മൗനമുദ്ര

സൂര്യൻ കിഴക്കു നിന്നുയരുന്നതിനു മുമ്പ്‌…മഞ്ഞിന്റെ ഈറൻ മാറാത്ത നാട്ടുവഴിയിലൂടെ തപ്പിത്തടഞ്ഞ്‌ വയറ്റാട്ടി അമ്മയുടെ മുറിയിലെത്താനൊന്നും കാത്തുനിൽക്കാതെ ഭൂമിയുടെ ഹൃദയമില്ലായ്‌മകളിലേക്ക്‌ പിറന്നുവീണത്‌ മാലോകരെ അറിയിക്കാൻ തൊളള പൊളിച്ചു കാറിയതും, പിന്നീട്‌ അമ്മ മഞ്ഞപ്പിത്തം ബാധിച്ചു കിടന്നപ്പോൾ തനിക്കു മുലപ്പാൽ ചുരത്തിയ ലക്ഷ്‌മിയേട്‌ത്തിയുടെ മടിയിൽ നനവു പരത്തി അലറിക്കരഞ്ഞതും സുഗതന്‌ ഓർമ്മയില്ല.

പക്ഷേ…തന്റെ നാലാം വയസ്സിൽ അച്‌ഛൻ വസൂരി പിടിപ്പെട്ട്‌ മരിച്ചപ്പോൾ അമ്മയുടെ നെഞ്ചത്ത്‌ മൂക്കമർത്തി താൻ കരഞ്ഞിട്ടുണ്ടെന്ന്‌ വാസുമ്മാവൻ പറഞ്ഞിരുന്നത്‌ സുഗതൻ ഇടയ്‌ക്കോർക്കാറുണ്ട്‌. പിന്നീട്‌ ബുദ്ധിയുറച്ചതിനുശേഷം ആദ്യമായി കരഞ്ഞത്‌ വാസുമ്മാമൻ മരിച്ച ദിവസമാണെന്ന്‌ മറക്കാത്ത സത്യം. ഒരു രക്ഷിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട്‌ എല്ലാകാര്യങ്ങൾക്കും വാസുമ്മാമനായിരുന്നല്ലോ…..

വൃശ്ചികമാസത്തിലെ ഒരു സന്ധ്യയിൽ ആസ്‌തമാരോഗിയായിരുന്ന അമ്മ സിമന്റിട്ട നരച്ച തറയിലെ തണുപ്പിൽ കണ്ണും തുറന്ന്‌ മരിച്ചു കിടക്കുമ്പോൾ സുഗതൻ രാമകൃഷ്‌ണന്റെ കളളുഷാപ്പിൽ ‘ആനമയക്കി’യടിച്ച്‌ ഭൂമിയിലും ആകാശത്തുമല്ലാതെ ആരെയൊക്കെയോ പുലഭ്യം പറയുകയായിരുന്നു.

ബോധം തെളിഞ്ഞ നേരം അമ്മയുടെ മരണവാർത്തയറിഞ്ഞ സുഗതൻ അന്നേരം ചെത്തിക്കൊണ്ടു വന്ന അന്തിക്കളെളടുത്ത്‌ ഇത്തിരി വായിൽ കമഴ്‌ത്തി. ആകാശത്തേക്ക്‌ വിരൽ ചൂണ്ടി ആത്‌മവിദ്യാലയമേ… പാടി. പക്ഷേ സുഗതൻ കരഞ്ഞില്ല. അല്ലെങ്കിലും സുഗതനങ്ങനെയാണ്‌ അയാൾക്ക്‌ കരയാനറിയാഞ്ഞിട്ടാണോ…? ആണെന്നും അല്ലെന്നും പറയാൻ സുഗതന്റെ ഉളള്‌ കണ്ടവരാരാണ്‌.

‘നെഞ്ചിൽ നനവില്ലാഞ്ഞിട്ടാ… കല്ലല്ലേ കരിങ്കല്ല്‌.’

