്യാനപാടവം ഒന്നുകൊണ്ടുമാത്രം വികസിച്ചുവന്നതാണെന്ന് പറയേണ്ടിവരും….കരുണാകരക്കുറുപ്പ് എന്ന, റിട്ടയേർഡ് എൻജിനിയറും എപ്പോൾ ഫൾക്രം മെറ്റൽ ഇൻഡസ്‌ട്രീസ് എന്ന സ്ഥാപനത്തിന്റെ എം.ഡിയുമായ വ്യക്തിക്ക് തന്റെ ഓഫീസ് പരിചാരകന്റെ മകൾ റോസിലിയോടു തോന്നുന്ന പൊങ്ങച്ചം നിറഞ്ഞ ശാരീരിക കാമനയുടെ സഹതാപോന്മുഖമായ ആവിഷ്‌കരണമാണ് ഈ കഥ. ‘കടലാസ് ചിത’ എന്ന കഥ ആത്മാർത്ഥവും ആദർശാത്മകവുമായ സാംസ്‌കാരിക പ്രവർത്തനവും വർത്തമാന കാലഘട്ടവും തമ്മിലുളള വലിയ വൈരുദ്ധ്യത്തെ അപഗ്രഥിക്കുന്നു….
‘സംസ്‌കാര പരിശീലനം’ എന്ന രചനയ്‌ക്ക് നിശ്ചയമായും പല മാനങ്ങളുണ്ട്. വേൾഡ് ബാങ്കിന്റെ ക്വാളിറ്റിമിഷൻ പ്രോജക്‌ട് പ്രകാരം തലസ്ഥാനത്ത് ആരംഭിച്ച കേരള വർക്ക് കൾച്ചർ ട്രെയിനിങ്ങ് സെന്റർ അതിന്റെ വാർഷികം ആഘോഷിക്കുന്ന വേദിയാണ് കഥയുടെയും വേദി. വിവിധ രംഗങ്ങളിലെ തൊഴിലാളികൾക്ക് പ്രാതിനിധ്യം കൊടുത്തു നടക്കുന്ന പരിപാടിയിൽ ചുമട്ടുതൊഴിലാളി മണികണ്‌ഠനും ഓട്ടോറിക്ഷാ ഡ്രൈവർ ഗോപാലനുമെല്ലാം ട്രെയിനിങ്ങ് സെന്ററിൽ വന്നതുമൂലം തങ്ങൾക്കുണ്ടായ മാറ്റത്തെക്കുറിച്ച് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ വിശദീകരിച്ചപ്പോൾ ആശാരി കൃഷ്‌ണൻ താൻ മാറുകയില്ലെന്ന ഉറച്ച സ്വരവുമായാണ് പ്രത്യക്ഷപ്പെടുന്നത്. ക്രമേണ അത് ആശാരിത്തറയിലെ കണ്ടാകർണ്ണൻ കോമരത്തിന്റെ ഉറച്ചിലായി രൂപാന്തരം പ്രാപിക്കുമ്പോൾ, വേൾഡ് ബാങ്കിന് ഉൾക്കൊളളാനാകാത്ത ഒരു സാംസ്‌കാരിക പ്രതിരോധം ഉയർന്നുവരികയാണ്. ചവിട്ടിത്തേയ്‌ക്കപ്പെട്ട പൂർവ്വികരെക്കുറിച്ചുളള കൃഷ്‌ണന്റെ സ്‌മൃതിതന്നെയാകണം അയാളിലെ കണ്ടാകർണ്ണൻ….‘ബൂട്ട് പൊതിഞ്ഞ കടലാസ്’ എന്ന ചെറിയ കഥ ഒരേസമയം ലോകത്തെ എല്ലാ പട്ടാളക്കാരെയും അഭിസംബോധന ചെയ്യുന്നു. ഒപ്പം എല്ലാ പട്ടാളക്കാരുടെയും ലോകത്തോടുളള അഭിസംബോധനയായി മാറുകയും ചെയ്യുന്നു.
(മലയാളം വാരിക, ഒക്‌ടോബർ 10, 2003)
Generated from archived content: book1_june9.html Author: raghunadhan_parali
Click this button or press Ctrl+G to toggle between Malayalam and English