ബൽക്കീസിന്റെ ഒരു ദിവസം

സുൽത്താൽ ബത്തേരിയിൽ നിന്നും ഹൈദ്രോസ്‌ മാമൻ കൊടുത്തയച്ച ചെന്തെങ്ങിൻ തൈ പറമ്പിന്റെ മൂലയിൽ നടാൻ വേണ്ടി കുഴിയെടുക്കുമ്പോൾ ഒരു കറുത്ത കുതിരയുടെ അഴകിയ ജഡം മണ്ണിനു മുകളിലേക്ക്‌ ഉയർന്നു വരുന്നത്‌ സ്വപ്‌നം കണ്ടാണ്‌ സുബ്‌ഹിക്കു തൊട്ടുമുമ്പ്‌ ബൽക്കീസ്‌ ഞെട്ടിയെഴുന്നേറ്റത്‌. ജമാൽഖാൻ അപ്പോൾ നല്ല ഉറക്കമായിരുന്നു.

കട്ടിലിനു താഴെ വീണു കിടക്കുന്ന പാവാട തപ്പിയെടുത്ത്‌ മാക്‌സിക്കടിയിലണിഞ്ഞ്‌ മുറിക്കു പുറത്തേക്കിറങ്ങാൻ ഭാവിക്കുമ്പോൾ മുഹ്‌സിന ഉണർന്നു കരഞ്ഞു.

ജമാൽഖാന്റെ കൂർക്കം വലി മുറിഞ്ഞു. അയാളെന്തൊക്കെയോ പിറുപിറുത്ത്‌ കൊണ്ട്‌ മലർന്നു. മുഹ്‌സിനയെ തൊട്ടിലിൽ നിന്നെടുത്ത്‌ മടിയിലിരുത്തി മൂത്രത്തിൽ കുതിർന്ന അവളുടെ ഉടുപ്പഴിച്ച്‌ മാറ്റുമ്പോഴാണ്‌ കോട്ടുമ്മലെ ജുമാ അത്ത്‌ പളളിയിൽ നിന്നും ബാങ്കുവിളിയുയർന്നത്‌. തോളിലേക്ക്‌ വീണ തട്ടം തലയില നേരെയാക്കിയിട്ടു കൊണ്ട്‌ മേൽക്കൂരയിലേക്ക്‌ നോക്കി ബൽക്കീസ്‌ നെടുവീർപ്പിട്ടു.

കുഞ്ഞിനെ തൊട്ടിലിലിട്ട്‌ നിവർന്നപ്പോൾ നേർത്ത വെളിച്ചത്തിൽ ജമാൽഖാന്റെ ഉണങ്ങിയ ചുണ്ടിന്നിടയിലെ ആഭാസച്ചിരി അവളിൽ വല്ലാതെ വിമ്മിട്ടമുണ്ടാക്കി.

‘ങ്ങക്ക്‌ ഏത്‌ നേരത്തും ഈയൊരൊറ്റ വിചാര്യല്ലേ ഉളളൂ… ഇപ്പോ പോയില്ലേൽ ഇന്ന്‌ വെളളം കിട്ടൂല. മോളാണെങ്കീ നല്ല ഒറക്കോം. ങ്ങളെണീറ്റ്‌ മൊഖം കഴുക്‌ ഞാൻ ചായക്ക്‌ വെളളം വെക്ക്‌ണ്‌ണ്ട്‌.’

ജമാൽഖാൻ മടുപ്പോടെ എഴുന്നേറ്റിരുന്ന്‌ മൂരി നിവർന്നു. പിന്നെയൊരു സിഗരറ്റെടുത്ത്‌ അറ്റം കത്തിച്ച്‌ പുക വിഴുങ്ങാൻ തുടങ്ങി.

റുക്കിയത്താത്തയും സരോജിനിയും വെളളപ്പാത്രവും പിടിച്ച്‌ വഴിയോരത്ത്‌ അനങ്ങാതിരിക്കുന്നത്‌ ദൂരെ നിന്നും കണ്ടപ്പോൾ ഖബറുങ്കാട്ടിലെ മീശാൻ കല്ലാണ്‌ ബൽക്കീസിനോർമ്മ വന്നത്‌.

‘ഇന്നലെ ഈ നേരായപ്പോഴേക്കും വെളളം വണ്ടി തിരിച്ച്‌ പോയിര്‌ന്നു. ഇന്ന്‌ വൈഗോ ആവോ.’