ശൈലജ പണ്ട്‌ പറഞ്ഞതാണ്‌. അവളിപ്പോൾ എവിടെയാണാവോ…

ഉൽസവപ്പറമ്പിൽ ആൾത്തിരക്കിന്റെ അരികു ചേർന്ന്‌ ആരും കാണാതെ താനണിയിച്ച കുപ്പിവളയിൽ മുത്തമിട്ട്‌ ശൈലജ കണ്ണിറുക്കി ചിരിച്ചപ്പോൾ ഉളളിൽ സന്തോഷത്തിന്റെ കർണ്ണികാരം പൂത്തു. സുഗതന്റെ മുഖം കാണാനേറെ ഭംഗിയുണ്ടെന്ന്‌ പറഞ്ഞതും ശൈലജയാണല്ലോ. അന്നൊക്കെ സുഗതൻ ഏറെ നേരം കണ്ണാടിക്കു മുമ്പിൽ ചെലവഴിക്കുമായിരുന്നു. നെറ്റിയിലേക്ക്‌ അലസമായി മുടിച്ചുരുൾ വീഴ്‌ത്തി….ഒരു മൂളിപ്പാട്ടും പാടി…!

ഒത്തിരി പ്രതീക്ഷകൾ മനസ്സിലടുക്കിവെച്ച്‌ സുഗതൻ കോളേജിൽ പോവാൻ തുടങ്ങിയ വർഷമാണ്‌ ശൈലജ പത്താം ക്ലാസ്സിൽ തോറ്റ്‌ പഠിപ്പുനിർത്തി ദൂരെയുളള അമ്മാവന്റെ വീട്ടിലേക്ക്‌ താമസം മാറ്റിയത്‌.

ഏറെ വേദനിപ്പിച്ചു ശൈലജയുടെ വേർപാട്‌. ആ വേദനയിലും ഒരു തുളളി കണ്ണുനീർ പോലും സുഗതന്റെ കവിളിലേക്കിറ്റിയില്ല. ഭക്ഷണത്തിന്റെ മുമ്പിൽ പോലും അയാളിൽ താപസന്റെ മൗനഭാവം നിറഞ്ഞപ്പോൾ തൂശനിലയിൽ അമ്മയുടെ കണ്ണുനീരു വീണു.

‘സുഗതാ നിനക്കെന്താ പറ്റ്യേ മോനേ…’

മകനിലെ മാറ്റത്തിന്‌ കാരണമെന്തെന്നറിയാതെ ആ വൃദ്ധ ഹൃദയം വ്യസനത്തിൽ കൂമ്പി. പിന്നീട്‌ സുഗതൻ കണ്ണാടിയിൽ നോക്കാതെയായി. അതിനുമുമ്പേ തന്നെ ചുമരിലെ ആണിയിളകി കണ്ണാടി തറയിൽ വീണ്‌ നുറുങ്ങിയിരുന്നല്ലോ…?

എല്ലാം മറവിയുടെ ഭാണ്ഡത്തിലമർത്താൻ രാമകൃഷ്‌ണന്റെ കളളുഷാപ്പിൽ പറ്റുകാരനായതിന്റെ ഏഴാം വാർഷികം സ്ഥലത്തെ പ്രധാന കുടിയൻമാരോടൊത്ത്‌ ആഘോഷിക്കുന്ന നേരത്താണ്‌ ബ്രോക്കർ അച്യുതൻ വന്ന്‌ കളള്‌ മണക്കുന്ന സുഗതന്റെ മുഖത്ത്‌ മുന്തിയ പൗഡറു പൊത്തി പെണ്ണു കാണാൻ കൊണ്ടുപോയത്‌.

