ഓലമണമുള്ള ഒരു നോമ്പോര്‍മ

നാളെ നോമ്പാ.. കാപ്പാട് കണ്ടൂന്നാ ഖത്തീബ് പറഞ്ഞത്.. ഇശാനമസ്ക്കാരവും കഴിഞ്ഞ് അത്യാവശ്യ സാധനങ്ങളും വാങ്ങി വന്നുകയറുന്ന ഉപ്പയുടെ കനത്ത ഒച്ച വീട്ടിനുള്ളില്‍ മുഴങ്ങുന്നു.

അധികം വൈകാതെ ആകാശവാണിയിലൂടെ ആ വാര്‍ത്ത നാടുനിറയും.

മുസ്ലിം സമൂഹം നാളെ മുതല്‍ വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും രാപ്പകലുകളിലേക്ക്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കോഴി ക്കോട് വലിയഖാസി……

അതു കേള്‍ക്കുമ്പോള്‍ ഞാനും നോമ്പെടുക്കും എന്ന തീരുമാനം അവരെ അറിയിക്കലാണ് കുട്ടികളായ ഓരോരുത്തുടെയും പ്രഥമദൗത്യം.

പെട്ടെന്ന് റേഡിയോ ഓഫ് ചെയ്ത് ഉപ്പ വാങ്ങിക്കൊണ്ടു വന്ന സാധനങ്ങളുടെ പൊതിയഴിച്ച് ഓരോന്നും എന്തൊക്കെയാണെന്ന് ചികയുന്നതിന്‍റെ തിരക്കിലേക്കമരുമ്പോള്‍ ഉമ്മയുടെ താക്കീത്. ‘..ഇങ്ങനെയാണേല്‍ നീ.. നാളെ നോമ്പെടുക്കണ്ട..’ അതു കേട്ടതായി ഭാവിക്കാതെ വേഗം മുറിയിലെവിടെയെങ്കിലും ചെന്നിരുന്ന് നോമ്പനുഷ്ഠിക്കുന്ന അടുത്ത പകലിനെക്കുറിച്ചോര്‍ക്കും.

രണ്ടാംക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നോമ്പനുഷ്ഠിക്കുന്നത്. പാതിരാത്രിയിലെഴുന്നേറ്റ് ഭക്ഷണം കഴിച്ച് നാളത്തെ നോമ്പിനെ അല്ലാഹുത്ത ഹാലാക്ക് വേണ്ടി നോറ്റു വീട്ടുവാന്‍ നിയ്യത്ത് ചെയ്ത ശേഷം കിടന്നുറങ്ങി. സ്ക്കൂളില്ലാത്ത ദിവസമായതു കൊണ്ടാണ് നോമ്പനുഷ്ഠിക്കാന്‍ വീട്ടിലുള്ളവര്‍ സമ്മതം മൂളിയത്. രാവിലെ മുറ്റത്തുനിന്ന് ഉപ്പയുടെയും വേറെ ഒരാളുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടുകൊണ്ടാണ് ഉറക്കമെഴുന്നേറ്റത്. ഞാന്‍ കണ്ണും തിരുമ്മി മുറ്റത്തേക്കിറങ്ങി. അപ്പോള്‍ പിന്നെയും ഉപ്പയുടെ ശബ്ദം. കേറിപ്പോടാ അകത്ത്.. അത് എന്നോടുള്ള ആജ്ഞയായിരുന്നു. അതിനു തൊട്ടുമുമ്പ് അനുജത്തി മുറ്റത്തേക്കി റങ്ങിയപ്പോള്‍ ഉപ്പയുടെ വിലക്കായിരുന്നു ഞാന്‍ കേട്ടതെന്ന് മനസ്സിലായി.

ഉപ്പ മുറ്റത്ത് മുകളിലേക്ക് നോക്കി നില്‍ക്കുന്നു. തെങ്ങില്‍ നിന്നും തേങ്ങയും മടലും ഉണങ്ങിയ ഓലയുമൊക്കെ മുറ്റത്തേക്ക് പല ശബ്ദത്തില്‍ വന്നുവീഴുന്നു. ഓരോ തേങ്ങാക്കുലയും വെട്ടിവീഴ്ത്തുമ്പോള്‍ തെങ്ങുകയറ്റക്കാരന്‍ ചാത്തപ്പന്‍ ആകാശത്തില്‍ നിന്നാണ് മുക്രയിടുന്നതെന്ന് എനിക്കു തോന്നി. അന്നേരം നോമ്പിന്‍റെ ക്ഷീണമൊന്നും അലട്ടാന്‍ തുടങ്ങിയിരുന്നില്ല.

ഉപ്പക്കും മൂത്ത സഹോദരിക്കുമൊപ്പം മുറ്റത്തിനപ്പുറം ചിതറിക്കിടന്നിരുന്ന തേങ്ങയും ഓലയും മടലും കൊതുമ്പുമെല്ലാം പെറുക്കിക്കൂട്ടി മുറ്റത്ത് കൂട്ടിയിട്ടു. ചാത്തപ്പന്‍ നാലഞ്ചു തേങ്ങയെടുത്ത് ചേര്‍ത്തുകെട്ടി മുളയേണിയില്‍ കൊളുത്തി അയാളുടെ കൂലിയും വാങ്ങി പടിയിറങ്ങിപ്പോയി. നേരം ഉച്ചയോടടുത്തു. അപ്പോഴേക്കും വിശപ്പും ക്ഷീണവും ആക്രമിക്കാന്‍ തുടങ്ങിയിരുന്നു.സമയം ഇഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി.