അവർ രണ്ടുപേരും അതിനു മറുപടിയൊന്നും പറയാതെ അക്ഷമരാവുന്നത്‌ കണ്ടപ്പോൾ മൂന്നാമത്തെ മീശാൻ കല്ലായി ബൽക്കീസ്‌ മാറി.

‘റുക്കിയത്താത്തക്കോർമ്മയുണ്ടോ പണ്ടൊക്കെ കുഞ്ഞലവി സാഹിബിന്റെ വീട്ടുവളപ്പിലെ കെണറ്റീന്ന്‌ എല്ലാരും കൂടി വെളളം കോരുന്നതും ആ ഒച്ചേം ബഹളോമൊക്കെ…ഏത്‌ വേനലിലും വറ്റാത്ത കെണറായിര്‌ന്ന്‌… പളുങ്ക്‌ പോലുളള വെളേളാം..’ അവർക്കിടയിൽ മൗനം പെയ്‌തിറങ്ങുന്നതില്ലാതാക്കാൻ വേണ്ടിയാണ്‌ ബൽക്കീസത്രയും പറഞ്ഞ്‌. അപ്പോഴേക്കും വെളളംവണ്ടി ഒരിരമ്പലോടെ അവർക്കു മുമ്പിൽ വന്നുനിന്നു. റുക്കിയത്താത്തയും സരോജിനിയും പെരുംനിശ്വാസത്തോടെ എഴുന്നേറ്റു.

ഇപ്പോൾ നേർത്ത വെയിലിന്‌ വിങ്ങൽ, കാറ്റില്ലാത്തതിനാൽ ഇലകൾ പിടയാതെ മരങ്ങളെല്ലാം ചലനമറ്റു നിൽക്കുന്നു. ബൽക്കിസിന്റെ കഴുത്തും മാറുമൊക്കെ വിയർപ്പിൽ കുതിർന്നിരുന്നു. അവളുടെ വിയർപ്പിന്‌ വെളുത്തുളളിയുടെ മണമാണെന്ന്‌ ജമാൽഖാൻ ഇടയ്‌ക്ക്‌ പറയാറുളളത്‌ ബൽക്കീസോർത്തു. അങ്ങനെ തന്നെയാണോ എന്നറിയാൻ വെറുതെ കക്ഷത്തിനു നേരെ മൂക്കടുപ്പിച്ചു. അസഹ്യമായ നാറ്റത്താൽ അവളുടെ മുഖം ചുളിഞ്ഞു.

വെളളം നിറച്ച പാത്രവുമായി ഇടർച്ചയോടെ അടുക്കളയിലേക്ക്‌ കയറി പാത്രം താഴെവെച്ച്‌ ചുമരിൽ ചാരി നിന്നു.

ബൽക്കീസ്‌ എത്രനേരം അങ്ങനെ നിന്നു എന്നറിയില്ല. പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ തട്ടമെടുത്ത്‌ മുഖം തുടച്ച്‌ മുഹ്‌സിനയുടെ തൊട്ടിലിനരികിലെത്തിയപ്പോൾ ഒരു തുണ്ട്‌ മലം കൈവെളളയിൽ മുറുകെ പിടിച്ച്‌ മറുകൈ വിരലുകൊണ്ട്‌ അത്‌ തോണ്ടിക്കളിക്കുന്ന മുഹ്‌സിന. അവൾ അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്‌.

‘വൃത്തിയില്ലാത്ത കുഞ്ഞിക്കുട്ട്യേ…. യ്യെ ന്തൊക്കെയാണീ കാണിച്ചു വെച്ചേക്കണേ..’

അതിനു മറുപടിയായി മുഹ്‌സിന കൈകാലിട്ടടിച്ചു.

കഴിഞ്ഞ രാത്രിയിൽ ബാക്കിവന്ന മീൻകറി പുട്ടിലൊഴിച്ച്‌ കുഴച്ചുരുളയാക്കി ജമാൽഖാൻ വിഴുങ്ങുമ്പോൾ ബൽക്കീസ്‌ വിറകെടുത്ത്‌ അടുപ്പിനു മുകളിൽ പാകി അടുക്കളയുടെ കതകടച്ചു.

‘രാത്രി വല്ലാണ്ട്‌ വൈകര്‌ത്‌.. പണി കഴിഞ്ഞാ പിന്നെ പൊരേലേക്ക്‌ വന്നുകേറാൻ നോക്കണം.’