സുഗതന്റെ മംഗല്യച്ചരട്‌ ഒരു കുരുക്കായ്‌ തന്റെ കഴുത്തിൽ വീണതിന്റെ വ്യഥ തീർക്കാൻ വേണ്ടിയാവണം മധുവിധു രാത്രികളിലൊന്നിൽ ഇന്ദിരയുടെ മുഖത്ത്‌ അയാളുടെ ചുണ്ടുകളമർന്നപ്പോൾ കളളിന്റെ നാറ്റം സഹിക്കവയ്യാതെ അവളും പുലമ്പി, അയാളുടെ കണ്ണും മൂക്കുമെല്ലാം കാണാൻ പ്രത്യേക ചന്തമുണ്ടെന്ന്‌.

ഷാപ്പിലെ വിളളൽ വീണ മേശപ്പുറത്ത്‌ കാലിയായ കുപ്പികൾക്കുമേൽ സുഗതന്റെ കണ്ണുകൾ തെളിഞ്ഞു നിന്നു.

രാവേറെയാവുന്നതുവരെ തറയിൽ ഇരുന്നും… പിന്നെ അവിടമൊരു കടൽതീരമായി സങ്കൽപ്പിച്ച്‌ തിരയിളക്കങ്ങളിൽ നീന്തിയും….

‘പടച്ചോനെ പടച്ചതും പടച്ചോൻ തന്നെ…

ഈ സുഗതനെ പടച്ചതും പടച്ചോൻ തന്നെ…

അപ്പോ പിന്നെ ആകെയെത്ര പടച്ചോനാണ്‌ പടച്ചോ​‍േ​‍േനേ…’

രാത്രികളിൽ പടച്ചവനെക്കുറിച്ചുളള ചിന്തകളോടെ വീട്ടിലേക്ക്‌ നടക്കുമ്പോൾ വഴിയും മുറ്റവുമെല്ലാം ഘടികാരത്തിന്റെ പെൻഡുലമാവും. അത്‌ സുഗതന്റെ തോന്നലാണെന്ന്‌ ഷാപ്പിലെ ഒഴിപ്പുകാരൻ പീതാംബരൻ വലിയ വായിൽ ചിരിച്ചു തളളും. ഏതായാലും വലിയ അത്യാഹിതങ്ങളൊന്നും സംഭവിക്കേണ്ടെന്ന മുൻവിധിയോടെ സുഗതൻ വീട്ടുമുറ്റത്തെത്തിയാൽ നാലുകാലിലെ നടക്കൂ. നിവർന്നു നടക്കുമ്പോൾ ഒന്നു പിഴച്ചാൽ പിന്നെ താൻ വെളിവില്ലാതെയാണ്‌ വരുന്നതെന്ന്‌ ഇന്ദിര തെറ്റിദ്ധരിക്കരുതെന്ന്‌ സുഗതന്‌ നിർബന്ധം.

ഉമ്മറപ്പടിയിൽ മുറ്റത്തേക്ക്‌ കയ്യും തൂക്കിയിട്ടു കിടന്ന സുഗതൻ പട്ടിയുടെ ചൂടുമൂത്രം മുഖത്ത്‌ വീണപ്പോഴാണ്‌ ഞാനിനിയും ഇന്ദിരയുടെ അടുത്തെത്തിയില്ലല്ലോ എന്ന്‌ ഓക്കാനിച്ചു നൊമ്പരപ്പെട്ടത്‌. പിന്നേയും എത്രയോ കഴിഞ്ഞു സുഗതൻ മണ്ണിൽ തിരിച്ചെത്തുമ്പോൾ.

ഉച്ചി നനഞ്ഞ്‌ തലയ്‌ക്കകം തണുത്തപ്പോൾ കണ്ണിനു മുന്നിലൂടെ ഒലിച്ചിറങ്ങുന്ന തെളിനീരിനുമപ്പുറത്ത്‌ ഇന്ദിര കത്തുന്ന കണ്ണുമായി….സുഗതനിപ്പോഴിരിക്കുന്നത്‌ കിണറ്റിൻ കരയിൽ. കീറിത്തുടങ്ങിയ തോർത്തുകൊണ്ട്‌ സുഗതന്റെ തല തുവർത്തി കൊടുക്കുമ്പോൾ ഇന്ദിര ചുണ്ടുകളമർത്തിപ്പിടിച്ച്‌ തേങ്ങലൊതുക്കാൻ ശ്രമിക്കുന്നത്‌ സുഗതനറിഞ്ഞില്ല.