മുറ്റത്ത് കൂട്ടിയിട്ട ഓലകള്‍ക്ക് മുകളില്‍ ആകാശവും നോക്കിക്കിടന്നു. അന്ന്, ആകാശം എത്ര ചെറുതായിരുന്നു. ഉമ്മയും സഹോദരിയുമെല്ലാം അടുക്കളയില്‍ നോമ്പുതുറക്കാന്‍ നേരത്തേക്കുള്ള വിഭവങ്ങളുണ്ടാക്കുന്ന തിരക്കിലാണ്. അവര്‍ തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചിയാഹ്ലാദത്തിലേക്ക് ഞാന്‍ വെറുതെ മനസ്സ് പായിച്ചു.

ഉച്ചവെയില്‍ പടിഞ്ഞാറുഭാഗത്തേക്ക് ചാഞ്ഞുതുടങ്ങുന്നു. വിശപ്പും ക്ഷീണവും കാരണം ഞാന്‍ വാടിയ ചേമ്പില കണക്കെ ഓലകള്‍ക്കു മുകളില്‍ കിടപ്പാണ്. കണ്ണില്‍ ഇരുട്ട് കയറുന്നു. വായ്ക്കകത്ത് ഉപ്പുരസം നിറയുന്നു. ശര്‍ദ്ദിക്കണമെന്ന തോന്നല്‍ കഠിനമാവുന്നു. മുറ്റത്തുനിന്നും എങ്ങനെയെങ്കിലും അടുക്കളയിലെത്താന്‍ വേണ്ടി പതുക്കെ എഴുന്നേറ്റിരുന്നു. ശരീരത്തിന് ശക്തിയില്ലെന്നു തോന്നി. വീടും മുറ്റവുമൊന്നാകെ വട്ടം കറങ്ങുന്നു. പിന്നീടെന്താണ് സംഭവിച്ചത്..?ഒന്നും ഓര്‍മ്മയില്ല.

ചുവപ്പ് നിറഞ്ഞ ആകാശത്തിലേക്ക് കണ്ണുതുറക്കുമ്പോള്‍ ശരീരത്തിനേക്കാള്‍ ഭാരം തലയ്ക്കകത്താണെന്ന് തോന്നി. ആകെയൊരു മരവിപ്പ്. പതുക്കെ എഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ സഹോദരിയുടെ വക ഭീഷണി. നോമ്പെടുത്ത് നാടുമുഴുവന്‍ തെണ്ടിനടന്ന് വന്നിരിക്ക്യാ.. ഉപ്പയിങ്ങട്ട് വരട്ടെ.. പറയുന്നുണ്ട് ഞാന്‍.. ഞാന്‍ ഘടികാരത്തിലേക്ക് നോക്കി. ഇനിയും ഒരുമണിക്കൂറിലധികം ബാക്കി യുണ്ട് പന്നിയങ്കര പള്ളിയില്‍ നിന്നും ബാങ്ക് വിളിയുയരാന്‍.. അടുക്കളയില്‍ ഉമ്മക്കരികിലെത്തി തളര്‍ച്ചയോടെ ഇത്രമാത്രം പറഞ്ഞു. ‘എനിക്ക് വയ്യ.. കുറച്ചു ചായ വേണം..’ സഹോദരി കളിയാക്കി. ഇത്ര നേരമിരുന്നിട്ട് ഇപ്പോ ചായ കുടിച്ച് നോമ്പ് ഇല്ലാ താക്കണോ..എന്‍റെ മുഖഭാവം പന്തിയല്ലെന്ന് മനസ്സിലായതു കൊണ്ടാവാം ഉമ്മ വേഗം ചായ യൊഴിച്ച് തന്നു. സാരമില്ല പകുതി നോമ്പിന്‍റെ പ്രതിഫലം കിട്ടുമെന്ന് എന്നെ സമാധാനിപ്പിക്കുകയും ചെയ്തു. ഉമ്മയൊഴിച്ചു തന്ന ചായ പെട്ടെന്ന് കുടിച്ച് ഗ്ളാസ് അടുക്കളത്തിണ്ണയില്‍ വെച്ച് ഞാന്‍ കുളിമുറിയില്‍ കയറി ബക്കറ്റിലുണ്ടായിരുന്ന വെള്ളമെടുത്ത് മുഖവും കൈകാലുകളും കഴുകി. ദേഹമൊട്ടാകെ ഓലയും കൊതുമ്പും പറമ്പിലെ പച്ചിലകളുമൊക്കെ മണക്കുന്നതായി അന്നേരം ഞാനറിഞ്ഞു.

കാലങ്ങളേറെ കഴിഞ്ഞു. ഇന്ന് ചാനലുകളില്‍ വാര്‍ത്തയായി, മൊബൈല്‍ ഫോണിലേക്ക് ഒരു മെസ്സേജ് ആയി റമദാന്‍ മാസപ്പിറവി അറിയിപ്പെത്തുമ്പോള്‍ ഓലയും കൊതുമ്പും പറമ്പിലെ പച്ചിലകളുമൊക്കെ മണപ്പിച്ച് കുഞ്ഞുന്നാളിലെ ആദ്യ വ്രതാനുഷ്ഠാനത്തിന്‍റെ പകല്‍ ഉള്ളിലങ്ങനെ തെളിഞ്ഞു തെളിഞ്ഞ്…

Generated from archived content: story1_aug27_12.html Author: rafeeq_panniyankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English