ബൽക്കീസിന്റെ വരണ്ട കണ്ണിലേക്ക്‌ നോക്കി ജമാൽഖാൻ പുഞ്ചിരിച്ചു.

ഉച്ചക്ക്‌ തിളക്കുന്ന വെളളത്തിലേക്ക്‌ അരി കഴുകിയിടുന്ന നേരത്ത്‌ മുംതാസ്‌ വന്നു കയറിയതറിഞ്ഞില്ല.

‘ഇത്തയീ ദുനിയാവിലൊന്നുമല്ലേ’ എന്ന ചോദ്യം പിന്നിൽ നിന്നുയർന്നപ്പോഴാണ്‌ തന്റെയടുത്തൊരാൾ വന്നു നിൽപ്പുണ്ടെന്ന്‌ ബൽക്കീസറിഞ്ഞത്‌.

മുംതാസിന്‌ പൂച്ചക്കാൽ വെപ്പാണെന്ന്‌ ഇടയ്‌ക്ക്‌ പറയാറുളളത്‌ ഉളളിലോർത്ത്‌ ബൽക്കീസ്‌ ചിരിച്ചു. അല്ലെങ്കിലെങ്ങനെയാണ്‌ ഒച്ചയില്ലാതെ ഇത്രേം അടുത്ത്‌ വന്ന്‌ നിൽക്കാൻ കഴിയുക.

‘നാലഞ്ചു ദെവസ്വായല്ലോ നിന്നെയീ വഴിക്ക്‌ കണ്ടിട്ട്‌.. എവ്‌ട്യായിര്‌ന്നു.’ ചോറിൻ കലം മൂടിവെച്ച്‌ മുംതാസിനെ സ്‌റ്റൂളിൽ പിടിച്ചിരുത്തി ബൽക്കീസ്‌ തറയിലിരുന്നു.

‘ഉപ്പയുടെ ലീവ്‌ തീരാറായില്ലേ തിരിച്ചു പോണേയ്‌ന്റെ മുമ്പായിട്ട്‌ പറമ്പില്‌ ഒര്‌ കെണറ്‌ കുഴിക്കണംന്നാ ഉപ്പ പറയണത്‌. ഇന്നലേം മിഞ്ഞാന്നുമൊക്കെയായിട്ട്‌ പൊരേല്‌ പണിക്കാരുടെ ബഹളായിര്‌ന്നു. ഈ പ്രദേശത്ത്‌ കെണറ്‌ കുഴിച്ചിട്ടും വല്ല്യ കാര്യല്ല്യാന്നാ കുടിക്ക്യാംമ്പറ്റൂലെങ്കിലും മറ്റ്‌ ആവശ്യങ്ങൾക്ക്‌ വെളളത്തിന്‌ ബുദ്ധിമുട്ടേണ്ടല്ലോ എന്നോർക്കുമ്പോ..’ മുംതാസിന്റെ മുഖത്ത്‌ ഗൗരവം മിന്നി.

‘എന്റെ ഹൈദ്രോസ്‌ മാമൻ താമസിക്കുന്നേടത്ത്‌ വെളളം തന്നെ കിട്ടാനില്ല്യാന്നാ അമ്മായി കയിഞ്ഞാഴ്‌ച്ച വന്നപ്പോ പറഞ്ഞത്‌.’

പുറത്തേക്ക്‌ തെറിച്ചുനിന്ന വിറകുകൊളളി അടുപ്പിലേക്ക്‌ തളളി ബൽക്കീസ്‌ കണ്ണടച്ച്‌ തീയൂതി.

‘ദുനിയാവ്‌ മുയ്‌വൻ വെളളംല്ല്യാതെ നരകിക്കുമ്പോ കുടിക്കണ വെളളത്തില്‌ തീട്ടം കലക്ക്‌ണ ആള്‌കളും ഒണ്ടെന്ന്‌ കേൾക്കുമ്പഴാ…’

ആരോടെന്നില്ലാത്ത ഈർഷ്യയിൽ മുംതാസിന്റെ മുഖം ചുവന്നു. ബൽക്കീസിനൊന്നും മനസ്സിലായില്ല. അവൾ സംശയത്തോടെ തറയിൽ നിന്നെഴുന്നേറ്റു.