മീൻമണം മാറാത്ത ഗ്ലാസിലെ കട്ടൻകാപ്പി മൊത്തിക്കുടിച്ച്‌ മുറ്റത്ത്‌ നിൽക്കുമ്പോൾ വീട്ടിനുപിന്നിലെ രാഘവപ്പണിക്കർ ചുറ്റുമതിലിനപ്പുറത്ത്‌ നിന്ന്‌ ചിരിക്കുന്നു.

‘എന്താ സുഗതാ…ഇങ്ങനെയൊക്കെ ആയാൽ മതിയോ..’

ആഴമുളള കിണറ്റിൽ നിന്നും തവള കരയുന്നപോലെ തോന്നിച്ചു, പണിക്കരുടെ ശബ്‌ദം. നേരം വെളുത്തപ്പോൾ തന്നെ അടുക്കളമുറ്റത്ത്‌ നിന്ന്‌ ഇന്ദിര രാഘവപ്പണിക്കരോട്‌ പറഞ്ഞതാണ്‌, സുഗതനെ ഒന്നുപദേശിക്കണമെന്ന്‌. പ്രായവും വിവരവുമുളള ആളല്ലേ പണിക്കര്‌. സുഗതൻ കേൾക്കാണ്ടിരിക്ക്വോ. ഇന്ദിരയുടെ ആത്മഗതം.

അവളുടെ മുഖത്തേക്കും പിന്നെ മാക്‌സിയുടെ മുകളിലെ കൊളുത്ത്‌ വിട്ട ഭാഗത്തെ മാറിൻ നിറവിലേക്കും ആർത്തിയോടെ നോക്കി അർത്ഥംവെച്ചൊരു ചിരി പണിക്കരിൽ നിന്നുണ്ടായി. ഇന്ദിരയാകെ ചൂളിപ്പോയി. പണിക്കരോടീ കാര്യം പറയേണ്ടിയിരുന്നില്ലെന്ന്‌ തോന്നി. എന്നാലിപ്പോൾ മുറ്റത്ത്‌ സുഗതന്‌ മുമ്പിൽ പണിക്കർ. ഇന്ദിര അവരുടെ സംസാരത്തിന്‌ പുറത്തേക്ക്‌ കാതു നീട്ടി.

‘ഇന്നലെ രാത്രി തന്റെ വരവു ഞാൻ കണ്ടു സുഗതാ….ഛെ… ഇനിയെങ്കിലും’ പണിക്കർ മുഖം ചുളിച്ചു.

‘ഇയാള്‌ തന്റെ പാട്ടിനു പോ… എന്റെ കാര്യം…’

സുഗതന്‌ മുഴുമിക്കേണ്ടി വന്നില്ല. പണിക്കർ വല്ലാണ്ടായി അയാൾ മതിലിനപ്പുറത്ത്‌ മാഞ്ഞു.

‘എന്നെ ഉപദേശിക്കാൻ രാഘവപ്പണിക്കരാര്‌…’ സുഗതൻ പല്ലിറുമ്മി.