‘ഇത്തയറിഞ്ഞിട്ടുണ്ടാവില്ല്യ വടക്കെങ്ങാണ്ട്‌ ഒര്‌ ഗ്രാമത്തിലെ ജനങ്ങള്‌ രണ്ടു ചേര്യായി തമ്മിൽ തല്ലീന്ന്‌. പരസ്‌പരം സ്‌നേഹിച്ച്‌ കയിഞ്ഞിര്‌ന്ന ആള്‌കൾക്കിപ്പോ തമ്മിൽ കാണുന്നത്‌ തന്നെ പേട്യാത്രേ.. ഇതെല്ലാം ഉപ്പ പത്രം വായിച്ച്‌ പറഞ്ഞതാ. അതിലൊര്‌ ജാതിക്കാരന്റെ കെണറ്റില്‌ മറ്റേ കൂട്ടര്‌..’

മുംതാസ്‌ മുഴുമിക്കാനാവാതെ വായ പൊത്തി ഓക്കാനിച്ചു.

‘ഉപ്പ പോണേയ്‌ന്റെ മുമ്പായിട്ട്‌ നിന്റെ നിക്കാഹ്‌ണ്ടാവുംന്ന്‌ പറഞ്ഞിര്‌ന്നല്ലോ.’ ബൽക്കീസ്‌ വിഷയം മാറ്റാൻ ശ്രമിച്ചു.

‘ഈ ഇത്താക്ക്‌ ആനക്കാര്യത്തിനെടക്കാ ചേനക്കാര്യം… ഞാം പോവ്വാ.’

മുംതാസ്‌ ഇറങ്ങി നടക്കുന്നത്‌ നോക്കി നിസ്സംഗതയോടെ ബൽക്കീസ്‌ ചിരിച്ചു.

പുറത്ത്‌ മഞ്ഞപ്പിത്തം ബാധിച്ച വെയിൽ ചായുന്നു. മുഹ്‌സിന എന്തിനോ ശാഠ്യം പിടിച്ച്‌ കരയുകയാണ്‌. അവളുടെ കരച്ചിലടക്കാൻ ബൽക്കീസ്‌ ആവുംവിധം ശ്രമിച്ചിട്ടും… ചില നേരത്ത്‌ അവളിങ്ങനെയാണ്‌. വെറുതെ കരഞ്ഞ്‌ പൊളിക്കും. അമ്മിഞ്ഞ കൊടുത്താലും തൊട്ടിലിലിട്ട്‌ വാവാവോ പാടിയാലും അവളടങ്ങില്ല. കട്ടിലിൽ ചെരിഞ്ഞു കിടന്ന്‌ മുഹ്‌സിനയുടെ നെറ്റിയിലും കവിളിലുമൊക്കെയായി വിരലോടിച്ച്‌ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ കിടന്നതോർമ്മയുണ്ട്‌.

പിന്നീട്‌…

ബൽക്കീസിപ്പോൾ നിൽക്കുന്നത്‌ വിജനമായ ഒരു മരുഭൂമിയിലാണ്‌. ആ സ്ഥലമൊരു മരുഭൂമിയല്ലെന്നും അതിലൂടെ മുമ്പൊരു നദിയൊഴുകിയിരുന്നെന്നും തിരിച്ചറിയാൻ ഏറെനേരം വേണ്ടിവന്നില്ല. അന്യം നിന്നുപോയ മത്സ്യങ്ങളുടെ മുളളിൻകൂട്‌ മണ്ണിലമർന്നു കിടക്കുന്നു. ജലനിരപ്പിനു മുകളിലേക്ക്‌ അഹങ്കാരത്തോടെ പൊങ്ങിവരികയും, ചെറുജീവികളെ വായിലാക്കി അടിത്തട്ടിലെ ചേറിലേക്ക്‌ പുളച്ചു കൊണ്ടൂളിയിടുകയും ചെയ്‌തിരുന്ന മത്സ്യങ്ങളായിരിക്കാമിത്‌. ബൽക്കീസ്‌ മുമ്പോട്ടു നടക്കാനാവാതെ വിയർത്തു. എത്രനേരം കഴിഞ്ഞിരിക്കുമെന്നറിയില്ല. മത്സ്യങ്ങളുടെ അസ്ഥിപഞ്ജരക്കൂനക്കപ്പുറത്തെ പൊളളുന്ന വെയിലിനു ചോട്ടിലിരുന്ന്‌ ഒരു തങ്ങളുപ്പാപ്പ ഖുർ ആൻ സൂക്തങ്ങൾ ഉരുവിടുന്നു.