വിറകു വിലയ്‌ക്കു വിൽക്കാൻ ബോർഡ്‌ വെച്ചിരുന്ന പല്ലവി ടാക്കീസ്‌ തുണിയുടുക്കാൻ അറപ്പു കാണിക്കുന്ന മാദക അവതാരങ്ങളുടെ പടമോടിച്ച്‌ എയർകണ്ടീഷൻ തിയേറ്ററാക്കി….ജനറലാശുപത്രിക്കു മുമ്പിലെ ഇയാളുടെ സഹോദരി രമാദേവിയുടെ പേരിലുളള ഐസ്‌ക്രീം പാർലറിൽ എന്തൊക്കെയാണ്‌ നടക്കുന്നതെന്ന്‌ നാട്ടുകാർക്കൊക്കെ അറിയാം…അതിനൊക്കെ ഈ പന്നീടെ മോൻ ഒത്താശേം ചെയ്‌തോണ്ട്‌…ഒരുപദേശി…. ത്‌പ്‌ഫൂ… സുഗതൻ കാർക്കിച്ചു തുപ്പി. കയ്യിലെ ഗ്ലാസ്‌ പറമ്പിലേക്കെറിഞ്ഞ്‌ ആരോടോ വാശി തീർക്കുന്നപോലെ സുഗതൻ പൊരിവെയിലിൽ നിന്നു. ഒരുപാടു നേരം.

ഇന്ദിര വന്ന്‌ നെഞ്ചത്ത്‌ മുഖമൊട്ടിച്ചപ്പോഴാണ്‌ പരിസരം മറന്ന്‌ നിന്ന സുഗതന്റെ കലിയൊന്നടങ്ങിയത്‌. ‘ആരോടാ ഈ ദേഷ്യോക്കെ…നമ്മുടെ നൻമക്കു വേണ്ടീട്ടല്ലേ അവരൊക്കെ…ഇനിയാരും ഒന്നും പറയണില്ല്യ…വാ കഞ്ഞിയെടുത്ത്‌ വെച്ചിട്ടുണ്ട്‌.’ ഇന്ദിരയുടെ ശബ്‌ദം ചിലമ്പി. അവൾ സുഗതന്റെ കൈവിരലുകൾക്കിടയിൽ വിരൽ കോർത്തു. അയാളുടെ മുഖം ശാന്തമാണെന്ന്‌ അവളൂഹിച്ചു.

ഇപ്പോൾ സുഗതൻ കഞ്ഞി കുടിക്കുന്നതും നോക്കി ഇന്ദിര.

‘ഇന്നലെ രേശ്‌മക്ക്‌ നോട്ട്‌ബുക്ക്‌ വാങ്ങാൻ പണിക്കരാ കാശ്‌ കൊടുത്തത്‌. കടമായിട്ടല്ല… അയാള്‌ കണ്ടറിഞ്ഞ്‌….ഇപ്പോ അയാളോട്‌ ദേഷ്യപ്പെടേണ്ടാര്‌ന്നു…’

സുഗതന്റെ കത്തുന്ന ഒരു നോട്ടം. അതാണവൾ പ്രതീക്ഷിച്ചത്‌ പക്ഷേ അയാളുടെ മിഴികൾ തറയിലേക്ക്‌ താഴ്‌ന്നു കിടന്നു.

‘രേശ്‌മയെവിടെ…’ സുഗതന്റെ ചങ്കിലൊരു വറ്റു തടഞ്ഞു.

‘അപ്പുറത്തെങ്ങാനുമുണ്ടാവും..’ ഇന്ദിര സുഗതന്റെ കണ്ണിലേക്ക്‌ നോക്കി.