വല്ലാത്തൊരു മുഴക്കമായിരുന്നു ആ ശബ്‌ദത്തിന്‌. ബൽക്കീസ്‌ തങ്ങളുപ്പാപ്പാക്ക്‌ അഭിമുഖമായി ഇത്തിരി ദൂരത്തിരുന്നു.

‘അസ്സലാമു അലൈക്കും വ റഹ്‌മത്തുളളാഹ്‌.’

സലാം ചൊല്ലാൻ മനസ്സിലുറച്ചെങ്കിലും നാവിൻതുമ്പത്തുനിന്നും ശബ്‌ദം പുറത്തേക്ക്‌ വരുന്നില്ല. ബൽക്കീസ്‌ ആ വാക്കുകൾ വീണ്ടും ഉളളിലുരുവിട്ടു. പക്ഷേ അവളെന്തെങ്കിലും ഉരിയാടുന്നതിനു മുമ്പേ തങ്ങളുപ്പാപ്പ ദൂരേക്കു നടന്നു മറഞ്ഞിരുന്നു.

‘റബ്ബുൽ ആലമീനായ തമ്പുരാനേ… അവിടുന്നീയുളളവളോട്‌ പൊറുക്കണേ.’ പ്രാർത്ഥനയോടെ ബൽക്കീസ്‌ നെറ്റി മണ്ണിലമർത്തി.

കത്തുന്ന സൂര്യന്റെ ചൂട്‌ നെറ്റി പൊളളിച്ചപ്പോൾ ഒരുൾക്കിടിലത്തോടെ ബൽക്കീസ്‌ കണ്ണുതുറന്നു. നേരം ഇരുട്ടിത്തുടങ്ങുന്നു. കുറെനേരം ഉറങ്ങിപ്പോയോ?

മുറ്റത്ത്‌ ജമാൽഖാന്റെ മുരടനക്കം, ഇന്ന്‌ നേരത്തെ എത്തിയിരിക്കുന്നു. കാപ്പിയുമായി ഉമ്മറത്തേക്ക്‌ ചെന്നപ്പോൾ വിയർപ്പ്‌ മണത്തു, കുതിരച്ചാണകം പോലെ. വിചിത്രമായ സ്വപ്‌നങ്ങളാണ്‌ ഈയിടെയായി കാണുന്നതെന്നും, അതിന്റെ അർത്ഥമെന്താണെന്നും അന്ന്‌ രാത്രി ജമാൽഖാനോട്‌ ചോദിച്ചപ്പോൾ അയാളുറക്കെ ചിരിച്ചു. ആ ചിരി ഏറെ പരിചിതമായിരുന്നിട്ടു കൂടി അരോചകമായി തോന്നി. സിഗരറ്റിന്റെ ചൂരുളള ചുണ്ട്‌ മുഖത്തു നിന്നുയർത്തി, കിതപ്പോടെ അയാൾ തന്റെ നെഞ്ചിൽ നിന്നുമടർന്ന്‌ തലയണക്കീഴിലും മേശപ്പുറത്തും തീപ്പെട്ടി പരതുമ്പോൾ സ്വന്തം കഴുത്തും മാറുമൊക്കെ കുതിരച്ചാണകം മണക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്തുകയായിരുന്നു ബൽക്കീസ്‌.

കണ്ണിൽ ഉറക്കം വന്നു മൂടിയിട്ടും അനന്തരം തെളിയുന്ന വിഹ്വല സ്വപ്‌നങ്ങളെക്കുറിച്ചോർത്തപ്പോൾ അവളുടെ ഉളള്‌ വെന്തു. ഉറങ്ങാതിരിക്കാനുളള സൂത്രമൊന്നും മനുഷ്യനിതുവരെ കണ്ടുപിടിച്ചിട്ടില്ലേ? നാളെ മുംതാസ്‌ വരുമ്പോൾ ചോദിക്കണം. അവൾക്കറിയാതിരിക്കില്ല. അങ്ങനെ ചിന്തിച്ചു തീരുന്നതിനു മുമ്പുതന്നെ ജമാൽഖാൻ ഒരു മലപോലെ സ്വന്തം നെഞ്ചിലമർന്ന്‌ കത്താൻ തുടങ്ങിയതവളറിഞ്ഞു.