‘രേശ്‌മക്കു മറ്റെന്നാൾ ഒമ്പതു വയസ്സു തികയും….അവൾക്കു നല്ലൊരു പാടാടേം ബ്ലൗസും…’ ഇന്ദിര ചൂണ്ടുവിരലാൽ നിലത്തെന്തൊക്കെയോ വരച്ചു മായ്‌ച്ചു. സുഗതൻ ഓർക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞിട്ട്‌ വർഷങ്ങളേറെയായി. ഒരു കുഞ്ഞിനെ എടുത്ത്‌ കൊഞ്ചിക്കാനുളള സൗഭാഗ്യം എന്തുകൊണ്ടോ ദൈവം തന്നില്ല. ഇപ്പോൾ മകളെപോലെ ജീവനായി രേശ്‌മ. ഇന്ദിരയുടെ ചേച്ചിയുടെ മകൾ. അമ്മയില്ലാത്ത രേശ്‌മക്ക്‌ അച്‌ഛനും അമ്മയുമായി ഞങ്ങൾ. അവളുടെ അച്‌ഛനാരാണെന്ന്‌ ആരോടും പറയാതെയാണത്രെ രേശ്‌മയെ മണ്ണിലിട്ട ഉടനെ ഇന്ദിരയുടെ ചേച്ചി നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്കുയർന്നത്‌.

മരിച്ചവരുടെ ആത്‌മാക്കളാണ്‌ നക്ഷത്രങ്ങളെന്ന്‌ ചെറുപ്പത്തിൽ അമ്മ പറഞ്ഞു തരുമായിരുന്നത്‌ സുഗതന്റെ ഉളളിൽ വിങ്ങി. രേശ്‌മയുടെ അമ്മ മാത്രമായിരിക്കില്ല ആ കൂട്ടത്തിൽ…എന്റേയും അമ്മ….അച്‌ഛൻ…വാസുമ്മാമൻ…കരയാത്ത സുഗതന്റെ കണ്ണിൽ നനവു പാടകെട്ടി. രേശ്‌മയുടെ കാര്യങ്ങളിലേക്ക്‌ എന്റെ ശ്രദ്ധ ചെന്നെത്താഞ്ഞിട്ടല്ലേ വല്ലവരുടേയും ഔദാര്യത്തിൽ നോട്ടുബുക്കും മറ്റും…

സുഗതന്റെ പ്രജ്‌ഞ്ഞയിൽ ഒരു കാറ്റിരമ്പി. എന്നോ അണഞ്ഞുപോയ തിരിച്ചറിവിന്റെ പൊൻവെട്ടം ഹൃദയത്തിന്റെ കോണിലെവിടെയോ മുനിഞ്ഞു കത്താൻ തുടങ്ങി.

പഴയ സുഗതനിലേക്കൊരു മടക്കയാത്ര…. രേശ്‌മക്ക്‌ നല്ലൊരച്‌ഛൻ…സുഗതന്റെ പുതിയ കണക്കു കൂട്ടലുകൾക്കിടയിൽ വാസുമ്മാമൻ പണ്ട്‌ ചൊല്ലിപ്പഠിപ്പിച്ച പാപം ഇല്ലാതാക്കാൻ അഗ്നിക്കു മുമ്പിൽ കൈകൂപ്പി ഉരുവിടുന്ന പ്രാർത്ഥനാമന്ത്രം ഓർമ്മയിൽ ചികഞ്ഞു.

രാഘവപ്പണിക്കരോട്‌ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പൊറുക്കാൻ പറയണം… ഇന്ദിരയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം.

മുഖവും മുടിയും മിനുക്കാൻ സുഗതൻ കണ്ണാടി തിരഞ്ഞു.

‘നമുക്കൊരു കണ്ണാടി വാങ്ങാം.’

ഇന്ദിര പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന കഞ്ഞി വായിൽകൊണ്ട്‌ ചിരിച്ചു.

രാഘവപ്പണിക്കരുടെ വീട്ടിനുമുമ്പിൽ ആളനക്കമില്ലായിരുന്നു.

പണിക്കരേ…

ശബ്‌ദം പതിഞ്ഞതാക്കാൻ സുഗതൻ പാടുപെട്ടു.

നിശ്ശബ്‌ദ നിമിഷങ്ങൾ…ചൂടുളള മണ്ണിനു മുകളിലൂടെ ഒരു തണുത്ത കാറ്റ്‌.

രാഘവപ്പണിക്കരേ…

സുഗതൻ അകത്തേക്കെത്തി നോക്കി. അകത്തെ ഇടനാഴിയിൽ എന്തോ ഒന്നനങ്ങുന്നു. പണിക്കരാണ്‌. ഉമ്മറത്തിണ്ണയിലെ വെട്ടത്തിലേക്ക്‌ പരിഭ്രമത്തോടെ അയാൾ…

ആ മുഖത്ത്‌… പിന്നെ ചലനങ്ങളിൽ എന്തോ ഒരരുതായ്‌ക സുഗതൻ വായിച്ചെടുത്തു. അകത്തു നിന്ന്‌ ഒരു ഞെരക്കം കേട്ടുവോ…? സുഗതൻ ചെവി കൂർപ്പിച്ചു. ആ പരിചിത ശബ്‌ദം സുഗതന്റെ ഉളളിലെവിടെയോ അഗ്‌നിയുണർത്തി. പിന്നെയത്‌ കോപത്തിന്റെ പുകച്ചുരുളുകളായ്‌ കാഴ്‌ചയെ മറച്ചു.

പണക്കർ കൊത്തിവച്ച പ്രതിമയെ പോലെ…ശ്വാസമയക്കാതെ…! അയാളെ കയ്യിലിറുക്കിയെടുത്ത്‌ അകത്തെ ഇരുളിലേക്ക്‌ സുഗതൻ ഒരു കൊടുങ്കാറ്റായി. മുറിക്കുളളിലെ വിങ്ങലിൽ പണിക്കരുടെ കട്ടിലിൽ കമഴ്‌ന്നു കിടന്നു കരയുന്ന രൂപം. സുഗതൻ അന്ധാളിച്ചു. ചുളിഞ്ഞ കിടക്ക വിരിപ്പ്‌ വാരിപ്പുതച്ച്‌ വെയിലേറ്റ്‌ വാടിയ ചെമ്പരത്തിപ്പൂപോലെ രേശ്‌മ…? സുഗതൻ തലതല്ലി ആകാശത്തോളം കരഞ്ഞു.

വിയർത്തു നിൽക്കുന്ന പണിക്കർ ഒരു കഴുകന്റെ രൂപം പ്രാപിച്ച്‌ കൊക്കുകളുയർത്തുന്നതായി സുഗതൻ വെറുതെയോർത്തു. പിന്നീടയാൾക്കു ഓർമ്മ നഷ്‌ടപ്പെടുകയായിരുന്നു. നിന്നനിൽപ്പിൽ പണിക്കരുടെ ഉടുതുണിയിൽ കുത്തിപ്പിടിച്ച്‌ മുറ്റത്തേക്ക്‌ വലിച്ചിഴച്ചു. ഇന്ദിര അവർക്കിടയിൽ കിതപ്പോടെ വന്നുനിന്നു. ചുരുട്ടിപ്പിടിച്ച സുഗതന്റെ കൈകൾ പണിക്കരുടെ മൂക്കിനു മുകളിലമർന്നു. അയാളുടെ മുഖം ചോരയിൽ നനഞ്ഞു. സുഗതനെ തടയാനായി ഇന്ദിര കൈകളുയർത്തി. അവ്യക്തമായി എന്തൊക്കെയോ പുലമ്പുന്ന സുഗതന്റെ കൈകൾ ഒരു കിനാവളളിയായി തന്റെ കഴുത്തിൽ ചുറ്റി മുറുകുന്നതും, ഇന്ദിര മുറ്റത്തെ വിളറിയ ഉച്ചവെയിലിലേക്ക്‌ ബോധമറ്റ്‌ ചായുന്നതും പണിക്കരുടെ പുറത്തേക്കുന്തിവന്ന കണ്ണിലെ അവസാനത്തെ കാഴ്‌ചയായി…

Generated from archived content: story1_oct28.html Author: rafeeq-panniayankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവലംപിരിശംഖ്‌
Next articleഇൻക്വിലാബ്‌
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here