അയാളിൽ ഒരു കാട്ടുവളളിപോലെ പടരുമ്പോൾ ഈ മനുഷ്യന്‌ ക്ഷീണോം തളർച്ചയുമൊന്നുമില്ലേ എന്ന്‌ പല പ്രാവശ്യം ചിന്തിച്ചുകൊണ്ടേയിരുന്നു.

‘വെളുത്തുളളിയുടെ മണമാണ്‌ നിന്റെ.. നിന്റെ…’ മാറത്ത്‌ മുഖമമർന്നതിനാൽ ജമാൽഖാൻ പിന്നീടെന്താണു പറഞ്ഞതെന്ന്‌ ബൽക്കീസ്‌ കേട്ടില്ല. പക്ഷേ ഇതു സ്ഥിരം കേൾക്കുന്ന പല്ലവിയായതു കൊണ്ട്‌..

പിന്നീടെപ്പോഴോ തലയണക്കുമേൽ മുഖം പൂഴ്‌ത്തി കുതിരച്ചാണകം മണക്കുന്ന ദേഹത്തോടെ ബൽക്കീസ്‌ തളർന്നുറങ്ങി.

മുന്തിരിച്ചാറ്‌ നിറച്ച സ്‌ഫടികപ്പാത്രങ്ങളുമായി ആകാശത്തുകൂടി പറക്കുന്ന സ്വർണ്ണരഥമാണ്‌ അന്നവൾ സ്വപ്‌നം കണ്ടത്‌.

അപ്പോൾ ഭൂമിയിലെ സസ്യങ്ങളെല്ലാം പൂത്തു തളിർക്കുന്നതും, സ്വർഗ്ഗത്തിലെ ഹൂറിമാർ മണ്ണിലേക്ക്‌ വന്നിറങ്ങുന്നതാവുമോ ഇതെന്ന്‌ സ്വപ്‌നത്തിൽ ഞെട്ടുകയും ഭൂമിയിലുളളവർക്ക്‌ ദാഹം തീർക്കാൻ മണ്ണിൽ തെളിനീരുറവയുണ്ടാവട്ടെയെന്ന്‌ പ്രാർത്ഥിക്കുകയും ചെയ്‌തു.

ശരീരം മുഴുവൻ മത്സ്യത്തിന്റെ ചെതുമ്പലുകളുളള ഒരു സുന്ദരിയാണ്‌ സ്വർണ്ണരഥത്തിൽ സഞ്ചരിച്ചിരുന്നതെന്ന്‌ മുംതാസ്‌.

അവളുടെ അന്നേരത്തെ അവസ്ഥ കണ്ട്‌ ബൽക്കീസിന്റെ ഹൃദയമിടിപ്പേറി. സാധാരണ മുംതാസ്‌ ധരിക്കാറുളള ഇളംമഞ്ഞ ചുരിദാറോ തലയിലെ തട്ടമോ ഇല്ലാതെ തന്റേയും ജമാൽഖാന്റെയും മുമ്പിലിങ്ങനെ വന്നുനിൽക്കാൻ നാണമില്ലേയെന്ന്‌ ശങ്കിക്കാതിരുന്നില്ല. മുംതാസ്‌ ചുണ്ടുകൾ നനച്ച്‌ കുണുങ്ങിച്ചിരിക്കുന്നു. ജമാൽഖാന്റെ കണ്ണുകൾ തിളങ്ങുന്നതും, അയാളുണർന്നൊരു നീരാളിയായി മുംതാസിനെ ചുറ്റി വരയുന്നതു തന്നിലമർഷമുണ്ടാക്കുമെന്നത്‌ അവൾ മനസ്സിലാക്കാത്തതെന്തേ… മുംതാസിപ്പോൾ കുതിരപ്പുറത്ത്‌ കയറുന്ന ലാഘവത്തോടെ ജമാൽഖാനു മുകളിലമർന്നു. അവളെ ചവിട്ടിത്തെറിപ്പിക്കാനുളള ആവേശം ഉളളിൽ നുരഞ്ഞെങ്കിലും കാലുകളനക്കാൻ കഴിയാത്ത രീതിയിൽ മരവിച്ചിരുന്നു. വിളിച്ചുകൂവി അയൽവാസികളെയെല്ലാം ഉണർത്തിയാലോ എന്നോർത്തപ്പോൾ ശബ്‌ദമുയരുന്നില്ല. ബൽക്കീസ്‌ വല്ലാതെ പരവേശപ്പെട്ടു. അയാളുടെ ഓരോ ചലനങ്ങളും മുംതാസിനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെന്ന്‌ അവളുടെ ചുണ്ടിലൂറുന്ന ചിരിയിൽ ബൽക്കീസ്‌ വായിച്ചു.

എത്ര നേരമിങ്ങനെ സഹിക്കും.. കഴിയില്ല തനിക്കു ഭർത്താവിനെ നഷ്‌ടപ്പെടുന്നതു മാത്രമല്ല വിവാഹപ്രായമായ പെൺകുട്ടിയാണ്‌ മുംതാസ്‌ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ? സകല ശക്തിയും സംഭരിച്ച്‌ വിളിച്ചു കൂവിയാലോ നാട്ടുകാര്‌ മുഴുവൻ ഓടിക്കൂടട്ടെ…!

‘ഹാ​‍ാആയ്‌…., കുഊ​‍ൗയ്‌…, ഓ​‍ാ​‍ായ്‌….’ മുഹ്‌സിന തൊട്ടിലിൽ നിന്നും ഞെട്ടി! അവൾ കൈകാലിട്ടടിച്ച്‌ കരയാൻ തുടങ്ങി.

ജമാൽഖാൻ ചന്തിക്കിട്ട്‌ ഒന്നു പൊട്ടിച്ചപ്പോഴാണ്‌ ബൽക്കീസ്‌ കണ്ണുതുറന്നു പിടഞ്ഞത്‌. പകൽവെളിച്ചത്തിലേക്കാണ്‌ കണ്ണുമിഴിച്ചതെങ്കിലും ഇരുട്ടിലെന്നപോലെ അൽപ്പനേരമിടറി. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ അവൾ നെഞ്ചത്ത്‌ കയ്യമർത്തി.

‘ന്റെ റബ്ബേ… നേരം വെള്‌ത്തല്ലോ ഇന്നിനി വെളളത്തിനെന്തു ചെയ്യും.’

ജമാൽഖാൻ അരിശം പൂണ്ടു. ‘ശെയ്‌ത്താൻ… ഒറങ്ങാൻ നേരത്ത്‌ ഓരോന്നോർത്ത്‌ കെടക്കും. മന്‌ശന്റെ സൊയ്‌ര്യം കെട്‌ത്താനായിട്ട്‌. പോയെന്റെ കണ്ണുമുമ്പീന്ന്‌.’

ജമാൽഖാന്റെ പുലമ്പൽ ശ്രദ്ധിക്കാതെ മുഹ്‌സിനയെ തൊട്ടിലിൽ നിന്നെടുത്ത്‌ തോളിൽ കിടത്തി ബൽക്കീസ്‌ മുറിയിൽനിന്നും പുറത്തിറങ്ങി.

പിന്നീട്‌ അടുക്കളയിലേക്ക്‌ കടടന്ന്‌ മൺകലത്തിൽനിന്നും ഇത്തിരി വെളളമെടുത്ത്‌ കുടിക്കുകയും കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച്‌ വാതിൽപ്പടിയിലിരുന്ന്‌ അവളുടെ ചുണ്ടുകൾക്കിടയിൽ മുലഞ്ഞെട്ട്‌ തിരുകി കരച്ചിലടക്കാനും വീണ്ടും ഉറക്കുവാനുളള ശ്രമമാരംഭിക്കുകയും ചെയ്‌തു.

ഉഷ്‌ണം പെയ്‌തിറങ്ങാൻ തുടങ്ങുന്ന ആകാശത്തിനു താഴെ ഒരു കൊച്ചുപേടകമായി സ്വന്തം വീട്‌ ചുരുങ്ങുകയാണെന്നും, മകളിങ്ങനെ നിർത്താതെ കരയുന്നത്‌ അശുഭ ലക്ഷണമാണെന്നും ചങ്കിടിപ്പോടെ ഓർത്തുകൊണ്ട്‌ ബൽക്കീസ്‌ കണ്ണടച്ച്‌ ദീർഘനിശ്വാസമുതിർത്തു. അതൊരു ചുഴലിക്കാറ്റു കണക്കെ ആ കൂരയ്‌ക്കുളളിൽ ചുറ്റിത്തിരിയാൻ തുടങ്ങി.

Generated from archived content: story2_may12_06.html Author: rafeeq-panniayankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകളമശ്ശേരിയിലെ ദുഃഖവെളളിയാഴ്‌ചകൾ
Next articleഒറ്റവരിക്കഥകൾ
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here